

ആകാശം യുദ്ധങ്ങളുടെ പരീക്ഷണശാല
1967 മുതൽ 1972 വരെയുള്ള കാലഘട്ടം. വിയറ്റ്നാം യുദ്ധം കൊടുമ്പിരികൊണ്ടിരുന്ന സമയം. ശത്രുക്കളുടെ നീക്കങ്ങൾ തടയാൻ അമേരിക്കൻ സൈന്യം കണ്ടെത്തിയത് തോക്കുകളെയോ ബോംബുകളെയോ ആയിരുന്നില്ല, മറിച്ച് മഴയെ അവർ ഉപയോഗപ്പെടുത്തി.ചരിത്രത്തിലെ ഏറ്റവും ഇരുണ്ടതും രഹസ്യവുമായ ആ സൈനിക നീക്കത്തിന് അമേരിക്ക നൽകിയ പേരാണ്.ഓപ്പറേഷൻ പോപ്പായ്.
ആകാശവും കാലാവസ്ഥയും യുദ്ധോപകരണങ്ങളോ ?
make mud not war അതായത് 'ചെളി ഉണ്ടാക്കുക, യുദ്ധമല്ല' എന്ന രഹസ്യകോഡോടെ, വിയറ്റ്നാമിലെ മൺസൂൺ കാലം നീട്ടിക്കൊണ്ടുപോകാനാണ് അമേരിക്കൻ സൈനിക നേതൃത്വം വഴിതേടിയത്.വടക്കൻ വിയറ്റ്നാമിൽ നിന്ന് ദക്ഷിണ വിയറ്റ്നാമിലേക്ക് ആയുധങ്ങളും സൈനികരും എത്തിച്ചിരുന്ന 'ഹോ ചി മിൻ രഹസ്യ പാത'യായിരുന്നു അവരുടെ ലക്ഷ്യം. ആ പാത ദുർഘടമാക്കി വിയറ്റ്നാം സേനയെ തടയുക എന്ന ലക്ഷ്യത്തിനായി അമേരിക്കൻ വിമാനങ്ങൾ ആകാശത്തേക്ക് ഉയർന്നു. നിലവിലുള്ള മഴമേഘങ്ങളിലേക്ക് സിൽവർ അയഡൈഡ്, ലെഡ് അയഡൈഡ് തുടങ്ങിയ രാസവസ്തുക്കൾ വിതറി അവർ മഴ പെയ്യിച്ചു. കൃത്രിമമായി മേഘങ്ങൾ സൃഷ്ടിക്കുകയായിരുന്നില്ല, മറിച്ച് മേഘങ്ങളിൽ നിന്ന് കൂടുതൽ മഴ പിഴിഞ്ഞെടുക്കുന്ന 'ക്ലൗഡ് സീഡിങ്' വിദ്യയായിരുന്നു അത്. അന്ന് വരെ ആരും പരീക്ഷിക്കാതിരുന്ന യുദ്ധതന്ത്രം. തുടർന്ന് പെയ്ത അതിശക്തമഴയിൽ ഹോ ചി മിൻ പാതകൾ വെള്ളത്തിനടിയിലായി, മണ്ണിടിച്ചിലുകൾ ഉണ്ടായി. സൈനികരെ ലക്ഷ്യമിട്ട് പെയ്യിച്ച ആ മഴയിൽ മുങ്ങിപ്പോയത് നിരപരാധികളായ ലക്ഷക്കണക്കിന് സാധാരണക്കാരുടെ ഗ്രാമങ്ങളായിരുന്നു. കൃഷിഭൂമികൾ നശിച്ചു, ഭക്ഷ്യക്ഷാമവും പകർച്ചവ്യാധികളും ആ ജനതയെ വേട്ടയാടി.
