SPOTLIGHT | ബൈക്ക് വാങ്ങാൻ പോയാൽ മതം പറയണോ ?

സർക്കാരിനോട് ക​ഴി​ഞ്ഞ 15 വ​ർ​ഷ​ത്തെ ജ​ന​ന-​വാ​ഹ​ന ര​ജി​സ്ട്രേ​ഷ​നു​ക​ൾ, സ്കൂ​ൾ പ്ര​വേ​ശ​നം, ഭൂ​മി ഇ​ട​പാ​ടു​ക​ൾ എ​ന്നി​വ ഏതൊക്കെ മത വിഭാഗക്കാർ നടത്തി എന്ന വിവരങ്ങൾ അറിയിക്കാനാണ് ഇപ്പോൾ കേന്ദ്ര നിർദേശം എത്തിയിട്ടുള്ളത്.
SPOTLIGHT | ബൈക്ക് വാങ്ങാൻ പോയാൽ മതം പറയണോ ?
Published on: 
Updated on: 

നിങ്ങൾ ഒരു ബൈക്ക് രജിസ്റ്റർ ചെയ്യാൻ RTO യിൽ പോകുമ്പോഴോ വീട് രജിസ്റ്റർ ചെയ്യാൻ സബ് രജിസ്ട്രാർ ഓഫീസിൽ പോകുമ്പോഴോ അവിടെ മതം ചോദിക്കാറുണ്ടോ? നിങ്ങളുടെ കുട്ടിയെ സ്കൂളിൽ ചേർക്കുമ്പോൾ മതം നിർബന്ധമാണോ? അല്ല, നാം ഇതൊന്നും നൽകിയി​ട്ടി​ല്ലെങ്കിലും സർക്കാരിനോട് ക​ഴി​ഞ്ഞ 15 വ​ർ​ഷ​ത്തെ ജ​ന​ന-​വാ​ഹ​ന ര​ജി​സ്ട്രേ​ഷ​നു​ക​ൾ, സ്കൂ​ൾ പ്ര​വേ​ശ​നം, ഭൂ​മി ഇ​ട​പാ​ടു​ക​ൾ എ​ന്നി​വ ഏതൊക്കെ മത വിഭാഗക്കാർ നടത്തി എന്ന വിവരങ്ങൾ അറിയിക്കാനാണ് ഇപ്പോൾ കേന്ദ്ര നിർദേശം എത്തിയിട്ടുള്ളത്.

കേൾക്കുമ്പോൾ തമാശ തോന്നും, അല്ലേ? കേന്ദ്ര സർക്കാരിന്റെ ഒരു ഉന്നത സമിതി, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളോടും ഇതേ ചോദ്യം ചോദിച്ചിരിക്കുന്നു, കേരളത്തോടും. ഈ കണക്ക് കേട്ട് സംസ്ഥാനങ്ങൾ ഞെട്ടി നിൽക്കുകയാണ്. കാരണം കേന്ദ്രം ചോദിച്ച ഒന്നും കൈയിലില്ല, എന്നത് തന്നെ. രാജ്യത്തെ ജനസംഖ്യ വ്യതിയാനം പഠിക്കാൻ അഭ്യന്തര മന്ത്രാലയത്തിന്റെ കീഴിൽ നിയോഗിക്കപ്പെട്ട ഡീമോഗ്രാഫിക് ഹൈലെവൽ കമ്മിറ്റി സംസ്ഥാനങ്ങൾക്ക് അയച്ച 35 ചോദ്യങ്ങളാണ് ഇപ്പോൾ വിവാദമാകുന്നത്. അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞ് പുറത്താക്കാനുള്ള നടപടികളാണ് കൈകൊള്ളുന്നതെന്ന് കമ്മിറ്റി അവകാശപ്പെടുന്നുണ്ടെങ്കിലും ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് ആരോപണമുയരുന്നത്. ഈ വിഷയമാണ് ഇന്ന് സ്​പോട്ട്ലൈറ്റ് പരിശോധിക്കുന്നത്. ബൈക്ക് വാങ്ങാൻ പോയാൽ മതം പറയണോ?

