

തമിഴ്‌നാട്ടിലെ എല്ലാ ഔദ്യോഗിക പരിപാടികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 'തമിഴ് തായ് വാഴ്ത്ത്' ആലപിക്കുന്നത് നിർബന്ധമാക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുകയും നിയമസഭ അംഗീകരിക്കുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ നിർദേശങ്ങളുടെ പശ്ചാത്തലത്തിലാണ് തമിഴ്‌നാട് സർക്കാരിൻ്റെ നിർണായക നീക്കം ഉണ്ടായത്. തമിഴ് തായ് വാഴ്ത്തിനെ ഒരു കാരണവശാലും മാറ്റിനിർത്താൻ അനുവദിക്കില്ലെന്ന ശക്തമായ സന്ദേശമാണ് സർക്കാരിൻ്റെ ഈ പ്രമേയം നൽകുന്നത്. വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം നൽകിയ നിർദേശങ്ങൾക്കെതിരായ സംസ്ഥാനത്തിൻ്റെ പ്രതിരോധമാണ് ഈ നീക്കം. കേരളത്തിന് സ്വന്തം സംസ്ഥാന ഗീതം കൊണ്ടുവരാനുള്ള നീക്കം പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ തുടങ്ങിയതാണെങ്കിലും ഇതുവരെ യാഥാർഥ്യമായിട്ടില്ല. ഈ വിഷയമാണ് ഇന്ന് സ്പോട്ട്ലൈറ്റ് പരിശോധിക്കുന്നത്. തമിഴ് തായ് വാഴ്ത്ത് വന്ദേമാതര പ്രതിരോധമോ ?
വന്ദേ മാതരം മുഴുവനായി പാടും എന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ കേരളത്തിൽ അസന്നിഗ്ദമായി മാധ്യമങ്ങളോട് പ്രസ്താവിച്ച അതേസമയം തന്നെയാണ് തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി സി ജോസഫ് വിജയ് എല്ലാ ഔദ്യോഗിക പരിപാടികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 'തമിഴ് തായ് വാഴ്ത്ത്' ആലപിക്കുന്നത് നിർബന്ധമാക്കണമെന്ന പ്രമേയം അവതരിപ്പിച്ചത്. ലോകസംസ്‌കാരത്തിൽ തന്നെ ഏറ്റവും പ്രൗഢമായ ഒന്നാണ് തമിഴ് സംസ്‌കാരമെന്നും പ്രമേയത്തിൽ അദ്ദേഹം എടുത്തുപറഞ്ഞു. ചടങ്ങുകളുടെ തുടക്കത്തിൽ .തമിഴ്തായ് വാഴ്ത്തുപാട്ട് ആലപിക്കണമെന്ന് ആദ്യമായി നിയമസഭയിൽ പ്രമേയം കൊണ്ടുവന്നത് ഡിഎംകെ സർക്കാരാണെന്ന് ഡിഎംകെയെ പ്രതിനിധീകരിച്ച് സംസാരിച്ച ഗോവി ചെഴിയൻ പറഞ്ഞു.
തമിഴിന്റെ കാര്യം വരുമ്പോൾ നമ്മളെല്ലാവരും ഒരേസ്വരത്തിൽ സംസാരിക്കണമെന്നാണ് എഐഎഡിഎംകെയെ പ്രതിനിധീകരിച്ച് സംസാരിച്ച എടപ്പാടി പളനിസ്വാമിയും പറഞ്ഞത്. മുഖ്യമന്ത്രി ജോസഫ് വിജയ്ന്റെ സത്യപ്രതിജ്ഞാചടങ്ങ് ഉൾപ്പെടെ സംസ്ഥാനത്ത് അടുത്തിടെ നടന്ന പലചടങ്ങുകളിലും വന്ദേമാതരത്തിനും ദേശീയഗാനത്തിനും ശേഷമാണ് തമിഴ്തായ് വാഴ്ത്ത് ആലപിച്ചത്. അടുത്തിടെ മനോന്മണീയം സുന്ദരനാർ സർവകലാശാലയിൽ നടന്ന ബിരുദദാന ചടങ്ങിൽ തമിഴ് തായ് വാഴ്ത്തിനെ മൂന്നാം സ്ഥാനത്തേക്ക് മാറ്റിയ നടപടി വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
ഇതിനെതിരെ സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാർട്ടികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് 2026 ജൂലായ് ഒൻപതിന് സംസ്ഥാന ഗാനം ആലപിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശമെത്തിയത്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് തമിഴ് ഭാഷയുടെയും സംസ്കാരത്തിൻ്റെയും പ്രാധാന്യം ഉയർത്തിപ്പിടിക്കാൻ സർക്കാർ പുതിയ പ്രമേയം കൊണ്ടുവന്നത്.
കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തുനിന്നും വന്ദേ മാതരം സംബന്ധിച്ച പുതിയ നിർദേശങ്ങൾ സംസ്ഥാനത്തിൻ്റെ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണെന്ന വികാരമാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതൃത്വങ്ങൾക്കുള്ളത്. സ്റ്റാലിൻ മുഖ്യമന്ത്രിയായിരിക്കേ, നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ ദേശീയ ഗാനത്തിനു പകരം തമിഴ്നാടിന്റെ സംസ്ഥാനഗീതമായ ‘തമിഴ് തായ് വാഴ്ത്ത്’ പാടിയതിനെത്തുടർന്ന് നയപ്രഖ്യാപന പ്രസംഗം നടത്താതെ അന്നത്തെ ഗവർണർ ആർ.എൻ. രവി നിയമസഭ വിട്ടിറങ്ങിയത് വിവാദമായിരുന്നു. ഗവർണർ പോയതോടെ സ്പീക്കർ നയപ്രഖ്യാപനം നടത്തി. പിന്നാലെ പരസ്പരം പഴിചാരലുമായി എത്തിയ ഗവർണറും ഡിഎംകെയും സമൂഹമാധ്യമങ്ങളിലെ ചർച്ചയായിരുന്നു.
ഇന്ത്യയുടെ ഭൂമിയിലെ സ്ഥാനവും അതിന്റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ദ്രാവിഡനാടിനെയും വാഴ്ത്തിക്കൊണ്ടാണ് ‘തമിഴ് തായ് വാഴ്ത്ത് ’ ആരംഭിക്കുന്നത്. കടലാൽ ചുറ്റപ്പെട്ട ഭൂമിയുടെ സുന്ദരമായ മുഖമാണ് ഭാരതമെന്നാണ് ആദ്യ വരികളിലുള്ളത്. ഭാരതത്തിന്റെ തെക്ക് ഭാഗം, പ്രത്യേകിച്ച് ദ്രാവിഡനാട് രാജ്യത്തിന്റെ അഴകുള്ള നെറ്റിയിലണിഞ്ഞ സുഗന്ധമുള്ള തിലകമാണ്. തിലകത്തിന്റെ സുഗന്ധം പോലെ ലോകമെങ്ങും ആനന്ദം പകർന്ന്, എല്ലാ ദിശകളിലും പ്രശസ്തി പരത്തി നിൽക്കുകയാണ് തമിഴ്നാട്. നിന്റെ എന്നും നിലനിൽക്കുന്ന യുവത്വത്തിലും മഹത്വത്തിലും അത്ഭുതം കൂറി, ഞങ്ങൾ ഞങ്ങളെത്തന്നെ മറന്ന് നിന്നെ വന്ദിക്കുന്നു എന്ന വരികളോടെ ഗാനം അവസാനിക്കുന്നു.
ആലപ്പുഴ സ്വദേശിയായ സുന്ദരംപിള്ള ആയിരുന്നു ‘തമിഴ് തായ് വാഴ്ത്ത് ’ എഴുതിയത്. തിരുവിതാംകൂറിലെ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ട്യൂട്ടറായിരുന്ന അദ്ദേഹം, തിരുനെൽവേലിയിലെ കോളേജിൽ പഠിപ്പിക്കുന്ന കാലത്താണ് 4,500 വരികളുള്ള മനോന്മണീയം തമിഴ് കാവ്യനാടകം എഴുതിയത്. ഇതോടെ തമിഴ്നാട്ടുകാർ അദ്ദേഹത്തെ മനോന്മണീയം സുന്ദരംപിള്ള എന്നു വിളിച്ചു തുടങ്ങി. 1876 മുതൽ 21 വർഷം തിരുവനന്തപുരം മഹാരാജാസ് കോളേജിൽ അതായത് ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജിൽ ഫിസോലഫി പ്രഫസറായിരുന്നു. സുന്ദരംപിള്ള ജോലി ചെയ്ത തിരുനെൽവേലിയിലെ കോളേജ് പിന്നീട് സർവകലാശാലയായി മാറിയപ്പോൾ മനോനന്മണീയം സുന്ദരനാർ യൂണിവേഴ്സിറ്റി എന്ന പേരു നൽകിയാണ് തമിഴ്നാട് സർക്കാർ ആദരമറിയിച്ചത്. തിരു–കൊച്ചി മന്ത്രിസഭാംഗവും മുൻ എംപിയുമായ പി.എസ്. നടരാജപിള്ള ഇദ്ദേഹത്തിന്റെ മകനാണ്.
