

മണ്ഡല പുനർനിർണയത്തിനുള്ള ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ തിരക്കിട്ട നീക്കങ്ങളുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോവുമ്പോൾ തടയിടാനുള്ള യുദ്ധസമാന നീക്കങ്ങളിലാണ് ഇൻഡ്യാ ബ്ലോക്കും കോൺഗ്രസ്സും. ഡിഎംകെയെയും എൻ.സി.പി ശരദ്ചന്ദ്ര പവാർ വിഭാഗത്തെയും അനുനയിപ്പിക്കാൻ ഇൻഡ്യാ സഖ്യ നേതാക്കൾ നടത്തിയ അവസാനവട്ട മിന്നൽ ശ്രമങ്ങളും കാര്യമായി ഫലം ചെയ്തില്ലെന്നാണ് വിലയിരുത്തൽ. ലോക്സഭാ, നിയമസഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കാനുള്ള കേന്ദ്രത്തിൻ്റെ പദ്ധതിക്ക് ഡി.എം.കെയും പവാറും പിന്തുണ പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസമാണ് ഈ കൂടിക്കാഴ്ചകൾ നടക്കുന്നത്.
22 എം.പിമാരുള്ള ഡി.എം.കെയും എട്ട് എം.പിമാരുള്ള എൻ.സി.പി ശരദ് പവാർ വിഭാഗവും പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയതോടെ മണ്ഡല പുനർനിർണയ - വനിതാ സംവരണ ഭരണഘടനാ ഭേദഗതി ബിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം തേടുന്ന ബി.ജെ.പി വലിയ പ്രതീക്ഷയിലാണ്. കഴിഞ്ഞ തവണ ഇൻഡ്യാ സഖ്യത്തിനൊപ്പം നിന്ന് വോട്ടെടുപ്പിൽ സർക്കാരിനെ പരാജയപ്പെടുത്തിയ രണ്ട് പാർട്ടികൾ പിന്തുണച്ചാലും ഭരണഘടനാ ഭേദഗതിക്കാവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് കുറവുള്ള അര ഡസനിലേറെ വോട്ടുകൾ എവിടെ നിന്ന് ലഭിക്കുമെന്ന ആകാംക്ഷയിലാണ് രാജ്യതലസ്ഥാനം. ഈ വിഷയത്തിലെ സമകാലിക സംഭവങ്ങൾ തന്നെയാണ് ഇന്നത്തെ സ്പോട്ട്ലൈറ്റും പരിശോധിക്കുന്നത്.
മണ്ഡല പുനർനിർണയ ബിൽ ലോക്സഭയിൽ അവതരിപ്പിക്കാനിരിക്കെ, ദേശീയ രാഷ്ട്രീയത്തിൽ നിർണ്ണായക വഴിത്തിരിവുകൾക്ക് വഴിവെക്കുകയാണ് ഡിഎംകെയുടെയും എൻസിപി ശരദ് പവാർ വിഭാഗത്തിന്റെയും നിലപാട് മാറ്റം. ഡിഎംകെയുടെയും എൻസിപി ശരദ് പവാർ വിഭാഗത്തിെൻയും ഇരിപ്പിട ക്രമം പ്രതിപക്ഷ നിരയിൽ നിന്നും മാറിയതിനൊപ്പം, കനിമൊഴി, ടി.ആർ. ബാലു, എ. രാജ, ദയാനിധി മാരൻ അടക്കമുള്ള ഡിഎംകെ പ്രതിനിധി സംഘം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നേരിട്ട് കണ്ട് തമിഴ്നാടിൻ്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ബില്ലിന് പിന്തുണ അറിയിച്ചതും ഇന്ത്യ മുന്നണിക്ക് കനത്ത ആഘാതമായി. തങ്ങൾ മുന്നോട്ടുവച്ച വ്യവസ്ഥകൾ കേന്ദ്രം അംഗീകരിച്ചതിനാലാണ് ബില്ലിനെ പിന്തുണയ്ക്കുന്നതെന്ന് കനിമൊഴി വ്യക്തമാക്കുകയുംചെയ്തു.
