ഐശ്വര്യവും സമ്പൽസമൃദ്ധിയും നിറഞ്ഞ നല്ല നാളുകളുടെ തുടക്കമാണ് മലയാളികൾക്ക് ഓണം. പഞ്ഞകർക്കിടകത്തിന്റെ കാറും കോളും മാറി പുതിയ പ്രതീക്ഷകളുമായി എത്തുന്ന ചിങ്ങ മാസം ആണ്ടു പിറ കൂടിയാണ് മലയാളികൾക്ക്. പൂക്കളം ഇടുന്നതോടുകൂടിയാണ് കേരളത്തിൽ ഓണാഘോഷം ആരംഭിക്കുന്നത്. ആദ്യകാലത്ത് പിള്ളേരോണം മുതലാണ് പൂക്കളം ഇട്ടിരുന്നത്. കുട്ടികൾക്ക് വേണ്ടിയുള്ള ഓണാഘോഷം എന്ന രീതിയിലാണ് പിള്ളേരോണം എന്ന പേര് വന്നത്.
ചിങ്ങമാസത്തിലെ തിരുവോണം പോലെയാണ് കർക്കിടകമാസത്തിലെ തിരുവോണദിവസവും. ഇതിനെയാണ് പിള്ളേരോണം എന്നുപറയുന്നത്. എന്നാൽ ചിങ്ങമാസത്തിലെ ഓണത്തിൻ്റേതായ ചടങ്ങുകളൊന്നും പിള്ളേരോണത്തിനില്ല. പൂക്കളമോ, ഓണപുടവയോ ഇതിനില്ല. എന്നാൽ കർക്കിടക മാസത്തിൻ്റെ വറുതിയിൽ പോലും നല്ല സദ്യ ഒരുക്കുകയെന്നത് പിള്ളേരോണത്തിൻ്റെ പ്രത്യേകതയാണ്.
പണ്ട്, തിരുവോണം പോലെ തന്നെ പിള്ളേരോണവും മലയാളികൾക്ക് പ്രധാനപ്പെട്ട ആഘോഷമായിരുന്നു. എന്നാൽ ഇന്ന് അത്തം മുതലാണ് പൂക്കളമിടുന്നതും ഓണഘോഷങ്ങൾക്ക് തുടക്കമാകുന്നതും. തുമ്പപ്പൂ, മുക്കുറ്റിപ്പൂ, കൊങ്ങിണി, തൊട്ടാവാടി, തുളസി, ഇലകൾ തുടങ്ങി പ്രകൃതിയിലുള്ളതെല്ലാം എല്ലാം പൂക്കളത്തിൽ സ്ഥാനം പിടിക്കും. എന്നാൽ കിട്ടുന്ന പൂക്കളൊക്കെ ഇടുന്നതുമല്ല പൂക്കളം.
മാവേലിയെ വരവേല്‍ക്കാന്‍ ഇടുന്നതാണ് പൂക്കളം എന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ പൂത്തറ ഒരുക്കുന്നതു മുതൽ പൂവിടുന്നതിനു വരെ ചില ചിട്ടകൾ ഉണ്ട്. അത്തം മുതൽ തിരുവോണം വരെയുള്ള പത്തുദിവസവും പൂക്കളം ഒരുക്കുന്നതിന് രീതികളുണ്ട്. പൂക്കളം ഇടാന്‍ എടുക്കുന്ന പൂക്കളുടെ നിറം മുതല്‍ അതിന്റെ വലുപ്പത്തില്‍ വരെ ഓരോ പ്രത്യേകതകളാണ് ഉള്ളത്. പ്രാദേശികമായുള്ള ചില മാറ്റങ്ങള്‍ ചിലപ്പോൾ ഉണ്ടാകുമെന്നു മാത്രം.
അത്തത്തിന് ചുവപ്പ് നിറത്തിലുള്ള പൂക്കള്‍ ഇടരുത് എന്നാണ് പറയുക. ചിത്തിര നാളില്‍ ചെമ്പരത്തിയും പിച്ചിയും, ചെമ്പകവും പൂത്തറയിൽ വേണം. ചോദി നാളിൽ ശംഖുപുഷ്പം ൾപ്പെടുത്തണമെന്നാണ് ചൊല്ല്. വിശാഖം നാളില്‍ ശംഖുപുഷ്പം, കോളാമ്പി, അരളി എന്നിവയെല്ലാം എടുത്ത് നാല് ലെയര്‍ പൂക്കളമാണ് ഒരുക്കേണ്ടത്. മന്ദാരം, തെച്ചിപ്പൂ, തൊട്ടാവാടി തുടങ്ങിയ പൂക്കളാണ് അനിഴം നാളിൽ ഉപയോഗിക്കേണ്ടത്. തൃക്കേട്ട നാളുവരെ പൂക്കളം വൃത്താകൃതിയിലാണ് ഒരുക്കേണ്ടത്. മൂലം നാളില്‍ ഇടുന്ന പൂക്കളം ചതുരാകൃതിയില്‍ ആയിരിക്കണം എന്നാണ് പറയുക. ഇതില്‍ വാടാര്‍മല്ലി, തുമ്പ, മുല്ലപ്പൂ, വെള്ള നിറത്തിലുള്ള മറ്റ് പൂക്കള്‍, മഞ്ഞ കോളാമ്പി, നല്ല ചുവന്ന ചെമ്പരത്തി, പച്ചിലകള്‍ എന്നിവയെല്ലാം ഉപയോഗിക്കണമെന്നാണ് പറയുന്നത്.
പൂരാടം നാളില്‍ എട്ട് ലെയര്‍ ഉള്ള പൂക്കളത്തോടൊപ്പം ചിലര്‍ തൃക്കാക്കരയപ്പനെ വെക്കുകയും ചെയ്യും. ചിലർ ഇന്നുവരെ പടിയ്ക്കുള്ളിലാണ് പൂക്കളം ഇടുക. ഉത്രാടം തൊട്ടാണ് ഓണാഘോഷങ്ങള്‍ ഗംഭീരമാകുന്നത്. ഒൻപത് ലെയര്‍ ഉള്ള പൂക്കളമാണ് അന്ന് ഇടേണ്ടത്. ചിലയിടങ്ങളിൽ ഉത്രാടം തൊട്ട് പടികടത്തിയും പൂവിടാറുണ്ട്. തിരുവോണ നാളില്‍ 10 ലെയര്‍ പൂക്കളമാണ് ഒരുക്കുക. ചിലര്‍ തൃക്കാക്കരയപ്പനും തുമ്പപ്പൂവും പ്രധാനമായും ഉപയോഗിക്കും. പല വലുപ്പത്തിലും ഡിസൈനിലും തിരുവോണത്തിന് പൂക്കളം ഒരുക്കുന്നവരും കുറവല്ല.--