കേരളം ഊര്‍ജപ്രതിസന്ധിയുടെ ഊരാക്കുടുക്കിലോ?

വൈദ്യുതി ഉപഭോഗം വര്‍ധിക്കുന്ന അടിയന്തിര ഘട്ടങ്ങളില്‍ വൈദ്യുതി മുടങ്ങിയേക്കുമെന്ന് കെഎസ്ഇബി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്
കേരളം ഊര്‍ജപ്രതിസന്ധിയുടെ ഊരാക്കുടുക്കിലോ?
Source: News Malayalam 24x7
Published on
Updated on

വേനല്‍ചൂടില്‍ വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നതോടെ കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി അതി രൂക്ഷമായിരിക്കുന്നു. പീക്ക് സമയ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തുകയും വൈകുന്നേരം ആറിനും പത്തിനുമിടയിലെ വൈദ്യുതി ആവശ്യകത ചരിത്രത്തിലാദ്യമായി തുടര്‍ച്ചയായി 6000 മെഗാവാട്ട് കടക്കുകയും ചെയ്തു. വൈദ്യുതി ഉപഭോഗം വര്‍ധിക്കുന്ന അടിയന്തിര ഘട്ടങ്ങളില്‍ വൈദ്യുതി മുടങ്ങിയേക്കുമെന്ന് കെഎസ്ഇബി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. വേനല്‍ച്ചൂടും പശ്ചിമേഷ്യന്‍ യുദ്ധത്തിൻ്റെ ഭാഗമായുള്ള ഊര്‍ജ പ്രതിസന്ധിയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചതോടെയാണ് കെഎസ്ഇബി ശരിക്കും വെട്ടിലായത്. വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ 250 മെഗാവാട്ട് വൈദ്യുതി പുറത്തുനിന്നു വാങ്ങാന്‍ അംഗീകാരം നല്‍കിയെങ്കിലും നിശ്ചയിച്ച നിരക്കില്‍ അത് ലഭിക്കില്ല എന്നത് ഉള്‍പ്പെടെ നിരവധി പ്രതിസന്ധികളുടെ ഊരാക്കുടുക്കിലാണ് ഇപ്പോള്‍ കെഎസ്ഇബി.

കേരളം ഊര്‍ജപ്രതിസന്ധിയുടെ ഊരാക്കുടുക്കിലോ?

പകല്‍ വെന്തുരുകുന്ന വേനല്‍ച്ചൂട്, രാത്രി ഉറങ്ങാന്‍ അനുവദിക്കാത്ത ഉഷ്ണം. ഇതിനിടെയാണ് കെഎസ്ഇബിയുടെ വൈദ്യുതി നിയന്ത്രണം കൂടി എത്തിയത്. പീക്ക് സമയ വൈദ്യുതി ഉപയോഗം കുതിച്ചുയരുകയും കേരളത്തിന് പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയില്‍ കുറവ് വരികയും ചെയ്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇതോടെ യൂണിറ്റിന് 10 രൂപ വരെ നല്‍കി മെയ് 15 വരെ ഡേ എഹെഡ് മാര്‍ക്കറ്റില്‍ നിന്ന് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രില്‍ 18നാണ് സര്‍വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം യൂണിറ്റിലേക്ക് എത്തിയത്. ഏപ്രില്‍ 23ന് രാത്രി 10:30ന് ഒരു മിനിറ്റ് നേരം 6195 മെഗാവാട്ടിലേക്ക് വൈദ്യുതി ആവശ്യകത കുതിച്ചുയര്‍ന്നു. വെള്ളിയാഴ്ച 116 ദശലക്ഷം യൂണിറ്റിലും ശനിയാഴ്ച 115 ദശലക്ഷം യൂണിറ്റിലും പ്രതിദിന വൈദ്യുതി ഉപയോഗമെത്തി. കണക്കുകള്‍ സൂചിപ്പിക്കുന്നതുപോലെ പ്രതീക്ഷകള്‍ക്കെല്ലാം അപ്പുറമുള്ള വൈദ്യുതി ആവശ്യകതയാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്ന് കെഎസ്ഇബി സ്ഥിരീകരിക്കുന്നു.

