ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ മൂന്ന് പതിറ്റാണ്ടുകളായി തെരഞ്ഞെടുപ്പ് വിശകലനത്തിന്റെ ഒരു പ്രധാന ഘടകമായി കണക്കാക്കുന്ന ഒന്നാണ് എക്‌സിറ്റ് പോളുകൾ. ഔദ്യോഗിക ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് വോട്ടർമാരുടെ മനസിനെക്കുറിച്ച് സൂചന നൽകുന്ന ഒന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ. തെരഞ്ഞെടുപ്പ് ദിവസമോ അല്ലെങ്കിൽ അതിന് മുമ്പോ വോട്ടർമാരോട് ചില ചോദ്യങ്ങൾ ചോദിച്ച് നടത്തുന്ന ഈ സർവേ, കൃത്യമായ ഫലങ്ങളുടെ കണക്കായിട്ടാണ് പരിഗണിക്കുന്നത്. എന്നാൽ പല എക്സിറ്റ് പോൾ ഫലങ്ങളും തെറ്റിയ ചരിത്രവുമുണ്ട്. കേരളത്തിൽ യുഡിഎഫ് ഭരണത്തിൽ വരുമെന്ന് ഭൂരിഭാഗം എക്‌സിറ്റ് പോളുകളും പ്രവചിച്ച അടിസ്ഥാനത്തിൽ യുഡിഎഫ് ക്യാംപുകൾ ആഹ്‌ളാദത്തിലാണ്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്നുവെന്നതും ഭൂരിഭാഗം കേരളീയരുടെ മനസ്സിൽ മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയനാണ് എന്ന കാര്യവും വെളിപ്പെട്ട ആശ്വാസത്തിലാണ് എൽഡിഎഫ്. മെയ് നാലിന് ഫലം വരുമ്പോൾ തങ്ങൾ തന്നെ അധികാരത്തിലെത്തുമെന്ന് ഇടതുപക്ഷം പ്രതീക്ഷിക്കുന്നു. എൻഡിഎയും ശുഭപ്രതീക്ഷയിലാണ്.
എക്‌സിറ്റ് പോൾ വിശ്വസിക്കാമോ?
തെരഞ്ഞെടുപ്പ് സമയത്ത് പതിവായി കേൾക്കുന്ന വാക്കുകളാണ് പ്രീ പോൾ സർവേയും എക്‌സിറ്റ് പോൾ സർവേയും. പേരിലുള്ളത് പോലെ വോട്ടെടുപ്പിന് മുൻപ് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം ആരാഞ്ഞ് തയ്യാറാക്കുന്നതാണ് പ്രീ പോൾ സർവേ. അഭിപ്രായ സർവേയിൽ ഒരാൾ പറഞ്ഞ അഭിപ്രായം പോളിങ് ദിനമാകുമ്പോഴേക്കും മാറിയേക്കാം. പ്രചാരണവും ആ സമയത്തെ സംഭവ വികാസങ്ങളും വോട്ടറെ സ്വാധീനിച്ചാൽ ഇതിന് സാധ്യത കൂടുതലാണ്. വോട്ടു ചെയ്തവരോട് ആർക്ക് വോട്ടു ചെയ്തു എന്നു ചോദിച്ച് തയ്യാറാക്കുന്നതാണ് എക്‌സിറ്റ് പോൾ സർവേ. നേരിട്ടോ ഫോണിലോ ഓൺലൈനിലോ ആകാം ഈ സർവേ നടത്തുന്നത്. വോട്ട് രേഖപ്പെടുത്തിയവർ മാത്രമേ ഇത്തരം സർവേകളിൽ പങ്കാളികളാകൂ. അതുകൊണ്ടുതന്നെ എക്‌സിറ്റ് പോളിന് വിശ്വാസ്യത അൽപ്പം കൂടുതലാണ്. വിവിധ ഏജൻസികളുടെ പ്രവചനങ്ങളിൽ നിന്ന് രാജ്യത്തെ ട്രെൻഡ് മനസിലാക്കാൻ ഇതിലൂടെ ഒരു പരിധിവരെ കഴിഞ്ഞേക്കും. 1980നും 2026നുമിടയിൽ വിവിധ തെരഞ്ഞെടുപ്പുകളോടനുബന്ധിച്ച് നടന്ന സർവേകളിൽ 80 ശതമാനം എക്‌സിറ്റ് പോളുകളും ശരിയായിരുന്നു.
