നേരത്തെ പൂക്കുന്ന കണിക്കൊന്നകള്‍..

കേരളത്തിൻ്റെ സംസ്‌കാരവും കൃഷിയും ഉത്സവങ്ങളും കാലാവസ്ഥയുമായി ബന്ധപ്പെട്ടതാണ്
നേരത്തെ പൂക്കുന്ന കണിക്കൊന്നകള്‍..
Source: News Malayalam 24x7
Published on
Updated on

''കര്‍ണികാരം പൂത്തുതളിര്‍ത്തു, കല്‍പ്പനകള്‍ താലമെടുത്തു'' വിഷുവെത്തും മുമ്പേ മഞ്ഞപ്പട്ടുടുക്കുന്ന കണിക്കൊന്ന നല്‍കുന്ന പ്രതീക്ഷകളെ , ഗായകന്‍ ജയചന്ദ്രൻ്റെ ആലാപനത്തിലൂടെ നാം ഏറെ കേട്ടതാണ്. എന്നാല്‍ വിഷുവിന് മാസങ്ങള്‍ ബാക്കിനില്‍ക്കെ കേരളത്തിലുടനീളം കണിക്കൊന്നകള്‍ പൂത്തുലയുന്ന കാഴ്ച കാണുമ്പോള്‍ കാലം തെറ്റുന്ന കേരളത്തിൻ്റെ പാരിസ്ഥിതിക ജൈവഘടികാരത്തിൻ്റെ സ്പന്ദനം നാം അറിഞ്ഞു. സംസ്ഥാനം വീണ്ടും ചൂടിന്റെ നെരിപ്പോടിലേക്ക് ചുവടുവെക്കുമ്പോള്‍ കണിക്കൊന്നച്ചെടികള്‍ നല്‍കുന്ന കാലാവസ്ഥാ വ്യതിയാന സൂചനയെക്കുറിച്ച് ഒന്നു നോക്കാം..

നേരത്തെ പൂക്കുന്ന കണിക്കൊന്നകള്‍

കേരളത്തിൻ്റെ സംസ്‌കാരവും കൃഷിയും ഉത്സവങ്ങളും കാലാവസ്ഥയുമായി ബന്ധപ്പെട്ടതാണ്. പണ്ടുകാലത്ത് കര്‍ഷകര്‍ തങ്ങളുടെ കാര്‍ഷിക കലണ്ടര്‍ തയ്യാറാക്കിയിരുന്നത് കണിക്കൊന്നയുടെ പൂവിടല്‍ കൂടി നിരീക്ഷിച്ചായിരുന്നു. സാധാരണ മീനമാസത്തില്‍ മൊട്ടിട്ട് തുടങ്ങുന്ന കണിക്കൊന്ന, മേടം ഒന്നിന് പൂര്‍ണമായി പൂത്തുനില്‍ക്കും. കണിക്കൊന്ന പൂത്ത് ഏകദേശം 45 ദിവസത്തിനുള്ളില്‍ മഴ എത്തുമെന്നാണ് പഴമക്കാരുടെ കണക്ക് . എന്നാല്‍ ഏത് സീസണിലും പൂക്കുന്ന ഒന്നായി കണിക്കൊന്ന മാറി. ഡിസംബര്‍ , ജനുവരി മാസങ്ങളില്‍ പോലും പൂത്തുവരുന്നത് നാം സ്ഥിരമായി കാണാറുണ്ട്. കാലാവസ്ഥാ വ്യതിയാനം എങ്ങനെ ഒരു സമൂഹത്തിൻ്റെ ആചാരങ്ങളെപ്പോലും മാറ്റുന്നു എന്നതിന് ഉദാഹരണമായി ഈ അകാലമായി പൂക്കുന്ന കണിക്കൊന്നയെ വിലയിരുത്തി വരുന്നു.

