

പ്രചാരണം കഴിഞ്ഞു.. ഇനി വിധിയെഴുത്താണ്. ഈ ഉപതെരഞ്ഞെടുപ്പ് കൊണ്ട് തമിഴക ഭരണത്തിൽ മാറ്റങ്ങളൊന്നും സംഭവിക്കില്ലെങ്കിലും ടിവികെ സർക്കാർ അധികാരമേറ്റു 149ാം നാളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പ്, വിജയ് എന്ന മുഖ്യമന്ത്രിയുടെ ഭരണമികവിനു മാർക്ക് ഇടും. സർക്കാരിനെ സംബന്ധിച്ച് യഥാർത്ഥ പ്രോഗ്രസ് കാർഡ്! കൂറുമാറ്റ രാഷ്ട്രീയത്തെയും അഞ്ചു മാസത്തെ ഭരണനയങ്ങളെയും വോട്ടർമാർ എങ്ങനെ വിലയിരുത്തുന്നുവെന്നതിൻ്റെ നേർക്കാഴ്ചയാകുമത്. അതിനാൽ മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിലെ ജനങ്ങൾ നൽകാൻ പോകുന്ന രാഷ്ട്രീയ സന്ദേശത്തെ തമിഴ്നാട് മാത്രമല്ല രാജ്യം തന്നെ സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട്.
ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ അധികാരം പിടിച്ചു തമിഴ്നാട്ടിലെ രാഷ്ട്രീയ ഭൂപടം മാറ്റിവരച്ച നേതാവാണ് വിജയ്. വിജയുടെ വാക്കുകൾ കടമെടുത്താൽ 1967ൽ അണ്ണാദുരൈ,1977ൽ എംജിആർ 2026ൽ വിജയ്. തമിഴ്നാട് രാഷ്ട്രീയം ചുറ്റിതിരിഞ്ഞിരുന്ന ഡിഎംകെ-അണ്ണാഡിഎംകെ എന്നീ രണ്ടു ദ്രാവിഡ കക്ഷികളുടെ കോട്ടകളിൽ വിള്ളൽ വീഴ്ത്തിയായിരുന്നു ജൈത്രയാത്ര. ആ മുന്നേറ്റത്തിൽ മുഖ്യപ്രതിപക്ഷം പോലും ആകാനാകാതെ തകർന്നടിഞ്ഞെങ്കിലും അണ്ണാഡിഎംകെയെ നെഞ്ചിലേറ്റിയ മണ്ഡലങ്ങളാണ് ചെങ്കൽപെട്ട് ജില്ലയിലെ മധുരാന്തകവും, തിരുപ്പുർ ജില്ലയിലെ ധാരാപുരവും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പോലെയല്ല. മുന്നണി സമവാക്യം ആകെ മാറിയ ശേഷമുള്ള ഉപതെരെഞ്ഞെടുപ്പാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ചാണ് ടിവികെ 108 സീറ്റ് നേടിയതെങ്കിൽ ഏറെനാൾ ഡിഎംകെ സഖ്യത്തിലായിരുന്ന കോൺഗ്രസ്സും മുസ്ലീം ലീഗും വിസികെയും ഇന്ന് സർക്കാരിൻ്റെ ഭാഗമാണ്. സെക്കുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ് എന്ന പേരിൽ മുന്നണിയുമുണ്ട്. പുറമെ നിന്ന് സർക്കാരിന് പിന്തുണയുമായി ഇടതു പാർട്ടികളും.
വിവിധ രാഷ്ട്രീയകക്ഷികളെ കോർത്തിണക്കി വിജയകരമായ രാഷ്ട്രീയ സഖ്യം ഏറെനാൾ കൊണ്ടുനടന്ന ഡിഎംകെ ഏറെക്കുറെ ഒറ്റയ്ക്കാണ്. എൻഡിഎയിൽ അണ്ണാഡിഎംകെയും ബിജെപിയും ഒപ്പമുണ്ടെങ്കിലും മുന്നണിയിലെ മറ്റൊരു പ്രധാനകക്ഷിയായ അൻപുമണി രാംദാസിൻ്റെ പിഎംകെ ആർക്കും പിന്തുണയില്ലെന്ന നിലപാടിലാണ്. സ്ഥാനാർഥി നിർണയത്തിലെ ഭിന്നതയും പുതിയ രാഷ്ട്രീയ സാഹചര്യവുമാണ് പിഎംകെയെ ഈ നിഷ്പക്ഷ നിലപാടിലേക്ക് നയിച്ചത്.
