അധ്യയനം അധ്യാപകരുടെ സൗകര്യത്തിനോ?

ശനിയാഴ്ചകൾ അധ്യയന ദിവസം ആക്കണമെന്ന് ദേശീയ കരിക്കുലം ഫ്രെയിം വർക്കോ ഹൈക്കോടതിയോ പറഞ്ഞിട്ടില്ല. പക്ഷേ 220 ദിവസം വേണം എന്നതു നിർബന്ധമാണ്.
അധ്യയനം അധ്യാപകരുടെ സൗകര്യത്തിനോ?
Published on

സ്കൂളുകളിൽ വർഷത്തിൽ 220 ദിവസം ക്ലാസ്. വിദ്യാഭ്യാസ വകുപ്പ് ഈ സർക്കുലർ ഇറക്കിയതു മാത്രമേ ഇപ്പോൾ ഓർമയുള്ളു. പിന്നെ എന്തൊരു ബഹളമാണ്. പ്രതിപക്ഷത്തെ മുഴുവൻ അധ്യാപക സംഘടനകളും സമരം പ്രഖ്യാപിച്ചു. ഭരണപക്ഷ അനുകൂല സംഘടന ഉത്തരവ് ഒന്ന് അനുസരിക്കുന്നതായി ആദ്യം ഭാവിച്ചു. പിന്നെ മെല്ലേ ഒരു നിർദേശം വച്ചു. ശനിയാഴ്ച ക്ളാസ് വേണ്ട, പകരം ദിവസം ഒരു മണിക്കൂർ കൂടുതൽ സ്കൂളിൽ വന്നിരിക്കാം. അതും നിവൃത്തിയില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചതോടെ 22ന് അവരും മാർച്ച് പ്രഖ്യാപിച്ചു. ഇതെന്താ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ധാർഷ്ട്യത്തിൽ നിന്നുണ്ടായതാണോ വർഷത്തിൽ 220 പ്രവൃത്തി ദിവസം? അധ്യാപകർ പണിയെടുക്കുന്നില്ല എന്നു സ്ഥാപിക്കാൻ കൊണ്ടുവന്നതാണോ പുതിയ സർക്കുലർ?

അധ്യയനം അധ്യാപകരുടെ സൗകര്യത്തിനോ?

ദേശീയ കരിക്കുലം ഫ്രെയിം വർക്ക് കഴിഞ്ഞവർഷം പുതുക്കി പുറത്തിറക്കി. അതനുസരിച്ച് രാജ്യത്തെ എല്ലാ സ്കൂളുകളും 220 ദിവസം പ്രവർത്തിക്കണം. അപ്പോൾ കേരളത്തിലോ. ഇവിടെ നിലവിൽ  198 അധ്യയന ദിനം മാത്രമാണ്  ഉണ്ടായിരുന്നത്. ഒഴിവുകിഴിവുകൾ ഒന്നും വേണ്ട എന്നു ഹൈക്കോടതി കർശനമായി ഉത്തരവിട്ടു. അതോടെ വിദ്യാഭ്യാസ വകുപ്പ് 220 ഉറപ്പിച്ച് സർക്കുലർ പുറത്തിറക്കി. ആ ലക്ഷ്യം നേടാൻ 25 ശനിയാഴ്ചകൾ അധ്യയന ദിവസവുമാക്കി. പിന്നെ പറയണോ പുകില്?

രാജ്യത്ത് എത്ര അധ്യയന ദിവസം?