ഒരു സസ്യത്തിൻ്റെ അതിജീവനം

ആഗോള താപനം കാരണം ഭൂമിയിലെ ചൂട് കൂടുന്നത് സസ്യങ്ങളുടെ വളര്‍ച്ചാ ചക്രത്തെ ബാധിക്കുന്നുണ്ട്. ചൂട് കൂടുമ്പോള്‍ മരങ്ങളില്‍ ഹോര്‍മോണ്‍ വ്യതിയാനം സംഭവിക്കുകയും അവ നേരത്തെ പൂവിടാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു. വേനല്‍ നേരത്തെ എത്തുന്നതും അന്തരീക്ഷത്തിലെ വായുവില്‍ ഈര്‍പ്പം കുറയുന്നതും ചെടികളെ വേഗത്തില്‍ പുഷ്പിക്കാന്‍ പ്രേരിപ്പിക്കുന്നു. ചൂട് കൂടി സഞ്ചിത താപമൂല്യം ഒരു പരിധിയില്‍ കവിയുമ്പോള്‍ കണിക്കൊന്നയില്‍ ഫേളാറിജന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. തല്‍ഫലമായി, മരം അതിൻ്റെ അതിജീവനത്തിനായി വിത്തുകള്‍ വേഗത്തില്‍ ഉത്പാദിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രതിഭാസമാണ് 'സ്‌ട്രെസ് ബ്ലൂമിംഗ്'.. കാലാവസ്ഥാ വ്യതിയാനത്തോട് സസ്യം നടത്തുന്ന ഒരു അതിജീവന തന്ത്രമാണ് കണിക്കൊന്നയുടെ നേരത്തെയുളള പുഷ്പിക്കല്‍ പ്രതിഭാസം. ഇത് കേരളത്തിൻ്റെ കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ഒരു പ്രധാന മുന്നറിയിപ്പായി പരിസ്ഥിതി ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നു.

ജൈവഘടികാരത്തിലെ താളംതെറ്റല്‍

സസ്യങ്ങളും അവയെ ആശ്രയിച്ചു ജീവിക്കുന്ന ജീവികളും തമ്മില്‍ ഒരു ക്രമ ബന്ധമുണ്ട്. കണിക്കൊന്ന പൂക്കുന്ന സമയത്താണ് പ്രത്യേകതരം ചിത്രശലഭങ്ങളും തേനീച്ചകളും എത്തുന്നത്. പൂക്കള്‍ നേരത്തെ വിരിയുകയും പരാഗണകാരികള്‍ എത്താന്‍ വൈകുകയും ചെയ്താല്‍, പൂക്കള്‍ വിത്തുകളാകാതെ കൊഴിഞ്ഞുപോവുകയും ആ ജീവിവര്‍ഗങ്ങള്‍ക്ക് ഭക്ഷണം ലഭിക്കാതെ വരികയും ചെയ്യുന്നു. ഇത് ജൈവവൈവിധ്യത്തെ തകര്‍ക്കുമെന്നാണ് ഉയരുന്ന ആശങ്ക. കണിക്കൊന്നയെപ്പോലെയുള്ള നാട്ടുസസ്യങ്ങള്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആഗിരണം ചെയ്യുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. കാലാവസ്ഥാ വ്യതിയാനം അവയുടെ കാര്‍ബണ്‍ ആഗിരണ ശേഷിയെ കുറയ്ക്കുന്നുമുണ്ട്. കേരളത്തില്‍ അടുത്ത കാലത്തായി കണ്ടുവരുന്ന 'ഉഷ്ണതരംഗം പോലുള്ള സാഹചര്യങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയാന്‍ ഇത്തരം സസ്യങ്ങളുടെ സ്വഭാവമാറ്റങ്ങള്‍ നിരീക്ഷിക്കുന്നതിലൂടെ സാധിക്കും.