ബൈക്ക് വാങ്ങാൻ പോയാൽ മതം പറയണോ?

രാജ്യത്തെ ചില പ്രദേശങ്ങളിലുണ്ടായ അസാധാരണവും ബോധപൂർവ്വവുമായ ജനസംഖ്യാ വ്യതിയാനങ്ങൾ രാജ്യസുരക്ഷക്ക് വലിയ വെല്ലുവിളിയാണെന്ന പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത് 2025 ഓഗസ്റ്റ് 15ന് ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽവെച്ചായിരുന്നു. ഈ വിഷയം ഗൗരവമായി കണ്ട് നയം രൂപീകരിക്കുമെന്നും പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി. പിന്നീട് വിഷയം ആഴത്തിൽ പഠിക്കാൻ സർക്കാർ തലത്തിൽ പ്രത്യേക സമിതികൾക്കും ഹൈ-ലെവൽ കമ്മിറ്റിക്കും രൂപം നൽകുകയായിരുന്നു. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് പ്രകാശ് പ്രഭാകർ നവോൽക്കർ അധ്യക്ഷനാകുകയും സെൻസസ് കമ്മീഷണർ, സാമ്പത്തിക വിദഗ്ധ ഡോ. ഷമിക രവി തുടങ്ങിയവർ ഉൾക്കൊള്ളുന്ന പാനലിനോട് ഒരു വർഷത്തിനുള്ളിൽ വിഷയത്തിൽ സമഗ്ര റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുകയും ചെയ്തു.

അതിർത്തി ജില്ലകളിലും നഗരങ്ങളിലും വ്യവസായ കേന്ദ്രങ്ങളിലും ആദിവാസി മേഖലകളിലും അനധികൃത കുടിയേറ്റം കൊണ്ട് അസാധാരണമായ ജനസംഖ്യാ മാറ്റം വരുന്നുണ്ടോ എന്ന് പഠിച്ച് റിപ്പോർട്ട് ചെയ്യാനായിരുന്നു ആവശ്യം. 2025 സെപ്റ്റംബർ 10ന് കേന്ദ്ര മന്ത്രിസഭ ഈ പാനലിന് അംഗീകാരം നൽകുകയും 2026 മെയ് 26-ന് ആഭ്യന്തര മന്ത്രാലയം വിഷയത്തിൽ ഔദ്യോഗിക ഉത്തരവ് ഇറക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയായാണ് പാനൽ കഴിഞ്ഞ ആഴ്ച സംസ്ഥാനങ്ങളി​ലെ ചീഫ് സെക്രട്ടറിമാർക്ക് കത്ത് അയച്ചത്. വിവിധ വിഷയങ്ങളിൽ സംസ്ഥാനങ്ങളിൽ നിന്ന് അറിയാനുള്ള കത്തിലെ ആ 35 ചോദ്യങ്ങളാണ് ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത്.

ആ ചോദ്യങ്ങൾ എന്തൊക്കെ​?

