

2024 ജൂണ്‍ 24നാണ് പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം പേരു മാറ്റം സംബന്ധിച്ച് ഐകകണേ്ഠ്യന പ്രമേയം പാസാക്കി കേന്ദ്രസര്‍ക്കാരിനു നല്‍കിയത്. ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ 'കേരള' എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് 'കേരളം' എന്നാക്കി ഭേദഗതി വരുത്തണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. കേരളത്തിൻ്റെ ആവശ്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് പരിഗണിച്ചത്. തുടര്‍ന്ന് മന്ത്രി അമിത് ഷായുടെ അംഗീകാരത്തോടെ മന്ത്രിസഭയുടെ കരട് കുറിപ്പ് നിയമകാര്യ വകുപ്പിനും നിയമനിർമാണ വകുപ്പിനും നിയമ-നീതി മന്ത്രാലയത്തിനും അവരുടെ അഭിപ്രായങ്ങള്‍ക്കായി വിതരണം ചെയ്തു. നിർദേശത്തോട് നിയമകാര്യ വകുപ്പും നിയമനിർമാണ വകുപ്പും യോജിപ്പ് അറിയിച്ചതോടെയാണ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചത്.
സംസ്ഥാനത്തിന് വന്‍ ബാധ്യത
പേരുമാറ്റ നിയമം പ്രാബല്യത്തിലായി ഒരു വര്‍ഷത്തിനകം നിലവിലെ നിയമങ്ങളിലും പേരുമാറ്റം പ്രതിഫലിക്കണം. പ്രാബല്യതിയതിക്ക് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ കക്ഷിയായുള്ള കേസുകളുടെ തലക്കെട്ടിലും മാറ്റം വന്നതായി കണക്കാക്കും. പുനര്‍നാമകരണ പ്രക്രിയ സമയമെടുക്കുന്നതും ചെലവേറിയതുമാണ്. എല്ലാ ഔദ്യോഗിക എന്‍ട്രികളിലും കേരള എന്ന പേര് കേരളം എന്ന് മാറ്റേണ്ടിവരും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വകുപ്പുകള്‍, വാഹനങ്ങള്‍ എന്നിവയുടെ നെയിം ബോര്‍ഡുകള്‍, ലെറ്റര്‍ഹെഡുകള്‍, ഔദ്യോഗിക സീലുകള്‍, സ്റ്റാമ്പ് പേപ്പറുകള്‍ എന്നിവ മാറ്റുന്നതിനുള്ള ബൃഹത്തായ പ്രക്രിയ ഇതിൻ്റെ ഭാഗമായി തുടങ്ങേണ്ടതുണ്ട് . കേരളം എന്ന പേര് ഉപയോഗിക്കുന്ന എല്ലാത്തരം സര്‍ക്കാര്‍ ആശയവിനിമയങ്ങളും ഇലക്ട്രോണിക് സംവിധാനങ്ങളും പരിഷ്‌കരിക്കേണ്ടിവരും. എല്ലാ സര്‍ക്കാര്‍ വെബ്സൈറ്റുകളിലും ഈ മാറ്റം വരുത്തേണ്ടതുണ്ട്. വിദേശ രാജ്യങ്ങളുമായോ, രാജ്യാന്തര ഏജന്‍സികളുമായോ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടിട്ടുള്ള കരാറുകളിലും പേരുമാറ്റം ആവശ്യമായി വരും. ഓരോ വകുപ്പും സ്ഥാപനവും നിശ്ചിത കാലയളവില്‍ പേര് പരിഷ്‌കരിക്കേണ്ടി വരുമെന്നതിനാല്‍, തീരുമാനത്തിൻ്റെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ പിന്നീടാണ് പ്രതിഫലിക്കുക. ഈ തീരുമാനപ്രകാരം, കേരള ഹൈക്കോടതി, ന്യൂഡല്‍ഹിയിലെ കേരള ഹൗസ് തുടങ്ങിയ ഐക്കണിക് സ്ഥാപനങ്ങളുടെ പേരുകളും പരിഷ്‌കരിക്കേണ്ടി വരുമോ എന്ന ചര്‍ച്ചയും തുടങ്ങിക്കഴിഞ്ഞു. നിയമനിർമാണത്തിലൂടെ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍, കേരള ഹൈക്കോടതി, കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ തുടങ്ങിയ പല സ്ഥാപനങ്ങളും കേരള എന്ന പേരില്‍ തന്നെ തുടരേണ്ടിവരും .
പശ്ചിമ ബംഗാള്‍ എന്ന് ബംഗ്ല ആകും ?