അറിയുമോ, രാജ്യത്ത് ഏറ്റവും കുറവ് അധ്യയന ദിവസമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കേരളത്തേക്കാൾ കുറവ് അധ്യയന ദിനമുള്ളത് നാഗലാൻഡ് പോലുള്ള വലിയ സുരക്ഷാപരവും ഭൂമിശാസ്ത്രപരവുമായ വെല്ലുവിളികൾ നേരിടുന്ന സംസ്ഥാനങ്ങളിൽ മാത്രമാണ്. നാഗലാൻഡിൽ 189 ദിവസവും കേരളത്തിൽ 198 ദിവസവും. ഏറ്റവും കൂടുതൽ അധ്യയനദിവസങ്ങൾ ജാർഖണ്ഡിലാണ്. 238 ദിവസം. ബിഹാറിലും ദാദ്ര-നാഗർഹാവേലിയിലും 236. പഞ്ചാബിലും ത്രിപുരയിലും ഉത്തർപ്രദേശിലും 233 ദിവസം. ഗുജറാത്തിൽ 231.മഹാരാഷ്ട്രയിൽ മൂന്നു വിധമാണ്. അഞ്ചാം ക്ലാസ് വരെ 200,ആറു മുതൽ എട്ടുവരെ 220, ഒൻപതു മുതൽ പന്ത്രണ്ടു വരെ 230.  അപ്പോൾ നമ്മുടെ അയൽ സംസ്ഥാനങ്ങളിലോ?

തമിഴ്നാട്ടിലും കർണാടകത്തിലുമോ?

കർണാടകത്തിൽ വർഷങ്ങളായി ശരാശരി പ്രവൃത്തി ദിവസം 231 ആണ്. ഗ്രാമങ്ങളിൽ 230 ദിവസവും നഗരങ്ങളിലെ  232 ദിവസവും. തമിഴ്നാട്ടിൽ കഴിഞ്ഞവർഷം വരെ 210 ആയിരുന്നു. നാഷണൽ കരിക്കുലം ഫ്രെയിം വർക്ക് അനുസരിച്ച് അത് ഈ വർഷം 220 ആക്കി ഉത്തരവിട്ടു. ആന്ധ്രപ്രദേശിലും തെലങ്കാനയിലും അധ്യയന ദിവസം തുല്യമാണ്. 229 ദിവസം. ദക്ഷിണേന്ത്യയിൽ കേരളം മാത്രമാണ് സ്കൂളുകൾ കൂടുതൽ അടച്ചിട്ടിരുന്നത് എന്ന് അർത്ഥം.

എന്താണ് രാജ്യാന്തര നിലവാരം?

ലോകത്തെ ഏറ്റവും മികവുറ്റ വിദ്യാഭ്യാസ സമ്പ്രദായം ഉള്ള രാജ്യങ്ങളിലൊന്നായി വിലയിരുത്തുന്നത് ഫിൻലൻഡ് ആണ്. വിദ്യാഭ്യാസ മന്ത്രിയും വിദ്യാഭ്യാസ സെക്രട്ടറിയും  ഒക്കെ അവിടെ പോയി എല്ലാം കണ്ടുവന്നവരാണ്. ഫിൻലൻഡിൽ അധ്യയന ദിനം 190 ആണ്. പക്ഷേ പ്രവൃത്തി സമയത്തിൽ മാറ്റമുണ്ട്. കൊച്ചുകുട്ടികൾക്ക് ദിവസം അഞ്ചുമണിക്കൂർ മതിയെങ്കിൽ പത്തുവയസ്സു കഴിഞ്ഞാൽ ഏഴുമണിക്കൂർ ആണ് അധ്യയന സമയം. കേരളത്തിൽ അഞ്ചര മണിക്കൂർ തികച്ച് കിട്ടുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഇറ്റലി പോലുള്ള രാജ്യങ്ങളിൽ ആഴ്ചയിൽ ആറുദിവസവും അധ്യയനം ഉണ്ട്.

ശനിയാഴ്ചകൾ ഒഴിവാക്കി സാധ്യമോ?

