കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ചുകൊണ്ട് മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീട്ടിലും കണ്ണൂരിലെ വസതിയിലും മുന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതിയിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്ന ഇഡി പരിശോധന നടത്തിയിരിക്കുന്നു. വിവാദമായ എക്‌സാലോജിക് സിഎംആര്‍എല്‍ കേസുമായി ബന്ധപ്പെട്ട് കേരളത്തിലും ബെംഗളൂരുവിലുമായി പന്ത്രണ്ട് കേന്ദ്രങ്ങളിലാണ് ഒരേസമയം ഇഡി റെയ്ഡ് നടന്നത്. എക്‌സാലോജിക് ഇടപാടിലെ ഇഡി അന്വേഷണം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കുകയും, അന്വേഷണം റദ്ദാക്കണമെന്ന സിഎംആര്‍എല്ലിന്റെ ഹര്‍ജി തള്ളുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. റെയ്ഡിനെത്തുടര്‍ന്ന് ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ക്കാണ് സംസ്ഥാനം സാക്ഷ്യംവഹിച്ചത്. മുഖ്യമന്ത്രി വി.ഡി.സതീശന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട ശേഷം മണിക്കൂറുകള്‍ കഴിയും മുമ്പായിരുന്നു ഇഡി റെയ്ഡ് എന്നത് ഇഡി നടപടിക്ക് പിന്നില്‍ യുഡിഎഫിനും പങ്കുണ്ടെന്ന സിപിഐഎം ആരോപണത്തിനും വഴിവെച്ചു.
ഇഡി റെയ്ഡ് രാഷ്ട്രീയ വേട്ടയാടലോ?
മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്‌സാലോജിക് സൊല്യൂഷന്‍സിന് സ്വകാര്യ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ വഴിവിട്ട രീതിയില്‍ പണം നല്‍കി എന്നതാണ് കേസിന്റെ ആധാരം. 2017 നും 2020 നും ഇടയില്‍ വീണാ വിജയനും അവരുടെ കമ്പനിക്കും സിഎംആര്‍എല്‍ 1.72 കോടി രൂപ നല്‍കിയതായി ആദായനികുതി വകുപ്പിന്റെ തര്‍ക്കപരിഹാര ബോര്‍ഡ് കണ്ടെത്തി. എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലിന് യാതൊരുവിധ സോഫ്റ്റ്‌വെയർ അല്ലെങ്കില്‍ കണ്‍സള്‍ട്ടന്‍സി സേവനങ്ങളും നല്‍കിയിട്ടില്ലെന്നും, എന്നാല്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴി കൃത്യമായി പണം കൈമാറിയിട്ടുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി.
സിഎംആര്‍എല്‍ കമ്പനിയില്‍ ആദായനികുതി വകുപ്പ് 2019ല്‍ നടത്തിയ റെയ്ഡില്‍, കമ്പനി തങ്ങളുടെ ചെലവുകള്‍ പെരുപ്പിച്ചു കാട്ടി കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. ഈ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളില്‍ നിന്നാണ് വീണ വിജയന്റെ കമ്പനിക്ക് സിഎംആര്‍എല്‍ വലിയ തുക കൈമാറിയ വിവരം പുറത്തുവരുന്നത്. ഈ തുക ബിസിനസ് ആവശ്യങ്ങള്‍ക്കായി നല്‍കിയതാണെന്ന് അംഗീകരിക്കാന്‍ ആദായനികുതി വകുപ്പിന്റെ ഇടക്കാല സെറ്റില്‍മെന്റ് ബോര്‍ഡ് വിസമ്മതിച്ചു. 'ചെയ്യാത്ത സേവനത്തിനാണ് പണം നല്‍കിയത്' എന്ന് ബോര്‍ഡ് നിരീക്ഷിച്ചതോടെയാണ് ഈ വിഷയം വന്‍ രാഷ്ട്രീയ വിവാദമായി മാറിയത്.
