

കരിമ്പിന്റെ ഹൃദയ ഭൂമിയായ ബാരാമതിയില്‍ തുടങ്ങി ഒടുവില്‍ ബാരാമതിയില്‍ തന്നെ വിമാന അപകടത്തില്‍ അസ്തമിച്ച അജിത് പവാറിന്റെ രാഷ്ട്രീയ ജിവിതം ഒട്ടും മധുരിക്കുന്നതായിരുന്നില്ല. ശരദ് പവാര്‍ എന്ന അതികായന്റെ നിഴലില്‍ നിന്ന് മാറി ആ രാഷ്ട്രീയ ഗുരുവിനെപോലും നിഷ്പ്രഭനാക്കിത്തുടങ്ങിയ ജൈത്രയാത്രയില്‍ കയറ്റിറക്കങ്ങളും നാടകീയ സംഭവ വികാസങ്ങളും ഒന്നിനു പുറക ഒന്നായെത്തി. കുടുംബവും രാഷ്ട്രീയവും അത്രത്തോളം ആഴത്തില്‍ ഇഴചേര്‍ന്നതിന്റെ നേരുദാഹരണമാണ് ഒരു തെരഞ്ഞെടുപ്പില്‍ പോലും തോല്‍വി അറിയാത്ത അജയ്യമായ മൂന്നു പതിറ്റാണ്ട്. മഹാരാഷ്ട്രീയ ഭൂമികയില്‍ പവാര്‍ കുടുംബ വാഴ്ചയുടെ ഗതിവിഗതികള്‍ മാറ്റി മറിച്ച നയതന്ത്രജ്ഞതയായിരുന്നു അജിത് പവാര്‍. അപ്രതീക്ഷിയ വിയോഗത്തന്റെ ഞെട്ടലിനിയും വിട്ടുമാറിയിട്ടില്ലാത്ത ഈ നിമിഷങ്ങളില്‍ അജിത് പവാറിന്റെ കുടുംബ-രാഷ്ട്രീയ-അധികാര ജീവിതത്തിലൂടെ സഞ്ചരിക്കുകയാണ്.
ബാരാമതി മേഖലയിലെ സ്വാധീനമാണ് പവാര്‍ കുടുംബ പാരമ്പര്യത്തിന്റെ അടിവേര്. സഹകരണ സ്ഥാപനങ്ങളുടെയും കര്‍ഷക കൂട്ടായ്മകളുടെയും മേധാവിത്വത്തിലൂടെയാണ് തായ്‌വേരുകള്‍ വളര്‍ന്നത്. ഗ്രാമീണ രാഷ്ട്രീയം, മഹാരാഷ്ട്രയിലെ സഹകരണ പ്രസ്ഥാനം, ഡല്‍ഹിയിലും മുംബൈയിലും മാറിവന്ന അധികാര വടംവലികള്‍ എന്നിവയുമായി പവാര്‍ കുടുംബത്തിന് അടുത്ത ബന്ധമാണുള്ളത്.
പശ്ചിമ മഹാരാഷ്ട്രയിലുടനീളം സഹകരണ ബാങ്കുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പഞ്ചസാര ഫാക്ടറികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണം, അങ്ങനെ സമൂഹത്തിലെ പതിറ്റാണ്ടുകളായി പവാര്‍ കുടുംബം മഹാരാഷ്ട്രീയത്തെ ഉള്ളം കൈയ്യില്‍ കൊണ്ടുനടന്നു.
ഡല്‍ഹിയിലും മുംബൈയിലും മാറിവരുന്ന അധികാര ഇടനാഴികളില്‍ സ്വാധീനമുണ്ടാകുക എന്നത് കുടുംബ മഹിമയായാണ് അവര്‍ കണക്കാക്കിയത്. സഖ്യങ്ങള്‍ മാറുന്നതും കുടുംബങ്ങള്‍ തകരുന്നതും അതിജീവനത്തിനായി വീണ്ടും അധികാരവഴി തേടുന്നതുമെല്ലാം പലകുറി ആവര്‍ത്തിച്ചു. ഇന്ത്യയുടെ മാറുന്ന രാഷ്ട്രീയത്തിന്റെ പ്രതിഫലനം കൂടിയായിരുന്നു അജിത് പവാറിന്റെ ജീവിതം.
