സോക്കര്‍ ദേവന്മാര്‍ പിറന്നുവീണ മണ്ണാണിത്. ചരിത്രം സുവര്‍ണലിപികളില്‍ രേഖപ്പെടുത്തിയ നിമിഷങ്ങളുടെ ദേവാലയം . മെക്സിക്കോയിലെ അതേ ആസ്‌ടെകില്‍ ഇന്ന് അര്‍ധരാത്രി പിന്നിടുമ്പോള്‍ പ്രതീക്ഷകള്‍കൊണ്ട് പൊതിഞ്ഞ ഒരു തുകല്‍പ്പന്ത് യാത്ര തുടങ്ങുകയായി. ലോകമെങ്ങുമുള്ള ഫുട്ബാള്‍ ഉന്മാദികളുടെ ഹൃദയങ്ങളില്‍നിന്ന് ഹൃദയങ്ങളിലേക്കുള്ള ജൈത്രയാത്ര! ആ പന്ത് ചരിത്രമെഴുതും, പകരംവീട്ടും, അധിനിവേശത്തിനെതിരെ സംഘം ചേരും, സാമ്രാജ്യത്തെ പിടിച്ചുകുലുക്കും, കോട്ടകള്‍ തച്ചുടക്കും. ഉയര്‍ത്തെഴുന്നേല്‍ക്കും, പുതുയുഗം തുറക്കും. ഇവിടെ വമ്പന്‍ വിജയങ്ങളും വന്‍ വീഴ്ചകളും സാധാരണം. അതിനാലാണ് ജീവിതത്തിന്റെ സമസ്ത വികാരങ്ങളും സാഹചര്യങ്ങളും ഈ പന്തിന്റെ ചലനത്തിലുണ്ട് എന്ന് പറയുന്നത്. മനുഷ്യജീവിതവുമായി ഈ കളി അത്രയേറെ ഇഴുകിച്ചേര്‍ന്നിരിക്കുന്നു.
ഫുട്ബാള്‍, മനുഷ്യന്‍, രാഷ്ട്രീയം , സമ്പത്ത്
നാല് വര്‍ഷത്തിലൊരിക്കല്‍ ഭൂമിയുടെ ഹൃദയമിടിപ്പുകള്‍ ഒരേ താളത്തിലാകുന്ന നാളുകളെത്തിയിരിക്കുന്നു. അതിര്‍ത്തികളെയും ഭാഷകളെയും സംസ്‌കാരങ്ങളെയും മറികടന്ന് കോടിക്കണക്കിന് മനുഷ്യരുടെ സ്വപ്നങ്ങള്‍ ഒരു പന്തിനൊപ്പം ഉരുളാന്‍ തുടങ്ങുന്ന ദിനങ്ങള്‍. വിവിധ ഭൂഖണ്ഡങ്ങളിലെ മനുഷ്യര്‍ ഒരേ ഭാഷ സംസാരിച്ചു തുടങ്ങുകയാണ്. ഉത്സവ ദിനങ്ങള്‍ക്ക് ആളും അരങ്ങും ഒരുങ്ങിക്കഴിഞ്ഞു. ഇതിഹാസ താരങ്ങളായ പെലെയും മറഡോണയും ലോകകപ്പ് ഉയര്‍ത്തിയ, അസ്റ്റെക സ്റ്റേഡിയത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ട്രിയോണ്ട എന്ന പന്തുരുളാനായി നീണ്ട വിസില്‍ മുഴങ്ങും.'മെക്‌സിക്കോ നീണാള്‍ വാഴട്ടേ' എന്നര്‍ഥം വരുന്ന 'വിവാ മെഹീക്കോ' എന്ന മുദ്രാവാക്യത്തിന്റെ അലയൊലിയിലാണ് സ്‌റ്റേഡിയം.
ഇറാന്‍ ടീമിന് നിയന്ത്രണങ്ങളും വിവാദവും
ലോകം യുദ്ധങ്ങളുടെയും മറ്റനേകം സംഘര്‍ഷങ്ങളുടെയും തീച്ചൂളയിലൂടെ കടന്നുപോകുമ്പോഴാണ് ഫുട്‌ബോളിന്റെ മാന്ത്രികത നമ്മെ പൊതിയുന്നത്. അതിന്റെ പ്രതിഫലനം ഈ ലോകകപ്പിലും കാണാം. ലോകകപ്പില്‍ പങ്കെടുക്കുന്ന ഇറാന്‍ ദേശീയ ടീമിന് കടുത്ത നിയന്ത്രണങ്ങളാണ് യുഎസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന്റെ ലോകകപ്പ് പങ്കാളിത്തത്തെ പരസ്യമായി ചോദ്യം ചെയ്യുകയും, കളിക്കാരുടെ ജീവനും സുരക്ഷയും മുന്‍നിര്‍ത്തി അവര്‍ യുഎസിലേക്ക് വരുന്നത് ഉചിതമല്ലെന്ന് പ്രസ്താവിക്കുകയും ചെയ്തതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. വിസ ലഭിക്കുന്നതിലുണ്ടായ അനിശ്ചിതത്വം കാരണം അമേരിക്കയിലെ അരിസോണയില്‍ ബേസ് ക്യാമ്പ് സ്ഥാപിക്കാനിരുന്ന ഇറാന്‍ ടീം, അവസാന നിമിഷം മെക്‌സിക്കോയിലെ ടിജുവാനയിലേക്ക് ക്യാംപ് മാറ്റാന്‍ നിര്‍ബന്ധിതരായി.