ഇഡി അന്വേഷണം വന്ന വഴി
വലിയ കോര്‍പ്പറേറ്റ് തട്ടിപ്പുകള്‍ അന്വേഷിക്കുന്ന കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് എന്ന എസ്എഫ്ഐഒ നടത്തിയ അന്വേഷണത്തില്‍ വീണാ വിജയന് ഈ സാമ്പത്തിക ഇടപാടില്‍ സുപ്രധാന പങ്കുണ്ടെന്നും, ഇത് വ്യക്തമായ ഒത്തുകളിയും പണം തട്ടിയെടുക്കലുമാണെന്നും കണ്ടെത്തി. തുടര്‍ന്ന് 2025 ഏപ്രിലില്‍ എസ്എഫ്ഐഒ കോടതിയില്‍ ഔദ്യോഗികമായി പരാതി സമര്‍പ്പിച്ചു. ആ റിപ്പോര്‍ട്ടില്‍ വീണ 11-ാം പ്രതിയായി. തുടര്‍ന്ന് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡി ഈ ഇടപാടില്‍ അന്വേഷണം ആരംഭിച്ചു. സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് അയച്ചു. ഇഡിയുടെ അന്വേഷണത്തെയും സമന്‍സിനെയും ചോദ്യം ചെയ്ത് സിഎംആര്‍എല്‍ കമ്പനിയും എംഡി ശശിധരന്‍ കര്‍ത്തയും ഹൈകോടതിയെ സമീപിച്ചു. എഫ്ഐആര്‍ ഇല്ലാതെ ഇഡിക്ക് അന്വേഷിക്കാന്‍ അധികാരമില്ലെന്നായിരുന്നു അവരുടെ വാദം. എന്നാല്‍ 2026 മേയ് 26ന് ഹൈക്കോടതി ഈ ഹരജികള്‍ തള്ളി. ഇഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും, കമ്പനി ഉദ്യോഗസ്ഥര്‍ ഇഡിക്ക് മുന്നില്‍ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. തുടര്‍ന്നാണ് പിണറായി വിജയന്റെ വസതികളിലും പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതി ഉള്‍പ്പെടെ 12 സ്ഥലങ്ങളിലും ഇഡി വ്യാപകമായ പരിശോധന നടത്തിയത്.
പിണറായി വിജയനും മകള്‍ ടി.വീണയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഇഡി
സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ ടി. വീണയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കമ്പനിയില്‍നിന്ന് വ്യാജ ചെലവുകളുടെ മറവില്‍ വകമാറ്റിയ ഫണ്ടിന്റെ പ്രധാന ഗുണഭോക്താക്കളില്‍ ഒരാള്‍ വീണയാണെന്നും കേന്ദ്ര അന്വേഷണ ഏജന്‍സി പരസ്യപ്പെടുത്തി. സിഎംആര്‍എല്‍ കമ്പനിയില്‍നിന്ന് യാതൊരുവിധ സേവനങ്ങളും നല്‍കാതെ വിവിധ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കോടിക്കണക്കിന് രൂപ കൈമാറിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കമ്പനിയുടെ നിയമപരമായ ചെലവുകള്‍ എന്ന വ്യാജേനയാണ് ഈ തുക വകമാറ്റിയത്. ഇത്തരത്തില്‍ പണം കൈപ്പറ്റിയവരില്‍ മുന്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണയും ഉള്‍പ്പെടുന്നുവെന്നും, പരിശോധനകളുടെയും അന്വേഷണത്തിന്റെയും പരിധിയില്‍ മുന്‍ മുഖ്യമന്ത്രിയും മകളും കൃത്യമായി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇഡി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
വ്യാപക പ്രതിഷേധങ്ങളും മുന്‍ റെയ്ഡുകളും
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിനെതിരെ സിപിഐഎം മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം സംസ്ഥാനമൊട്ടാകെ അരങ്ങേറി. മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് റെയ്ഡ് നടത്തിയത് എന്നതിനാല്‍ അതിന് പിന്നില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നടത്തിയ ഗൂഢാലോചനയാണെന്നും സിപിഐഎം ആരോപിക്കുന്നുണ്ട്.
രാഷ്ട്രീയ പ്രേരിത നീക്കമാണ് ഇഡി നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോള്‍ അവര്‍ക്ക് ഉയര്‍ത്തിക്കാട്ടാന്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി നടന്ന ഒട്ടേറെ റെയ്ഡുകള്‍ ഉണ്ട്. 2026 ജനുവരിയില്‍ ശബരിമലയിലെ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളില്‍ ഇഡി പരിശോധനകള്‍ നടത്തിയിരുന്നു. ഹൈക്കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്ന കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇഡി അന്ന് ഇടപെട്ടത്. കേരളത്തില്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു പ്രധാന ഇഡി നടപടി കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടതായിരുന്നു. സിപിഐഎം പ്രാദേശിക-സംസ്ഥാന നേതാക്കളുടെ വീടുകളിലും ബാങ്ക് ഭരണസമിതി അംഗങ്ങളുടെ വസതികളിലും ഇഡി നിരന്തരം റെയ്ഡുകള്‍ നടത്തുകയും പ്രമുഖ നേതാക്കളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര നീക്കമാണിതെന്ന ആരോപണവുമായി അന്ന് എല്‍ഡിഎഫ് ഇതിനെതിരെ രംഗത്തുവന്നു.
