

തുർക്കി പ്രസിഡന്റ് തയിപ് എർദോഗൻ ഒപ്പുവച്ചതോടെ പാകിസ്താൻ-സൗദി അറേബ്യ-തുർക്കി സംയുക്ത പ്രതിരോധ കരാറായ മക്ക കരാർ അന്തിമമായി. ഇതോടെ കരാറിലെ മൂന്ന് രാജ്യങ്ങളിലേതിന് നേരെയുമുണ്ടാകുന്ന കടന്നാക്രമണങ്ങളെ സ്വന്തം രാജ്യത്തിനെതിരായ കടന്നാക്രമണങ്ങളായി കണ്ട് സൈനികമായ ഇടപെടാൻ അംഗരാജ്യങ്ങൾക്കുള്ള വഴി പൂർണമായി ഒരുങ്ങി. ഇന്ത്യക്ക് രണ്ടിലൊരു അതിർത്തിയിൽ വലിയ സുരക്ഷാ വെല്ലുവിളി ഉയർത്തുന്ന ഒരു രാജ്യത്തിന് മൂന്ന് രാജ്യങ്ങളുടെ ശക്തി ലഭിക്കുന്നു എന്നതിനൊപ്പം സൗദി അറേബ്യയുമായുള്ള സുദൃഢ ബന്ധത്തിൻ്റെ ഭാവി അനിശ്ചിതത്വത്തിലാകുന്നു എന്ന പ്രശ്നവുമുണ്ട്.
ഇതിനിടയിലാണ് ചൈന ഇന്ത്യക്കുയർത്തുന്ന വെല്ലുവിളികളുടെ ഗൗരവം വിളിച്ചോതുന്ന ഒരു റിപ്പോർട്ട് അമേരിക്ക പുറത്തുവിട്ടതും. പിന്നാലെ യുഎസിന്റെ പുതിയ വ്യാപാര തീരുവ നിർദേശങ്ങളും പുറത്തുവന്നു. ഇന്ത്യയെ വേഗത്തിൽ കരാറിലെത്തിക്കാൻ തക്ക പ്രലോഭനം ആ നിർദേശത്തിലുണ്ട്. അതായത് ഇൻഡോ പസഫിക്കിലെ ചൈനീസ് സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യയെ അമേരിക്കയുടെ മുന്നിലേക്ക് നീക്കിവച്ചു. എന്നിട്ട് താരിഫിന്റെ ചൂണ്ട കൂടി ഇര കൊരുത്ത് എറിഞ്ഞു. മെക്ക കരാറിനും യുഎസിന്റെ അജണ്ടകൾക്കുമിടയിൽ ഇന്ത്യ ഞെരുങ്ങുകയാണോ? ഈ വിഷയമാണ് ഇന്ന് സ്പോട്ട്ലൈറ്റ് പരിശോധിക്കുന്നത്.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കഴിഞ്ഞ വർഷം ഉണ്ടായ ഇന്ത്യ-പാക് സംഘർഷത്തിൽ ചൈന ഇന്ത്യക്കെതിരെ നിഴൽ യുദ്ധം ചെയ്തു എന്നാരോപിക്കുന്ന റിപ്പോർട്ട് ഇക്കഴിഞ്ഞ നവംബർ 18നാണ് പുറത്തുവിട്ടത്. ചൈന ഇന്ത്യക്കെതിരായി സ്വീകരിച്ച അസാധാരണ നടപടികൾ വിശദീകരിക്കുന്നതിനൊപ്പം മറ്റു ചില കാര്യങ്ങൾ കൂടി യുഎസ്-ചൈന കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. അമേരിക്കൻ സഖ്യ സംവിധാനത്തിന് പുറത്ത്, ചൈനയുമായി ദീർഘകാല മത്സരത്തെ സ്വാധീനിക്കാൻ ശേഷിയുള്ള അപൂർവം ശക്തികളിലൊന്നാണ് ഇന്ത്യ എന്നാണ് റിപ്പോർട്ടിലെ മൂന്നാം അധ്യായത്തിൽ 'ചൈനാസ് അദർ ഫ്രണ്ട്- ഇന്ത്യ ആൻഡ് ദ ഫ്യൂച്ചർ ഓഫ് യുഎസ് സ്ട്രാറ്റജി ഇൻ ദ ഇൻഡോ പസഫിക്' എന്ന അധ്യായത്തിൽ പറയുന്നത്. സാമ്പത്തിക യുദ്ധം ജയിച്ചാൽ മാത്രമാണ് സൈനിക യുദ്ധം ജയിക്കാനാവുക. നിർണായക വസ്തുക്കളുടെ ആഗോളവ്യാപരത്തിലെ ചൈനീസ് കുത്തക തകർക്കാൻ യുഎസിന് ഇന്ത്യയുടെ വ്യാപ്തിയെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. അതുകൊണ്ടു തന്നെയാണ് ചൈനയെ ശ്വാസം മുട്ടിക്കാൻ ഭൂമിശാസ്ത്രപരമായി ഇന്ത്യക്കുള്ള ശേഷിയെ യുഎസ് സിസി റിപ്പോർട്ട് എടുത്തു പറയുന്നതും.
ചൈനയുടെ എണ്ണ ഇറക്കുമതിയുടെ എൺപത് ശതമാനവും കടന്നുപോകുന്ന ഇന്ത്യൻ സമുദ്രപാതകളുടെ നിയന്ത്രണം ഇന്ത്യക്കാണ്. ഈ ലീവറേജ് ഉപയോഗപ്പെടുത്താനായി ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യ-യുഎസ് സമുദ്ര സഹകരണം വ്യാപിപ്പിക്കണമെന്ന് യുഎസ് സിസി റിപ്പോർട്ടിൽ നിർദേശിക്കുന്നു. ഇതാണ് ഈ റിപ്പോർട്ടിൽ ഏറ്റവും ശ്രദ്ധിക്കേണ്ട ഭാഗവും. അതായത് ഇന്ത്യക്കെതിരെ പാകിസ്താനൊപ്പം നിന്ന് ചൈന എങ്ങനെ നിഴൽയുദ്ധം ചെയ്തു എന്നതിന്റെ വിശദാംശങ്ങൾ അമേരിക്ക പോലെയുള്ള ലോകത്തെ വൻശക്തി രാജ്യം ആശങ്കയർഹിക്കുന്ന വിഷയമായി ഒദ്യോഗികമായി അവതരിപ്പിക്കുമ്പോൾ ഇന്ത്യക്ക് അത് രാഷ്ട്രീയമായി അവഗണിക്കാനാവില്ല. പ്രത്യേകിച്ചും നേരത്തെ ഇന്ത്യ ഉയർത്തിയ ആരോപണങ്ങൾ ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പോർട്ട് എന്ന നിലയ്ക്ക്, കേന്ദ്ര സർക്കാരിന് ആഭ്യന്തരമായും അന്താരാഷ്ട്ര തലത്തിലും ഇത് സമ്മർദമുണ്ടാക്കും.
പക്ഷേ ഇതിലൊരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ചൈനയ്ക്കെതിരായ നീക്കത്തിൽ കരുവാകാൻ ഇന്ത്യ വിസമ്മതിക്കുന്നതിലുള്ള അസ്വസ്ഥതയും യുഎസ്-ചൈനാ കമ്മീഷൻ റിപ്പോർട്ടിലുണ്ട്. ഇന്ത്യക്ക് ചൈനയുമായുള്ള പ്രശ്നം തികച്ചും സ്വന്തം താത്പര്യങ്ങൾ മുൻനിർത്തിയുള്ളതാണന്ന് യുഎസ് സിസി റിപ്പോർട്ട് എടുത്തുപറയുന്നു. അതായത് ചൈനക്കെതിരെ അമേരിക്കൻ സഹായവും സഹകരണവും ഇന്ത്യ സ്വീകരിക്കുക ഇന്ത്യക്ക് തോന്നുന്നത് പോലെ മാത്രമായിരിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.
