കേരളത്തെ നടുക്കുന്ന സ്ത്രീപീഡനങ്ങളുടെ ക്രൈംഗ്രാഫ്

കഴിഞ്ഞ ഒരു ദശകത്തിനിടെ പീഡനങ്ങളെത്തുടര്‍ന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 1261 പേരുടെ ജീവന്‍ നഷ്ടമായി
കേരളത്തെ നടുക്കുന്ന സ്ത്രീപീഡനങ്ങളുടെ ക്രൈംഗ്രാഫ്
Published on
Updated on

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രണ്ട് ലക്ഷത്തോളം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയാണ് സംസ്ഥാനത്ത് അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. പ്രബുദ്ധമെന്നും സാംസ്‌കാരികമായി മുന്നിലാണെന്നും അവകാശപ്പെടുന്ന ഒരു സമൂഹത്തില്‍, പ്രതിവര്‍ഷം ശരാശരി 20,000-ത്തോളം അതിക്രമങ്ങള്‍ നടക്കുന്നു എന്നത് അതീവ ഗുരുതരമായ സാഹചര്യമാണ്. വീടകങ്ങള്‍, വിദ്യാലയങ്ങള്‍, പൊതുഇടങ്ങള്‍ എന്നിവയൊന്നും തന്നെ ഇവര്‍ക്ക് പൂർണ സുരക്ഷിതത്വം നല്‍കുന്നില്ലെന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് ഈ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്. കഴിഞ്ഞ ഒരു ദശകത്തിനിടെ പീഡനങ്ങളെത്തുടര്‍ന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 1261 പേരുടെ ജീവന്‍ നഷ്ടമായി.കോടതി കുറ്റവിമുക്തരാക്കിയ 46,840 കേസുകളില്‍ മേല്‍ക്കോടതികളില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല എന്നതാണ് അഭ്യന്തരവകുപ്പ് നിയമസഭയില്‍ വെച്ച രേഖകളിലെ ഞെട്ടിക്കുന്ന വസ്തുത. പ്രതികളെ വെറുതെവിട്ട കേസുകളിലെ സര്‍ക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും നിസ്സംഗതയാണ് ഇതിലൂടെ വെളിവാകുന്നത്.

കേരളത്തെ നടുക്കുന്ന സ്ത്രീപീഡനങ്ങളുടെ ക്രൈംഗ്രാഫ്

പ്രബുദ്ധതയുടെയും സ്ത്രീശാക്തീകരണത്തിൻ്റെയും മുകളില്‍ അഹങ്കരിക്കുന്ന കേരളീയ പൊതുബോധത്തെ തുണിയുരിക്കുന്നതാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തെ സംസ്ഥാന ആഭ്യന്തര വകുപ്പിൻ്റെ ഔദ്യോഗിക കണക്കുകള്‍. 2016 മേയ് 1 മുതല്‍ 2026 ഏപ്രില്‍ 30 വരെ പത്തുവര്‍ഷത്തിനിടെ മാത്രം സംസ്ഥാനത്ത് 1,95,441 സ്ത്രീകളും കുട്ടികളുമാണ് ക്രൂരമായ അതിക്രമങ്ങള്‍ക്ക് ഇരയായത്. ഇതില്‍ 1,58,406 സ്ത്രീ പീഡനക്കേസുകളും പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള 37,035 പോക്‌സോ കേസുകളും ഉള്‍പ്പെടുന്നു എന്നതുതന്നെ നമ്മുടെ നാട് എത്രത്തോളം ഭയപ്പെടുത്തുന്ന ഒരിടമായി മാറിയിരിക്കുന്നു എന്നതിൻ്റെ തെളിവാണ്. ഈ പൈശാചിക നടനത്തില്‍ 918 സ്ത്രീകളും 343 കുട്ടികളും ഉള്‍പ്പെടെ 1,261 പേരുടെ ജീവന്‍ ഹോമിക്കപ്പെടുകയും ചെയ്തു. 2020 ല്‍ 12,659 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്ത് 2025 ല്‍ അത് 18,035 ആയി കുതിച്ചുയര്‍ന്നു. കഴിഞ്ഞ മേയ് വരെയുള്ള ആദ്യ അഞ്ച് മാസത്തില്‍ മാത്രം 6,736 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ അഞ്ച് വര്‍ഷം നോക്കിയാല്‍ ഇത്തരം കേസുകളില്‍ 57 ശതമാനത്തിൻ്റെ വര്‍ധനയാണ് ഉണ്ടായത്. സാമൂഹികമായ അപമാനവും ഭയവും കാരണം റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയ സംഭവങ്ങള്‍ കൂടി കണക്കിലെടുത്താല്‍ യഥാര്‍ത്ഥ അതിക്രമങ്ങളുടെ എണ്ണം ഇതിലും വളരെ കൂടുതലായിരിക്കാനാണ് സാധ്യതയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

