യുഎസ്-ഇറാന്‍ സമാധാന ശ്രമങ്ങള്‍ പതിവ് പ്രഹസനമോ?

ഇറാനിലാകട്ടെ ഐആര്‍ജിസിയും മിതവാദി വിഭാഗവും തമ്മില്‍ ആശയഭിന്നത രൂക്ഷമായിക്കഴിഞ്ഞു
യുഎസ്-ഇറാന്‍ സമാധാന ശ്രമങ്ങള്‍ പതിവ് പ്രഹസനമോ?
Source: News Malayalam 24x7
Published on
Updated on

ഹോര്‍മുസ് പിടിച്ചെടുക്കാനായി പ്രൊജക്ട് ഫ്രീഡം എന്ന പേരില്‍ യുഎസ് തുടങ്ങിവെച്ച സൈനിക നീക്കം താല്‍ക്കാലികമായി ഉപേക്ഷിച്ചുവെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതോടെ, പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങള്‍ക്ക് വേഗമേറിയിരിക്കുന്നു. യുഎസ്-ഇറാന്‍ ധാരണ ഉണ്ടാവുമെന്ന് പ്രതീക്ഷ പരന്നു. അതേസമയം ആ ശുഭാപ്തി പ്രതീക്ഷകളെ ഇല്ലാതാക്കുംവിധം പതിവുപോലെ ചില പ്രസ്താവനകളും ഇരു വശത്തുനിന്നും ഉണ്ടാകുന്നുമുണ്ട്. ഭീഷണിയുടെ ഭാഷ വെടിയുന്നില്ല, ഇരുപക്ഷവും. ഓഹരിവിപണികളിലുണ്ടാകുന്ന ചാഞ്ചാട്ടം ലക്ഷ്യമിട്ട് സമാധാന പ്രതീക്ഷകള്‍ നല്‍കുന്ന പ്രസ്താവനകളിറക്കിയും അവ തല്ലിക്കെടുത്തുന്ന നടപടികള്‍ സ്വീകരിച്ചുമാണ് ട്രംപ് മുന്നോട്ടുപോകുന്നത്. അമേരിക്കയുടെ അത്യാധുനിക ആകാശ നിരീക്ഷണ സംവിധാനമായ അവാക്സ് വിമാനം പശ്ചിമേഷ്യ ലക്ഷ്യമാക്കി പറക്കുന്നത് മേഖലയില്‍ വീണ്ടുമൊരു യുദ്ധത്തിന് കളമൊരുങ്ങുന്നതിന്റെ സൂചനയാണെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. ഇറാനിലാകട്ടെ ഐആര്‍ജിസിയും മിതവാദി വിഭാഗവും തമ്മില്‍ ആശയഭിന്നത രൂക്ഷമായിക്കഴിഞ്ഞു. ഫ്രാന്‍സ്, ചൈന, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഉണ്ടാകുന്ന മധ്യസ്ഥത ശ്രമങ്ങളിലാണ് ഇപ്പോൾ പ്രതീക്ഷ.

യുഎസ്-ഇറാന്‍ സമാധാന ശ്രമങ്ങള്‍ പതിവ് പ്രഹസനമോ?

ഏപ്രില്‍ എട്ടിന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നുവെങ്കിലും ഹോര്‍മുസിനെച്ചൊല്ലി ഇറാനും യുഎസും സംഘര്‍ഷത്തില്‍തന്നെയായിരുന്നു. ലബനനില്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ഹോര്‍മുസില്‍ ഇറാന്‍ ആദ്യം നിയന്ത്രണം കടുപ്പിച്ചു. തുടര്‍ന്ന്, യുഎസ് നാവിക ഉപരോധം ഏര്‍പ്പെടുത്തി ആഗോള എണ്ണ കപ്പല്‍ ഗതാഗതം മൊത്തത്തില്‍ സ്തംഭിപ്പിച്ചു. ഇതിനിടയില്‍ ഇറാന്റെ ഗണ്‍ ബോട്ടുകള്‍ ലക്ഷ്യമിട്ടും മറ്റും ചില ആക്രമണങ്ങള്‍ യുഎസ് അഴിച്ചുവിടുകയും ചെയ്തതോടെ സമാധാന നീക്കങ്ങളത്രയും തകര്‍ന്നു. ഹോര്‍മുസില്‍ ഇറാന്‍ നിയന്ത്രണം കൂടുതല്‍ കര്‍ക്കശമാക്കിയതോടെയാണ് മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകള്‍ മോചിപ്പിക്കാനെന്ന പേരില്‍ പ്രൊജക്ട് ഫ്രീഡം യുഎസ് പ്രഖ്യാപിച്ചത്. കൂടുതല്‍ സേനാ വിന്യാസം കൊണ്ടുവന്നതോടെ ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോര്‍മുസ് പിടിച്ചെടുക്കുക എന്നതാണ് യുഎസ് ലക്ഷ്യടുന്നതെന്ന് വ്യക്തമായി. ഇതോടെ, യുദ്ധം കനക്കുമെന്ന ആശങ്ക ഉടലെടുക്കുകയും ചെയ്തു. ഇതിനിടയില്‍, തുടര്‍ച്ചയായി രണ്ട് ദിവസം യുഎഇയില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണങ്ങളുമുണ്ടായതോടെ പശ്ചിമേഷ്യ ഒരിക്കല്‍കൂടി യുദ്ധമുഖരിതമാകുമെന്ന ആശങ്ക പരന്നു.

