ബൈനാന്‍സ് കൊള്ളക്ക് പിന്നില്‍ ഉത്തര കൊറിയയോ?

ബൈനാൻസിൽ നിന്ന് 6.3 ബില്യൺ ഡോളറിന്റെ ക്രിപ്‌റ്റോ ആസ്തികൾ കവർന്നു. ലോകത്തെ ഞെട്ടിച്ച സൈബർ ആക്രമണത്തിന് പിന്നിൽ ഉത്തരകൊറിയൻ ഹാക്കർമാരായ TraderTraitor ആണോ?
ബൈനാന്‍സ് കൊള്ളക്ക് പിന്നില്‍ ഉത്തര കൊറിയയോ?
Published on: 
Updated on: 

സാമ്പത്തിക ലോകത്തെയും സൈബര്‍ സുരക്ഷാ മേഖലയെയും അടിമുടി ഞെട്ടിച്ച ഏറ്റവും വലിയ അട്ടിമറിക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലോകം സാക്ഷ്യം വഹിച്ചത്. ലോകത്തെ ഒന്നാം നമ്പര്‍ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ ബൈനാന്‍സില്‍ നിന്ന് ഒറ്റയടിക്ക് കടത്തിക്കൊണ്ടുപോയത് ഏകദേശം 6.3 ബില്യണ്‍ ഡോളര്‍! ഇന്ത്യന്‍ രൂപയില്‍ പറഞ്ഞാല്‍ അമ്പതിനായിരം കോടിയിലധികം രൂപ. ലോക ചരിത്രത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ സാമ്പത്തിക കൊള്ളകളില്‍ ഒന്നാണിത്. വെറും ഇരുപത് മിനിറ്റുകൊണ്ടാണ് ഈ തുക മുഴുവന്‍ അന്താരാഷ്ട്ര ബ്ലോക്ക്ചെയിന്‍ ശൃംഖലകളിലൂടെ അപ്രത്യക്ഷമായത്. എന്നാല്‍ ഇതൊരു സാധാരണ ഹാക്കറുടെയോ വ്യക്തിഗത സൈബര്‍ സംഘത്തിന്റെയോ പണിയല്ല. ആഗോള സാമ്പത്തിക ഉപരോധങ്ങളില്‍ ശ്വാസംമുട്ടുന്ന, ആണവായുധ പരീക്ഷണങ്ങളുമായി അടുത്ത യുദ്ധത്തിന് കോപ്പുകൂട്ടുന്ന കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയ ആസൂത്രണം ചെയ്ത ഒരു സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് സൈബര്‍ യുദ്ധമാണിതെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

ബൈനാന്‍സ് കൊള്ളക്ക് പിന്നില്‍ ഉത്തര കൊറിയയോ?

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചാണ് ബൈനാന്‍സ്. 2017-ല്‍ ചാങ്‌പെങ് ഷാവോ സ്ഥാപിച്ച ഈ പ്ലാറ്റ്ഫോം, ബിറ്റ്കോയിന്‍, എഥെറിയം ഉള്‍പ്പെടെ നൂറുകണക്കിന് ഡിജിറ്റല്‍ കറന്‍സികള്‍ വാങ്ങാനും വില്‍ക്കാനും ട്രേഡ് ചെയ്യാനും ഉപയോക്താക്കള്‍ക്ക് സൗകര്യമൊരുക്കുന്നു. ആഗോള ക്രിപ്‌റ്റോ വിപണിയിലെ സിംഹഭാഗം ഇടപാടുകളും നിയന്ത്രിക്കുന്ന ഏറ്റവും വലിയ എക്‌സ്‌ചേഞ്ച് കൂടിയാണിത്. സാധാരണക്കാര്‍ മുതല്‍ വന്‍കിട നിക്ഷേപകര്‍ക്ക് വരെ അതിവേഗത്തിലും കുറഞ്ഞ ചെലവിലും രാജ്യഅതിര്‍ത്തി കടന്നുള്ള പണമിടപാടുകള്‍ നടത്താന്‍ വഴിയൊരുക്കുന്ന ഈ പ്ലാറ്റ്ഫോം, പരമ്പരാഗത ബാങ്കിംഗ് മേഖലയെയും ഡിജിറ്റല്‍ സാമ്പത്തികരംഗത്തെയും പരസ്പരം ബന്ധിപ്പിക്കുന്ന പാലമായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ വിപണിയുടെ വലിയൊരു പങ്ക് ഒറ്റ സ്ഥാപനം കൈയടക്കി വെച്ചിരിക്കുന്നതിനാല്‍, ബൈനാന്‍സിലുണ്ടാകുന്ന സാങ്കേതിക തകരാറുകളോ സൈബര്‍ ആക്രമണങ്ങളോ മൊത്തം സാമ്പത്തിക മേഖലയെയും ബാധിക്കുന്ന തരത്തിലുള്ള വലിയ ചാഞ്ചാട്ടങ്ങള്‍ക്ക് കാരണമാകാം.