മത്സരങ്ങള്‍ യുഎസിന് പുറത്തേക്ക് മാറ്റണമെന്ന് ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടെങ്കിലും ഫിഫ ഇത് അംഗീകരിച്ചിരുന്നില്ല.തുടര്‍ന്ന് കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍, ഉദ്ഘാടന മത്സരത്തിന് വെറും പത്ത് ദിവസം മുന്‍പ് മാത്രമാണ് ഇറാന്‍ കളിക്കാര്‍ക്ക് യുഎസ് വിസ അനുവദിച്ചത്. എന്നാല്‍ ഇറാനിലെ വിപ്ലവ ഗാര്‍ഡുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പന്ത്രണ്ടിലധികം ഒഫീഷ്യലുകള്‍ക്ക് യുഎസ് വിസ നിഷേധിച്ചു. മത്സര ദിവസം രാവിലെ മാത്രം യുഎസില്‍ പ്രവേശിക്കാനും കളി കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനുമാണ് ഇവരോട് നിര്‍ദേശിച്ചിട്ടുള്ളത്. വിവാദം ഇത് മാത്രമായിരുന്നില്ല , സൊമാലിയയില്‍ നിന്നുള്ള റഫറി ഒമര്‍ അബ്ദുള്‍ കാദിര്‍ ആര്‍ട്ടനെ യുഎസില്‍ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചിട്ടുണ്ട്. ജൂണ്‍ ഏഴിനാണ് ഇറാഖിൻ്റെ വൈസ് ക്യാപ്റ്റനും മുന്‍നിര സ്‌ട്രൈക്കറുമായ ഐമന്‍ ഹുസൈനെ യുഎസില്‍ വിമാനത്താവളത്തില്‍ തടഞ്ഞു വച്ചതും ഏഴു മണിക്കൂറോളം ചോദ്യം ചെയ്തതും. ഇറാഖിന് ലോകകപ്പ് യോഗ്യത നേടിക്കൊടുത്ത നിര്‍ണായക ഗോള്‍ നേടിയ താരം കൂടിയാണ് ഹുസൈന്‍. ഈ വിവാദ അമേരിക്കന്‍ നടപടികളില്‍ ഫിഫയുടെ മൗനം അത്ഭുതപ്പെടുത്തുന്നതാണ്. യുദ്ധത്തിന്റ മുറിവുകളില്‍നിന്നുള്ള ചോര കളിയിലേക്കു കിനിഞ്ഞിറങ്ങുന്നത് നമ്മളറിയാതെ പോകരുത്.
കോടികളുടെ 'മെഗാ ബിസിനസ്' മാമാങ്കം
ഫുട്‌ബോളിൻ്റെ അതിവൈകാരികത പങ്കുവയ്ക്കുമ്പോഴും മറുവശം കാണാതിരുന്നുകൂടാ. ലോകം കാത്തിരിക്കുന്ന 2026 ഫിഫ പുരുഷ ലോകകപ്പ് വെറുമൊരു കായിക മത്സരം മാത്രമല്ല, മറിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക-സാമൂഹിക ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്ന ഒരു പ്രതിഭാസമായിരിക്കുമെന്ന് ഫിഫയുടെയും വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷൻ്റെയും സംയുക്ത റിപ്പോര്‍ട്ടായ ഗോള്‍ ഇക്കോണമി' പ്രവചിച്ചിരിക്കുന്നു. അമേരിക്കയിലെ കടുത്ത ചൂടും കളിക്കാരുടെ ആരോഗ്യവും മുന്‍നിര്‍ത്തി ഓരോ പകുതിയിലും 22-ാം മിനിറ്റില്‍ 3 മിനിറ്റ് വീതമുള്ള നിര്‍ബന്ധിത 'ഹൈഡ്രേഷന്‍ ബ്രേക്ക്' ഫിഫ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കളിക്കാരുടെ ക്ഷേമത്തിനപ്പുറം, ബ്രോഡ്കാസ്റ്റര്‍മാര്‍ക്കും പരസ്യദാതാക്കള്‍ക്കുമായി ഇതിലൂടെ തുറക്കപ്പെടുന്നത് വലിയ സ്വർണ ഖനിയാണ്. അമേരിക്കന്‍ സൂപ്പര്‍ബോള്‍ മത്സരങ്ങളുടെ മാതൃകയില്‍ ഈ 3 മിനിറ്റ് പരസ്യ സ്ലോട്ടുകള്‍ക്ക് ഏകദേശം 60 മുതല്‍ 75 കോടി രൂപ വരെ ഈടാക്കാന്‍ ചാനലുകള്‍ക്കാകും. ഫുട്‌ബോളിൻ്റെ സ്വാഭാവിക ഒഴുക്കിനെ ഇത് ബാധിക്കുമെന്ന് പറഞ്ഞ് ആരാധകരില്‍ ഒരു വിഭാഗം അമര്‍ഷം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, ഈ ലോകകപ്പിലൂടെ ഏകദേശം 74,000 കോടിയിലധികം രൂപ വരുമാനമാണ് ഫിഫ ലക്ഷ്യമിടുന്നത്. ഇതിൻ്റെ 44 ശതമാനവും ടിവി സംപ്രേഷണാവകാശത്തിലൂടെയാണ് ലഭിക്കുക. ബ്രിട്ടനിലെ ഐ ടിവി പോലുള്ള ചാനലുകള്‍ കടുത്ത നിയമങ്ങള്‍ കാരണം ഈ സമയത്ത് പരസ്യം കാണിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഭാവിയില്‍ ഒടിടി ഭീമന്മാര്‍ തമ്മിലുള്ള ലേലം വിളിയുടെ ആവേശം കൂട്ടാന്‍ ഈ വാട്ടര്‍ ബ്രേക്കുകള്‍ കാരണമാകും.
ഫിഫക്ക് ലോകകപ്പ് ലോട്ടറിയോ
ലോകകപ്പ് നടത്തിപ്പില്‍ ആകെ 1.6 ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുമ്പോള്‍, ഇത് വഴി ലോകമെമ്പാടുമായി 6.69 ലക്ഷം കോടി രൂപയുടെ ആകെ വരുമാനം നേടിക്കൊടുക്കുമെന്ന് ഔദ്യോഗിക സാമൂഹിക-സാമ്പത്തിക ആഘാത വിശകലന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടൂര്‍ണമെന്റ് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങളുടെ വിപണി മെച്ചപ്പെടുന്നത് വഴി ആഗോള ജിഡിപിയില്‍ 3.42 ലക്ഷം കോടി രൂപയുടെ വര്‍ധനവുണ്ടാകും. ഇതിനുപുറമേ, വിവിധ നികുതികള്‍ വഴി സര്‍ക്കാരുകള്‍ക്ക് 78,490 കോടി രൂപ വരുമാനമായി ലഭിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. സാമ്പത്തിക നേട്ടങ്ങള്‍ക്കൊപ്പം ആഗോള തൊഴില്‍ മേഖലയ്ക്കും ഈ ലോകകപ്പ് വലിയ കരുത്താകും. ടൂറിസം, ഹോസ്പിറ്റാലിറ്റി ഉള്‍പ്പെടെയുള്ള വിവിധ ഉല്‍പ്പാദന മേഖലകളിലായി ആകെ 8,23,474 പൂര്‍ണസമയ തൊഴിലവസരങ്ങളാണ് ഈ ലോകകപ്പ് വഴി പുതുതായി സൃഷ്ടിക്കപ്പെടുകയെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
അമേരിക്കക്കും പ്രതീക്ഷ
ലോകകപ്പിൻ്റെ പ്രധാന വേദിയാകുന്ന അമേരിക്കയ്ക്ക് ടൂര്‍ണമെന്റിലൂടെ വന്‍ സാമ്പത്തിക നേട്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആകെ 16 വേദികളില്‍ 11 എണ്ണവും അമേരിക്കയിലായതിനാല്‍ ടൂര്‍ണമെൻ്റിൻ്റെ സിംഹഭാഗം ബിസിനസ് സാധ്യതകളും യുഎസിലാണ് കേന്ദ്രീകരിക്കുക. ലോകകപ്പുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ മാത്രം ആകെ 92,680 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇത് വിപണിയിലുണ്ടാക്കുന്ന ചലനങ്ങള്‍ വഴി യുഎസ് ജിഡിപിയിലേക്ക് 1,43,620 കോടി രൂപ അധികമായി കൂട്ടിച്ചേര്‍ക്കപ്പെടും. ടൂര്‍ണമെന്റ് കാലയളവിലും അതിനുശേഷവുമായി വിവിധ മേഖലകളിലായി ആകെ 1,85,000 പൂർണസമയ തൊഴിലവസരങ്ങളാണ് യുഎസില്‍ മാത്രം ഉണ്ടാകുക. ഹോട്ടല്‍-ഹോസ്പിറ്റാലിറ്റി, വിനോദസഞ്ചാരം, വ്യോമയാനം എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിപണികള്‍ക്കായിരിക്കും ഇതിന്റെ പ്രധാന ഗുണം ലഭിക്കുക.
