ഓണക്കോടിയില്ലാതെ എന്ത് ഓണം; ഓണക്കോടിയുടെ ചരിത്രവും സവിശേഷതകളും അറിയാം
കാണം വിറ്റും ഓണമുണ്ണണം എന്നല്ലേ, പൂക്കളവും സദ്യയുമെല്ലാം പോലെ ഓണത്തിന് മലയാളിക്ക് ഒഴിച്ചു കൂടാനാകാത്തതാണ് ഓണക്കോടി. ഓണനാളില്‍ പുതുവസ്ത്രം ധരിക്കുകയും ഓണക്കോടി എല്ലാവര്‍ക്കും നല്‍കുകയും ചെയ്യുന്നത് ഓണാചാരത്തിന്റെ ഭാഗം കൂടിയാണ്.
തിരുവോണനാളില്‍ മഹാബലി എത്തുമ്പോള്‍ പുതുവസത്രമണിഞ്ഞ് അണിഞ്ഞൊരുങ്ങി വേണം സ്വീകരിക്കാന്‍ എന്നതാണ് ഓണക്കോടിയുടെ വിശ്വാസം. പൂക്കളമൊരുക്കുന്നത് പോലെ തന്നെയാണ് ഓണത്തിന്റെ ചടങ്ങായി മാറിയ ഓണക്കോടി നല്‍കലും.
തെക്കന്‍ കേരളത്തില്‍ ഓണത്തിന് ബന്ധുക്കള്‍ പരസ്പരം എല്ലാവര്‍ക്കും ഓണക്കോടി സമ്മാനിക്കുന്ന പതിവുണ്ട്. നല്ലൊരു തുക ഓണത്തിന് ഇതിനായി മാറ്റി വയ്ക്കുകയും ചെയ്യും. മുന്‍കാലങ്ങളില്‍ ഓണത്തിന് മാത്രമായിരുന്നു പുതുവസ്ത്രം വാങ്ങിയിരുന്നത്. പഞ്ഞമാസമായ കര്‍ക്കിടകം കഴിഞ്ഞ് പുതുവസ്ത്രം കിട്ടുന്നത് സമൃദ്ധിയുടെ കാലമായ ഓണത്തിനു മാത്രമായിരുന്നു. എന്നാല്‍ ഇന്ന് കാലം മാറി. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പുതുവസ്ത്രം വാങ്ങാമെന്ന നില വന്നു.
ആധുനിക വസ്ത്ര രീതികളൊക്കെ വന്നെങ്കിലും ഓണനാളില്‍ കസവുടുക്കുന്നതാണ് മലയാളിക്ക് എന്നും പ്രിയം. കസവ് സാരികളും മുണ്ടുകളുമെല്ലാം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നതും ഓണക്കാലത്താണ്. സ്ത്രീകള്‍ക്ക് കസവ് സാരികള്‍ എണ്ണമറ്റ ഡിസൈനുകളില്‍ ഇന്ന് ലഭ്യമാണ്. പുരുഷന്മാര്‍ക്ക് കസവ് മുണ്ടിനൊപ്പം അനുയോജ്യമായ ഷര്‍ട്ടുകളും ലഭ്യമാകും.
കസവ് എന്നാല്‍ തെക്ക് ബാലരാമപുരം കൈത്തറിയാണ്. അവിടെ ശാലിയത്തെരുവുകളിലെ കടകളില്‍ മനസ്സിനിണങ്ങിയ ഒറിജിനല്‍ കസവ് തുണിത്തരങ്ങള്‍ വാങ്ങാം.
കൊച്ചിയില്‍ ഒന്നര നൂറ്റാണ്ടിന്റെ രേഖപ്പെട്ട ചരിത്രമുള്ള വസത്രങ്ങളാണ് ചേന്ദമംഗലം കൈത്തറി വസത്രങ്ങള്‍. ഉത്സവക്കാലത്ത് വിവിധ പട്ടണങ്ങളില്‍ ചേന്ദമംഗലം കൈത്തറി വസ്ത്രങ്ങള്‍ ലഭ്യമാകും.
കേരളത്തിന്റെ മാഞ്ചസ്റ്ററാണ് കണ്ണൂര്‍. സംസ്ഥാനത്ത് കൈത്തറിയുടെ പ്രധാന കേന്ദ്രം. പ്രതിവര്‍ഷം 400 കോടിയോളം രൂപയുടെ കച്ചവടമാണ് നടന്നിരുന്നത്. യന്ത്രത്തരികള്‍ വിപണി കീഴടക്കിയ കാലത്തും ഓണക്കാലത്ത് കണ്ണൂര്‍ വസ്ത്രങ്ങള്‍ ഏറെ പ്രിയമാണ്.
ഓണ വിപണിയില്‍ ഏറ്റവും പ്രിയമുള്ളതാണ് കാസര്‍കോഡ് സാരി. അലക്കും തോറും തിളങ്ങുമെന്നതാണ് കാസര്‍കോഡ് സാരിയെക്കുറിച്ചുള്ള പ്രശംസ. ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച കേരളത്തിന്റെ സ്വന്തം സാരി.
കൈത്തറിക്കൊപ്പം ഓണക്കോടി വിപണിയില്‍ ഏറെ നാളായി റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കുത്തൊഴുക്കാണ്. വസ്ത്രവില്പനശാലകളും, മാര്‍ക്കറ്റുകളും, മാളുകളുമെല്ലാം ഡിസ്‌ക്കൗണ്ട് കച്ചവടത്തിലൂടെ തുണിത്തരങ്ങള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കും കാലം. ഒരു വര്‍ഷത്തെ കച്ചവട പ്രതീക്ഷയെല്ലാം തുണിക്കച്ചവടക്കാര്‍ക്ക് ഓണ വിപണിയെ ആശ്രയിച്ചാണ്. ഓണ്‍ലൈന്‍ വ്യാപാരം കോവിഡാനന്തര ഓണക്കോടി കച്ചവടത്തെയും അല്പം ബാധിച്ചിട്ടുണ്ടെന്നതും സത്യം.