പശ്ചിമേഷ്യയില്‍ സമാധാന ശ്രമം സജീവം

യുദ്ധം അവസാനിപ്പിക്കാന്‍ ഇറാനുമായി ധാരണാപത്രത്തില്‍ ഒപ്പിടാന്‍ വൈറ്റ് ഹൗസ് തയാറെടുക്കുന്നു എന്നാണ് വാര്‍ത്ത ഏജന്‍സികള്‍ ഇപ്പോള്‍ നല്‍കുന്ന സൂചനകള്‍. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതും ഇറാനെതിരായ ഉപരോധം അവസാനിപ്പിക്കുന്നതും അടക്കം 14 ഇന ശുപാര്‍ശകളിലാണ് പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. ആണവായുധ പദ്ധതിയുമായി ബന്ധപ്പെട്ട യുറേനിയം സമ്പുഷ്ടീകരണത്തിന് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്താന്‍ ഇറാന്‍ വഴങ്ങുമെന്ന പ്രതീക്ഷയുണ്ടെന്ന് മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാന്‍ അറിയിച്ചു. ഫെബ്രുവരിയില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഇരുപക്ഷവും ഒരു കരാറിലേക്ക് ഇത്രയടുത്തെത്തുന്നത് ആദ്യമായാണ്. യുഎസ് മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ ഇറാന്‍ അംഗീകരിക്കുകയാണെങ്കില്‍ മാത്രമേ 'ഓപ്പറേഷന്‍ എപിക് ഫ്യൂറി' നിര്‍ത്തുവെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചത്. വ്യവസ്ഥ പാലിച്ചില്ലെങ്കില്‍ ബോംബാക്രമണം ആരംഭിക്കുമെന്നും നേരത്തേയുണ്ടായിരുന്നതിനേക്കാള്‍ തീവ്രതയില്‍ യുദ്ധം പുനരാരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത് ഐആര്‍ജിസിയെ ചൊടിപ്പിച്ചിട്ടുണ്ട്.

യുഎസ് ഭീഷണികള്‍ നിര്‍ത്തിയാല്‍ ഹോര്‍മുസ് തുറക്കുമെന്നാണ് ഇറാന്‍ സേനാവിഭാഗമായ ഐആര്‍ജിസി അറിയിച്ചിട്ടുള്ളത്. യുഎസ് ശുപാര്‍ശകള്‍ പഠിച്ചുവരികയാണെന്നും പ്രതികരണം മധ്യസ്ഥരായ പാകിസ്ഥാനെ അറിയിക്കുമെന്നുമാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ഹോര്‍മുസ് തുറക്കുമെന്ന സൂചന വന്നതോടെ ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണവില ഇടിഞ്ഞു. ബെന്റ് ക്രൂഡ് വില ഒരു ഘട്ടത്തില്‍ 100 ഡോളറിന് താഴെയെത്തി.

പേര്‍ഷ്യന്‍ ഗള്‍ഫ് സ്‌ട്രെയിറ്റ് അതോറിറ്റി ശക്തമാക്കി ഐആര്‍ജിസി

ലോകത്തിലെ ആകെ എണ്ണ വ്യാപാരത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പൂർണ നിയന്ത്രണം ഏര്‍പ്പെടുത്തിക്കഴിഞ്ഞു . മേഖലയില്‍ യുഎസ്-ഇസ്രയേല്‍ സഖ്യം ഇറാനെതിരെ ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് ഏകദേശം അടഞ്ഞുകിടക്കുന്ന ഈ പാതയിലൂടെ ഇനി കപ്പലുകള്‍ക്ക് സഞ്ചരിക്കണമെങ്കില്‍ ഇറാന്റെ മുന്‍കൂര്‍ അനുമതി പത്രം ഇ-മെയില്‍ വഴി ലഭിക്കണം.