പക്ഷേ, ഓപ്പറേഷൻ ഓപ്പറേഷൻ പോപ്പായ് യുടെ യഥാർഥ പ്രാധാന്യം അതിന്റെ സൈനിക ലക്ഷ്യത്തിൽ മാത്രമായിരുന്നില്ല. മനുഷ്യന് പ്രകൃതിയുടെ കാലാവസ്ഥാ സംവിധാനത്തിൽ എത്രത്തോളം ഇടപെടാനാകും? അത്തരം ഇടപെടലുകളുടെ നിയന്ത്രണം ആരുടെ കൈകളിലായിരിക്കണം? അതിന്റെ പ്രത്യാഘാതങ്ങൾ അതിർത്തികൾ കടന്നുപോയാൽ ഉത്തരവാദിത്തം ആർക്കായിരിക്കും? എന്നിങ്ങനെ ആ സംഭവത്തോടെ ലോകം ഗൗരവമായി ചർച്ച ചെയ്യേണ്ടിവന്നത് നിരവധി ചോദ്യങ്ങളായിരുന്നു.1974-ൽ യു.എസ് സെനറ്റിൽ കാലാവസ്ഥാ മാറ്റുന്ന നടപടി സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നതായി സ്ഥിരീകരിക്കപ്പെട്ടു. 2,600-ലധികം വിമാന ദൗത്യങ്ങൾ നടത്തിയതായും 47,000-ത്തിലധികം ക്ലൗഡ് സീഡിങ് യൂണിറ്റുകൾ ഉപയോഗിച്ചതായും പിന്നീട് പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നു.എന്നാൽ ഈ പരീക്ഷണങ്ങൾ ലക്ഷ്യമിട്ട സൈനിക ഫലം അതായത് തടസ്സങ്ങൾ മറികടക്കാൻ വടക്കൻ വിയറ്റ്നാമിനായി എന്നത് തിരിച്ചടിയായി.
ഈ വിവാദമാണ് കാലാവസ്ഥയെ യുദ്ധായുധമാക്കുന്നതിനെതിരെ അന്താരാഷ്ട്ര നിയന്ത്രണങ്ങൾ വേണമെന്ന ആവശ്യത്തിന് ശക്തി പകർന്നത്. ഇതിന്റെ നിർണായക ഫലമായിരുന്നു 1976-ൽ ഐക്യരാഷ്ട്രസഭ അംഗീകരിച്ച് 1978-ൽ പ്രാബല്യത്തിൽ വന്ന 'എൻമോഡ് കൺവെൻഷൻ'.മറ്റൊരു രാജ്യത്തിന് വ്യാപകമോ ദീർഘകാലം നിലനിൽക്കുന്നതോ ഗുരുതരമോ ആയ നാശനഷ്ടങ്ങൾ വരുത്താൻ പരിസ്ഥിതി മാറ്റുന്ന സാങ്കേതികവിദ്യകൾ സൈനികമായോ ശത്രുതാപരമായോ ഉപയോഗിക്കുന്നത് ഈ കരാർ നിരോധിച്ചു. കാലാവസ്ഥാ മാറ്റം ഉൾപ്പെടെയുള്ള പ്രകൃതിപ്രതിഭാസങ്ങളെ യുദ്ധത്തിനായി ഉപയോഗിക്കുന്നതിനെതിരായ ആദ്യത്തെ അന്താരാഷ്ട്ര നിയമപരമായ പ്രതിരോധമായിരുന്നു ഇത്. എങ്കിലും, സമാധാനപരമായ ആവശ്യങ്ങൾക്കായുള്ള കാലാവസ്ഥാ പരീക്ഷണങ്ങളെ ഈ കരാർ നിരോധിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.