നിയമസംരക്ഷണം വെറുംവാക്കോ

അതിക്രമങ്ങളെക്കാള്‍ ഭീതിജനകമാണ് ഇരകള്‍ക്ക് നീതി ലഭിക്കേണ്ട നിയമവിചാരണകളിലെ കണക്കുകള്‍. വിചാരണ പൂര്‍ത്തിയായ കേസുകളില്‍ വെറും 13,100 പേര്‍ക്ക് മാത്രമാണ് ശിക്ഷ ലഭിച്ചത് . കുറച്ചുകൂടി വിശദമാക്കിയാല്‍ 9,403 സ്ത്രീപീഡന കേസുകളിലും 3,697 പോക്‌സോ കേസുകളിലും മാത്രമേ ശിക്ഷ വിധിക്കപ്പെട്ടുള്ളൂ. എന്നാല്‍ ഇതേ കാലയളവില്‍ വിവിധ കോടതികള്‍ വെറുതെ വിട്ടത് 47,266 പ്രതികളെയാണ് . ഇതില്‍ 30,413 സ്ത്രീപീഡന കേസുകളും 16,853 പോക്‌സോ കേസുകളും ഉള്‍പ്പെടും. അതായത്, ശിക്ഷിക്കപ്പെട്ടവരേക്കാള്‍ മൂന്നിരട്ടിയിലധികം പ്രതികള്‍ തെളിവുകളുടെ അഭാവം കൊണ്ടോ പ്രോസിക്യൂഷൻ്റെ വീഴ്ചകള്‍ കൊണ്ടോ നിയമത്തിന്റെ പഴുതുകളിലൂടെ കുറ്റവിമുക്തരാക്കപ്പെട്ട് യഥേഷ്ടം സമൂഹത്തിലേക്ക് ഇറങ്ങിനടന്നു. ഈ റിപ്പോര്‍ട്ടിലെ ഏറ്റവും ഞെട്ടിക്കുന്ന വസ്തുത പ്രതികളെ വെറുതെവിട്ട കേസുകളിലെ സര്‍ക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും നിസ്സംഗതയാണ്. കോടതി കുറ്റവിമുക്തരാക്കിയ 46,840 കേസുകളില്‍ മേല്‍ക്കോടതികളില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇതില്‍ 30,204 സ്ത്രീപീഡന കേസുകളും 16,636 പോക്‌സോ കേസുകളും ഉള്‍പ്പെടുന്നു. നീതിക്കുവേണ്ടി ഒപ്പം നില്‍ക്കേണ്ട ഭരണകൂടം തന്നെ ഇത്രയധികം കേസുകളില്‍ ഇരകളെ പാതിവഴിയില്‍ ഉപേക്ഷിച്ചു എന്നത് അങ്ങേയറ്റം ഗൗരവകരമാണ്.

വിഫലമാകുന്ന വിചാരണകള്‍

വിചാരണ നീണ്ടുപോകുമ്പോള്‍ ഇരകള്‍ക്കും സാക്ഷികള്‍ക്കും ഉണ്ടാകുന്ന ഭീഷണികളും സ്വാധീനങ്ങളും കാരണം അവര്‍ മൊഴി മാറ്റുന്നത് വിചാരണയെ ബാധിക്കുന്നുണ്ട്. കൃത്യമായ തെളിവുകള്‍ ശേഖരിക്കുന്നതിലും ശാസ്ത്രീയമായ അന്വേഷണം നടത്തുന്നതിലും പൊലീസിന് സംഭവിക്കുന്ന പാളിച്ചകളും ഘടകമാണ്. നിയമപ്രകാരം വിധി വന്ന് കൃത്യമായ സമയപരിധിക്കുള്ളില്‍ സര്‍ക്കാര്‍ തലത്തില്‍ അപ്പീല്‍ സമര്‍പ്പിക്കേണ്ടതുണ്ട്. നിയമപോരാട്ടത്തില്‍ സര്‍ക്കാരില്‍ നിന്ന് ഈ പിന്തുണ ലഭിക്കാതെ വരുമ്പോള്‍ ഇരകളും അവരുടെ കുടുംബങ്ങളും കടുത്ത മാനസിക-സാമൂഹിക ഒറ്റപ്പെടലിലേക്ക് തള്ളപ്പെടുന്നു. അപ്പീലുകള്‍ ഫയല്‍ ചെയ്യുന്നതില്‍ ലീഗല്‍ അഡൈ്വസര്‍മാരുടെയും പ്രോസിക്യൂട്ടര്‍മാരുടെയും ഭാഗത്തുനിന്നുണ്ടാകുന്ന കാലതാമസവും നിസ്സംഗതയും പ്രതികള്‍ക്ക് അനുകൂലമായി മാറുന്നു. ഇത് അതിക്രമം കാട്ടിയാലും രക്ഷപ്പെടാം എന്ന ധൈര്യം സമൂഹത്തിലെ കുറ്റവാളികളില്‍ സൃഷ്ടിക്കപ്പെടുന്നുണ്ട് .