കളി മാറും, ഒപ്പം സമൂഹവും
ആഗോളതലത്തില്‍ ആകെ 69,138 കോടി രൂപയുടെ സാമൂഹിക നേട്ടങ്ങള്‍ ഈ ടൂര്‍ണമെന്റ് വഴി ഉണ്ടാകുമെന്ന് സോഷ്യല്‍ റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്‌മെന്റ് അഥവാ എസ്ആര്‍ഒഐ സൂചിക പ്രവചിക്കുന്നു. റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തില്‍ എസ്ആര്‍ഒഐ അനുപാതം 3.64 ആണ്. അതായത്, ഈ ലോകകപ്പ് വികസനത്തിനായി ഓരോ 100 രൂപ മുടക്കുമ്പോഴും സമൂഹത്തിന് തിരികെ ലഭിക്കുന്നത് 364 രൂപയുടെ മൂല്യമുള്ള സാമൂഹിക നേട്ടങ്ങളായിരിക്കും. മത്സരങ്ങളുടെ പ്രധാന വേദിയാകുന്ന അമേരിക്കയില്‍ ഈ അനുപാതം 4.03 നിരക്കിലാണ്. അതായത് യുഎസില്‍ മുടക്കുന്ന ഓരോ 100 രൂപയ്ക്കും പകരം അവിടുത്തെ ജനങ്ങള്‍ക്ക് 403 രൂപയുടെ സാമൂഹിക പുരോഗതി തിരികെ ലഭിക്കും. അമേരിക്കയ്ക്ക് മാത്രം ഇതിലൂടെ ലഭിക്കുന്ന സാമൂഹിക നേട്ടത്തിന്റെ മൂല്യം 57,448 കോടി രൂപയാണ് . ലോകകപ്പ് നടത്താന്‍ ചെലവാക്കുന്ന തുകയേക്കാള്‍ 3 മുതല്‍ 4 ഇരട്ടി തുകക്കുള്ള സാമ്പത്തിക-സാമൂഹിക പുരോഗതിയാണ് പങ്കാളികളാകുന്ന രാജ്യങ്ങള്‍ക്ക് തിരികെ ലഭിക്കുകയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആഗോളതലത്തില്‍ ഏകദേശം 4.18 ലക്ഷം കോടിയിലധികം രൂപ പന്തയത്തുകയായി ഈ ലോകകപ്പ് മാമാങ്കത്തിലേക്ക് ഒഴുകുമെന്നാണ് മാക്വറി എന്ന ധനകാര്യ സേവനസ്ഥാപനത്തിന്റെ റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.
ഫുട്ബോള്‍ എന്ന പ്രതീക്ഷ
യുദ്ധഭൂമിയില്‍ ആയുധങ്ങളും വെറുപ്പും മനുഷ്യവിരുദ്ധതയും നിറയുമ്പോള്‍, ഫുട്‌ബോള്‍ മൈതാനങ്ങളില്‍ വിജയപരാജയങ്ങള്‍ക്കപ്പുറം പരസ്പര ബഹുമാനത്തിന്റെയും സാഹോദര്യത്തിൻ്റെയും സന്ദേശമാണ് ഉയരുന്നത്. കാല്‍പ്പന്തിന് മനുഷ്യൻ്റെ സമസ്ത വികാരങ്ങളെയും ആവാഹിക്കാനും, അതിരുകളാല്‍ വിഭജിക്കപ്പെട്ട മനുഷ്യമനസ്സുകളെ ഒരേ നൂലില്‍ കോര്‍ത്തിണക്കാനും സാധിക്കുമെന്നതാണ് അതിൻ്റെ ഏറ്റവും വലിയ മാനവികമായ സവിശേഷത. വീരന്മാര്‍ ജനിക്കുകയും ഇതിഹാസങ്ങള്‍ അമരത്വം നേടുകയും ചെയ്യുന്ന ഈ വേദിയില്‍, ഇത്തവണ ആരാണ് വെന്നിക്കൊടി നാട്ടുക എന്നറിയാനുള്ള ഉദ്യേഗത്തിലാണ് ലോകം. അതിനാല്‍ കളിയാരവത്തിലേക്ക് മിഴിചിമ്മാതെ കണ്ണും നട്ടിരിക്കാം.