മുത്തച്ഛന്റെ ജനന സർട്ടിഫിക്കറ്റ് പോലും ഇല്ലാത്ത എത്ര ആളുകൾ പുതുതായി വോട്ടേഴ്സ് ലിസ്റ്റിൽ കയറിയിട്ടുണ്ട് ? ആ പട്ടികയിലെ മതം തിരിച്ചുള്ള കണക്ക് നൽകാമോ? ഇതായിരുന്നു പട്ടികയിലെ വിചിത്ര ചോദ്യം. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ പുതുതായി വന്ന അമ്പലങ്ങൾ, മുസ്‍ലിംപള്ളികൾ, ക്രിസ്ത്യൻ പള്ളികൾ എന്നിവ എത്രയാണ്? അതിന് GIS മാപ്പിംഗ് ഉപയോഗിച്ചോ? ഇതാണ് മറ്റൊരു ചോദ്യം. പട്ടിക വർഗക്കാർക്കിടയിൽ മതം മാറ്റം നടക്കുന്നുണ്ടോ ? അതിനെക്കുറിച്ച് ഇൻ്റലിജൻസ് റിപ്പോർട്ട് ഉണ്ടോ? ജനന രജിസ്ട്രേഷൻ, സ്കൂളിൽ ചേർന്ന കുട്ടികൾ, വാഹനങ്ങൾ സ്വന്തമാക്കിയവർ, വീടും സ്ഥലവും വാങ്ങിയവർ, റേഷൻ കാർഡ് സ്വന്തമാക്കിയവർ എന്നിവരുടെയും ജാതി ചോദിച്ചിട്ടുണ്ട്. ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി എന്നീ വിവിധ മതസ്ഥരുടെ എണ്ണവും സമർപ്പിക്കാൻ നിർദേശമുണ്ട്. ഇവയുടെ എല്ലാം 15 വർഷത്തെ ജില്ല തിരിച്ച്, വർഷം തിരിച്ച, മതം തിരിച്ച കണക്കുകളാണ് ചോദിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാനുള്ള എത്ര തടങ്കൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്​ ? ആധാർ, വോട്ടർ ഐഡി, റേഷൻ കാർഡ് എന്നിവയിൽ പെട്ടെന്ന് വർധനവ് ഉണ്ടായ ജില്ലകൾ ഏതൊക്കെയാണ് ? വ്യാജ രേഖകൾ പിടിച്ച എത്ര കേസുകൾ ഉണ്ട് ? അനധികൃത കുടിയേറ്റം തടയാൻ സംസ്ഥാനം ഉണ്ടാക്കിയ നിയമങ്ങൾ എന്തൊക്കെയാണ്? മതപരമായി അസാധാരണമായ ജനസംഖ്യാ വ്യതിയാനം നടന്നിട്ടുണ്ടോ എന്നും ഉണ്ടെങ്കിൽ അതിനെ പഴയ അവസ്ഥയിലേക്ക് തിരിച്ചു കൊണ്ടുവരാൻ പുതിയ നിയമം വേണോ? എന്നൊക്കെയായിരുന്നു ചോദ്യങ്ങൾ.

പ്രൊഫൈലിങ് നടക്കുമോ?

RTOയിലും സബ് രജിസ്ട്രാർ ഓഫീസിലും ആധാർ, റേഷൻ, വോട്ടർ ഐഡിയിലും ഒരു സംസ്ഥാനത്തും ഒരിക്കലും മതം ചോദിച്ചിട്ടില്ല. ഭരണഘടനയുടെ മതേതര ചട്ടക്കൂട് അങ്ങനെ ചെയ്യാൻ അനുവദിക്കുന്നുമില്ല. ജനന രജിസ്ട്രേഷനും അനധികൃത കുടിയേറ്റക്കാരുടെ കണക്കും ഒഴികെ മറ്റൊന്നിലും മതം തിരിച്ച വിവരങ്ങൾ നിലവിലില്ല. 15 വർഷത്തെ മതം തിരിച്ചുള്ള ഡാറ്റ ഇല്ലാത്തിടത്ത് അത് എങ്ങനെ ശേഖരിക്കും? ഒരു വഴിയേയുള്ളൂ, പേരിൽ നിന്ന് മതം ഊഹിക്കുക. അബ്ദുള്ള എന്ന് കണ്ടാൽ മുസ്ലീം, രമേശ് എന്ന് കണ്ടാൽ ഹിന്ദു എന്ന് അനുമാനിക്കേണ്ടിവരും. ഇതാണ് പ്രൊഫൈലിംഗ്. പേരിൽ നിന്ന് മതം ഊഹിച്ച് കണക്ക് കൊടുക്കുന്നത് തെറ്റായ കണക്കുണ്ടാക്കും. അതിന് സംസ്ഥാനം മുതിരുമോ? ഉണ്ടായേക്കില്ല എന്ന് പ്രതീക്ഷിക്കാം. അലഹബാദ് ഹൈക്കോടതി 2025ൽ പൊലീസ് രേഖകളിൽ ജാതി പ്രൊഫൈലിംഗ് പാടില്ലെന്ന് വിധിച്ചതാണ്. അതേ യുക്തി മതത്തിനും ബാധകമാകും. പേര് നോക്കി മതം നിർണയിക്കുന്നത് ഭരണഘടനാപരമായ തുല്യതയെയും പൗരാവകാശങ്ങളെയും നേരിട്ട് ലംഘിക്കുന്നതുമാണ്. ഈ ചോദ്യം ഉന്നയിച്ച പാനലിന്റെ യുക്തിയിലാണ് ഇവിടെ ചോദ്യം ഉയരുന്നത്. ഡാറ്റ ഇല്ലാത്തിടത്ത് ഡാറ്റ സൃഷ്ടിക്കാൻ നിർബന്ധിക്കുന്നത് സെക്കുലർ ഭരണത്തിന്റെ അടിത്തറയെ തന്നെ ഇളക്കാനുള്ള ശ്രമമല്ലേ.

