

നവംബർ എന്നാൽ ശൈത്യത്തിന്റെ തുടക്കം മാത്രമല്ല, ശ്വാസംമുട്ടിക്കുന്ന വിഷപ്പുകയുടെ കാലം കൂടിയാണ്. ലോകം ആസ്ത്മ നഗരം എന്നു വിളിക്കുന്ന രാജ്യതലസ്ഥാനത്തും അതിനു ചുറ്റുമുള്ള നഗരങ്ങളിലും മനുഷ്യർ ചുമച്ചു തീർക്കുകയാണ്. ഇവിടെ ശ്വസിക്കുക എന്നാൽ മരണത്തെ ഉൾകൊള്ളുക എന്നുകൂടി അർത്ഥമുണ്ട്. ഓരോ ദിവസം കഴിയുംതോറും വിഷപ്പുകയാൽ ദുസ്സഹമാകുകയാണ് ഡൽഹി ജീവിതം. മാസക് ധരിക്കാതെ പുറത്തിറങ്ങാൻ കഴിയാത്ത വിധം വായുമലിനമായി കഴിഞ്ഞു. പുറത്തിറങ്ങിയാൽ കണ്ണുനീറുന്ന അവസ്ഥ. ശ്വസിക്കുന്ന വിഷപ്പുക കടുത്ത തലവേദനയ്ക്കും മറ്റു ശാരീരിക അസ്വസ്ഥതകൾക്കും കാരണമാകുന്നു. നഗരത്തിലെ വായു ഗുണനിലവാര സൂചിക 400നു മുകളിലെന്ന അതിഗുരുതരമായ അവസ്ഥയിലൂടെയാണ് കഴിഞ്ഞ കുറെ നാളുകളിലൂടെ കടന്നു പോകുന്നത്. 2024ൽ മാത്രം 9211 പേരാണ് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഡൽഹിയിൽ മരിച്ചത്. വായു മലിനീകരണം ഒരു നിശബ്ദ കൊലയാളിയെന്നതിന് ഇതില്പരം എന്തു തെളിവ് വേണം. ഈ വിഷയമാണ് ഇന്ന് സ്പോട്ട്ലൈറ്റും പരിശോധിക്കുന്നത്.
ഇന്ന് ദീപാവലിയാണ്. പടക്കം പൊട്ടിച്ചു വമ്പൻ ആഘോഷത്തിലാണ് ഉത്തരേന്ത്യ. ആഘോഷങ്ങൾ കഴിയുന്നതോടെ ഒട്ടും ശുഭകരമല്ലാത്ത മറ്റൊരു കഠിനമായ യാഥാർഥ്യത്തിലേക്കാണ് ഡൽഹി കണ്ണുതുറക്കുക. കാരണം പടക്ക ഉപയോഗം വായുവിന്റെ ഗുണനിലവാരം ഇനിയുമേറെ വഷളാക്കും. ശ്വസിക്കുന്നത് മലിനവായു ആണെന്ന് അറിഞ്ഞിട്ടും മാസങ്ങളോളം അതു തുടരേണ്ടിവരുന്ന ദുരവസ്ഥ. തണുപ്പ് കൂടുകയും കാറ്റിന്റെ വേഗത കുറയുകയും ചെയ്യുന്നതോടെ മലിനീകരണ കണികകൾ അന്തരീക്ഷത്തിൽ പടരാതെ ചുറ്റിലും കെട്ടിനിൽക്കുകയാണ്.
അയൽ സംസ്ഥാനങ്ങളിൽ വിളവെടുപ്പിന് ശേഷമുള്ള കാർഷികാവശിഷ്ടങ്ങൾ കത്തിക്കൽ, വാഹനങ്ങൾ, ഫാക്ടറികൾ എന്നിവയിൽ നിന്നുള്ള പുക ഇതെല്ലാം ഈ സാഹചര്യത്തിന് ആക്കം കൂട്ടുന്നു. എല്ലാ ശൈത്യകാലത്തും ആവർത്തിക്കുന്ന ഒരു ചോദ്യമുണ്ട്. എന്തുകൊണ്ടാണ് ഈ ദുരവസ്ഥ ആവർത്തിക്കപ്പെടുന്നത്. മലിനീകരണം തടയാൻ ശാശ്വത പരിഹാരമില്ലേ. പതിവിലും നേരത്തെയാണ് ഡൽഹിയിൽ ഇത്തവണ തയ്യാറെടുപ്പുകൾ നടത്തുകയും പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തത്.