ബൈനാന്‍സ് കൊള്ളക്ക് പിന്നില്‍ ഉത്തര കൊറിയയോ?
നിപ മരണങ്ങൾക്ക് കാരണം കാലഹരണപ്പെട്ട മരുന്നോ?

ക്രിപ്‌റ്റോ കൊള്ള എങ്ങനെ?

ക്രിപ്‌റ്റോ ലോകത്തെ ഈ വന്‍ കൊള്ള സാധാരണക്കാരന് എളുപ്പം മനസ്സിലാകുന്ന ചില ലളിതമായ കാര്യങ്ങളിലൂടെ പരിശോധിക്കാം. ക്രിപ്‌റ്റോ കറന്‍സികള്‍ സൂക്ഷിക്കുന്നത് 'വാലറ്റുകള്‍' എന്നറിയപ്പെടുന്ന ഡിജിറ്റല്‍ ലോക്കറുകളിലാണ്. ഇത് പ്രധാനമായും രണ്ട് തരമുണ്ട്. ഇന്റര്‍നെറ്റുമായി ബന്ധമില്ലാതെ സുരക്ഷിതമായി ഓഫ്ലൈനില്‍ സൂക്ഷിക്കുന്ന 'കോള്‍ഡ് വാലറ്റുകള്‍' ആണ് ഒന്നാമത്തേത്. രണ്ടാമത്തേത് ദൈനംദിന ഇടപാടുകള്‍ക്കായി എപ്പോഴും ഇന്റര്‍നെറ്റുമായി കണക്ട് ചെയ്തിരിക്കുന്ന 'ഹോട്ട് വാലറ്റുകളും. ഇവിടെ ഹാക്കര്‍മാര്‍ കൈവെച്ചത് ബൈനാന്‍സിന്റെ ഈ ഹോട്ട് വാലറ്റുകളിലാണ്. സാധാരണയായി ഹാക്കിങ് നടക്കുന്നത് ഡിജിറ്റല്‍ താക്കോലുകള്‍ അഥവാ 'പ്രൈവറ്റ് കീ' മോഷ്ടിച്ചുകൊണ്ടാണ്.. എന്നാല്‍ ഇവിടെ അവര്‍ താക്കോലല്ല മോഷ്ടിച്ചത്. പകരം, ഇടപാടുകള്‍ക്ക് ഔദ്യോഗികമായി ഡിജിറ്റല്‍ അംഗീകാരം നല്‍കുന്ന 'സൈനിങ് ഇന്‍ഫ്രാസ്ട്രക്ചര്‍' എന്ന സിസ്റ്റം പൂര്‍ണ്ണമായും പിടിച്ചെടുത്തു. തുടക്കത്തില്‍ എല്ലാവരും കരുതിയത് ഒരു ജീവനക്കാരന്റെ പിഴവാണ് ഇതിന് കാരണം എന്നായിരുന്നു. എന്നാല്‍ ഇതൊരു സാധാരണ ലാപ്ടോപ്പ് ഹാക്കിങ് മാത്രമായിരുന്നില്ല. ലോകത്തെ ഏറ്റവും മികച്ച സൈബര്‍ സുരക്ഷാ വിദഗ്ധരെപ്പോലും അമ്പരപ്പിക്കുന്ന അതീവ സങ്കീര്‍ണ്ണമായ രീതികളാണ് ഹാക്കര്‍മാര്‍ ഇതിനായി ഉപയോഗിച്ചത്. കമ്പനിയുടെ പ്രധാന സിസ്റ്റത്തിലേക്ക് പ്രവേശനം കിട്ടിയതോടെ, അവര്‍ ക്രിപ്‌റ്റോ വാലറ്റുകളുടെ ഡിജിറ്റല്‍ താക്കോല്‍ മോഷ്ടിക്കാന്‍ ശ്രമിച്ചതേയില്ല. പകരം, ബ്ലോക്ക്ചെയിനിലെ പുത്തന്‍ സാങ്കേതിക പഴുതുകള്‍ മുതലെടുത്ത് ഇടപാടുകള്‍ക്ക് അനുമതി നല്‍കുന്ന സിസ്റ്റത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം അവര്‍ പിടിച്ചെടുത്തു. ബാങ്കിന്റെ നിലവറ ഭേദിക്കുന്നതിന് പകരം, പണം കൈകാര്യം ചെയ്യുന്ന മാനേജറുടെ കസേരയില്‍ വന്നിരുന്ന് സ്വന്തം അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തതുപോലെയുള്ള തന്ത്രം!. വെറും 20 മിനിറ്റിനുള്ളില്‍ പത്ത് വ്യത്യസ്ത ബ്ലോക്ക്ചെയിനുകളിലൂടെ തുക തങ്ങളുടെ വിലാസങ്ങളിലേക്ക് മാറ്റാന്‍ അവര്‍ക്ക് സാധിച്ചു.