യുദ്ധക്കളങ്ങളിൽ നിന്ന് പിൻവാങ്ങിയെങ്കിലും, ഇന്ന് മറ്റൊരു പേരിലും ലക്ഷ്യത്തോടെയും കാലാവസ്ഥയെ കൃത്രിമമായി മാറ്റിമറിക്കുന്ന പ്രക്രിയ ആകാശത്ത് സജീവമാവുകയാണ്. ശാസ്ത്രലോകം അതിന് നൽകിയ പേരാണ് ജിയോഎഞ്ചിനീയറിങ്. ആഗോളതാപനം ഭൂമിയെ ചുട്ടുപൊള്ളിക്കുമ്പോൾ, കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ഭൂമിയുടെ സ്വാഭാവിക സംവിധാനങ്ങളിൽ മനുഷ്യൻ നടത്തുന്ന ബോധപൂർവ ഇടപെടലുകളാണിത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതും വിവാദപരവുമായ സാങ്കേതികവിദ്യയാണ് സോളാർ ജിയോഎഞ്ചിനീയറിങ്— അതായത് സൂര്യപ്രകാശത്തെ തിരിച്ചയച്ച് ഭൂമിയെ തണുപ്പിക്കാനുള്ള വിദ്യ. കടുത്ത വെയിലിൽ നാം കുട പിടിക്കുന്നതുപോലെ, ഭൂമിക്ക് മുകളിൽ ഒരു കൃത്രിമ കവചം തീർക്കാനാണ് ശാസ്ത്രജ്ഞർ ഇതിലൂടെ ശ്രമിക്കുന്നത്.വിമാനങ്ങളോ ബലൂണുകളോ ഉപയോഗിച്ച് അന്തരീക്ഷത്തിന്റെ മുകൾത്തട്ടിൽ സൾഫർ ഡയോക്സൈഡ് പോലുള്ള സൂക്ഷ്മകണികകൾ വിതറുന്ന ‘സ്ട്രാറ്റോസ്ഫെറിക് എയറോസോൾ ഇൻജക്ഷൻ’, സമുദ്രമേഘങ്ങളുടെ പ്രതിഫലനശേഷി വർധിപ്പിക്കുന്ന ‘മറൈൻ ക്ലൗഡ് ബ്രൈറ്റനിങ്’ തുടങ്ങിയ ആശയങ്ങൾ ഇന്ന് ഗവേഷണ ഘട്ടത്തിലാണ്. വലിയ അഗ്നിപർവ്വതങ്ങൾ പൊട്ടിത്തെറിക്കുമ്പോൾ ആകാശത്തേക്ക് ഉയരുന്ന ചാരം സൂര്യപ്രകാശത്തെ തടഞ്ഞ് ഭൂമിയിലെ ചൂട് കുറയ്ക്കുന്ന പ്രകൃതിപ്രതിഭാസത്തിൽ നിന്നാണ് ഈ ആശയം ജനിച്ചത്.
ഇവിടെയാണ് മനുഷ്യരാശിക്ക് മുന്നിൽ ഏറ്റവും വലിയൊരു ചോദ്യമുയരുന്നത്. ഈ സാങ്കേതിക പുരോഗതി നമുക്ക് ഗുണകരമാകുമോ, അതോ വലിയൊരു വിപത്തായി മാറുമോ?ആദ്യം ഗുണകരമായ വശങ്ങൾ നോക്കാം. കാർബൺ പുറന്തള്ളൽ കുറയ്ക്കാനുള്ള ലോകരാജ്യങ്ങളുടെ ശ്രമങ്ങൾ പരാജയപ്പെടുന്ന ഒരു അടിയന്തര സാഹചര്യം വന്നാൽ, ഭൂമിയെ താൽക്കാലികമായി തണുപ്പിക്കാൻ സോളാർ ജിയോഎഞ്ചിനീയറിങ്ങിന് കഴിഞ്ഞേക്കും. വരൾച്ച ബാധിച്ച പ്രദേശങ്ങളിൽ ക്ലൗഡ് സീഡിങ്ങിലൂടെ കൃത്രിമ മഴ പെയ്യിച്ച് കുടിവെള്ള ക്ഷാമവും കാർഷിക പ്രതിസന്ധിയും പരിഹരിക്കാനും ഈ സാങ്കേതികവിദ്യകൾ സഹായിച്ചേക്കാം.