2026ലെ കേരള എക്‌സിറ്റ് പോൾ പറയുന്നത്
ടൈംസ് നൗ-ജെവിസി, ആക്‌സിസ് മൈ ഇന്ത്യ, സിഎൻഎൻ വോട്ട് വൈബ് ഉൾപ്പെടെ എട്ട് ഏജൻസികളും യുഡിഎഫ് വിജയിക്കുമെന്നാണ് എക്‌സിറ്റ് പോൾ സർവേകളിൽ ചൂണ്ടിക്കാട്ടുന്നത്. 78 മുതൽ 90 വരെ സീറ്റുകൾ നേടിയുള്ള കൂറ്റൻ വിജയമാണ് യുഡിഎഫിന് ആക്‌സിസ് മൈ ഇന്ത്യ പ്രവചിച്ചത്. എൽഡിഎഫ് 49 മുതൽ 62 വരെ നേടും. ബിജെപി മൂന്ന് വരെയും. 70 മുതൽ 75 വരെയുള്ള സീറ്റുകൾ സ്വന്തമാക്കി യുഡിഎഫ് കസേരയുറപ്പിക്കുമെന്നാണ് മാട്രിക്‌സ് സർവേ അടിവരയിടുന്നത്. 60 മുതൽ 65 വരെ എൽഡിഎഫിന് ലഭിക്കുമെന്നും മൂന്ന് മുതൽ അഞ്ചുവരെ ബിജെപി നേടുമെന്നും മാട്രിക്‌സ് ചൂണ്ടിക്കാട്ടുന്നു. പീപ്പിൾസ് പൾസ് 75 മുതൽ 85 വരെ സീറ്റുകൾ യുഡിഎഫിനും 55 മുതൽ 65 വരെ എൽഡിഎഫിനും പ്രവചിക്കുന്നു. ടൈംസ് നൗ സർവേ പ്രകാരം 72 മുതൽ 84 വരെ സീറ്റുകൾ യുഡിഎഫ് നേടും. 52 മുതൽ 61 വരെ എൽഡിഎഫും. സിഎൻഎൻ വോട്ട് വൈബ് സർവേ പ്രകാരം 75 മുതൽ 80 വരെ സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നാണ് കണ്ടെത്തൽ. എൽഡിഎഫിന് കിട്ടുക 58 മുതൽ 68 വരെ സീറ്റുകളാണ്. 71 മുതൽ 79 വരെ സീറ്റുകൾ സ്വന്തമാക്കി യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് പി- മാർക്ക് സർവേ ചൂണ്ടിക്കാട്ടുന്നത്. 62 മുതൽ 69 വരെ സീറ്റുകൾ എൽഡിഎഫ് നേടുമെന്നും. ഒന്ന് മുതൽ നാല് വരെ സീറ്റുകളാണ് ബിജെപിക്ക് അവർ പ്രവചിക്കുന്നത്. ടുഡെയ്‌സ് ചാണക്യ 72 മുതൽ 80 വരെ സീറ്റുകൾ യുഡിഎഫ് നേടുമെന്ന് ചൂണ്ടിക്കാട്ടുന്നു. 60-65 സീറ്റുകളിൽ ഇടതുമുന്നണിയും, മൂന്ന് മുതൽ ഏഴ് വരെ സീറ്റുകൾ ബിജെപിയും വിജയിക്കുമെന്ന് അവർ പറയുന്നു.
ആഹ്‌ളാദത്തിരയിൽ യുഡിഎഫ്; ആത്മവിശ്വാസത്തിൽ എൽഡിഎഫ്
കൂറ്റൻ വിജയം എക്‌സിറ്റ് പോൾ പ്രവചിച്ചില്ലെന്നതിൽ നിരാശയിലാണ് യുഡിഎഫ്. തരംഗമോ ഭരണവിരുദ്ധ വികാരമോ പ്രവചനങ്ങളിൽ കാണാത്തതും എൽഡിഎഫിന് ശരാശരി 65 സീറ്റ് വരെ എക്‌സിറ്റ് പോളുകളിൽ പ്രവചിച്ചിട്ടുണ്ടെന്നതും ശുഭസൂചകമായി എൽഡിഎഫ് കാണുന്നു. എക്‌സിറ്റ് പോളുകളുടെ ഫലങ്ങളിൽ 10 ശതമാനം വ്യതിയാനം പ്രതീക്ഷിക്കാമെന്നും അത് തങ്ങൾക്കനുകൂലമാകും എന്നുമുള്ള വിലയിരുത്തലിലാണ് എൽഡിഎഫ്. അതേസമയം, എക്‌സിറ്റ് പോളുകളുടെ പ്രവചനം പലയിടങ്ങളിൽ തെറ്റാകുമെന്ന് ഉറപ്പിക്കുന്നുണ്ട് പല നേതാക്കളും. ആക്‌സിസ് മൈ ഇന്ത്യ മാത്രമാണ് 90 സീറ്റ് എന്ന പരാമവധി പ്രവചനത്തിൽ യുഡിഎഫിനെ എത്തിച്ചിട്ടുള്ളത്. 