ശരദ് പവാറുമായി ഇഴചേര്‍ന്ന ബന്ധമാണ് രാഷ്ട്രീയ യാത്രയില്‍ അജിത് പവാറിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. മുന്‍ കേന്ദ്ര മന്ത്രിയും എന്‍.സി.പിയുടെ സ്ഥാപകനുമായ ശരദ് പവാറിൻ്റെ സഹോദര പുത്രന്‍ എന്ന മേല്‍വിലാസമായിരുന്നു അജിത് പവാറിന്റെ രാഷ്ട്രീയ മൂലധനം. 1982 ൽ ഒരു പഞ്ചസാര സഹകരണ ഫാക്ടറിയുടെ ബോര്‍ഡ് അംഗമായാണ് അജിത് പവാര്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1991 മുതല്‍ സ്വന്തം തട്ടകമായ ബാരാമതി നിയമസഭാ മണ്ഡലത്തെ അദ്ദേഹം പ്രതിനിധീകരിച്ചു. നാല്‍പ്പതാം വയസ്സിലാണ് വിലാസ് റാവു ദേശ്മുഖ് മന്ത്രിസഭയില്‍ പ്രായം കുറഞ്ഞ മന്ത്രിയായി ചുമതലയേറ്റത്. ഭാഷയിലേയും പ്രവര്‍ത്തിയിലേയും ചടുലത അജിത് പവാറിനെ ജനപ്രിയനാക്കി. ഒരു ദശാബ്ദക്കാലം നീണ്ട ഭരണത്തിലൂടെ അജിത്തിന് ലഭിച്ച സ്വാധീനം പക്ഷേ ശരദ് പവാറില്‍ അസ്വസ്ഥത സൃഷ്ടിച്ചു. ഇടക്കത് കുടുംബ കലഹങ്ങള്‍ക്കും വഴിവച്ചു. ഇരുവരും തമ്മിലിടഞ്ഞ് തുടങ്ങി.
ഇതിനിടെ, ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയുടെ രാഷ്ട്രീയപ്രവേശം പവാര്‍ കുടുംബ രാഷ്ട്രീയത്തെ കലുഷിതമാക്കി. കുടുംബത്തില്‍ ഒന്നിലധികം അധികാരകേന്ദ്രങ്ങള്‍ രൂപപ്പെട്ടതോടെ സംഘര്‍ഷം കടുത്തു.
ആരായിരിക്കും ശരദ് പവാറിന്റെ രാഷ്ട്രീയ പിന്തുടര്‍ച്ചാവകാശി എന്ന ചോദ്യം ഉയര്‍ന്നു തുടങ്ങിയ ഘട്ടത്തിലാണ് ഊഴം കാത്തിരുന്ന അജിത് പവാറിന് നിരാശ പകര്‍ന്നുകൊണ്ട് സുപ്രിയ സുലെയുടെ കടന്നുവരവ്.