ബിഎസ് 6 മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾക്ക് ഡൽഹിയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിരോധനം നവംബർ ഒന്നുമുതൽ നിലവിൽ വന്നു കഴിഞ്ഞു. മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റുള്ള വാഹനങ്ങൾക്ക് മാത്രമേ പമ്പുകളിൽ ഇന്ധനം നൽകൂവെന്ന തീരുമാനമാണ് മറ്റൊന്ന്. പൊടിപടലങ്ങൾ ഉയർത്തുന്ന രീതിയിൽ കെട്ടിടങ്ങൾ പൊളിക്കുന്നതും പുറംഭാഗങ്ങളിലെ കെട്ടിട നിർമാണങ്ങൾക്ക് നിരോധനവുമുണ്ട്. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനായി പാർക്കിംഗ് ചാർജ് ഇരട്ടിയാക്കി. ഒപ്പം ജീവനക്കാരിൽ 50 ശതമാനം പേർക്ക് സർക്കാർ, സ്വകാര്യ ഓഫീസുകൾക്ക് നിർദേശം നൽകുകയും ചെയ്തു. സാധാരണ ഇത്തരം നിയന്ത്രണങ്ങൾ വായു ഗുണനിലവാരം ഏറ്റവും മോശമാകുന്ന ഡിസംബർ അവസാനമോ ജനുവരി ആദ്യമോ വരുന്നതോ ആണ് പതിവ്. എന്നിരുന്നാലും ഈ നിയന്ത്രണം കൊണ്ടുമാത്രം ഒരു ഫലവും ഉണ്ടാകില്ല. കാരണം നിയന്ത്രണങ്ങൾ നിലവിൽ വന്നിട്ടും കാര്യങ്ങൾ പഴയപടിയാണ്. അയൽ സംസ്ഥാനങ്ങളിലെ അടക്കം ബാഹ്യഘടകങ്ങളും ഡൽഹിയിലെ മലിനീകരണത്തിന് കാരണമാണ്. അതിനാൽ എൻസിആർ പരിധിക്ക് അപ്പുറം നീളുന്ന കൂടുതൽ ശാശ്വതവും സമഗ്രവുമായ പദ്ധതിയാണ് ഡൽഹിക്ക് ആവശ്യം.
വായുമലിനീകരണ തോത് ഉയരുമ്പോഴെല്ലാം ജനങ്ങളുടെ ജീവനേക്കാൾ ചർച്ചയാകുന്നത് രാഷ്ട്രീയവിവാദങ്ങളാണ്. വായു മലിനമാകുന്നതോടെ പരസ്പരം പഴിചാരി വരുന്ന രാഷ്ട്രീയകക്ഷികൾ. ആ പതിവിനു ഇത്തവണയും മാറ്റമില്ല. കേന്ദ്രവും ഡൽഹിയും ഭരിക്കുന്ന ബിജെപിയും ഏറെനാൾ ഡൽഹി ഭരിച്ച ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിലാണ് പോര്. രാജ്യതലസ്ഥാനത്തെ വായുനിലവാരം തകർച്ചക്ക് കാരണം ആം ആദ്മിയുടെ വർഷങ്ങൾ നീണ്ട നിരുത്തരവാദ ഭരണമെന്നു ബിജെപി ആരോപ്പിക്കുമ്പോൾ, ഭരണ പരാജയം മറയ്ക്കാനുള്ള ശ്രമമെന്നാണ് എഎപിയുടെ തിരിച്ചടി.
അയൽ സംസ്ഥാനങ്ങളിലെ കാർഷികാവശിഷ്ടങ്ങൾ, പ്രത്യേകിച്ചു വൈക്കോൽ കത്തിക്കുന്നതാണ് പ്രധാന തർക്ക വിഷയം. പഞ്ചാബിൽ നിന്നുള്ള പുകയാണ് ഡൽഹിയെ ശ്വാസം മുട്ടിക്കുന്നതെന്നും അവിടെ ഭരണകക്ഷിയായ ആം ആദ്മി ഒന്നും ചെയ്യുന്നില്ലെന്നുമാണ് ആരോപണം. പഞ്ചാബിൽ വൈക്കോൽ കത്തിക്കുന്നത് ഗണ്യമായി കുറച്ചു കൊണ്ടുവന്നതായും ബിജെപി ഭരിക്കുന്ന ഹരിയാന, യുപി പോലുള്ള സംസ്ഥാനങ്ങളിലെ മലിനീകരണ കണക്ക് മറച്ചുവെച്ചാണ് ഈ വാദമെന്നും ആംആദ്മി പാർട്ടിയും തിരിച്ചടിക്കുന്നു.