75 സീറ്റുകളാണ് മറ്റ് ഏജൻസികളുടെ ശരാശരി പ്രവചനം. അതായത് ഇഞ്ചോടിഞ്ചുള്ള പോരാട്ടമാണ് തെരഞ്ഞെടുപ്പ് ഫലം ഉറപ്പിക്കുകയെന്ന് എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നു. ആക്‌സിസ് മൈ ഇന്ത്യയുടെ സർവേയിൽ മുഖ്യമന്ത്രി സ്ഥാനത്ത് കൂടുതൽ പേരും ഉയർത്തിക്കാട്ടുന്നത് പിണറായി വിജയനെയാണ് എന്നത് എൽഡിഎഫിൽ ആഹ്‌ളാദം പരത്തുന്നുണ്ട്. യുഡിഎഫിൽ സതീശനാണ് മുന്നിൽ. മാത്രമല്ല, ഈഴവ വോട്ടർമാരിൽ ഒരു ശതമാനം കൂടുതൽ വോട്ട് അനുകൂലമാകാൻ സാധ്യതയുണ്ടെന്നതും വീട്ടമ്മമാരുടെ വോട്ട് ചായ്‌വും എൽഡിഎഫ് ക്യാമ്പുകൾക്ക് ആശ്വാസമേകുന്നുണ്ട്.
2021ലെ ചരിത്രം ആവർത്തിക്കുമോ?
കേരളത്തിൽ എൽഡിഎഫ് ഭരണത്തുടർച്ച നേടുമെന്ന് 2021ലെ 11 എക്സിറ്റ് പോളുകളിൽ ആറും പ്രവചിച്ചിരുന്നു. എന്നാൽ വിജയത്തിൻ്റെ വ്യാപ്തി പ്രവചിക്കുന്നതിൽ പലരും പരാജയപ്പെട്ടു. എൽഡിഎഫിന് 70-80 സീറ്റുകൾ ലഭിക്കുമെന്നായിരുന്നു പൊതുവായ വിലയിരുത്തൽ. എന്നാൽ 99 സീറ്റുകൾ നേടിയുള്ള ഇടതുമുന്നണിയുടെ പടയോട്ടം സർവേ ഏജൻസികളെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു. ഒരു എക്‌സിറ്റ് പോളിൽ മാത്രമാണ് യുഡിഎഫ് മുന്നിലെത്തിയിരുന്നത്. ബാക്കി നാലും പ്രവചിച്ചത് ഒപ്പത്തിനൊപ്പം മത്സരവും അതിൽ നേരിയ വിജയവുമായിരുന്നു. മിക്ക എക്‌സിറ്റ് പോളുകളും എൻഡിഎയ്ക്ക് സീറ്റുകൾ പ്രവചിച്ചിരുന്നെങ്കിലും ഫലം വന്നപ്പോൾ ബിജെപിക്ക് കൈവശമുണ്ടായിരുന്ന ഏക സീറ്റും നഷ്ടമായി.
ബംഗാളിൽ ബിജെപി ഭരണമോ?
പശ്ചിമ ബംഗാളിൽ കടുത്ത പോരാട്ടമാണ് എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നത്. മമത ബാനർജിയുടെ തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി അധികാരം പിടിച്ചെടുക്കുമെന്ന് ഭൂരിഭാഗം എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നു. ചില സർവേകൾ ഇനിയും പുറത്തുവരാനുണ്ട്. 2021 ലെ എക്സിറ്റ് പോളുകളിൽ ഏറ്റവും കൂടുതൽ പിഴവ് സംഭവിച്ചത് പശ്ചിമ ബംഗാളിന്റെ കാര്യത്തിലായിരുന്നു. തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ അതിശക്തമായ പോരാട്ടം നടക്കുമെന്നും ബിജെപി അധികാരം പിടിച്ചെടുക്കാൻ സാധ്യതയുണ്ടെന്നുമായിരുന്നു പല പ്രമുഖ ഏജൻസികളുടെയും പ്രവചനം. എന്നാൽ, എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചുകൊണ്ട് 216 സീറ്റുകൾ നേടി മമതാ ബാനർജി വൻ വിജയം കൊയ്തു. എക്‌സിറ്റ് പോളുകൾ പ്രവചിച്ച മുന്നേറ്റം കാഴ്ചവയ്ക്കാൻ ബിജെപിക്ക് ആയില്ല.