ഇറാന്‍ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം കടലിടുക്കിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് കപ്പലുകള്‍ ഇറാന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തുകയും അനുമതി വാങ്ങുകയും വേണം. ടോള്‍ തുക ഇറാന്‍ റിയാലില്‍ നല്‍കണം. അമേരിക്ക, ഇസ്രയേല്‍ എന്നീ രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിയമനിര്‍മാണവും ഇറാന്റെ പരിഗണനയിലാണ്. ശത്രുതയില്ലാത്ത മറ്റു രാജ്യങ്ങളിലെ കപ്പലുകള്‍ക്ക് ഈ പാത ഉപയോഗിക്കുന്നതിന് പ്രത്യേക 'ടോള്‍' ഏര്‍പ്പെടുത്താനും ഇറാന്‍ ആലോചിക്കുന്നുണ്ട്.

നിര്‍ണായക നീക്കങ്ങളുമായി ഫ്രാന്‍സും ചൈനയും

കഴിഞ്ഞദിവസം, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇറാന്‍ പ്രസിഡന്റ് പെഷസ്‌കിയാനുമായി വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ഹോര്‍മുസ് പൂര്‍ണമായി തുറക്കണമെന്ന നിലപാട് ചര്‍ച്ചയില്‍ മാക്രോണ്‍ ആവര്‍ത്തിച്ചതായി റിപ്പോര്‍ട്ടുണ്ട്. നേരത്തേ, ഹോര്‍മുസ് ഉപരോധംമൂലം പ്രതിസന്ധിയിലായ 50 രാജ്യങ്ങളുടെ ഉച്ചകോടിക്ക് മാക്രോണ്‍ പാരിസില്‍ വേദിയൊരുക്കിയിരുന്നു . ബുധനാഴ്ച, ചൈനയിലെത്തിയ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയുടെ നയതന്ത്ര ചര്‍ച്ചകളും പുതിയ സമാധാന തീരുമാനത്തിലേക്ക് എത്തിച്ചുവെന്നും വിലയിരുത്തപ്പെടുന്നു. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് ഇയും ഹോര്‍മുസ് തുറക്കണമെന്ന അഭിപ്രായമാണ് ഉയര്‍ത്തിയത്. അടുത്തയാഴ്ച, ട്രംപും ചൈനയിലെത്തുന്നുണ്ട്.

ഹോര്‍മുസിനെ ഒഴിവാക്കി വ്യാപാര പാത

കരയും കടലും ഉപയോഗിച്ചു ഹോര്‍മുസ് കടലിടുക്കിനെ ഒഴിവാക്കി യുറോപ്പില്‍ നിന്ന് സൗദിയിലേക്ക് പുതിയ വ്യാപാര പാതക്കായി നീക്കങ്ങള്‍ നടക്കുന്നുണ്ട്. സൗദി അറേബ്യയിലെ തുറമുഖങ്ങളെയാണ് കര ജല മാര്‍ഗത്തിലൂടെ യൂറോപ്പുമായി ബന്ധിപ്പിക്കുന്നത്. ഈ പാതയിലൂടെ ചരക്കു നീക്കത്തിനു തുടക്കമിടുന്നത് ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ ഷിപ്പിങ് കമ്പനിയായ എംഎസ്സിയാണ്. അതേസമയം, സമാധാന ശ്രമങ്ങളെ ആശങ്കയിലാക്കി വെടിനിര്‍ത്തല്‍ ലംഘിച്ച് ലബനനില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ദക്ഷിണ ലബനനിലെ വിവിധ മേഖലകളില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. തുറമുഖ നഗരമായ സൗറിലാണ് ഏറ്റവും വലിയ ആക്രമണമുണ്ടായത്.

സമാധാനം പുലരട്ടെ..

പശ്ചിമേഷ്യയുടെ സമാധാനം കെടുത്തിയ ഓപറേഷന്‍ എപിക് ഫ്യുറി ലക്ഷ്യം കണ്ടെന്നാണ് യുഎസിന്റെ അവകാശവാദം. പക്ഷേ യാഥാര്‍ഥ്യം മറിച്ചാണ്. ഇറാന് മുമ്പില്‍ നിസ്സാര ആവശ്യങ്ങള്‍ വെച്ച് അവ അംഗീകരിപ്പിച്ചാണ് യുഎസിന്റെ പിന്മടക്കമെങ്കില്‍ ആ സാഹചര്യം ഇസ്രയേല്‍ ഉള്‍കൊള്ളാനിടയില്ല. അതിനാല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ എങ്ങനെ സമാശ്വസിപ്പിക്കും എന്ന ഉത്തരവാദിത്തം കൂടി യുഎസിനുണ്ടായേക്കും. പാകിസ്ഥാനും ചൈനയും ഫ്രാന്‍സും ഇപ്പോള്‍ നടത്തുന്ന സമാധാന ശ്രമങ്ങള്‍ ലക്ഷ്യം കാണുമെന്ന് തന്നെ പ്രതീക്ഷിക്കാം.

News Malayalam 24x7
newsmalayalam.com