വൈദ്യുതി മാര്‍ക്കറ്റില്‍ തീവില

ഒരു വശത്ത് പവര്‍കട്ടിലുള്ള ജനത്തിൻ്റെ പ്രതിഷേധവും മറുവശത്ത് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിയുടെ നെട്ടോട്ടവുമാണ് നടക്കുന്നത്. സ്വാപ് കരാര്‍ വഴി മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ചിരുന്ന വൈദ്യുതിയിലെ 600 മെഗാവാട്ടിൻ്റെ കുറവാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. മഴക്കാലത്ത് തിരികെ നല്‍കാമെന്ന വ്യവസ്ഥയില്‍ മധ്യപ്രദേശില്‍ നിന്നും പഞ്ചാബില്‍ നിന്നും 200 മെഗാവാട്ട് വീതം ലഭിക്കുന്ന കരാര്‍ അവസാനിച്ചതാണ് കണക്ക്കൂട്ടലുകള്‍ തെറ്റിച്ചത്. അതോടൊപ്പം പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്നുണ്ടായ ഊര്‍ജ പ്രതിസന്ധിയെത്തുടര്‍ന്ന് പാചകവാതക സിലിണ്ടറുകള്‍ കിട്ടാതിരുന്ന കുടുംബങ്ങള്‍ വൈദ്യുതി അടുപ്പുകള്‍ കൂടുതലായി ഉപയോഗിച്ചതും തിരിച്ചടിയായി.

250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷന്‍ അനുമതി വൈകിയതോടെ പ്രതിസന്ധി മൂർച്ഛിച്ചു. ഡേ എഹെഡ് മാര്‍ക്കറ്റിലൂടെ ഹ്രസ്വകാല കരാര്‍ ഉണ്ടാക്കാനാണ് ഇപ്പോള്‍ അനുമതി കൊടുത്തിട്ടുള്ളത്. മെയ് 15 വരെ സമയ പരിധി നല്‍കിയ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ വൈദ്യുതി വില യൂണിറ്റിന് 10 രൂപയില്‍ താഴെയായിരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ വൈദ്യുതി മാര്‍ക്കറ്റില്‍ നിന്ന് ഈ തുകക്ക് വൈദ്യുതി ലഭിക്കില്ല എന്നതാണ് കെഎസഇബിയെ വെട്ടിലാക്കിയത്. പവര്‍ എക്ചേഞ്ചിലെ പ്രതിദിന വൈദ്യുതി മാര്‍ക്കറ്റിലെ വൈദ്യുതി വില 20 രൂപയോ അതിലേറെയോ വരും. കൂടിയ തുകയ്ക്ക് വൈദ്യുതി വാങ്ങിയാല്‍ ഓഡിറ്റ് ഒബ്ജക്ഷനും കൂടിയ നിരക്ക് ബാധ്യതയായി തിരിച്ചടയ്ക്കേണ്ട ഗതികേടും ഉണ്ടായേക്കും.

അതിര്‍ത്തിതൊട്ട് അന്യസംസ്ഥാന വൈദ്യുതി ഇറക്കുമതി

സംസ്ഥാനത്തെ വൈദ്യുതി ലൈനുകളുടെ ശേഷി അനുസരിച്ച് അന്യസംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കുന്നതില്‍ നിലവില്‍ നിയന്ത്രണമുണ്ട്. 4400 മെഗാവാട്ട് വൈദ്യുതി മാത്രമേ സംസ്ഥാനത്തേക്ക് കൊണ്ടുവരാനാകൂ. സംസ്ഥാനത്തെ ജലവൈദ്യുതി പദ്ധതികളിലൂടെ ലഭിക്കുന്നത് 1600 മെഗാവാട്ട് വൈദ്യുതിയാണ്. രണ്ടുംകൂടി ചേര്‍ത്താന്‍ 6000 മെഗാവാട്ടിൻ്റെ വൈദ്യുതി കൈകാര്യം ചെയ്യാനുള്ള ശേഷിയേ സംസ്ഥാനത്തുള്ളൂ. ഈ അവസ്ഥയിലാണ് വൈദ്യുതി ഉപഭോഗം 6000 മെഗാവാട്ട് കടക്കുന്നത്. 2024ല്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരുന്നെങ്കിലും 2025ല്‍ ഇടമഴ കിട്ടിയതിനാല്‍ പ്രതിസന്ധി രൂക്ഷമായില്ല. ഏകദേശം 5800 മെഗാവാട്ട് വൈദ്യുതി ആവശ്യകത മാത്രമാണ് സംസ്ഥാനത്ത് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ഇന്ധന പ്രതിസന്ധി വന്നതോടെ വൈദ്യുതി ഉപഭോഗം 6000 മെഗാവാട്ട് കടന്നു.