ഒരു ആഗോള രാഷ്ട്രീയ ചതുരംഗക്കളിയിൽ ഇന്ത്യയെ ചൈനയ്ക്ക് മുന്നിലേക്ക് നീക്കി ചെക്ക് പറയാനാണ് അമേരിക്ക ആഗ്രഹിക്കുന്നത്. ആ ചെക്ക് മെയ്റ്റിന് കളമൊരുക്കുമ്പോഴാണ് തുർക്കി പ്രസിഡന്റ് എർദോവാൻ മെക്ക കരാറിൽ ഒപ്പുവയ്ക്കുന്നത്, ഇസ്ലാമാബാദിൽ സൗദി-പാക്-തുർക്കി പ്രതിനിധികൾ കരാർ എങ്ങനെയൊക്കെ നടപ്പാക്കാം എന്നതിനെക്കുറിച്ച് ചർച്ച നടന്നത്. പാകിസ്താൻ ഉൾപ്പെട്ട ത്രികക്ഷി സഖ്യത്തിന്റെ പ്രതിരോധ കരാറിന്റെ സമ്മർദം അമേരിക്കയുടെ ഇൻഡോ പസഫിക് താത്പര്യങ്ങൾക്ക് പ്രയോജനം ചെയ്യും.
സൗദി അറേബ്യയുമായി നല്ല ബന്ധമുണ്ടെങ്കിലും തുർക്കി-പാക് അച്ചുതണ്ട് ശക്തിപ്രാപിക്കുന്നത് ഇന്ത്യക്ക് നല്ലതല്ല. പഹൽഗാം ഭീകരാക്രമണത്തിന് ശേഷമുള്ള സംഘർഷത്തിൽ ഇന്ത്യക്കെതിരായ നിഴൽയുദ്ധത്തിൽ തുർക്കിയും ഉൾപ്പെട്ടിരുന്നു എന്ന ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. ഇന്ത്യ അകപ്പെട്ടിരിക്കുന്ന ഈ പത്മവ്യൂഹ സാഹചര്യം കൃത്യമായി കണ്ടറിഞ്ഞ പോലെ അമേരിക്കയുടെ പുതിയ താരിഫ് നിർദേശങ്ങളും വന്നു.
തങ്ങളുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളായ രാജ്യങ്ങൾക്ക് മുന്നിൽ അമേരിക്ക പുതുതായി മുന്നോട്ട് വച്ച താരിഫ് നിർദേശങ്ങളിൽ ഇന്ത്യക്ക് ചില ഇളവുകളുണ്ട്. കരാറിലെത്തിയാൽ 17 ശതമാനമെന്ന താരിഫ് വാഗ്ദാനം, ഇന്ത്യയുൾപ്പെടുന്ന മേഖലയിലെ രാജ്യങ്ങൾക്ക് മുന്നിലുള്ളതിനേക്കാൾ കുറവാണ്. നേരത്തെ പറഞ്ഞ യുഎസ് സിസി റിപ്പോർട്ടും പിന്നാലെ വന്ന യു.എസ്.ടി.ആർ താരിഫ് നിർദേശങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന കാര്യം ഇവിടെയുണ്ട്. നവംബർ 18ന് പുറത്തിറങ്ങിയ യുഎസ് സിസി റിപ്പോർട്ടിൽ യുഎസ് കോൺഗ്രസിനോട് ശുപാർശ ചെയ്യുന്ന ഒരു പ്രധാനപ്പെട്ട പദ്ധതിയാണ് സി2ഡി2. മരുന്ന് വിതരണ ശൃംഖലയിൽ ചൈനയ്ക്കുള്ള അമിത സ്വാധീനവും കുത്തകയും തകർക്കുക എന്നതാണ് ഇതിൻ്റെ പ്രധാന ലക്ഷ്യം.