ഇതിന് ശേഷം സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും അടക്കമുള്ള നേതാക്കൾ ചെന്നൈയിലേക്ക് തിരിക്കുകയും എം.കെ. സ്റ്റാലിനെ അനുനയിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് തികച്ചും വൈകിയുള്ള നീക്കമാണെന്നാണ് വിലയിരുത്തൽ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ നേരിട്ട് ബാധിക്കുന്ന ഇത്രയും നിർണായകമായ ഒരു വിഷയത്തിൽ, മുന്നണിയിലെ പ്രധാന കക്ഷിയായിരുന്ന ഡിഎംകെയുമായി നേരത്തെ തന്നെ കൂടിയാലോചനകൾ നടത്താനും പൊതുവായ ഒരു നിലപാട് രൂപീകരിക്കാനും കോൺഗ്രസിനും ഇന്ത്യ മുന്നണി നേതൃത്വത്തിനും കഴിയാതെ പോയത് വലിയ രാഷ്ട്രീയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. മുന്നണിക്കുള്ളിലെ ഏകോപനമില്ലായ്മയും ആശയവിനിമയത്തിലെ വീഴ്ചയുമാണ് ബിജെപിക്ക് കാര്യങ്ങൾ എളുപ്പമാക്കിയതെന്നും, അവസാന നിമിഷത്തെ ഈ അനുനയ നീക്കങ്ങൾ പ്രതിപക്ഷത്തിൻ്റെ ദൗർബല്യത്തെയാണ് തുറന്നുകാട്ടുന്നതെന്നും രാഷ്ട്രീയ നിരീക്ഷകർ വിമർശിക്കുന്നു.
മണ്ഡല പുനർനിർണയ ബില്ലിൽ തമിഴ്നാടിന്റെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കുന്ന നാല് പ്രധാന ഉറപ്പുകൾ കേന്ദ്രത്തിൽ നിന്ന് ലഭിച്ചതായാണ് ഡിഎംകെ വ്യക്തമാക്കുന്നത്. നിലവിലെ ജനസംഖ്യയ്ക്ക് പകരം 1971ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള സീറ്റ് വിഭജന അനുപാതം തന്നെ തുടരുമെന്നും, ഈ അനുപാതത്തിൽ അടുത്ത 25 വർഷത്തേക്ക് യാതൊരു മാറ്റവും വരുത്തില്ലെന്നും കേന്ദ്രം ഉറപ്പുനൽകിയതായി ഡിഎംകെ നേതാക്കൾ പറയുന്നു. ഇതിന് പുറമെ, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം ഏകീകൃത വർധനവ് നടപ്പാക്കുന്നതിലൂടെ തമിഴ്നാടിൻ്റെ ലോക്സഭാ പ്രാതിനിധ്യം നിലവിലെ 7.18 ശതമാനത്തിൽ നിന്ന് കുറയില്ലെന്നും, മണ്ഡല പുനർനിർണയ കമ്മീഷൻ്റെ പ്രവർത്തനങ്ങളിലും സംസ്ഥാനത്തിനുള്ളിലെ മണ്ഡലങ്ങളുടെ അതിർത്തി നിർണയത്തിലും ഡിഎംകെ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ഉറപ്പ് നൽകിയതായും കനിമൊഴിയും എ. രാജയും അടക്കമുള്ള നേതാക്കൾ വിശദീകരിക്കുന്നു.
കഴിഞ്ഞ ഏപ്രിലിൽ ലോക്സഭയിൽ അവതരിപ്പിച്ച 131-ാം ഭരണഘടനാ ഭേദഗതി ബിൽ, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് ആവശ്യമായതിലും 54 വോട്ടുകൾ കുറവായതോടെ പരാജയപ്പെട്ടത് കേന്ദ്ര സർക്കാരിന് വലിയ തിരിച്ചടിയായിരുന്നു. എന്നാൽ ആ പരാജയത്തിൽനിന്ന് പാഠമുൾക്കൊണ്ട്, നിർണായക മാറ്റങ്ങളോടെയാണ് സർക്കാർ ഇപ്പോൾ പുതിയ 132-ാം ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിക്കുന്നത്. ഏപ്രിലിലെ ബില്ലിൽ 2011ലെ ജനസംഖ്യാടിസ്ഥാനത്തിൽ സീറ്റുകൾ പുനർനിർണയിക്കാനായിരുന്നു നീക്കം. ഇത് ജനസംഖ്യാ നിയന്ത്രണത്തിൽ മുന്നിലെത്തിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകുമെന്ന ആശങ്ക ഉയർത്തി. സീറ്റുകൾ 50 ശതമാനം വർധിപ്പിക്കുമെന്ന് അന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വാക്കാൽ ഉറപ്പുനൽകിയിരുന്നെങ്കിലും ബില്ലിൽ വ്യവസ്ഥയുണ്ടായിരുന്നില്ല.