പൗരൻ്റെ ഐഡൻ്റിറ്റിയെ വർഗീകരിക്കാ​മോ?

ഒരു പഴയ സംഭവം കൂടി ഓർമിപ്പിച്ചാലേ ഈ ചോദ്യങ്ങളിലെ വൈരു​ദ്ധ്യവും കേന്ദ്ര ഭരണകൂടത്തിൻ്റെ നയവും കൂടുതൽ വ്യക്തമാകൂ. 2005ൽ സച്ചാർ കമ്മീഷൻ മുസ്ലീങ്ങളുടെ സാമൂഹിക, സാമ്പത്തിക അവസ്ഥ പഠിക്കാൻ നിയോഗിക്കപ്പെട്ടപ്പോൾ അതിനെ ശക്തമായി എതിർത്ത പാർട്ടിയാണ് ബിജെപി. “മതത്തിന്റെ പേരിൽ ആളുകളെ തിരിക്കുന്നത് രാജ്യത്തെ വിഭജിക്കും” എന്നായിരുന്നു അന്നത്തെ ആഹ്വാനം.

ഇന്ന് അതേ പാർട്ടിയുടെ സർക്കാരാണ് വാഹനം വാങ്ങിയവരുടെയും ഭൂമി വാങ്ങിയവരുടെയും മതം തിരിച്ചുള്ള ഡാറ്റ ആവശ്യപ്പെടുന്നത്. ജാതി സെൻസസ് ആവശ്യപ്പെടുമ്പോൾ അത് സമൂഹത്തെ വിഭജിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നവർ തന്നെ മത ഡാറ്റയുടെ അപകടം കണ്ടില്ലെന്ന് നടിക്കുന്നു. രണ്ടും ഒരുപോലെ സെൻസിറ്റീവ് ആണ്. ഒന്ന് “സാമൂഹിക നീതി”യുടെ പേരിലും മറ്റൊന്ന് “രാജ്യസുരക്ഷ”യുടെ പേരിലും എന്ന് പറഞ്ഞ് പ്രത്യേകം കള്ളികളിലാക്കി ന്യായീകരിക്കാൻ കഴിയില്ല. ഡാറ്റയുടെ സ്വഭാവം ഒന്നു തന്നെയാണ് പൗരൻ്റെ ഐഡൻ്റിറ്റിയെ ഔദ്യോഗികമായി വർഗീകരിക്കുന്നത് തന്നെയാണ് ഈ നടപടി.

ചോ​ദ്യ​ങ്ങ​ളു​ടെ യു​ക്തി​യെ​ന്താ​ണ്?