അമേരിക്കയിൽ ഉപയോഗിക്കുന്ന സാധാരണ മരുന്നുകളുടെ വലിയൊരു ഭാഗം വിതരണം ചെയ്യുന്നത് ഇന്ത്യയാണ്. എന്നാൽ, ഈ മരുന്നുകൾ നിർമിക്കാൻ ആവശ്യമായ അസംസ്കൃത വസ്തുക്കൾക്കായി ഇന്ത്യ ഇപ്പോഴും വലിയ തോതിൽ ചൈനയെയാണ് ആശ്രയിക്കുന്നത്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ആന്റിബയോട്ടിക്ക് ചേരുവകളുടെ 87 ശതമാനവും വരുന്നത് ചൈനയിൽ നിന്നാണ്. ഈ ആശ്രിതത്വം ഉപയോഗിച്ച് ചൈന വില കുറച്ച് മരുന്ന് ചേരുവകൾ വിറ്റഴിച്ച് ഇന്ത്യൻ കമ്പനികളെ തകർക്കാൻ ശ്രമിക്കുന്നതായി USCC റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. C2D2 പദ്ധതിയും അമേരിക്കയുടെ പുതിയ 17% താരിഫ് നിർദേശവും ഒരേ നാണയത്തിൻ്റെ രണ്ട് വശങ്ങളാണ്. ചൈനയെ സാമ്പത്തികമായി ഒതുക്കാനും ആഗോള വിതരണ ശൃംഖല ഇന്ത്യയിലേക്ക് മാറ്റാനും അമേരിക്ക ഉപയോഗിക്കുന്ന Carrot and Stick എന്ന തന്ത്രത്തിൻ്റെ ഭാഗമാണിത്.
ഇന്ത്യക്ക് മരുന്ന് നിർമിക്കാൻ അറിയാം, പക്ഷേ അതിൻ്റെ അസംസ്കൃത വസ്തുക്കൾക്ക് (APIs) ചൈനയെ ആശ്രയിക്കണം. ഈ പ്രശ്നത്തിനുള്ള പരിഹാരമാണ് അമേരിക്ക സി2ഡി2 പദ്ധതിയിലൂടെ മുന്നോട്ട് വയ്ക്കുന്നത്. ചൈനയെ ഒഴിവാക്കി ഇന്ത്യയിൽ തന്നെ ഈ അസംസ്കൃത വസ്തുക്കൾ നിർമ്മിക്കാനുള്ള ഫാക്ടറികൾ തുടങ്ങാൻ അമേരിക്കയും ഇന്ത്യയും സംയുക്തമായി പണം മുടക്കുന്നു. ഒപ്പം, ഇന്ത്യ നിർമിക്കുന്ന മരുന്നുകൾ വർഷങ്ങളോളം വാങ്ങിക്കൊള്ളാമെന്ന് അമേരിക്ക ഉറപ്പും നൽകുന്നു. പക്ഷേ ഇന്ത്യയിൽ ഫാക്ടറികൾ തുടങ്ങിയാലും, അമേരിക്കൻ വിപണിയിൽ ചൈനീസ് ഉൽപ്പന്നങ്ങളോട് വിലയിൽ മത്സരിക്കാൻ കഴിയണം. ഇതിനുള്ള പരിഹാരമാണ് പുതിയ താരിഫ് നിർദേശത്തിലുള്ളത്. നവംബർ 25-ലെ പുതിയ നിർദ്ദേശപ്രകാരം ചൈനയ്ക്കും വിയറ്റ്നാമിനും 20% നികുതി ചുമത്തുമ്പോൾ, വ്യാപാര കരാറിൽ ഒപ്പിട്ടാൽ ഇന്ത്യയ്ക്ക് 17% മാത്രം നികുതി മതി. ഈ 3% നികുതി ലാഭം കാരണം, അമേരിക്കൻ മരുന്ന് കമ്പനികളും മറ്റ് വ്യവസായ ഭീമന്മാരും ചൈന വിട്ട് ഇന്ത്യയിലേക്ക് വരാൻ നിർബന്ധിതരാകും.