പുതിയ ബില്ലിൽ എല്ലാ സംസ്ഥാനങ്ങൾക്കും ലോക്സഭാ, നിയമസഭാ സീറ്റുകളിൽ 50 ശതമാനം വർധന ഉറപ്പാക്കുന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം കേരളത്തിൻ്റെ ലോക്സഭാ സീറ്റുകൾ 20ൽ നിന്ന് 30 ആയും തമിഴ്നാട്ടിലേത് 39ൽ നിന്ന് 59 ആയും ഉയരാം. സംസ്ഥാനങ്ങൾക്കിടയിലെ നിലവിലെ സീറ്റ് അനുപാതം 2051 വരെ നിലനിർത്താനും പുതിയ ബിൽ വ്യവസ്ഥ ചെയ്യുന്നു. അതേസമയം, മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയത്തിന് ഏറ്റവും പുതിയ സെൻസസ് കണക്കുകളായിരിക്കും ഉപയോഗിക്കുക. സീറ്റുകൾ വർധിപ്പിച്ച ശേഷമുള്ള മണ്ഡല പുനർനിർണയത്തിനു പിന്നാലെ 33 ശതമാനം വനിതാ സംവരണം നടപ്പാക്കാനാണ് ബില്ലിലെ വ്യവസ്ഥ.
ഈ മാറ്റങ്ങളോടെ പ്രതിപക്ഷ നിരയിൽ വലിയ ഭിന്നതയാണ് രൂപപ്പെട്ടിരിക്കുന്നത്. ഏപ്രിലിൽ ബില്ലിനെ എതിർത്ത 22 എം.പിമാരുള്ള ഡി.എം.കെ പുതിയ ബില്ലിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ, എട്ട് എം.പിമാരുള്ള എൻ.സി.പി ശരദ് പവാർ വിഭാഗവും പിന്തുണ അറിയിച്ചിട്ടുണ്ട്. എന്നാൽ ഗോത്രവിഭാഗങ്ങളുടെ സംവരണ സീറ്റുകൾ ആനുപാതികമായി വർധിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച ജാർഖണ്ഡ് മുക്തി മോർച്ച ബിൽ പരിശോധിച്ച ശേഷം അന്തിമ നിലപാട് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
നിലവിലുള്ള 540 എം.പിമാരും സഭയിൽ ഹാജരായി വോട്ട് ചെയ്യുകയാണെങ്കിൽ, ഭരണഘടനാ ഭേദഗതി ബിൽ പാസാകാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷമായ 360 വോട്ടുകൾ അനിവാര്യമാണ്. തൃണമൂൽ കോൺഗ്രസിലെയും ശിവസേന ഉദ്ധവ് വിഭാഗത്തിലെയും വിമത എം.പിമാരുടെ പിന്തുണയോടെ എൻ.ഡി.എയുടെ സ്വന്തം അംഗബലം 320ലേക്ക് ഉയർന്നിട്ടുണ്ട്. ഇതിനുപുറമെ ഡി.എം.കെ, എൻ.സി.പി ശരദ് പവാർ വിഭാഗം, വൈ.എസ്.ആർ.സി.പി എന്നീ പാർട്ടികളുടെ 34 വോട്ടുകൾ കൂടി ലഭിച്ചാൽ ആകെ പിന്തുണ 354 ആകും. എന്നാൽ സമനില വന്നാൽ മാത്രമേ സ്പീക്കർക്ക് വോട്ട് ചെയ്യാൻ കഴിയൂ എന്നതിനാൽ, വോട്ടിങ്ങിൽ പരമാവധി ലഭിക്കുക 353 വോട്ടുകൾ മാത്രമായിരിക്കും. അതായത്, എല്ലാവരും വോട്ട് ചെയ്യുന്ന സാഹചര്യത്തിൽ ബിൽ പാസാകാൻ വേണ്ട ഭൂരിപക്ഷത്തേക്കാൾ ഏഴ് വോട്ടുകളുടെ കുറവ് സർക്കാരിന് നേരിടേണ്ടിവരും.