1969ൽ മദ്രാസ് സംസ്ഥാനത്തെ തമിഴ്നാട് ആയി പുനർനാമകരണം ചെയ്തതിനു പിന്നാലെയാണ് മനോന്മണീയം പി. സുന്ദരം പിള്ള രചിച്ച എം.എസ്. വിശ്വനാഥൻ ഈണം പകർന്ന തമിഴ് തായ് വാഴ്ത്തിന് പ്രാമുഖ്യം ലഭിച്ചത്. 1970 നവംബർ 23ന്, ഔദ്യോഗിക ചടങ്ങുകളുടെ തുടക്കത്തിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആലപിക്കണമെന്ന് അന്നത്തെ മുഖ്യമന്ത്രി എം.കെ. കരുണാനിധി ഉത്തരവിറക്കി. ചടങ്ങുകളുടെ അവസാനം ദേശീയ ഗാനം ആലപിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഇതിന്റെ തുടർച്ചയായാണ് 2021ൽ സംസ്ഥാന ഗീതമെന്ന പദവിയിലേക്ക് സ്റ്റാലിൻ സർക്കാർ ഈ ഗാനത്തെ ഉയർത്തിയത്. 2021 ഡിസംബറിൽ ‘തമിഴ് തായ് വാഴ്ത്ത്’ ദേശീയ ഗാനമല്ലെന്നും എഴുന്നേറ്റു നിൽക്കണമെന്ന ഉത്തരവില്ലെന്നുമുള്ള മദ്രാസ് ഹൈക്കോടതിയുടെ പരാമർശത്തിനു പിന്നാലെയാണ് ഡി.എം.കെ സർക്കാർ 'തമിഴ് തായ് വാഴ്ത്ത്' സംസ്ഥാന ഗാനമായി പ്രഖ്യാപിച്ചത്. 2018ൽ നടന്ന ഒരു ചടങ്ങിൽ കാഞ്ചി മഠാധിപതി വിജയേന്ദ്ര സരസ്വതി 'തമിഴ് തായ് വാഴ്ത്ത്' ആലപിച്ചപ്പോൾ എഴുന്നേറ്റു നിന്നില്ല എന്നതുമായി ബന്ധപ്പെട്ട ഒരു കേസ് റദ്ദാക്കിക്കൊണ്ടാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ ഈ പരാമർശം നടത്തിയത്.
വന്ദേമാതരം നിർബന്ധമായും പാടണം എന്നത് കേന്ദ്ര സർക്കാരിന്റെ ഒരു പ്രധാന അജൻഡയാണ്. എന്നാൽ, സംസ്ഥാന സർക്കാരുകൾക്ക് തങ്ങളുടെ സ്വന്തം പരിപാടികളിൽ നിന്ന് ഇതിനെ നിയമപരമായി തന്നെ ഒഴിവാക്കാൻ സാധിക്കുമെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അയൽ സംസ്ഥാനമായ തമിഴ്നാട് പ്രായോഗികമായി നടപ്പിലാക്കിയ ഈ തന്ത്രം കേരളവും മനസ്സിലാക്കേണ്ടതുണ്ട്. ഭരണഘടന നൽകുന്ന അധികാരങ്ങൾ ഉപയോഗിച്ച്, ഒരു സംസ്ഥാനത്തിന് സ്വന്തമായി ഒരു ഔദ്യോഗിക ഗാനം തീരുമാനിക്കാവുന്നതാണ്. സംസ്ഥാനത്തെ സ്കൂളുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, നിയമസഭയിലും, സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകളിലും ഈ ഗാനം ആലപിക്കുന്നത് നിയമം മൂലം നിർബന്ധമാക്കാൻ സംസ്ഥാന സർക്കാരിന് പൂർണ്ണ അധികാരമുണ്ട്.