സോളാര്‍ വൈദ്യുതി ശേഖരണത്തിലെ പ്രതിസന്ധി

സംസ്ഥാനത്ത് 1800 മെഗാവാട്ട് പുരപ്പുറ സൗരോര്‍ജ പദ്ധതികളും 340 മെഗാവാട്ട് ഗ്രൗണ്ട് സൗരോര്‍ജ പദ്ധതികളും ആണുള്ളത്. ബാറ്ററിയോട് കൂടിയ 24 മെഗാവാട്ടിൻ്റെ സൗരോര്‍ജ പദ്ധതികളുമുണ്ട്. പീക്ക് സമയത്തുണ്ടാകുന്ന വൈദ്യുതിയുടെ കുറവാണ് നമ്മള്‍ നേരിടുന്ന പ്രധാന പ്രശ്നം. 2200 മെഗാവാട്ട് സൗരോര്‍ജ പദ്ധതികള്‍ ഉള്ളത് കൊണ്ട് പകല്‍ നേരങ്ങളില്‍ വൈദ്യുതി അധികമാണ്. അധികമായുണ്ടാകുന്ന വൈദ്യുതി സംഭരിക്കുന്നതിനായി ബാറ്ററികള്‍ ഇല്ലാത്തതു കൊണ്ട് അധിക വൈദ്യുതി കേന്ദ്ര വൈദ്യുതി നിലയങ്ങളിലേക്ക് തിരിച്ചു നല്‍കുകയാണ് . സംസ്ഥാനത്തു തന്നെ പകല്‍ അധികമാകുന്ന വൈദ്യുതി, ബാറ്ററികളില്‍ സംഭരിക്കുവാന്‍ ശ്രദ്ധിച്ചാല്‍ പുറമെ നിന്നും വലിയ വില നല്‍കി വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കുവാന്‍ സാധിക്കും. പമ്പ്ഡ് സ്റ്റോറേജ് സ്റ്റേഷനുകള്‍, സോളാറില്‍ നിന്നുള്‍പ്പെടെ ഊര്‍ജം ശേഖരിച്ചുവെക്കാന്‍ ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം എന്നിവ സ്ഥാപിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. നിലവില്‍ വലിയ ബാറ്ററി സംഭരണ കേന്ദ്രങ്ങളുടെ നിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ 30%വരെ സബ്‌സിഡി നല്‍കുന്നുണ്ട്. ഇതുപോലെ വീടുകളില്‍ വെക്കുന്ന സൗരോര്‍ജ പദ്ധതികള്‍ക്കും സബ്‌സിഡി നല്‍കുകയാണെങ്കില്‍ പലരും ബാറ്ററി വെക്കുന്നതിനു തയ്യാറായേക്കുമെന്ന പരിഹാര നിര്‍ദേശം മുന്നോട്ടു വന്നിട്ടുണ്ട്.

മലബാറിൻ്റെ വൈദ്യുതി പ്രതിസന്ധിയും നീരൊഴുക്കും

നിലവില്‍ മലപ്പുറം, കോഴിക്കോട് ഉള്‍പ്പെടെ തൃശൂരിന് വടക്കോട്ടുള്ള ജില്ലകളില്‍ വലിയ ഊര്‍ജ പ്രതിസന്ധി നേരിടുന്നുണ്ട്. കാസര്‍കോട് ജില്ലയുടെയും വടക്കന്‍ കേരളത്തിൻ്റെയും വൈദ്യുതി ക്ഷാമം പരിഹരിക്കാനായി നിര്‍ദേശിക്കപ്പെട്ട ഉടുപ്പി-മൈലാട്ടി പവര്‍ ഗ്രിഡ് ലൈന്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. കര്‍ണാടകയിലെ ഉടുപ്പിയില്‍ നിന്ന് കാസര്‍കോട് ജില്ലയിലെ മൈലാട്ടിയിലേക്ക് വൈദ്യുതി എത്തിക്കുന്നതിനായി സ്ഥാപിച്ച 400 കെവി പവര്‍ ഗ്രിഡ് ലൈനാണിത്. പദ്ധതിയുടെ ഭൂരിഭാഗം പ്രവൃത്തികളും പൂര്‍ത്തിയായിട്ടുണ്ടെങ്കിലും നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ നിന്ന് വലിയ എതിര്‍പ്പുകളും നിയമതടസ്സങ്ങളും നേരിട്ടിരുന്നു. ഈ പദ്ധതി പൂര്‍ത്തിയായാല്‍ മാത്രമേ മലപ്പുറവും വടക്കന്‍ ജില്ലകളും നേരിടുന്ന വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകൂ.