ഏപ്രിലിൽ ആദ്യമായി ബിൽ അവതരിപ്പിച്ചപ്പോൾ ഉണ്ടായിരുന്ന 54 വോട്ടുകളുടെ വലിയ കുറവ് മറികടന്ന് വിജയത്തിന് തൊട്ടടുത്തെത്താൻ എൻ.ഡി.എയ്ക്ക് സാധിച്ചിട്ടുണ്ടെങ്കിലും, ലോക്സഭയിൽ ബിൽ പാസാകുമോ എന്നാണ് കണ്ടറിയയേണ്ടത്. സഭയിൽ പ്രതിപക്ഷ നിരയിലെ പത്തോ പതിനൊന്നോ അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയോ, കൂടുതൽ വിമത നീക്കങ്ങൾ ഉണ്ടാവുകയോ ചെയ്താൽ മാത്രമേ നിലവിലെ അംഗബലം വച്ച് ബിൽ പാസാക്കിയെടുക്കാൻ സാധിക്കൂ. അതേസമയം, ബില്ലിനെ പിന്തുണയ്ക്കാൻ തീരുമാനിച്ച ഡി.എം.കെ, എൻ.സി.പി ശരദ് പവാർ വിഭാഗം എന്നിവരെ പിന്തിരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം നടത്തുന്ന ചർച്ചകൾ വിജയിച്ചാൽ, ലോക്സഭയിൽ ബിൽ വീണ്ടും പരാജയപ്പെടുന്ന സാഹചര്യവുമുണ്ടാകാം.
തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമായ ഫലം നേടിയെടുക്കുന്നതിനായി അധികാരത്തിലിരിക്കുന്ന പാർട്ടി മണ്ഡലങ്ങളുടെ അതിർത്തികൾ കൃത്രിമമായി മാറ്റിവരയ്ക്കുന്ന രാഷ്ട്രീയ തന്ത്രമാണ് ജെറിമാൻഡറിംഗ്. എതിർ പാർട്ടിക്ക് സ്വാധീനമുള്ള വോട്ടർമാരെ മുഴുവൻ ഒന്നോ രണ്ടോ മണ്ഡലങ്ങളിലേക്ക് മാത്രം കേന്ദ്രീകരിക്കുന്ന 'പാക്കിംഗ്' രീതിയിലൂടെയും, അവരെ പല മണ്ഡലങ്ങളിലായി ചിതറിപ്പിച്ച് ഒരു മണ്ഡലത്തിലും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കുന്ന 'ക്രാക്കിംഗ്' രീതിയിലൂടെയുമാണ് ഇത് നടപ്പിലാക്കുന്നത്.
1812ൽ അമേരിക്കയിലെ മസാച്യുസെറ്റ്സ് ഗവർണറായിരുന്ന എൽബ്രിഡ്ജ് ജെറി തന്റെ പാർട്ടിക്ക് ഗുണകരമാകുന്ന രീതിയിൽ മാറ്റിവരച്ച ഒരു മണ്ഡലത്തിന് 'സലമാൻഡർ' എന്ന ജീവിയുടെ വിചിത്ര ആകൃതി വന്നതിൽ നിന്നാണ് ഈ പേരുണ്ടായത്. ഇന്ത്യയിൽ മണ്ഡല പുനർനിർണയവേളകളിൽ ചില പ്രത്യേക വിഭാഗങ്ങളുടെയോ പ്രതിപക്ഷത്തിന്റെയോ വോട്ട് ബാങ്കുകൾ ചിതറിപ്പോകുന്ന തരത്തിൽ അതിർത്തികൾ നിശ്ചയിക്കപ്പെടുന്നതിനാൽ ബിജെപി സർക്കാർ നടപ്പാക്കുന്നത് ജെറിമാൻഡറിംഗ് എന്ന രാഷ്ട്രീയ തന്ത്രമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ചുരുക്കത്തിൽ, മണ്ഡല പുനർനിർണയം കേവലം സീറ്റുകളുടെ എണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്ന ഭരണഘടനാ നടപടിയല്ല. രാജ്യത്തിൻ്റെ രാഷ്ട്രീയ അധികാര സന്തുലിതാവസ്ഥയെയും ഫെഡറൽ സംവിധാനത്തെയും നേരിട്ട് ബാധിക്കുന്ന നിർണായക തീരുമാനമാണ്. ദക്ഷിണേന്ത്യയുടെ ആശങ്കകൾക്ക് പുതിയ ബിൽ പരിഹാരമാകുമോ? വനിതാ സംവരണം നടപ്പാക്കാനുള്ള നീക്കം രാഷ്ട്രീയ സമവാക്യങ്ങളെ എങ്ങനെ മാറ്റും? അതിലുപരി, പാർലമെൻ്റിൽ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം കേന്ദ്ര സർക്കാരിന് ലഭിക്കുമോ? ഉത്തരങ്ങൾക്കായി ഇനി ഉറ്റുനോക്കുന്നത് ലോക്സഭയിലെ അക്കപ്പോരിലേക്കാണ്.