ലാസറസും ട്രേഡര്‍ ട്രെയ്റ്ററും

ഈ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന കാര്യത്തില്‍ അന്താരാഷ്ട്ര ബ്ലോക്ക്ചെയിന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് യാതൊരു സംശയവുമില്ല. ഉത്തരകൊറിയയുടെ എലൈറ്റ് ഹാക്കിങ് യൂണിറ്റായ Trader Traitor ആണെന്ന് ടിആര്‍എം ലാബ്സ്, ചെയ്നാലിസിസ്, എലിപ്റ്റിക് തുടങ്ങിയ പ്രമുഖ സുരക്ഷാ സ്ഥാപനങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നു. ട്രേഡര്‍ട്രെയ്റ്റര്‍ എന്നത് കുപ്രസിദ്ധമായ Lazarus Group ന്റെ ഏറ്റവും പ്രൊഫഷണലായ ഒരു വിഭാഗമാണ്. Lazarus Group ഉത്തരകൊറിയയുടെ സൈനിക രഹസ്യാന്വേഷണ ഏജന്‍സിയായ Reconnaissance General Bureau നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതായത്, ഇത് വെറും സാധാരണ ക്രിമിനലുകളുടെ പ്രവര്‍ത്തനമായല്ല, മറിച്ച് ഒരു രാജ്യത്തിന്റെ ഔദ്യോഗിക സൈബര്‍ ആയുധമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. 2025-ല്‍ Bybit എന്ന ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചില്‍ നിന്ന് ഒന്നര ബില്യണ്‍ ഡോളര്‍ മോഷ്ടിച്ച അതേ തന്ത്രങ്ങളും സങ്കീര്‍ണ്ണമായ ഓണ്‍-ചെയിന്‍ പാറ്റേണുകളുമാണ് ഇവിടെയും തെളിഞ്ഞുകാണുന്നത്.