കുറ്റകൃത്യങ്ങളില്‍ മലപ്പുറവും തിരുവനന്തപുരവും

കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് മലപ്പുറം ജില്ലയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സ്ത്രീ പീഡനക്കേസുകളിലും , കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളിലും മലപ്പുറമാണ് ഒന്നാമത്. 17,825 സ്ത്രീ പീഡന കേസുകളും 4,311 പോക്‌സോ കേസുകളും മലപ്പുറം ജില്ലയില്‍ ഉണ്ടായി. ഏറ്റവും കൂടുതല്‍ കുട്ടികള്‍ കൊല്ലപ്പെട്ടതും, ഏറ്റവും കൂടുതല്‍ പേര്‍ ശിക്ഷിക്കപ്പെട്ടതും , എന്നാല്‍ ഏറ്റവും കൂടുതല്‍ പ്രതികള്‍ വെറുതെ വിട്ടയക്കപ്പെട്ടതും മലപ്പുറത്താണ്. സ്ത്രീകള്‍ക്കെതിരായ 13,929 കേസുകളുമായും കുട്ടികള്‍ക്കെതിരായ 3,419 കേസുകളുമായും തിരുവനന്തപുരം റൂറല്‍ രണ്ടാം സ്ഥാനത്തുണ്ട്. ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ കൊല്ലപ്പെട്ടതും തിരുവനന്തപുരം റൂറലിലാണ്. ഇതുകൂടാതെ എറണാകുളം റൂറല്‍, പാലക്കാട്, കോഴിക്കോട് റൂറല്‍, തൃശൂര്‍ സിറ്റി എന്നീ മേഖലകളിലും അതിക്രമങ്ങള്‍ ഉയര്‍ന്ന നിരക്കില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് പ്രതിദിനം ശരാശരി 53-ലധികം സ്ത്രീ-ശിശു പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ടെന്നാണ് പത്ത് വര്‍ഷത്തെ ശരാശരി കണക്കുകള്‍ വ്യക്തമാക്കുന്നത്.

കുറ്റവാളികള്‍ക്ക് പരവതാനി ഒരുക്കുന്നുവോ

കേരള പൊലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും ഈ ഔദ്യോഗിക രേഖകള്‍ വിരല്‍ ചൂണ്ടുന്നത് കേവലം ക്രൈം ഗ്രാഫുകളിലെ വര്‍ധനവിലേക്കല്ല. മറിച്ച്, പ്രബുദ്ധമെന്ന് നാം അഹങ്കരിക്കുന്ന നമ്മുടെ സാമൂഹിക-നിയമ വ്യവസ്ഥിതിയുടെ കനത്ത പരാജയത്തിലേക്കാണ്. ലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളും അതിക്രമങ്ങള്‍ക്ക് ഇരയാകുമ്പോഴും, അവരില്‍ പകുതിയോളം പേര്‍ ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന സ്വന്തം വീടുകളില്‍ വെച്ച് തന്നെയാണ് പീഡിപ്പിക്കപ്പെടുന്നത്. നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമ്പോഴും, വിചാരണ നേരിടുന്ന പ്രതികളില്‍ ബഹുഭൂരിപക്ഷവും തെളിവുകളുടെ അഭാവം കൊണ്ടോ പ്രോസിക്യൂഷന്റെ മെല്ലെപ്പോക്ക് കൊണ്ടോ കുറ്റവിമുക്തരാക്കപ്പെടുന്നു എന്ന യാഥാർഥ്യം ഇരകളാക്കപ്പെട്ടവരോട് ചെയ്യുന്ന കടുത്ത നീതികേടാണ്.ഇതിനെല്ലാം പുറമെ, കോടതി വെറുതെ വിട്ട പ്രതികള്‍ക്കെതിരെ മേല്‍ക്കോടതികളില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന കടുത്ത നിസ്സംഗത ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.

News Malayalam 24x7
newsmalayalam.com