മധുരാന്തകവും ധാരാപുരവും മാത്രമല്ല വിജയ് ഒഴിഞ്ഞ തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉൾപ്പെടെ അഞ്ച് മണ്ഡലങ്ങളിൽ കൂടി ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. ഇവിടങ്ങളിൽ തെരഞ്ഞെടുപ്പ് കേസ് നില നിലനിൽക്കുന്നതിനാൽ തൽക്കാലം വോട്ടെടുപ്പില്ല. തിരുച്ചിറപ്പള്ളി ഈസ്റ്റ് മാറ്റി നിർത്തിയാൽ ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ള ബാക്കി നാലും അണ്ണാഡിഎംകെ എംഎൽഎമാർ രാജിവച്ചതാണ്. ഈ മണ്ഡലങ്ങളിൽ വരുംനാളുകളിൽ വോട്ടെടുപ്പ് ഉണ്ടാകുമെന്നിരിക്കെ മധുരാന്തകത്തും ധാരാപുരത്തും ജയിച്ച് കരുത്തുകാട്ടേണ്ടത് ടിവികെയുടെ അനിവാര്യതയാണ്. തെരഞ്ഞെടുപ്പ് ഫലം അനുകൂലമായാൽ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം അണ്ണാഡിഎംകെയിൽ നിന്ന് ഇനിയും വൻതോതിലുള്ള കൂറുമാറ്റങ്ങൾക്ക് തമിഴകം സാക്ഷ്യം വഹിച്ചേക്കാം. അതിനപ്പുറം റീലിൽ മാത്രമല്ല ജനങ്ങളുടെ റിയൽ ലൈഫിലെ നായകൻ തന്നെയാണെന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ട് വിജയ്ക്കും ടിവികെയ്ക്കും.
സമാനതകൾ ഇല്ലാത്ത ആഭ്യന്തര പ്രതിസന്ധിയാണ് അണ്ണാഡിഎംകെ ഇപ്പോൾ നേരിടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 47 എംഎൽഎമാർ ഉണ്ടായിരുന്ന അണ്ണാഡിഎംകെയുടെ അംഗബലം അഞ്ച് മാസം പിന്നിടുമ്പോൾ 41 ആയി കുറഞ്ഞു. വിശ്വാസ വോട്ടെടുപ്പിൽ വിജയ് സർക്കാരിനെ ഒരു വിഭാഗം പിന്തുണച്ചത് മുതൽ പാർട്ടിയിലെ ഭിന്നത കാണാം. പാർട്ടി ഇപ്പോൾ നിയന്ത്രണത്തിലെങ്കിലും പ്രതികൂല കാലാവസ്ഥയിൽ ജയിച്ച മണ്ഡലങ്ങൾ കൈവിട്ടാൽ കൂടുതൽ പേർ എടപ്പാടിയുടെ നേതൃത്വം ചോദ്യം ചെയ്തു രംഗത്തുവരും. ടിവികെയുടെ കടന്നുകയറ്റത്തോടെ ഒരു കാലത്ത് പടിഞ്ഞാറൻ തമിഴ്നാട്ടിലെ ഏറ്റവും ശക്തമായ പാർട്ടി എന്ന വിളിപ്പേരുണ്ടായിരുന്ന അണ്ണാഡിഎംകെയ്ക്ക് ആ വിശേഷണം പോലും നഷ്ടപ്പെടുന്ന സാഹചര്യമാണ്. അതിനാൽ അണ്ണാഡിഎംകെയ്ക്കും എടപ്പാടി പളനി സ്വാമിക്കും ഇതു ജീവന്മരണ പോരാട്ടമാണ്.