എന്നാൽ, മറുവശത്ത് ഒളിഞ്ഞിരിക്കുന്നത് അതിഭീകരമായ അപകടങ്ങളാണ്. ഭൂമിയുടെ കാലാവസ്ഥ എന്നത് ഒരു ഒറ്റപ്പെട്ട സംവിധാനമല്ല. സമുദ്രങ്ങളും കാറ്റും മഴയുമെല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന അതിസങ്കീർണ്ണമായ ഒരു ശൃംഖലയാണ്. ഒരു രാജ്യം സ്വന്തം താൽപ്പര്യപ്രകാരം അന്തരീക്ഷത്തിൽ രാസവസ്തുക്കൾ വിതറി താപനില കുറയ്ക്കാൻ ശ്രമിച്ചാൽ, അത് അയൽരാജ്യങ്ങളിലെ മഴയുടെ ക്രമത്തെ തകിടം മറിച്ചേക്കാം. പ്രത്യേകിച്ച്, ഇന്ത്യയെപ്പോലെ മൺസൂണിനെ ആശ്രയിച്ച് കൃഷി ചെയ്യുന്ന കോടിക്കണക്കിന് മനുഷ്യരുടെ ജീവിതത്തെയാണ് ഇത് നേരിട്ട് ബാധിക്കുക. ഒരു പ്രദേശത്ത് മഴ പെയ്യിക്കുമ്പോൾ മറ്റൊരിടത്ത് കടുത്ത വരൾച്ചയുണ്ടാകാം. മാത്രമല്ല, സൂര്യപ്രകാശത്തെ തടയുന്നത് കൊണ്ട് അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് ഇല്ലാതാകുന്നില്ല. സമുദ്രങ്ങളിലെ അമ്ലീകരണം തുടർന്നുകൊണ്ടേയിരിക്കും. ഇതിനേക്കാൾ ഭയാനകം 'ടെർമിനേഷൻ ഷോക്ക്' എന്ന പ്രതിഭാസമാണ്. വലിയ തോതിൽ ആകാശത്ത് രാസകണികകൾ വിതറി ഭൂമിയെ തണുപ്പിച്ച ശേഷം, ഏതെങ്കിലും കാരണവശാൽ ആ പദ്ധതി പെട്ടെന്ന് നിർത്തിവെക്കേണ്ടി വന്നാൽ, തടഞ്ഞുവെച്ചിരുന്ന ചൂട് ഒറ്റയടിക്ക് ഭൂമിയിലേക്ക് ഇരച്ചെത്തുകയും താപനില അതിവേഗം കുതിച്ചുയരുകയും ചെയ്യും. അത് ഭൂമിയിലെ ജീവജാലങ്ങൾക്ക് താങ്ങാനാകുന്നതിനും അപ്പുറമായിരിക്കും.
ഈ ഗുരുതരമായ പ്രത്യാഘാതങ്ങൾ തിരിച്ചറിഞ്ഞതോടെ, ആകാശത്തുള്ള ഇത്തരം ഇടപെടലുകൾക്ക് കടിഞ്ഞാണിടാൻ അമേരിക്കയിൽ ശക്തമായ നിയമനിർമ്മാണ നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അന്തരീക്ഷത്തിലേക്ക് രാസവസ്തുക്കൾ വിതറി കാലാവസ്ഥയെയോ സൂര്യപ്രകാശത്തെയോ മനഃപൂർവം സ്വാധീനിക്കുന്ന ജിയോഎഞ്ചിനീയറിങ് പ്രവർത്തനങ്ങൾ നിരോധിച്ചുകൊണ്ട് 2024-ൽ ടെന്നസി സംസ്ഥാനം നിയമം പാസാക്കി. ഇതിന് പിന്നാലെ 2025-ൽ ഫ്ലോറിഡയും ലൂസിയാനയും സമാനമായ നിരോധന നിയമങ്ങൾ കൊണ്ടുവന്നു. കൂടാതെ, രാജ്യവ്യാപകമായി എല്ലാത്തരം കാലാവസ്ഥാ മാറ്റൽ പരീക്ഷണങ്ങൾക്കും സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് 'ക്ലിയർ സ്കൈസ് ആക്ട്' ഉൾപ്പെടെയുള്ള ബില്ലുകൾ യു.എസ് കോൺഗ്രസിലും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. അരനൂറ്റാണ്ട് മുമ്പ് കാലാവസ്ഥയെ ഒരു യുദ്ധായുധമായി ആദ്യം പരീക്ഷിച്ച അമേരിക്കയിൽ നിന്ന് തന്നെ, ഇന്ന് അതിനെതിരെ ശക്തമായ നിയമനടപടികൾ ഉയർന്നുവരുന്നു എന്നത് ചരിത്രത്തിലെ വലിയൊരു വൈരുധ്യമാണ്."
