പിണറായിയെ കുരുക്കാൻ ഇഡി

ഇഡിയുടെ അന്വേഷണത്തിൽ ലഭിച്ച തെളിവുകളും വിവരങ്ങളും ഉൾപ്പെടുത്തി സെക്ഷൻ 66ൻ്റെ 2 ഉപവകുപ്പ് പ്രകാരമാണ് ഡിജിപിക്ക് കത്തയച്ചിട്ടുള്ളത്.
ED to implicate Pinarayi
പിണറായിയെ കുരുക്കാൻ ഇഡി
Published on
Updated on

സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻമന്ത്രി മുഹമ്മദ് റിയാസ്, വീണ ടി. എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അഥവാ ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നു. ഇ.ഡിയുടെ അന്വേഷണത്തിൽ ലഭിച്ച തെളിവുകളും വിവരങ്ങളും ഉൾപ്പെടുത്തി പണം വെളുപ്പിക്കൽ നിരോധന നിയമം സെക്ഷൻ 66ൻ്റെ 2 ഉപവകുപ്പ് പ്രകാരമാണ് ഡിജിപിക്ക് കത്തയച്ചിട്ടുള്ളത്. മകൾ വഴി പിണറായി വിജയൻ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ഇഡി റിപ്പോർട്ടിലുള്ളത്. കേസിൽ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താൻ വിജിലൻസിന് മാത്രമേ അധികാരമുള്ളൂ എന്നതിനാലാണ് ഇഡി സംസ്ഥാന ഡിജിപിക്ക് കത്ത് നൽകാൻ മുതിർന്നത്. യാതൊരു സേവനവും നൽകാതെ സിഎംആർഎൽ - എക്സാലോജിക് കമ്പനി വീണയ്ക്ക് 1.72 കോടി രൂപ നൽകിയെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ മാസങ്ങളായി തുടരുന്ന ഇഡി അന്വേഷണമാണ് ഒടുവിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനിലേക്ക് എത്തിയത്.

മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ഉൾപ്പെട്ട കേസായതിനാൽ സംസ്ഥാന സർക്കാരും ആഭ്യന്തര വകുപ്പും ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്നത് ഏറെ നിർണ്ണായകമാണ്.

പിണറായിയെ കുരുക്കാൻ ഇഡി

സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ഇഡി അന്വേഷണ റിപ്പോർട്ടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. റിപ്പോർട്ടിൽ ഒന്നാംപേരുകാരനായി ഉൾപ്പെടുത്തിയ പിണറായി വിജയൻ, മകൾ വീണ വഴി സിഎംആർഎല്ലിൽ നിന്നും 3.28 കോടി രൂപ കൈക്കൂലിയായി കൈപ്പറ്റിയെന്നും, ഈ പണം മുഹമ്മദ് റിയാസിൻ്റെയും മറ്റ് കൂട്ടാളികളുടെയും നേതൃത്വത്തിൽ ദുബായിലേക്ക് കടത്തിയെന്നുമാണ് ഇഡി വ്യക്തമാക്കുന്നത്. സിഎംആർഎൽ മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ പി. സുരേഷ് കുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിണറായി വിജയനെതിരെ ഇഡി ഈ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.