കേരളത്തിൻ്റെ പേര് മാറ്റാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി മണിക്കൂറുകള്‍ക്ക് ശേഷം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംസ്ഥാനത്തിൻ്റെ പേര് ബംഗ്ല എന്നാക്കി മാറ്റണമെന്ന ആവശ്യം ആവര്‍ത്തിച്ചിരുന്നു . സിപിഐഎം-ബിജെപി ധാരണയുടെ പുറത്താണ് ഇത്തരത്തില്‍ പേര്മാറ്റത്തിന് അംഗീകാരം ലഭിച്ചതെന്ന വിമര്‍ശനം കൂടി അവര്‍ ഉന്നയിച്ചു. കിഴക്കന്‍ ബംഗാള്‍ ബംഗ്ലാദേശായി മാറിയതിനാല്‍, ഇന്ത്യയിലെ ബംഗാളിൻ്റെ ശേഷിക്കുന്ന ഭാഗത്തെ പശ്ചിമ ബംഗാള്‍ എന്ന് വിളിക്കുന്നതില്‍ അര്‍ഥമില്ല. 2011 ല്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തത് മുതല്‍ സംസ്ഥാനത്തിൻ്റെ പേര് ബംഗ്ലാ എന്നാക്കി മാറ്റണമെന്ന് മമത ബാനര്‍ജി ആവശ്യപ്പെടുന്നുണ്ട്. പശ്ചിമ ബംഗാള്‍ നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെയും ഈ ആവശ്യത്തില്‍ അനുകൂല നിലപാട് എടുത്തിട്ടില്ല. വെസ്റ്റ് ബംഗാള്‍ എന്ന പേര് വരുമ്പോള്‍ എവിടെയും ആല്‍ഫബെറ്റ് ക്രമപ്രകാരം സംസ്ഥാനത്ത് നിന്നുള്ളവര്‍ അവസാന നിരയിലേക്ക് പിന്തള്ളപ്പെടുന്നു എന്നാണ് മമത നേരത്തെ തന്നെ ചൂണ്ടിക്കാണിക്കുന്നത്.
തരൂരിൻ്റെ സൂക്ഷ്മജീവിയും ധാതു ഉത്കണ്ഠയും
തെരഞ്ഞെടുപ്പ് നീക്കമാണെന്ന് ആരോപിച്ച് പേരുമാറ്റ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് ശശി തരൂര്‍ എം.പിയാണ്. കേരളൈറ്റ് , കേരളന്‍ എന്നീ വാക്കുകള്‍ക്ക് ഇനി എന്ത് സംഭവിക്കും എന്നതായിരുന്നു തരൂരിൻ്റെ ചോദ്യം. കേരളമൈറ്റ് എന്ന് ഉപയോഗിച്ചാല്‍ സൂക്ഷ്മാണുവിൻ്റെ പേരുപോലെയും കേരളമിയന്‍ എന്ന് വിളിച്ചാല്‍ അപൂര്‍വ ധാതുവിനെ പോലെ തോന്നുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റ്. പിന്നാലെ 'സൂക്ഷ്മജീവി-ധാതു ഉത്കണ്ഠ'യില്‍ നിന്ന് മാറിനില്‍ക്കാന്‍ ശശി തരൂര്‍ എംപിയെ ഉപദേശിച്ച ജോണ്‍ ബ്രിട്ടാസ് എംപിയുടെ പോസ്റ്റ് എത്തി.''കേരളം''എന്ന് കേള്‍ക്കുമ്പോള്‍ പുതിയ പൈശാചിക നാമങ്ങള്‍ കണ്ടുപിടിക്കാന്‍ തോന്നുന്നുവെങ്കില്‍, ''കേരളീയന്‍'' എന്ന് സംബോധന മുറുകെ പിടിക്കാന്‍ മടിക്കേണ്ടെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. അതേസമയം, പേര് മാറ്റത്തിൻ്റെ ക്രഡിറ്റ് ഏറ്റെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനും രംഗത്തെത്തിക്കഴിഞ്ഞു. 2026 ജനുവരി 12-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് കത്തെഴുതിയതിനെത്തുടര്‍ന്നാണ് തീരുമാനം വന്നതെന്നാണ് രാജീവ് ചന്ദ്രശേഖറിൻ്റെ അവകാശ വാദം.
പ്രബുദ്ധ കേരളത്തിന് എന്തെങ്കിലും സമ്മാനിക്കുമോ?
കേരളയും കേരളവും ആയി രണ്ടായി പിരിഞ്ഞപ്പോഴുണ്ടായ നമ്മുടെ സംസ്ഥാനത്തിൻ്റെ 'സാംസ്‌കാരിക സ്വത്വപ്രതിസന്ധി'ക്ക് പരിഹാരമായിരിക്കുന്നു. ഇനി കേരളം എന്ന ഒറ്റ അഭിസംബോധനയേ നമുക്കുള്ളൂ. എങ്കിലും മലയാളിയായും മല്ലുവായും കേരളീയനായും ഒക്കെയായി നമ്മുടെ അസ്ഥിത്വം പഴയതുപോലെ തുടരും. മാതൃഭാഷയെ മറന്ന പുതു തലമുറ -മകാരം ഉറപ്പിച്ച് കേരളം എന്ന് പറയുന്നത് കേള്‍ക്കാന്‍ നമുക്കാകുമോ? ഇംഗ്ലീഷിലെ കേരളയും ഹിന്ദിയിലെ കേരളും കേരളം ആകുന്നതോടെ എന്ത് അഭിമാനബോധമാണ് മലയാളിയിലേക്ക് തിരിച്ചെത്തുന്നത് എന്ന ചോദ്യം ഉയരുന്നുണ്ട്? കേവലം സ്വത്വപരമായ ദുരഭിമാനത്തിൻ്റെ വിജയം എന്നതിലുപരി ഈ പേരുമാറ്റം പ്രബുദ്ധ കേരളത്തിന് എന്തെങ്കിലും സമ്മാനിക്കുമോ? സാംസ്‌കാരിക ആത്മാഭിമാനത്തിൻ്റെയും സ്വത്വത്തിൻ്റെയും വീണ്ടെടുപ്പാക്കി അവതരിപ്പിച്ചുള്ള രാഷ്ട്രീയ സ്വരുക്കൂട്ടലുകള്‍ അല്ലാതെ സംസ്‌കാരിക കേരളത്തിനായി എന്തെങ്കിലും നീക്കിയിരിപ്പിന് ഈ വിജയാഘോഷം വഴിവെക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.