ഒരു കാര്യം വ്യക്തമാണ്. കാലാവസ്ഥ എന്നത് ഏതെങ്കിലും ഒരു രാജ്യത്തിന്റെയോ, സർക്കാരിന്റെയോ, കോർപ്പറേറ്റ് കമ്പനികളുടെയോ സ്വകാര്യ സ്വത്തല്ല. ഒരു രാജ്യത്ത് നടത്തുന്ന പരീക്ഷണത്തിന്റെ പ്രത്യാഘാതം അതിർത്തികൾ കടന്ന് മറ്റൊരു രാജ്യത്തെ കൃഷിയെയും ഭക്ഷ്യസുരക്ഷയെയും തകർത്തേക്കാം. അരനൂറ്റാണ്ട് മുമ്പ് വിയറ്റ്നാമിലെ യുദ്ധമേഖലയിൽ മഴയെ ആയുധമാക്കാൻ നടത്തിയ ' ഓപ്പറേഷൻ പോപ്പായ്' ലോകത്തിന് നൽകിയ മുന്നറിയിപ്പ് അതായിരുന്നു.പ്രകൃതിയെ സ്വാധീനിക്കാനുള്ള മനുഷ്യന്റെ സാങ്കേതികശേഷി വർധിക്കുമ്പോൾ, അതിനുള്ള നിയന്ത്രണവും ഉത്തരവാദിത്തവും അതിനേക്കാളേറെ ശക്തിപ്പെടണം. മറ്റൊരു കാര്യം കൂടി ശ്രദ്ധയിൽപ്പെടുത്തട്ടെ. ഒക്ടോബർ 2023-ന് ശേഷം നിരവധി തവണയാണ് ഫലസ്തീനിലെ ഗസ്സക്കാർ കൊടൂരമായ പ്രകൃതി ദുരന്തങ്ങളെ നേരിട്ടത്. ഇപ്പോൾ അതിതീവ്ര മഴയിൽ ആയിരക്കണക്കിന് ടെൻ്റുകൾ വെള്ളത്തിൽ മുങ്ങിയ വാർത്തയും ചിത്രങ്ങളും പുറത്തുവരുന്നുണ്ട്. ഈ പ്രകൃതി ദുരന്തങ്ങൾ 'ഓപ്പറേഷൻ പോപ്പായ്' ഓർപ്പെടുത്തുന്നില്ലേ എന്ന ചോദ്യം ഉയരുന്നത് ഈ പശ്ചാത്തലത്തിലാണ്. ഈ വൈകിയ സാഹചര്യത്തിലെങ്കിലും പ്രകൃതി ഒരു പരീക്ഷണശാലയല്ലെന്ന് ഉറപ്പിച്ചുപറഞ്ഞേ തീരൂ.ആകാശം സ്വതന്ത്രമായിരിക്കട്ടെ.പ്രകൃതി അതിന്റെ സ്വാഭാവിക താളത്തിൽ തന്നെ ഒഴുകട്ടെ.