ശനിയാഴ്ചകൾ അധ്യയന ദിവസം ആക്കണമെന്ന്  ദേശീയ കരിക്കുലം ഫ്രെയിം വർക്കോ ഹൈക്കോടതിയോ പറഞ്ഞിട്ടില്ല. പക്ഷേ 220 ദിവസം വേണം എന്നതു നിർബന്ധമാണ്. കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ ശനിയാഴ്ച അധ്യയനം നടത്തുക എന്നല്ലാതെ മറ്റുമാർഗം എന്താണ്? സമരം പ്രഖ്യാപിച്ച സംഘടനകൾ തന്നെയാണ് അതു വ്യക്തമാക്കേണ്ടത്. വിദ്യാർത്ഥികളെ ദിവസവും ഒന്നോ രണ്ടോ മണിക്കൂർ കൂടുതൽ ക്ലാസ് മുറികളിൽ ഇരുത്തി മണിക്കൂർ തികയ്ക്കാൻ ഇത് ഫാക്ടറിപ്പണി ഒന്നുമല്ലല്ലോ?

നടക്കുന്നുണ്ടോ 1200 മണിക്കൂർ പഠനം?

എത്രമണിക്കൂർ ക്ലാസ് നടത്തി എന്നതല്ല വിദ്യാഭ്യാസ മികവിന്‍റെ മാനദണ്ഡം. കൂടുതൽ സമയം ക്ലാസിൽ ഇരുന്നതുകൊണ്ടു മാത്രം വിദ്യാർഥികൾക്കു മികവു വർധിക്കുകയും ഇല്ല. കേരളത്തിലെ അധ്യാപകരെല്ലാവരും അലസരായതുകൊണ്ടല്ല ശനിയാഴ്ച പ്രവൃത്തി ദിവസമാക്കുന്നതിനെ എതിർക്കുന്നത് എന്നതും വസ്തുതയാണ്. എന്നാൽ എൽ പി സ്കൂളുകളിൽ 800 മണിക്കൂറും യുപി സ്കൂളുകളിൽ ആയിരം മണിക്കൂറും ഹൈസ്കൂളിലും ഹയർസെക്കൻഡറിയിലും 1200 മണിക്കൂറും അധ്യയനം നടക്കണമെന്നാണ് ദേശീയ മാനദണ്ഡം. അതിൽ എത്ര മണിക്കൂർ കേരളത്തിൽ ക്ലാസ് നടക്കുന്നുണ്ട് എന്ന് കണക്കുകൂട്ടിയ ശേഷം ഈ സമരത്തിനിറങ്ങുകയാണ് അഭികാമ്യം. വിദ്യാഭ്യാസ സൂചികകളിൽ ഇപ്പോഴും മുന്നിലാണ്. അതു പറയുമ്പോഴും രാജ്യത്തെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാനങ്ങളിൽ കേരളത്തിൽ നിന്നുള്ള എത്ര കുട്ടികൾക്ക് ഇപ്പോൾ പ്രവേശനം കിട്ടുന്നുണ്ട് എന്ന് ഒന്ന് അന്വേഷിക്കുന്നത് നന്നാകും. മഹാകവി അക്കിത്തം എഴുതിയതുപോലെ:

പരമാർത്ഥത്തിൽ ബ്രഹ്മാണ്ഡത്തിൻ
പൊരുളായുള്ളതൊരണുവല്ലേ
എത്രമനോഹരമത്ഭുതകരമീ
വിസ്തൃതസർഗ്ഗവ്യാപാരം

ലോകത്തിന്‍റെ പൊരുൾ കുട്ടികളെ പഠിപ്പിക്കുന്ന സർഗസപര്യയേക്കാൾ വലിയ വ്യവഹാരം വേറെയില്ല. അതിന് ഒരുദിവസമെങ്കിലും കൂടുതൽ കിട്ടിയാൽ സന്തോഷിക്കുകയല്ലേ വേണ്ടത്? നിങ്ങൾ ഇപ്പോൾ നടത്തുന്നത് പണിമുടക്കാണ്, പഠിപ്പുമുടക്കല്ല. അധ്യാപനം പണിയായി കരുതുന്നവർക്കു മാത്രമേ അതു മുടക്കാൻ കഴിയൂ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com