വിജയ് അധികാരത്തിലെത്തുമോ?
ദ്രാവിഡ രാഷ്ട്രീയത്തിൻ്റെ ഗതിമാറ്റി തമിഴ്‌നാട്ടിൽ നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം അധികാരം പിടിക്കുമെന്ന് പ്രമുഖ സർവേ ഏജൻസിയായ ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനമാണ് പ്രേക്ഷകരെ ഞെട്ടിച്ചത്. ആകെയുള്ള 234 സീറ്റുകളിൽ 98 മുതൽ 120 വരെ സീറ്റുകൾ നേടി വിജയ് കരുത്തുകാട്ടുമെന്നും ഭരണകക്ഷിയായ ഡിഎംകെയ്ക്ക് പരമാവധി 110 സീറ്റുകൾ വരെയേ ലഭിക്കൂ എന്നുമാണ് പ്രവചനം. പക്ഷേ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ്റെ നേതൃത്വത്തിലുള്ള ഡിഎംകെ സഖ്യം അധികാരം നിലനിർത്തുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്. 2021ൽ തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം അധികാരം പിടിക്കുമെന്ന എക്‌സിറ്റ് പോൾ പ്രവചനങ്ങൾ ഏതാണ്ട് കൃത്യമായിരുന്നു. അസമിൽ എൻഡിഎക്ക് ഭരണത്തുടർച്ച ലഭിക്കുമെന്നാണ് ഭൂരിപക്ഷം സർവേകളും പറയുന്നത്. ബിജെപി നേതൃത്വത്തിലുള്ള സഖ്യം അധികാരം നിലനിർത്തുമെന്ന 2021ലെ എക്‌സിറ്റ് പോൾ ഫലവും തെറ്റിയിരുന്നില്ല. ഇത്തവണ പുതുച്ചേരിയിൽ ബിജെപി -എൻആർ കോൺഗ്രസ് സഖ്യം അധികാരം നിലനിറുത്തുമെന്ന് ഭൂരിഭാഗം സർവേകളും പ്രവചിക്കുന്നു.
എന്തുകൊണ്ടാണ് എക്‌സിറ്റ് പോളുകൾ തെറ്റുന്നത്?
ഇന്ത്യൻ തെരഞ്ഞെടുപ്പ് വ്യവസ്ഥിതിയുടെ അവിഭാജ്യ ഘടകമായി എക്‌സിറ്റ് പോളുകൾ മാറിക്കഴിഞ്ഞു. വോട്ടെണ്ണലിന് മുമ്പുള്ള മണിക്കൂറുകളിൽ രാഷ്ട്രീയ ചർച്ചകളെയും പ്രതീക്ഷകളെയും രൂപപ്പെടുത്തുന്നത് ഇവയാണ്. സാമ്പിളുകൾ ശേഖരിക്കുന്നതിലെ പരിമിതികൾ, നഗര കേന്ദ്രീകൃതമായ അഭിപ്രായങ്ങൾക്ക് ലഭിക്കുന്ന മുൻഗണന, യഥാർഥ രാഷ്ട്രീയ ചായ്‌വ് വെളിപ്പെടുത്താനുള്ള വോട്ടർമാരുടെ മടി എന്നിവയെല്ലാം എക്‌സിറ്റ് പോളുകളുടെ കൃത്യതക്ക് വെല്ലുവിളിയാണ്. 2015ൽ ബിഹാർ തെരഞ്ഞെടുപ്പ് പ്രവചനം തെറ്റിയതോടെ ടുഡേയ്‌സ് ചാണക്യ എന്ന ഏജൻസിക്ക് വന്ന തിരിച്ചടി നാം കണ്ടതാണ്. നിലവിൽ ഇന്ത്യയിലെ എക്‌സിറ്റ് പോളുകളിൽ ഏറ്റവും കൂടുതൽ കൃത്യത അവകാശപ്പെടുന്ന ഏജൻസികളിലൊന്നായ പ്രദീപ് ഗുപ്തയുടെ നേതൃത്വത്തിലുള്ള ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോൾ ഫലത്തെ രാഷ്ട്രീയക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അവരുടെ കേരളത്തിലെ മുൻകാല തെരഞ്ഞെടുപ്പ് പ്രവചനങ്ങൾ ഏറെക്കുറെ ശരിയായിരുന്നു. കേരളം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി കൈയ്യിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. എക്‌സിറ്റ് പോൾ ശക്തമായ പോരാട്ടം പ്രവചിച്ചിരിക്കേ ഉദ്യേഗത്തിൻ്റെ മുൾമുനയിലാണ് രാഷ്ട്രീയ കേരളം.