ഈ അധികാരങ്ങൾ കൃത്യമായി ഉപയോഗിച്ചാണ് തമിഴ്‌നാട് സർക്കാർ 'തമിഴ് തായ് വാഴ്ത്ത്' എന്ന ഗാനത്തെ അവരുടെ ഔദ്യോഗിക സംസ്ഥാന ഗാനമായി പ്രഖ്യാപിച്ചത്. തമിഴ്നാടിനെ കൂടാതെ കർണാടക, ഒഡിഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളും തങ്ങളുടെ തനതായ ഗാനങ്ങളെ സംസ്ഥാന ഗാനമായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ആലപിക്കുന്നുണ്ട്. കേരളത്തിനും സ്വന്തമായി ഒരു സംസ്ഥാന ഗാനം രൂപീകരിച്ച് നടപ്പിലാക്കാൻ നമ്മുടെ ഭരണഘടന പൂർണമായ അധികാരം നൽകുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. ഈ പശ്ചാത്തലത്തിലാണ് സാംസ്കാരിക തനിമയുള്ള ഔദ്യോഗിക സംസ്ഥാന ഗാനം വേണം എന്ന ആവശ്യം പ്രസക്തമാകുന്നത്.
2023ൽ കേരളത്തിന് ഔദ്യോഗിക ഗാനം കണ്ടെത്താനുള്ള സംസ്ഥാന സർക്കാരിന്റെയും കേരള സാഹിത്യ അക്കാദമിയുടെയും നീക്കം വൻ വിവാദത്തിലായിരുന്നു കലാശിച്ചത്. വർഷങ്ങൾക്ക് മുൻപേ ഔദ്യോഗിക സാംസ്കാരിക ഗാനമായി അംഗീകരിച്ച ബോധേശ്വരന്റെ 'ജയ ജയ കോമള കേരള ധരണി' എന്ന ഗാനത്തെ മറന്നായിരുന്നു പുതിയ കേരള ഗാനം തയ്യാറാക്കാനുള്ള നീക്കം നടന്നത്. കേരള സാഹിത്യ അക്കാദമി ശ്രീകുമാരൻ തമ്പിയെ കേരള ഗാനം എഴുതാൻ ഔദ്യോഗികമായി ചുമതലപ്പെടുത്തുകയും അദ്ദേഹം ഗാനം എഴുതി നൽകുകയും ചെയ്തു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും അക്കാദമിയിൽ നിന്നും തുടർപ്രതികരണം ഒന്നും ഉണ്ടായില്ല. അദ്ദേഹം രചിച്ചു നൽകിയ ഗാനം അദ്ദേഹത്തെ അറിയിക്കാതെ തന്നെ അക്കാദമി സമിതി തള്ളിക്കളയുകയും മറ്റൊരു യുവ കവിയെക്കൊണ്ട് പാട്ടെഴുതിക്കാൻ ശ്രമിക്കുകയും ചെയ്തു. മാധ്യമങ്ങളിലൂടെ ഈ വിവരമറിഞ്ഞ ശ്രീകുമാരൻ തമ്പി പരസ്യമായി രംഗത്തെത്തിയതോടെ പുതിയ ഗാനം കണ്ടെത്താനുള്ള പ്രക്രിയ പൂർണ്ണമായും സ്തംഭിച്ചു.
1938ൽ അഖണ്ഡ കേരളം ലക്ഷ്യമാക്കി സ്വാതന്ത്ര്യ സമര സേനാനിയായ ബോധേശ്വരൻ രചിച്ച ഗാനമാണ് 'ജയ ജയ കോമള കേരള ധരണി'. ഐക്യകേരള പിറവിക്ക് ശേഷമുള്ള ആദ്യ നിയമസഭാ യോഗത്തിലാണ് ഈ ഗാനം ആദ്യമായി ആലപിച്ചത്. 2014ൽ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ ഈ ഗാനത്തെ കേരളത്തിന്റെ ഔദ്യോഗിക സാംസ്കാരിക ഗാനമായി പ്രഖ്യാപിച്ചു. ചരിത്ര പ്രാധാന്യമുള്ള ഈ ഗാനം നിലനിൽക്കെയാണ് പുതിയ ഗാനത്തിനായി കഴിഞ്ഞ സർക്കാർ ശ്രമം നടത്തിയത്. വന്ദേമാതരം നിർബന്ധമാക്കാനുള്ള കേന്ദ്ര നീക്കത്തിൻ്റെ പശ്ചാത്തലത്തിൽ ബോധേശ്വരൻ്റെ ഗാനത്തിന് ഔദ്യോഗിക പദവി നൽകി, കേന്ദ്ര നീക്കങ്ങളെ തടയാനുള്ള നടപടി ഇനിയും സ്വീകരിക്കാവുന്നതേയുള്ളൂ.