
എച്ച്1ബി വിസ ഫീസില്‍ വരുത്തിയ വന്‍ വർധന ഇന്ത്യക്ക് ഒരു വെല്ലുവിളിയാണോ അതോ അവസരമാണോ? ഈ നീക്കം ഇന്ത്യൻ ടെക് വ്യവസായത്തെയും, പ്രത്യേകിച്ചും യുവ പ്രൊഫഷണലുകളെയും എങ്ങനെ ബാധിക്കുമെന്നും ഇന്ത്യ ഇതിനെ എങ്ങനെ നേരിടണമെന്നതും വലിയ ചര്‍ച്ചയായി സാമ്പത്തിക രാഷ്ട്രീയ രംഗത്ത് നടക്കുകയാണ്.
എന്താണ് എച്ച്1ബി വിസ?
എച്ച്1ബി അമേരിക്കയിൽ ജോലിക്കായി പോകാൻ വേണ്ടിയുള്ള പ്രത്യേക തൊഴില്‍ വിസയാണ്. അമേരിക്കൻ കമ്പനികൾക്ക് വിദേശത്തുനിന്നും വിദഗ്ധരായ തൊഴിലാളികളെ (ഐടി, എഞ്ചിനീയറിംഗ്, മെഡിക്കൽ, ഗവേഷണം പോലുള്ള മേഖലകൾ) നിയമിക്കാൻ ഈ വിസ ഉപയോഗിക്കുന്നു. സാധാരണയായി 3 വർഷത്തേക്കാണ് ഈ വിസ നല്‍കുന്നത്. എന്നാല്‍ പിന്നീട് 6 വർഷം വരെ നീട്ടാം. ഇന്ത്യക്കാരാണ് ഏറ്റവും കൂടുതൽ എച്ച്1ബി വിസ നേടുന്നത്.
അമേരിക്കയിലെ ടെക്‌നോളജി കമ്പനികൾക്ക് ഇന്ത്യൻ ഐടി പ്രൊഫഷണലുകൾ അനിവാര്യരാണ്. ലോട്ടറി സംവിധാനം വഴിയാണ് വിസ തെരഞ്ഞെടുപ്പ്. അമേരിക്കയിൽ കരിയർ നിർമ്മിക്കാനും ഉയർന്ന വരുമാനം നേടാനുമുള്ള ആദ്യപടി എന്ന നിലയിലാണ് പലരും എച്ച്1ബി വിസ എടുക്കുന്നത്. പിന്നീട് ഇത്തരത്തില്‍ വിസ എടുത്തവര്‍ ഗ്രീന്‍ കാര്‍ഡും, യുഎസ് പൗരത്വവും എല്ലാം എടുക്കാറുണ്ട്. ഇത്തരത്തില്‍ യുഎസ് കുടിയേറ്റത്തിന്‍റെ ആദ്യപടിയാണ് ഈ തൊഴില്‍ വിസ. എന്നാല്‍ ഇത് ചിലവേറും എന്നാണ് പുതിയ വാര്‍ത്ത സൂചിപ്പിക്കുന്നത്. ഇന്ത്യക്കാര്‍ക്ക് ഇത് എങ്ങനെ തിരിച്ചടിയാകും എന്ന് ചോദിച്ചാല്‍ യുഎസ് നല്‍കുന്ന 10 എച്ച്1ബി വിസയില്‍ 7 എണ്ണവും നേടുന്നത് ഇന്ത്യക്കാരാണ്.
എന്നാല്‍ പുതിയ നിരക്ക് വര്‍ധനയില്‍ ചില വ്യക്തതകള്‍ യുഎസ് വരുത്തിയിട്ടുണ്ട്. നിലവില്‍ വിസയുള്ളവരെ ഇത് ബാധിക്കില്ല. അവര്‍ വീണ്ടും യുഎസിലേക്ക് വരാന്‍ ഈ നിരക്ക് ബാധകമല്ല. വിസയുള്ളവരുടെ കുടുംബത്തിന് യുഎസില്‍ തുടരുന്നതിനും കുഴപ്പമില്ല. ഇപ്പോഴത്തെ ലോട്ടറി സംവിധാനം ഉപേക്ഷിക്കാനും പദ്ധതിയുണ്ട്. എന്നാല്‍ പുതിയ ആളുകള്‍ക്ക് വിസ നല്‍കുന്നത് കടുപ്പിക്കും എന്നതാണ് നയം.
തിരിച്ചടിയോ?
ഏതൊരു വാര്‍ത്തയും ആദ്യം പ്രതിഫലിക്കുന്നത് ഓഹരി വിപണിയിലാണ്. ഇത്തവണയും അത് തന്നെ സംഭവിച്ചു. ട്രംപിന്‍റെ പ്രഖ്യാപനം വന്ന ഉടൻ തന്നെ ഇന്ത്യൻ ഐടി കമ്പനികളുടെ ഓഹരി വിലയിൽ വന്‍ ഇടിവുണ്ടായി. ടിസിഎസ് (TCS), ഇൻഫോസിസ് (Infosys), വിപ്രോ (Wipro) തുടങ്ങിയ വൻകിട കമ്പനികളുടെ ഓഹരികൾക്ക് 2-6% വരെ ഇടിവ് നേരിട്ടു.