സർക്കാരിനുള്ള പിന്തുണ ആവർത്തിക്കുമ്പോഴും ടിവികെയും ഇടതു പാർട്ടികളും രണ്ടു വഴിക്കാണ്. ഉപതെരഞ്ഞെടുപ്പ് അടിച്ചേൽപ്പിച്ചതാണെന്ന നിലപാട് ആദ്യം മുതലുണ്ട് സിപിഐഎമ്മിനും സിപിഐക്കും. അണ്ണാഡിഎംകെ എംഎൽഎമാരുടെ കൂടുമാറ്റത്തെ കുതിരക്കച്ചവടം എന്നാണ് ഇടതു പാർട്ടികൾ വിശേഷിപ്പിച്ചത്. സർക്കാരിൻ്റെ പലനയങ്ങളെയും തുറന്നു എതിർക്കുന്ന ഇടതു പാർട്ടികൾ, വലിയ സ്വാധീനമില്ലെങ്കിലും രണ്ട് മണ്ഡലങ്ങളിലും സ്ഥാനാർഥിയെ നിർത്തി പോരിന് ഇറങ്ങിയിട്ടുണ്ട്. മധുരാന്തകത്തു സിപിഐഎമ്മും ധാരാപുരത്ത് സിപിഐയും. ചുരുക്കത്തിൽ ഉപതെരെഞ്ഞെടുപ്പ് ഫലം വിജയ് സർക്കാരിൻ്റെ ജനകീയത മാത്രമല്ല,തമിഴ്നാടിൻ്റെ രാഷ്ട്രീയ ദിശ കൂടി നിർണയിക്കും.
തമിഴകം മാത്രമല്ല വംഗനാട്ടിലും പല കാരണങ്ങൾ കൊണ്ട് ശ്രദ്ധേയമാണ് ഉപതെരഞ്ഞെടുപ്പ്. സംസ്ഥാനത്ത് ബിജെപി ആദ്യമായി അധികാരത്തിൽ വന്ന ശേഷമുള്ള ഉപതെരഞ്ഞെടുപ്പുകളിൽ ഒന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി ഒഴിഞ്ഞ നന്ദിഗ്രാമിലാണ്. 2021ൽ തൃണമൂൽ തരംഗത്തിൽ മമത വന്നിട്ടും സുവേന്ദുവിനെ കാത്ത മണ്ണാണ് നന്ദിഗ്രാം. പക്ഷെ ഇത്തവണ നന്ദിഗ്രാം ഉയർന്നു കേട്ടത് ജനാധിപത്യത്തിന് ഭൂഷണമല്ലാത്ത ചില സംഭവങ്ങളുടെ പേരിലാണ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചതിന് പിന്നാലെ തൃണമൂൽ സ്ഥാനാർഥി മത്സരത്തിൽ നിന്ന് പിന്മാറിയതും, കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് മമത പ്രഖ്യാപിച്ചതും, പിന്നാലെ കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാനെ പഴയൊരു കേസിൽ അറസ്റ്റ് ചെയ്തതുമെല്ലാം പ്രചാരണ കാലത്ത് നടന്ന സംഭവ വികാസങ്ങൾ. അതിനപ്പുറം അധികാരം പോയതിനു പുറമെ വിശ്വസ്തരിൽ ഏറിയ പങ്കും കൈവിട്ട്. രാഷ്ട്രീയ ജീവിതത്തിലെ പ്രസന്ധിയിലൂടെ കടന്നുപോകുകയാണ് മമത. പാർട്ടി മൂന്നായ ശേഷമുള്ള, പാർട്ടിയുടെ പേരും ചിഹ്നവും മരവിപ്പിച്ച ശേഷമുള്ള തെരഞ്ഞെടുപ്പിൽ താൻ നയിക്കുന്നതാണ് യഥാർത്ഥ തൃണമൂൽ എന്ന് തെളിയിക്കാൻ മമതയ്ക്ക് കരുത്തുകാട്ടിയെ മതിയാകൂ. ബിജെപിക്കെതിരെ മാത്രമല്ല തൻ്റെ തണലിൽ വളർന്ന മുൻ അനുയായികൾക്കെതിരെ കൂടിയാണ് മമതയുടെ മത്സരം.