മരവിപ്പിച്ച കോടികളും പിടികൊടുക്കാത്ത ബിറ്റ്കോയിനും

കവര്‍ച്ച നടത്തിയ 6.3 ബില്യണ്‍ ഡോളറും പൂര്‍ണ്ണമായി ഹാക്കര്‍മാരുടെ കൈയിലെത്തിയോ? ഇല്ല. അവിടെയാണ് വിപണിയുടെ അടിയന്തര പ്രതിരോധം നിര്‍ണ്ണായകമായത്. വിലയില്‍ വലിയ മാറ്റങ്ങളില്ലാതെ സാധാരണ കറന്‍സികള്‍ക്ക് തുല്യമായ സ്ഥിരമൂല്യം നല്‍കുന്ന ക്രിപ്‌റ്റോകറന്‍സികളാണ് സ്റ്റേബിള്‍കോയിനുകള്‍. ടെതര്‍, സര്‍ക്കിള്‍ തുടങ്ങിയ സ്വകാര്യ കമ്പനികളുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇവ പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍, ആവശ്യമെങ്കില്‍ ഏത് വാലറ്റിലെയും കോയിനുകള്‍ റിമോട്ടായി ഫ്രീസ് ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കും. അതിനാല്‍ ഹാക്കര്‍മാര്‍ മോഷ്ടിച്ചതില്‍ ഏകദേശം 3 ബില്യണ്‍ ഡോളറിന്റെ സ്റ്റേബിള്‍കോയിനുകള്‍ സുരക്ഷാ ഏജന്‍സികളുടെ നിര്‍ദ്ദേശപ്രകാരം കമ്പനികള്‍ ഉടന്‍തന്നെ മരവിപ്പിച്ചു. അതോടെ ആ തുക ഹാക്കര്‍മാര്‍ക്ക് തൊടാനായില്ല. എന്നാല്‍, ബാക്കി വന്ന ബിറ്റ്കോയിനും ഇഥീറിയത്തിനും ഇത്തരം കേന്ദ്രീകൃത നിയന്ത്രണ കമ്പനികള്‍ ഇല്ലാത്തതിനാല്‍ അവ ആര്‍ക്കും ഫ്രീസ് ചെയ്യാന്‍ കഴിയില്ല. ഈ തുക പിടിക്കപ്പെടാതിരിക്കാന്‍ ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകളിലൂടെയും മുന്‍പ് മോഷ്ടിച്ച മറ്റ് തുകകളുമായി കൂട്ടിക്കലര്‍ത്തിയും വെളുപ്പിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് ഹാക്കര്‍മാര്‍.

ബൈനാന്‍സ് കൊള്ളക്ക് പിന്നില്‍ ഉത്തര കൊറിയയോ?
നെതന്യാഹു ജയിച്ചില്ല, തോറ്റതുമില്ല; ലോകത്തെ നിര്‍ണയിക്കുന്ന ഇസ്രയേലി തെരഞ്ഞെടുപ്പ്

എന്തുകൊണ്ട് ഉത്തരകൊറിയ ?

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ ക്രിപ്റ്റോ മേഖലയില്‍ നിന്ന് നിരവധി ബില്യണ്‍ ഡോളറുകള്‍ മോഷ്ടിച്ചതായി സ്ഥിരമായി ആരോപണമുയരുന്നുണ്ട്. ഈ പണം ഉപരോധങ്ങള്‍ മറികടന്ന് ആയുധ പരിപാടികള്‍ക്കും സൈനിക ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്നുവെന്ന് അമേരിക്കന്‍ അധികൃതരും സുരക്ഷാ ഏജന്‍സികളും ആവര്‍ത്തിച്ച് പറയുന്നുമുണ്ട്. എന്തുകൊണ്ടാണ് ഉത്തരകൊറിയ ഇങ്ങനെ ഹാക്കിങ് നടത്തുന്നത് എന്ന ചോദ്യത്തിന് ഉത്തരം ലളിതമാണ്. ഉത്തരകൊറിയ ലോകത്തിലെ ഏറ്റവും കഠിനമായ സാമ്പത്തിക ഉപരോധങ്ങള്‍ നേരിടുന്ന രാജ്യങ്ങളിലൊന്നാണ്. അണ്വായുധ പരീക്ഷണങ്ങള്‍ക്കും മിസൈല്‍ പരീക്ഷണങ്ങള്‍ക്കും ശേഷം ഐക്യരാഷ്ട്രസഭയും അമേരിക്കയും മറ്റ് രാജ്യങ്ങളും കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാധാരണ വ്യാപാരം, ബാങ്കിങ് സംവിധാനങ്ങള്‍, അന്താരാഷ്ട്ര ധനകാര്യ ഇടപാടുകള്‍ എന്നിവയെല്ലാം ഏതാണ്ട് അടഞ്ഞിരിക്കുകയാണ്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയാകട്ടെ, തകര്‍ന്ന അവസ്ഥയിലും. ഭക്ഷ്യക്ഷാമം, ഇന്ധന ക്ഷാമം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവ സാധാരണക്കാരെ ബാധിക്കുന്നു. എന്നാല്‍ ഭരണകൂടത്തിന്റെ പ്രധാന ശ്രദ്ധ അണ്വായുധ-സൈനിക ശേഷി ശക്തിപ്പെടുത്തുന്നതിലാണ്. അതിന് പരമ്പരാഗത വഴികളിലൂടെ പണം കിട്ടാത്തതിനാല്‍ സൈബര്‍ ആക്രമണങ്ങളിലേക്ക് തിരിഞ്ഞു എന്നാണ് വിലയിരുത്തല്‍. രാജ്യം തുടര്‍ച്ചയായി മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുകയും സൈനിക അഭ്യാസങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. യുദ്ധസാധ്യതയെക്കുറിച്ചുള്ള പ്രസ്താവനകള്‍ ഭരണകൂടത്തില്‍ നിന്ന് പതിവായി വരുന്നു. റഷ്യയുമായി നേരിട്ട് സൈനിക സഖ്യമുണ്ടാക്കി യുക്രൈന്‍ യുദ്ധത്തിലേക്ക് വരെ തങ്ങളുടെ സൈനികരെ അയക്കുകയും ചെയ്യുന്ന യുദ്ധസന്നാഹത്തിലാണ് ഉത്തരകൊറിയ.