ഉഷ്ണതരംഗങ്ങളുടെ സാന്നിധ്യം

2024ല്‍ കേരളത്തില്‍ രേഖപ്പെടുത്തിയത് 1901ന് ശേഷമുളള ഏറ്റവും ഉയര്‍ന്ന താപനിലയാണ്. പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളിലായി ചരിത്രത്തിലാദ്യമായി ഉഷ്ണതരംഗം സ്ഥിരീകരിക്കപ്പെട്ടത് ആ വര്‍ഷമായിരുന്നു. കേരളത്തിൻ്റെ ഭൂപ്രകൃതി അനുസരിച്ച് തീര മേഖലകളിലും ഹൈറേഞ്ചിലുമാണ് കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. പണ്ട് രാത്രികാലങ്ങളില്‍ അന്തരീക്ഷം നന്നായി തണുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ രാത്രിയിലെ 'കുറഞ്ഞ താപനില' ഉയര്‍ന്നുതന്നെ ഇരിക്കുകയാണ്. ഇത് ഭൂമിക്ക് ചൂട് പുറത്തുവിടാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. അറബിക്കടലിലെ ഉപരിതല താപനില വേഗത്തില്‍ വര്‍ധിക്കുന്നത് കേരളത്തിലെ തീരദേശങ്ങളില്‍ ഉഷ്ണവും ഈര്‍പ്പവും കൂടാന്‍ കാരണമാണ്. ചൂടിനെ ആഗിരണം ചെയ്തിരുന്ന പാടശേഖരങ്ങളും നീര്‍ത്തടങ്ങളും നികത്തപ്പെട്ടതോടെ ഭൂമിക്ക് സ്വാഭാവികമായി തണുക്കാന്‍ കഴിയാത്ത അവസ്ഥ വന്നു. താപനിലയോടൊപ്പം അന്തരീക്ഷത്തിലെ ഈര്‍പ്പവും ഉയരുന്നത് ചൂട് വർധിപ്പിക്കുന്നു. ഇത് 36 ഡിഗ്രി ചൂടിനെപ്പോലും 42 ഡിഗ്രിക്ക് മുകളിലായി തോന്നിപ്പിക്കും. കഴിഞ്ഞ വര്‍ഷം ഇടമഴ കിട്ടിയതിനാല്‍ ചൂട് അധികം രൂക്ഷമായില്ല. ഈ വര്‍ഷമാകട്ടെ, പാലക്കാട്ട്, 40 ഡിഗ്രി ചൂട് പിന്നിട്ടു കഴിഞ്ഞു.

കാര്‍ഷിക മേഖലയിലെ തകര്‍ച്ച

കാലാവസ്ഥാ വ്യതിയാനം കേരളത്തിൻ്റെ നട്ടെല്ലായ കാര്‍ഷിക മേഖലയെ താറുമാറാക്കിക്കഴിഞ്ഞു. നെല്ലിൻ്റെ ഉത്പാദനത്തില്‍ വലിയ കുറവുണ്ടാക്കി. തെങ്ങ്, കുരുമുളക്, മാവ് എന്നിവയുടെ പൂവിടലിനെയും ഫലപ്രാപ്തിയെയും ചൂട് ബാധിച്ചു. കാലാവസ്ഥാ വ്യതിയാനം കാരണം വയനാട്ടിലെ കാപ്പി ഉത്പാദനത്തില്‍ 40% കുറവുണ്ടായതായി കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. അപ്രതീക്ഷിത മഴയും ചൂടും മൂലം കര്‍ഷകര്‍ കുരുമുളക്, വാഴ തുടങ്ങിയ ബദല്‍ കൃഷികളിലേക്ക് മാറാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമാണ്. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ നാം 'കാലാവസ്ഥാ സന്തുലിത കൃഷി' രീതികളിലേക്ക് മാറേണ്ടതുണ്ട്.

കൂടുതല്‍ പഠനം വേണം

കണിക്കൊന്നയുടെ കാലചക്രത്തിലുണ്ടായ മാറ്റം, പ്രകൃതി നമുക്ക് നല്‍കുന്ന ഗൗരവകരമായ ഒരു താക്കീതാണ്. ഭൂമിക്ക് പനി ബാധിച്ചിരിക്കുന്നു എന്നതിൻ്റെ ലക്ഷണം. കാലാവസ്ഥാ വ്യതിയാനം എന്ന വലിയ അപകടത്തിൻ്റെ ഒരു 'സൂചകം' ആയി അതിനെ കണക്കാക്കാം. കേരളത്തിലെ കാലാവസ്ഥയിലും പരിസ്ഥിതിയിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ മാറ്റങ്ങളില്‍ ശാസ്ത്രീയമായി ഗൗരവ പഠനം ഇനിയും നടന്നിട്ടില്ല എന്നത് അധികാരികള്‍ ഇനിയും ഉണര്‍ന്നിട്ടില്ല, എന്നതിൻ്റെ ലക്ഷണമാണ്. തണുപ്പു പെയ്യേണ്ട ഹൈറേഞ്ചും കടല്‍ക്കാറ്റേല്‍ക്കേണ്ട തീരദേശവും ഒരുപോലെ വെന്തുരുകുമ്പോള്‍ നാം ഇത്രയും കാലം പിന്തുടര്‍ന്ന വികസന മാതൃകകളെ പുന:പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com