അരവിന്ദ് കെജ്‌രിവാളും ഇഡി റെയ്ഡുകളും
മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ നടന്ന ഇഡി റെയ്ഡിനെ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരായ ഇഡി നടപടിയുമായാണ് സിപിഐഎം നേതാക്കള്‍ താരതമ്യം ചെയ്യുന്നത്. 2021-22 വര്‍ഷം ഡല്‍ഹി മദ്യനയ രൂപീകരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളിലാണ് ഇഡി കെജ്‌രിവാളിനെതിരെ നീങ്ങിയത്. 2024 മാര്‍ച്ചില്‍ അദ്ദേഹത്തിൻ്റെ വസതിയില്‍ ഇഡി റെയ്ഡ് നടത്തുകയും തുടര്‍ന്ന് നാടകീയമായി അറസ്റ്റ് ചെയ്യുകയുമുണ്ടായി. പിന്നീട് കേസില്‍ നിന്ന് കോടതി കെജ്‌രിവാളിനെ കുറ്റവിമുക്തനാക്കുകയായിരുന്നു. ഈയടുത്തായി, പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി മന്ത്രിയായ സഞ്ജീവ് അറോറയുടെ വസതിയിലും ഇഡി റെയ്ഡ് നടത്തി. പ്രതിപക്ഷ നേതാക്കളെ ഭയപ്പെടുത്തി ബിജെപിയില്‍ എത്തിക്കാനാണ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നത് എന്ന് ആരോപിച്ച് അരവിന്ദ് കെജ്‌രിവാൾ ഈ റെയ്ഡുകള്‍ക്കെതിരെ ശക്തമായി രംഗത്തുവന്നു. റാഞ്ചിയിലെ സൈനിക ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറൻ്റെ വസതികളില്‍ ഇഡി റെയ്ഡ് നടത്തിയത്. ജാര്‍ഖണ്ഡില്‍ വലിയ രാഷ്ട്രീയ അട്ടിമറികള്‍ക്ക് ഇത് കാരണമായി. ബംഗാളില്‍ ഭരണകക്ഷിയായിരുന്ന തൃണമൂല്‍ നേതാക്കള്‍ക്കെതിരെയും തുടര്‍ച്ചയായി ഇഡി റെയ്ഡുകള്‍ നടന്നു. തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി പല പ്രമുഖ മന്ത്രിമാരും ഇഡി റെയ്ഡുകള്‍ക്ക് ഇരയായിട്ടുണ്ട്.
അഴിമതിക്കെതിരായ പോരാട്ടമോ രാഷ്ട്രീയ വേട്ടയാടലോ?
തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ടും, പ്രതിപക്ഷ പാര്‍ട്ടികളുടെ ഭരണം അസ്ഥിരപ്പെടുത്താനും കേന്ദ്ര സര്‍ക്കാര്‍ ഇഡി, സിബിഐ തുടങ്ങിയ ഏജന്‍സികളെ 'രാഷ്ട്രീയ ആയുധമാക്കുന്നു എന്നാണ് പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം ആരോപിച്ചുകൊണ്ടിരിക്കുന്നത്. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് തങ്ങളുടേതെന്നും, കോടതികളുടെ മേല്‍നോട്ടത്തിലും ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് അന്വേഷണ ഏജന്‍സികള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാരും ബിജെപിയും വാദിക്കുന്നു. ഈ വാദമുഖങ്ങള്‍ നിലനില്‍ക്കേയാണ് അധികാരത്തില്‍ നിന്ന് ഒഴിഞ്ഞ് ദിവസങ്ങള്‍ക്കകം തന്നെ മുന്‍മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ഉള്ളവരുടെ വസതികളില്‍ ഹൈക്കോടതി അനുമതി ലഭിച്ച് മണിക്കൂറുകള്‍ക്കകം ഇഡി റെയ്ഡ് നടത്തിയത്. എക്‌സാലോജിക് ആരോപണങ്ങളിലെ വസ്തുതകള്‍ ഈ റെയ്ഡിലൂടെ സ്ഥിരീകരിക്കുമെങ്കില്‍ മാത്രമേ ഇഡിയുടെ നീക്കം സത്യസന്ധമാണെന്ന് നമുക്ക് ഉറപ്പിക്കാനാകൂ. മറിച്ചാണെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ ഉപകരണമാകുകയാണ് ഇഡി എന്ന ആരോപണത്തിന് ശക്തി പകരാന്‍ ഒരു കാരണംകൂടിയാകും.