ഈ വിഷയത്തിൽ ഭരണകൂടങ്ങളുടെയും ഉദ്യോഗസ്ഥരുടെയും മെല്ലെ പോക്കിനെതിരെ കടുത്ത ഭാഷയിലാണ് സുപ്രീം കോടതി വിമർശനം ഉന്നയിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നടത്തിയ പരാമർശങ്ങൾ അധികാരികൾക്കുള്ള ശക്തമായ താക്കീതു കൂടിയായിരുന്നു. ഡൽഹിയിലെ കാലാവസ്ഥ എല്ലാവരും ആസ്വദിക്കുന്നുണ്ടാകും എന്ന പരിഹാസത്തോടെ ആണ് കോടതി നടപടികൾ തുടങ്ങിയത്. വായു ഗുണനിലവാര സൂചിക മോശം അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും മലിനീകരണം തടയാൻ വാഹനങ്ങൾ നിയന്ത്രിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിക്കുകയും ചെയ്ത നടപടികളെ പഴയതും പരാജയപ്പെട്ടതുമായ പരീക്ഷണം എന്നാണ് സുപ്രീം കോടതി വിശേഷിപ്പിച്ചത്. മലിനീകരണത്തിന്റെ പേരിൽ കർഷകരെ മാത്രം പഴിചാരുന്ന പ്രവണതയെ വിമർശിച്ച കോടതിയും താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കണ്ണിൽ പൊടിയുന്നതിനും അപ്പുറം ശാശ്വതവും ശാസ്ത്രീയ പ്രതിവിധിയാണ് ആരായുന്നത്.
ഡൽഹിയുടെ ഈ തീരാദുരിതത്തിന് മുന്നിൽ ഭരണകൂടങ്ങൾക്ക് കൈമലർത്താനാകില്ല. കാരണം കൃത്യമായ ആസൂത്രണവും രാഷ്ട്രീയ ഇച്ഛാശക്തിയും ഉണ്ടെങ്കിൽ വായു മലിനീകരണത്തെ എങ്ങനെ തോൽപിക്കാമെന്ന് ചൈനയുടെ തലസ്ഥാനമായ ബീജിംഗ് ലോകത്തിന് മുൻപിൽ കാണിച്ചു തന്നിട്ടുണ്ട്. 2013ൽ ബീജിംഗിലെ വായുമലിനീകരണം ഡൽഹിയേക്കാൾ ഭീകരമായിരുന്നു. ലോകമാധ്യമങ്ങൾ അന്നു ബിജിങ്ങിനെ വായുവിനാശം എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ വമ്പൻ പദ്ധതികളിലൂടെ അവർ 10 വർഷം കൊണ്ടു അന്തരീക്ഷ മലിനീകരണത്തിന്റെ തോത് 50 ശതമാനത്തിലധികം കുറച്ചു. ബീജിംഗ് നഗരത്തോടൊപ്പം അതിന് ചുറ്റുമുള്ള അഞ്ചു പ്രവിശ്യകളെ കൂടി ഉൾപ്പെടുത്തി കർമ്മ പദ്ധതി തയ്യാറാക്കി. പ്രശ്നം ഉണ്ടെന്ന് പരസ്യമായി അംഗീകരിച്ച് അതിനെതിരെ യുദ്ധം പ്രഖ്യാപിച്ചും, വാഹന നിയന്ത്രണവും ഫാക്ടറികൾ മാറ്റിയും നിയമം ലംഘിക്കുന്ന കമ്പനികൾക്കും വ്യക്തികൾക്കും ശിക്ഷ കൂട്ടിയാണ് ബീജിങ്ങിനെ മലിനീകരണ മുക്ത നഗരമാക്കിയത്.
ചൈനയിലെയും ഇന്ത്യയിലെയും രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾ വ്യത്യസ്തമായതിനാൽ ബീജിംഗ് മാതൃക അതേപടി പകർത്തുന്നതിന് തടസങ്ങളുണ്ട്. എന്നാൽ അതിൽ നിന്ന് ഉൾക്കൊള്ളാവുന്ന നല്ല വശങ്ങൾ ഇന്ത്യൻ സാഹചര്യത്തിന് അനുസരിച്ചു മാറ്റം വരുത്തി ഡൽഹിയിലും നടപ്പിലാക്കാവുന്നതാണ്. അതിന് ആദ്യം വേണ്ടത് സംസ്ഥാനങ്ങളുടെ ഏകോപനമാണ്. ഡൽഹിക്ക് പുറമെ പഞ്ചാബ്, ഹരിയാണ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഒന്നിച്ചു പ്രവർത്തിക്കണം.
കേന്ദ്ര സർക്കാർ 2021ൽ രൂപം നൽകിയ കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെൻ്റിന് കൂടുതൽ അംഗീകാരം നൽകി കർശനമായ നടപടികളിലേക്ക് കടക്കണം. മലിനീകരണം പ്രതിവിധിയില്ലാത്ത പ്രതിഭാസമല്ലെന്നും കൃത്യമായ നിയമപാലനവും ദൃഢനിശ്ചയവും ഉണ്ടെങ്കിൽ പ്രതിരോധിക്കാൻ കഴിയുമെന്നാണ് ബീജിംഗ് നൽകുന്ന പാഠം. അതിനാൽ കൃതമായ ഏകോപനത്തോടെയുള്ള നയരൂപീകരണമുണ്ടായാൽ ഡൽഹിക്കും നീലാകാശം വീണ്ടെടുക്കാം