2019 നവംബറില്‍ ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതായിരുന്നു കുടുബ രാഷ്ട്രീയത്തില്‍ ആദ്യത്തെ വലിയ പൊട്ടിത്തെറി. വെറും എണ്‍പത് മണിക്കൂര്‍ മാത്രം നീണ്ടുനിന്ന ആ സര്‍ക്കാര്‍ എന്‍.സി.പി കുടുംബത്തിലെ ആദ്യത്തെ പരസ്യമായ വിള്ളലായി. വലിയൊരു രാഷ്ട്രീയ ചര്‍ച്ചക്കും അതുവഴിമരുന്നിട്ടു. 2023 ജൂലൈയില്‍ ആ വിള്ളല്‍ പൂര്‍ണ്ണമായി. എംഎല്‍എമാരുടെ വലിയൊരു വിഭാഗത്തെ ഒപ്പം കൂട്ടി അജിത് പവാര്‍ വീണ്ടും ബിജെപി സഖ്യത്തിനൊപ്പം ചേര്‍ന്ന് ഉപമുഖ്യമന്ത്രിയായി അധികാരമേറ്റു. ഇതോടെ എന്‍സിപി രണ്ടായി നെടുകെ പിളര്‍ന്നു. മാസങ്ങള്‍ക്ക് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അജിത് പവാര്‍ വിഭാഗത്തിന് പാര്‍ട്ടിയുടെ പേരും ക്ലോക്ക് ചിഹ്നവും അനുവദിച്ചതും വിവാദമായി. ബന്ധ വിഛേദനം പാര്‍ട്ടിയുടെ സംഘടനാശരീരത്തെ മാത്രമല്ല ബാധിച്ചത്, പാര്‍ട്ടി നാളിന്നോളം സ്വരുക്കൂട്ടിയ സ്വത്തുക്കളുടെ വിഭജന തര്‍ക്കത്തിലേക്കും അത് വളര്‍ന്നു. വിനീത വിധേയനായ ശിഷ്യനില്‍ നിന്ന് ശരദ് പവാറിന്റെ പ്രധാന ശത്രുവായുള്ള യാത്ര കൂടിയായിരുന്നു അത്.
വിമാന അപകടങ്ങള്‍ തുടര്‍ച്ചയാകുന്നതിലും ദുരൂഹതാ സിദ്ധാന്തങ്ങള്‍ ഒരു ഭാഗത്ത് ഉയരുന്നുണ്ട്. രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഗോവിന്ദ് സിംഗ് ദോത്താസ്രയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അപകടത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. വിജയ് രൂപാണി, ബിപിന്‍ റാവത്ത് എന്നിവര്‍ സമാന സാഹചര്യത്തില്‍ മരണപ്പെട്ടത് ഈയടുത്ത കാലത്താണെന്നും നമുക്കറിയാം. ഈ അപകടങ്ങളുടെയൊന്നും അന്വേഷണ റിപ്പോര്‍ട്ട് പരസ്യമാക്കാത്തത് സംശയകരമാണെന്നാണ് ഗോവിന്ദ് സിംഗ് ദോത്താസ്ര പറയുന്നത്. മൂന്ന് സംഭവങ്ങളിലും പുനരന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുന്‍ സംഭവങ്ങള്‍ ഒന്നോര്‍ത്തുനോക്കൂ, സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, ലോക്‌സഭാ സ്പീക്കര്‍ ജി.എം.സി.ബാലയോഗി, ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡി, അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡു, പ്രതിരോധ സഹമന്ത്രി എന്‍.വി.എന്‍.സോമു, ഹരിയാന മന്ത്രിയും വ്യവസായിയുമായ ഒ.പി.ജിന്‍ഡല്‍, മന്ത്രി സുരേന്ദര്‍ സിങ്, അരുണാചല്‍ മന്ത്രി ദേരാ നാഫൂങ്ങ്, മേഘാലയ മന്ത്രി സിപ്രിയന്‍ സാങ്മ തുടങ്ങി എത്ര മുഖ്യധാരാ നേതാക്കളെയാണ് നമുക്ക് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ആകാശ അപകടങ്ങളില്‍ നഷ്ടമായത്. ആകാശ ദുരന്തങ്ങളില്‍ ശരിയായ അന്വഷണങ്ങള്‍ നടക്കുന്നല്ല, പ്രൈവറ്റ് എയര്‍ ക്രാഫ്റ്റുകളുടെ പ്രവര്‍ത്തനത്തില്‍ സിവില്‍ ഏവിയേഷന് വേണ്ടത്ര ശ്രദ്ധയില്ല എന്നു തുടങ്ങിയ പരാതികളൊക്കെയും ഈ ഘട്ടത്തില്‍ ഉയരുന്നുണ്ട്.