വേനല്‍ മഴയില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ സംസ്ഥാനത്തെ ആറ് അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് പൂര്‍ണമായും നിലച്ചു. ഏതാനും ഇടത്തുമാത്രമാണ് നാമമാത്രമായ നീരൊഴുക്കുള്ളത്. 3.054ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ് ശനിയാഴ്ച എല്ലാ അണക്കെട്ടുകളിലുമായി ഒഴുകിയെത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തേക്കാള്‍ 10 അടിയോളം കുറവ് മിക്ക അണക്കെട്ടുകളിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കെഎസ്ഇബിയുടെ ആസൂത്രണമില്ലായ്മയെന്ന് കമ്മീഷൻ

സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് കാരണം കെഎസ്ഇബിയുടെ ആസൂത്രണമില്ലായ്മയാണെന്ന് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അഭിപ്രായപ്പെട്ടിരുന്നു. 250 മെഗാവാട്ട് അടിയന്തിരമായി വാങ്ങാന്‍ അനുമതി നല്‍കിയുള്ള ഉത്തരവിലാണ് വേനല്‍ക്കാല ആവശ്യകത മുന്‍കൂട്ടി കാണാത്തതിലെ പോരായ്മ ചൂണ്ടിക്കാട്ടിയത്. കെഎസ്ഇബിക്ക് വൈദ്യുതി വാങ്ങുന്നതിന് കോര്‍ കമ്മിറ്റിയും ഓപ്പറേഷന്‍സ് കമ്മിറ്റിയുമൊക്കെയുണ്ടെങ്കിലും യാഥാർഥ്യം വിലയിരുത്തുന്നതില്‍ വീഴ്ചയുണ്ടായി. ദിവസേനയുള്ള വൈദ്യുതി ഉല്‍പാദനം,ആവശ്യകത, കാലാവസ്ഥാ സാഹചര്യങ്ങള്‍ എന്നിവ പരിശോധിച്ചുള്ള ആസൂത്രണത്തില്‍ പോരായ്മ സംഭവിച്ചു. കമ്മീഷന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ പോലും കെഎസ്ഇബി യഥാസമയം ഹാജരാക്കിയില്ല. വേനല്‍ക്കാല ആവശ്യകത വർധിക്കാത്ത സംസ്ഥാനങ്ങളില്‍ നിന്ന് കൈമാറ്റ കരാറുകള്‍ വഴി വൈദ്യുതി ലഭ്യമാക്കുന്നതിലും വീഴ്ച വന്നു. വേനലിലെ വൈദ്യുതി പ്രതിസന്ധി കേരളത്തില്‍ ആദ്യമല്ല. മുന്‍കാല അനുഭവങ്ങള്‍ മനസ്സിലാക്കി ക്രമീകരണം ഒരുക്കേണ്ടതായിരുന്നു. 2024ലും സമാന സാഹചര്യമുണ്ടായി. ഇക്കൊല്ലം മാര്‍ച്ച് മാസത്തിൻ്റെ തുടക്കം തന്നെ വേനല്‍ മഴയിലെ കുറവ് പ്രകടമായി. പശ്ചിമേഷ്യയിലെ യുദ്ധം എല്‍പിജി ക്ഷാമവും രൂക്ഷമാക്കി. ഈ സാഹചര്യം നിരീക്ഷിച്ച് കാര്യക്ഷമമായ സംവിധാനം കെഎസ്ഇബി ഒരുക്കിയില്ലെന്നും റഗുലേറ്ററി കമ്മീഷന്‍ നിരീക്ഷിച്ചു.

വേണം സത്വര നടപടികള്‍

വേനല്‍ മഴ ലഭ്യമാകുന്നതോടെ വൈദ്യുതി ഉപയോഗം താനേ കുറയുമെന്ന കണക്ക് കൂട്ടലിലാണ് കെഎസ്ഇബി. അതേസമയം, കെഎസ്ഇബി പുറത്തുനിന്ന് ഉയര്‍ന്ന വിലയ്ക്ക് വാങ്ങുന്ന വൈദ്യുതിയുടെ ആഘാതം ജൂണ്‍, ജൂലൈ മാസങ്ങളിലാകും ജനം അനുഭവിക്കുക. കറണ്ട് ബില്ലിനോടൊപ്പം സര്‍ചാര്‍ജായി ഈ അധിക തുക അടയ്ക്കേണ്ടി വരും. ഊര്‍ജപ്രതിസന്ധി മുന്‍കൂട്ടി കണ്ടില്ലെന്ന റഗുലേറ്ററി കമ്മീഷൻ്റെ വിമര്‍ശനവും തള്ളിക്കളയാനാകില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കാനുള്ള ലൈനുകളുടെയും 400 കെവി സബ്‌സ്‌റ്റേഷനുകളിലെയും ശേഷി വര്‍ധിപ്പിക്കുക എന്ന പരിഹാരമാണ് കെഎസ്ഇബിക്ക് മുന്നിലുള്ളത്. അതിന് നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com