ED to implicate Pinarayi
മമ്മൂട്ടി: വയസ്സിലൊതുക്കാനാകാത്ത താരശരീരം

കൈക്കൂലിപ്പണം ശേഖരിക്കുന്നതിനും അത് കൃത്യമായി മറ്റ് മാർഗ്ഗങ്ങളിലൂടെ വിദേശത്തേക്ക് മാറ്റുന്നതിനും വീണ ഇരുവർക്കും സജീവ സഹായം നൽകിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഐടി കമ്പനിയെ വ്യാജ പേയ്‌മെന്റുകൾ വഴിതിരിച്ചുവിടാൻ ഉപയോഗിച്ച ഒരു 'കോർപ്പറേറ്റ് വെഹിക്കിൾ ' മാത്രമായാണ് അന്വേഷണ ഏജൻസി വിശേഷിപ്പിക്കുന്നത്. സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്ത, മുൻ സിഎഫ്ഒ പി. സുരേഷ് കുമാർ എന്നിവരെ കൈക്കൂലി നൽകിയതിനും അതിന് കൂട്ടുനിന്നതിനുമുള്ള പ്രധാന വ്യക്തികളായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ, എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ്സ് എന്ന സ്ഥാപനത്തെ പണം കൈമാറാനുള്ള ഇടനിലക്കാരായി ഉപയോഗിച്ചതായും രേഖകൾ ചൂണ്ടിക്കാണിക്കുന്നു... ഷൈജൽ മുഹമ്മദ്, നിഖിൽ പി, വാരിസ്, ഫൈജാസ് വി പി, നന്ദുലാൽ എം തുടങ്ങി നിരവധി പേർ പണം ശേഖരിക്കുന്നതിലും വിദേശത്തേക്ക് കടത്തുന്നതിലും സഹായികളായി പ്രവർത്തിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

സിഎംആർഎൽ -എക്സാലോജിക് കേസ് നാൾവഴി

2017 നും 2020 നും ഇടയിൽ വീണക്കും അവരുടെ കമ്പനിക്കും സിഎംആർഎൽ 1.72 കോടി രൂപ നൽകിയതായി ആദായനികുതി വകുപ്പിൻ്റെ തർക്കപരിഹാര ബോർഡ് കണ്ടെത്തിയിരുന്നു. എക്‌സാലോജിക് കമ്പനി സിഎംആർഎല്ലിന് യാതൊരുവിധ സോഫ്റ്റ്‌വെയർ അല്ലെങ്കിൽ കൺസൾട്ടൻസി സേവനങ്ങളും നൽകിയിട്ടില്ലെന്നും, എന്നാൽ ബാങ്ക് അക്കൗണ്ടുകൾ വഴി കൃത്യമായി പണം കൈമാറിയിട്ടുണ്ടെന്നും അന്വേഷണ ഏജൻസികൾ വെളിപ്പെടുത്തിയിരുന്നു. സിഎംആർഎൽ കമ്പനി തങ്ങളുടെ ചെലവുകൾ പെരുപ്പിച്ചു കാട്ടി കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി 2019ൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലും തെളിഞ്ഞിരുന്നു.

ഈ റെയ്ഡിൽ പിടിച്ചെടുത്ത രേഖകളിൽ നിന്നാണ് വീണ വിജയന്റെ കമ്പനിക്ക് സിഎംആർഎൽ വലിയ തുക കൈമാറിയ വിവരം പുറത്തുവരുന്നത്. ഈ തുക ബിസിനസ് ആവശ്യങ്ങൾക്കായി നൽകിയതാണെന്ന് അംഗീകരിക്കാൻ ആദായനികുതി വകുപ്പിന്‍റെ ഇടക്കാല സെറ്റിൽമെന്റ് ബോർഡ് വിസമ്മതിച്ചു. ‘ചെയ്യാത്ത സേവനത്തിനാണ് പണം നൽകിയത്’ എന്ന് ബോർഡ് നിരീക്ഷിച്ചതോടെയാണ് ഈ വിഷയം വൻ രാഷ്ട്രീയ വിവാദമായി മാറിയത്.

ഇഡി യുടെ അന്വേഷണ വഴികൾ

വലിയ കോർപ്പറേറ്റ് തട്ടിപ്പുകൾ അന്വേഷിക്കുന്ന കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് എന്ന SFIO നടത്തിയ അന്വേഷണത്തിൽ വീണാ വിജയന് ഈ സാമ്പത്തിക ഇടപാടിൽ സുപ്രധാന പങ്കുണ്ടെന്നും, ഇത് വ്യക്തമായ ഒത്തുകളിയും പണം തട്ടിയെടുക്കലുമാണെന്നും കണ്ടെത്തി. തുടർന്ന് 2025 ഏപ്രിലിൽ SFIO കോടതിയിൽ ഔദ്യോഗികമായി പരാതി സമർപ്പിക്കുകയും , ആ റിപ്പോർട്ടിൽ വീണ 11-ാം പ്രതി ആകുകയും ചെയ്തു.