അമേരിക്ക ഈ ആനുകൂല്യങ്ങൾ ഇന്ത്യയ്ക്ക് വെറുതെ നൽകുന്നതല്ല. ഇതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ-സാമ്പത്തിക ലക്ഷ്യങ്ങളുണ്ട്. 17% താരിഫ് ഇളവ് ലഭിക്കണമെങ്കിൽ ഇന്ത്യ അമേരിക്കയുമായി ഒരു ഉഭയകക്ഷി വ്യാപാര കരാറിൽ ഒപ്പിടണം. അതിനായി അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യൻ വിപണി കൂടുതൽ തുറന്നുകൊടുക്കേണ്ടി വരും. ഒപ്പിട്ടില്ലെങ്കിൽ ഇന്ത്യയ്ക്ക് 25% നികുതി നൽകേണ്ടി വരും എന്ന ഭീഷണിയുമുണ്ട്. C2D2 പദ്ധതിയിൽ ചേരുന്നതോടെ ഇന്ത്യ ചൈനീസ് മരുന്ന് ചേരുവകൾ ഉപേക്ഷിക്കേണ്ടി വരും. ഇത് ചൈനയെ പ്രകോപിപ്പിക്കുകയും, ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധത്തെ കൂടുതൽ വഷളാക്കുകയും ചെയ്യും.
ഒരുവശത്ത് C2D2 പദ്ധതി വഴി ഇന്ത്യയിൽ മരുന്ന് ഫാക്ടറികൾ തുടങ്ങാൻ അമേരിക്ക സഹായം വാഗ്ദാനം ചെയ്യുന്നു. മറുവശത്ത്, ചൈനയ്ക്ക് 20% നികുതി ചുമത്തുമ്പോൾ ഇന്ത്യയ്ക്ക് 17% താരിഫ് ഇളവ് നൽകി അമേരിക്കൻ വിപണിയിലേക്ക് ഇന്ത്യയെ ക്ഷണിക്കുന്നു. ഒറ്റനോട്ടത്തിൽ ഇത് ഇന്ത്യയ്ക്ക് വലിയൊരു സുവർണ്ണാവസരമാണ്. പക്ഷേ, ഇതിലൂടെ ചൈനയ്ക്കെതിരെയുള്ള സാമ്പത്തിക യുദ്ധത്തിന്റെ മുൻനിരയിലേക്ക് അമേരിക്ക ഇന്ത്യയെ ഇറക്കിവിടുകയാണ്. അപ്പുറത്ത് മെക്ക ഉടമ്പടിയിലൂടെ പാകിസ്ഥാനും സൗദിയും തുർക്കിയും ഒന്നിക്കുമ്പോൾ, ഇന്ത്യയ്ക്ക് ഒരേസമയം രണ്ട് മുന്നണികളിൽ പോരാടേണ്ട അവസ്ഥയാണ് വരുന്നത്.
എന്തുകൊണ്ട് ഇന്ത്യ എന്ന മഹാശക്തി ഇത്തരത്തിൽ ഒരു സന്ധിയിൽ എത്തിച്ചേർന്നു എന്ന ചോദ്യവും ഇവിടെ ഉയരുന്നുണ്ട്. ഒരു കാലത്ത് ആഗോള രാഷ്ട്രീയ നേതൃപദവിയുണ്ടായിരുന്ന ഒരു രാജ്യം എങ്ങനെ അമേരിക്കയുടെ കരുനീക്ക സ്വപ്നങ്ങളിൽ ഇടം പിടിച്ചു? ലോക നേതാവെന്ന നിലയിൽ നിന്ന് ആഗോള രാഷ്ട്രീയ നാടകത്തിന്റെ ഗ്യാലറിയിലേക്ക് ഇന്ത്യ ഒതുങ്ങിയോ എന്നതിന് രാജ്യം ഭരിക്കുന്നവർ മറുപടി പറയണം.