കാരണം, ഈ കമ്പനികളുടെ വരുമാനത്തിന്റെ വലിയൊരു പങ്കും യുഎസിൽ നിന്നാണ്. ഉയർന്ന വിസ ചെലവ് അവരുടെ ലാഭത്തെ 7-15% വരെ ബാധിച്ചേക്കാം എന്നാണ് വിദഗ്ധർ പറയുന്നത്. ഇത് വലിയൊരു സൂചനയാണ്. എച്ച്1ബി വിസയ്ക്ക് 100,000 ഡോളര്‍ (ഏകദേശം 83 ലക്ഷം രൂപ എന്നത്) ഇന്ത്യന്‍ കമ്പനികള്‍ക്ക് വലിയ ബാധ്യതയാണ്.
എന്നിരുന്നാലും, ഹ്രസ്വകാലത്തേക്ക് മാത്രമായിരിക്കും ഈ ആഘാതം എന്ന് വിലയിരുത്തുന്നവരും ഉണ്ട്. പല കമ്പനികളും ഇതിനോടകം തന്നെ പ്രാദേശികമായി കൂടുതൽ ആളുകളെ നിയമിച്ചും, ഇന്ത്യയിൽ നിന്നുള്ള സേവനങ്ങൾ വർധിപ്പിച്ചും ഈ വെല്ലുവിളിയെ നേരിടാൻ തയ്യാറെടുക്കുന്നുണ്ട്.
വിദ്യാർഥികൾക്ക് ഇനി എന്ത്?
എല്ലാ വർഷവും ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളാണ് ഉന്നത വിദ്യാഭ്യാസത്തിനായി യുഎസിലേക്ക് പോകുന്നത്. പഠനശേഷം അവിടെ ജോലി നേടാൻ എച്ച്1ബി വിസ ഇത്തരം വിദ്യാര്‍ഥികളുടെ പ്രധാന വഴിയായിരുന്നു. എന്നാൽ, പുതിയ പരിഷ്കാരം വന്നതോടെ ഒരു കമ്പനിക്ക് ഒരു വിദേശ ജീവനക്കാര്‍ക്കായി 100,000 ഡോളര്‍ നൽകുക എന്നത് വലിയ ബാധ്യതയായേക്കും. ഇത് ഇന്ത്യക്കാരെ ജോലിക്കെടുക്കാന്‍ യുഎസ് കമ്പനികള്‍ മടിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കും.
അതുകൊണ്ടുതന്നെ, യുഎസിൽ പഠിച്ച വിദ്യാർഥികളിൽ പലരും തൊഴിൽ തേടി ഇന്ത്യയിലേക്ക് തിരികെ വരാൻ ഇടയുണ്ട്. ഇതിനെ ഒരു "റിവേഴ്സ് ബ്രെയിൻ ഡ്രെയിൻ" (Reverse Brain Drain) ആയി കാണാൻ സാധിക്കും. ബ്രെയിൻ ഡ്രെയിൻ എന്നത് ഇന്ത്യന്‍ സാങ്കേതിക ശാസ്ത്ര മേഖലയിലെ വലിയ വെല്ലുവിളിയായി കഴിഞ്ഞ കാലങ്ങളില്‍ നാം വിലയിരുത്തിയ കാര്യമാണ്. അതിന്‍റെ നേരെ എതിര്‍ സംഭവത്തിന് രാജ്യം സാക്ഷിയായേക്കാം.
ഇന്ത്യയുടെ അവസരം
ട്രംപ് ഭരണകൂടത്തിന്‍റെ പുതിയ നീക്കത്തില്‍ ആശങ്കകള്‍ ഉണ്ടെങ്കിലും ഇന്ത്യയെ സംബന്ധിച്ച് ഒരു വലിയ അവസരം തുറന്നു തരുന്നുണ്ട്. എന്നാല്‍ ഇത് അതിവേഗത്തില്‍ ലഭിക്കുന്ന ഒരു അവസരം അല്ല, ചിലപ്പോള്‍ കുറച്ചുകാലം എടുത്തേക്കാം. എന്നാല്‍ ഭാവിയില്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യും എന്നാണ് ചില സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. രാജ്യത്തെ തൊഴില്‍ സാഹചര്യങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്കൊപ്പം ഈ തരംഗത്തെ പ്രയോജനപ്പെടുത്തിയാല്‍ ഇന്ത്യയുടെ സാമ്പത്തിക രംഗത്തെയും തൊഴിൽ മേഖലയെയും മാറ്റിമറിക്കാൻ ഇത് സഹായിച്ചേക്കാം.