തുടർന്നാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി ഈ ഇടപാടിൽ അന്വേഷണം ആരംഭിച്ചത്. ഇഡിയുടെ അന്വേഷണത്തെയും സമൻസിനെയും ചോദ്യം ചെയ്ത് സിഎംആർഎൽ കമ്പനിയും എംഡി ശശിധരൻ കർത്തയും ഹൈകോടതിയെ സമീപിച്ചു. എഫ്ഐആർ ഇല്ലാതെ ഇഡിക്ക് അന്വേഷിക്കാൻ അധികാരമില്ലെന്നായിരുന്നു അവരുടെ വാദം. എന്നാൽ 2026 മേയ് 26ന് ഹൈക്കോടതി ഈ ഹർജികൾ തള്ളി. ഇഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും, കമ്പനി ഉദ്യോഗസ്ഥർ ഇഡിക്ക് മുന്നിൽ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. തുടർന്നാണ് പിണറായി വിജയന്റെ വസതികളിലും പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതി ഉൾപ്പെടെ 12 സ്ഥലങ്ങളിലും ഇഡി വ്യാപകമായ പരിശോധന നടത്തിയത്.

ദുബായിലേക്ക് കടത്തിയ പണത്തിന്‍റെ വിവരങ്ങളടങ്ങിയ കൈയെഴുത്ത് രേഖകൾ പരിശോധനയിൽ കണ്ടെടുത്തതായി ഇഡി അവകാശപ്പെട്ടു. സിഎംആർഎല്ലിൽ നിന്നും കൈപ്പറ്റിയതിന് പുറമേ വീണ ഏകദേശം 20.05 കോടി രൂപയുടെ ഇന്ത്യൻ കറൻസി ഇടപാടുകളും 3.49 ലക്ഷം ദിർഹത്തിന്റെ ദുബായ് ഹവാല ഇടപാടുകളും നടത്തിയതിന്റെ തെളിവുകൾ ഇഡി പുറത്തുവിട്ടിരുന്നു.

ഇഡിയുടെ ചൂണ്ടയിൽ ആഭ്യന്തര വകുപ്പ് കുടുങ്ങു​മോ?

ഇഡിയുടെ കത്ത് കിട്ടിയെന്നും പരിശോധിച്ച ശേഷം കാര്യങ്ങൾ തീരുമാനിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ഉൾപ്പെട്ട കേസായതിനാൽ സംസ്ഥാന സർക്കാരും ആഭ്യന്തര വകുപ്പും വിഷയത്തെ കരുതലോടെയാണ് സമീപിക്കുന്നത്. ഉന്നതരായ രാഷ്ട്രീയ നേതാക്കൾ പ്രതിസ്ഥാനത്ത് വരുന്നതുകൊണ്ട് തന്നെ കൃത്യമായ നിയമോപദേശവും വിപുലമായ കൂടിയാലോചനകളും പൂർത്തിയാക്കിയ ശേഷമായിരിക്കും ഡിജിപിയുടെ ഭാഗത്തുനിന്നും മറ്റ് തുടർനടപടികൾ ഉണ്ടാവുക.