നേരിട്ടത് വന്‍ തകര്‍ച്ച

വന്‍ കവര്‍ച്ചാ വാര്‍ത്ത പുറത്തുവന്നതോടെ ക്രിപ്‌റ്റോ വിപണി കനത്ത പ്രകമ്പനമാണ് നേരിട്ടത്. വാര്‍ത്തകള്‍ക്ക് പിന്നാലെ ബിറ്റ്കോയിന്റെ മൂല്യം 4 ശതമാനം ഇടിഞ്ഞ് 77,465 ഡോളറിലെത്തി. സൈബര്‍ ആക്രമണ വിവരങ്ങള്‍ സ്ഥിരീകരിച്ചതോടെ മറ്റ് പ്രധാന ക്രിപ്‌റ്റോ ടോക്കണുകള്‍ക്കും വന്‍ ഇടിവ് സംഭവിച്ചു. ബിറ്റ്‌കോയിന്‍ 5 ശതമാനവും എഥെറിയം 6 ശതമാനവും വീതമാണ് കൂപ്പുകുത്തിയത്. ബിനാന്‍സിന്റെ സ്വന്തം നാണയമായ ബിഎന്‍ബിയുടെ മൂല്യത്തില്‍ ഏകദേശം ഒരു ശതമാനം ഇടിവുണ്ടായി. ബൈനാന്‍സ് ഈ വന്‍ മോഷണത്തിന്റെ ആഘാതത്തില്‍ നിന്ന് പൂര്‍ണ്ണമായി കരകയറിയിട്ടില്ല. ഹാക്കിന് ശേഷം വിഡ്രോവലുകള്‍ ഇപ്പോഴും നിര്‍ത്തിയിരിക്കുന്നു. എന്നാല്‍ കമ്പനി 6.34 ബില്യണ്‍ ഡോളറിലധികം സ്വന്തം ഫണ്ട് റിസര്‍വ് ചെയ്ത്, നഷ്ടം പൂര്‍ണ്ണമായും നികത്തുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ സംഭവം ഒരു കാര്യം വ്യക്തമാക്കുന്നു. ഉത്തരകൊറിയയെപ്പോലുള്ള ഒറ്റപ്പെട്ട രാജ്യങ്ങള്‍ക്ക് സൈബര്‍ ലോകം ഇപ്പോള്‍ ഒരു പുതിയ യുദ്ധമുഖമാണ്. സാമ്പത്തിക ഉപരോധം അവരെ തളര്‍ത്തിയെങ്കിലും, ഡിജിറ്റല്‍ ലോകത്തിലൂടെ അവര്‍ പുതിയ വഴികള്‍ കണ്ടെത്തുകയാണ്. ക്രിപ്റ്റോ മേഖലയുടെ സുരക്ഷയും അന്താരാഷ്ട്ര സുരക്ഷയും ഇപ്പോള്‍ കൂടുതല്‍ ഇഴചേര്‍ന്നിരിക്കുന്നു. ഡിജിറ്റല്‍ സുരക്ഷാ ഭിത്തികള്‍ എത്രയൊക്കെ ഉയര്‍ത്തിയാലും, അതിലൊരു ചെറിയ പഴുതുണ്ടായാല്‍ അത് ആഗോള സാമ്പത്തിക സന്തുലിതാവസ്ഥയെയും തകിടം മറിക്കാന്‍ പോന്നതാണ് എന്ന് ബൈനാന്‍സിലെ ഈ കവര്‍ച്ച ലോകത്തെ ഓര്‍മ്മിപ്പിക്കുന്നു.