ജ​ന​ന​നി​ര​ക്കി​ലെ ഇ​ടി​വ്, വ​ർ​ധി​ച്ചു​വ​രു​ന്ന ആ​യു​ർ​ദൈ​ർ​ഘ്യം, വ​യോ​ജ​ന​ങ്ങ​ളു​ടെ വ​ർ​ധ​ന, തൊ​ഴി​ൽ കു​ടി​യേ​റ്റം, അ​തി​വേ​ഗ ന​ഗ​ര​വ​ത്ക​ര​ണം തു​ട​ങ്ങി​യ സ്വാ​ഭാ​വി​ക ഘ​ട​ക​ങ്ങ​ളാ​ണ് ജ​ന​സം​ഖ്യാ​പ​ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്ക് ആ​ധാ​ര​മെ​ന്നി​രി​ക്കെ പാനൽ ഉയർത്തിയ ചോ​ദ്യ​ങ്ങ​ളു​ടെ യു​ക്തി​യെ​ന്താ​ണ്?

അനധികൃത കുടിയേറ്റം അതിർത്തി പങ്കിടുന്ന അസം, പശ്ചിമ ബംഗാൾ, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രാദേശിക ജനസംഖ്യാ ഘടനയെ സ്വാധീനിക്കുന്നുണ്ടെങ്കിലും, ദേശീയ തലത്തിലുള്ള ജനസംഖ്യാ വ്യതിയാനത്തിന്റെ പ്രധാന കാരണം അതല്ല. അതിനാൽ “അസാധാരണ ജനസംഖ്യ വ്യതിയാനം” എന്ന ആഖ്യാനം നിർമ്മിക്കുന്നത് യഥാർത്ഥ കാരണങ്ങളെ മറച്ചുവെച്ച് രാജ്യത്ത് മതപരമായ ധ്രുവീകരണത്തിന് വഴിവെക്കാൻ ആണെന്നാണ് ഉയരുന്ന ആക്ഷേപം. മുസ്‍ലിങ്ങളെ ലക്ഷ്യമിട്ട നീക്കമാ​ണെന്ന് കോൺ​ഗ്രസ് വക്താവ് ജയറാം രമേശും അസദുദ്ദീൻ ഒവൈസിയും വ്യക്തമാക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ർ, മ​ണ്ഡ​ല പു​ന​ർ​നിർ​ണ​യം തു​ട​ങ്ങി​യ ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​തി​യ ജ​ന​സം​ഖ്യാ​പ​ഠ​നം പ​ല​വി​ധ രാ​ഷ്ട്രീ​യ ദു​രൂ​ഹ​ത​ക​ൾ​ക്ക് ഇ​ട​ന​ൽ​കു​ന്നു​മുണ്ട്.

അ​പ്രാ​യോ​ഗി​ക​വും ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്യു​ന്ന തു​ല്യ​ത​ക്കും പൗ​രാ​വ​കാ​ശ​ങ്ങ​ൾ​ക്കും വി​രു​ദ്ധ​വു​മാ​ണ് ചോദ്യാവലി എന്നതിൽ സംശയമില്ല. അനധികൃത കുടിയേറ്റത്തിന്റെ പേരിൽ ജനസംഖ്യാ വ്യതിയാനത്തെ മതപരമായ ഒരു ലെൻസിലൂടെ മാത്രം നോക്കിക്കാണാനും പൗരന്മാരെ കണക്കുകളിൽ തരംതിരിക്കാനുമുള്ള ഈ നീക്കം ജനാധിപത്യ സമൂഹത്തിൽ വലിയ ആശങ്കകൾ സൃഷ്ടിച്ചുകഴിഞ്ഞു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ എന്ത് മറുപടി കൊടുക്കും എന്നതാണ് ഇനി കാണാനുള്ളത്. സെക്കുലറിസം ഭരണഘടനയുടെ അടിസ്ഥാന തത്വമാണ്. അതിനെ ബാധിക്കുന്ന നീക്കങ്ങൾ ഉണ്ടായിക്കൂടാ എന്ന് ഓർമിപ്പിച്ച് കൊണ്ട് ഇന്നത്തെ സ്​പോട്ട്ലൈറ്റ് പൂർണമാകുന്നു.

News Malayalam 24x7
newsmalayalam.com