ഇഡിയുടെ കത്തിൽ അറിയപ്പെടാത്ത മറ്റുള്ളവർ' എന്നൊരു വിഭാഗത്തെക്കൂടി ഗൂഢാലോചനക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് അവരുടെ അന്വേഷണം കൂടുതൽ പേരിലേക്ക് നീളുമെന്നതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്. സിഎംആർഎൽ കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറുടെ കിടപ്പുമുറിയിൽ നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്ത ഡയറിക്കുറിപ്പുകളിലും രേഖകളിലും പ്രമുഖ യുഡിഎഫ് നേതാക്കളുടെ പേരുകൾ ചുരുക്കെഴുത്തുകളായി പരാമർശിക്കപ്പെട്ടിരുന്നു. 'ഇപ്പോഴത്തെ ഇഡിയുടെ റിപ്പോർട്ട് അനുസരിച്ച് വിജിലൻസ് നടപടികൾക്ക് തുടക്കമിട്ടാൽ ഭാവിയിൽ ഡയറിയുടെ ചുവടുപിടിച്ച് ഇഡി അന്വേ​ഷണം യുഡിഎഫ് നേതാക്കളിൽ എത്തുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

രാഷ്ട്രീയ പ്രതിരോധത്തിൽ സിപിഐഎം

ഇഡിയുടെ നടപടി സിപിഐഎമ്മിനെ രാഷ്ട്രീയപരമായി പ്രതിരോധത്തിൽ ആക്കിയിട്ടുണ്ട്. രാഷ്ട്രീയമായും നിയമപരമായും നേരിടാൻ തന്നെയാണ് പാർട്ടിയുടെ തീരുമാനം. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള ഇ.ഡിയുടെ അന്വേഷണത്തിൽ കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിൽ 4,622 കേസുകൾ രജിസ്റ്റർ ചെയ്തിട്ടും വെറും 43 കേസുകളിൽ മാത്രമേ ശിക്ഷ ഉറപ്പാക്കാൻ കഴിഞ്ഞിട്ടുള്ളൂ. ഈ 43 കേസുകളിലായി 104 പേരെ മാത്രമാണ് കോടതി ശിക്ഷിച്ചത്. .ഇത് മൊത്തം കേസുകളുടെ ഒരു ശതമാനത്തിലും താഴെയുള്ള ശിക്ഷാ നിരക്കാണ്. പത്ത് വർഷത്തിനിടെ രാഷ്ട്രീയക്കാർക്കെതിരെ സമർപ്പിക്കപ്പെട്ട 193 കേസുകളിൽ വെറും രണ്ടെണ്ണത്തിൽ മാത്രമാണ് ശിക്ഷ ലഭിച്ചതെന്ന് സർക്കാർ തന്നെ സമ്മതിച്ചിട്ടുണ്ട്.

ആയിരക്കണക്കിന് കേസുകൾ അന്വേഷണത്തിലിരിക്കെ ഏകദേശം 2,444 കേസുകളിൽ മാത്രമേ കുറ്റപത്രം സമർപ്പിച്ചിട്ടുമുള്ളൂ. ഈ ട്രാക്ക് റെക്കോർഡുള്ള ഇഡിയുടെ അന്വേഷണങ്ങളിൽ കോ​ൺഗ്രസ് നേതാക്കൾ തന്നെ സ്ഥിരമായി സംശയമുയർത്തിവരുന്നതാണ്. തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ടും, പ്രതിപക്ഷ പാര്‍ട്ടികളുടെ ഭരണം അസ്ഥിരപ്പെടുത്താനും കേന്ദ്ര സര്‍ക്കാര്‍ ഇഡി, സിബിഐ തുടങ്ങിയ ഏജന്‍സികളെ 'രാഷ്ട്രീയ ആയുധമാക്കുന്നു എന്നാണ് പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം ആരോപിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ കേരള പശ്ചാത്തലത്തിൽ രാഷ്ട്രീയ എതിരാളിക്കെതിരായ ആയുധം എന്ന നിലയിൽ സ്വാഭാവികമായും ആഭ്യന്തരവകുപ്പ് നടപടിക്ക് മുതിർന്നേക്കും. ആ നടപടികളിലേക്കാണ് രാഷ്ട്രീയ കേരളം ഉദ്യോഗത്തോടെ ഉറ്റുനോക്കുന്നത്.

ED to implicate Pinarayi
സ്‌മാർട്ട്‌ മീറ്റർ; സർക്കാർ നയം സുപ്രധാനം
News Malayalam 24x7
newsmalayalam.com