യുഎസിൽ ജോലി നേടാൻ ബുദ്ധിമുട്ടുന്ന ഇന്ത്യൻ പ്രതിഭകൾക്ക് ഇനി സ്വന്തം നാട്ടിൽ ജോലി തേടേണ്ടി വരും. ഇത് ഇന്ത്യയിലെ സ്റ്റാർട്ടപ്പ് രംഗത്തും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡീപ് ടെക് (Deep Tech) തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളില്‍ പുതിയ തദ്ദേശീയ പ്രതിഭകളെ ലഭിക്കാനുള്ള സാധ്യതയ്ക്കാണ് വഴി ഒരുക്കുക.
എന്നാല്‍ വരുന്ന മാനവശേഷിയെ ഏത് രീതിയില്‍ നാം ഉള്‍ക്കൊള്ളും എന്നത് ചോദ്യമാണ്. “പ്രതിഭ മടങ്ങിയെത്തുമ്പോൾ സ്വീകരിക്കാൻ നമ്മൾ തയ്യാറാണോ?” എന്ന ചോദ്യത്തിന് മറുപടി നല്‍കിയാല്‍ മാത്രമേ ഈ അനുകൂല അവസ്ഥ മുതലെടുക്കാന്‍ സാധിക്കൂ. അമേരിക്കയിലെ 'ഫ്ലാറ്റ് സ്ട്രക്ച്ചർ' പോലുള്ള മികച്ച തൊഴിൽ സംസ്കാരം ഇന്ത്യയിലും നടപ്പാക്കേണ്ടിവരും. ആശയങ്ങൾക്കും കഴിവുകൾക്കും പ്രാധാന്യം നൽകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ കമ്പനികൾ ശ്രദ്ധിക്കണം.
ട്രംപിന്റെ ഈ നടപടി അമേരിക്കയുടെ നയപരമായ തീരുമാനമാണ്. എന്നാൽ, അതിന് ഇന്ത്യ നൽകേണ്ട മറുപടി കൂടുതൽ ശക്തമായ പരിഷ്കാരങ്ങളിലൂടെയാകണം. മികച്ച തൊഴിലവസരങ്ങൾ, നൂതനമായ തൊഴിൽ സംസ്കാരം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, വ്യക്തമായ നയങ്ങൾ എന്നിവയെല്ലാം ഒരുമിച്ച് ചേർത്ത് ഇന്ത്യയെ പ്രതിഭകൾക്ക് താമസിക്കാനും വളരാനും കഴിയുന്ന ഒരു ഇടമാക്കി മാറ്റണം എന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.
അവര്‍ ഇന്ത്യയില്‍ നില്‍ക്കുമോ?
അതേസമയം അതിവിദഗ്ധ തൊഴിലാളികള്‍ക്ക് ശരിക്കും യുഎസ് മാത്രമാണോ അവസരം എന്ന ചോദ്യവും അവശേഷിക്കുന്നുണ്ട്. ഇന്ത്യയിലെ അവസരങ്ങള്‍ക്ക് അപ്പുറം വിദേശത്തേക്ക് കുടിയേറുക എന്നത് ഇത്തരം രംഗത്തെ മികച്ചവരുടെ ലക്ഷ്യങ്ങളില്‍ ഒന്നാണ്. അതിനാല്‍ തന്നെ യുഎസ് വാതില്‍ അടച്ചാലും യൂറോപ്പിലെയും മറ്റും അവസരങ്ങള്‍ ഇത്തരക്കാര്‍ തേടില്ലേ എന്ന ചോദ്യം ബാക്കിയാണ്.
അതിനാല്‍ തന്നെ പലരും എച്ച്1ബി വിസ കാലാവധിക്ക് അപ്പുറം മടങ്ങിയെത്തും. അവര്‍ക്കായി നമ്മുടെ മേഖലകള്‍ മാറണം എന്നത് മാത്രമായിരിക്കരുത് രാജ്യത്തിന്‍റെ ദീര്‍ഘകാല പദ്ധതി, നമ്മുടെ നല്ല തലച്ചോറുകളെ നിലനിര്‍ത്താന്‍ എന്ത് ചെയ്യണം എന്നത് കൂടിയാകണം. യുഎസ് തീരുവ കൂട്ടിയാല്‍ ഗുണമാണ്, യുഎസ് വിസ നിരക്ക് കൂട്ടിയാല്‍ ഗുണമാണ് എന്ന സ്ഥിരം പല്ലവികള്‍ക്ക് അപ്പുറം താല്‍ക്കാലിക തിരിച്ചടികളും ഭാവി അവസരങ്ങളും കണ്ടുള്ള ദീര്‍ഘമായ പദ്ധതികള്‍ ലോകത്തിലെ ഏറ്റവും മാനവശേഷിയുള്ള രാജ്യത്തിന് ഉണ്ടോ എന്നതാണ് ചോദ്യം.