ഇന്ത്യ-യുഎസ് വ്യാപാര കരാറിന് പിന്നില്‍ എപ്സ്റ്റീന്‍ ഫയലോ?

ഇന്ത്യ-യുഎസ് വ്യാപാര കരാറിന് പിന്നില്‍ എപ്സ്റ്റീന്‍ ഫയലോ?

നരേന്ദ്ര മോദിയുടെ 2017ലെ ഇസ്രായേല്‍ സന്ദര്‍ശനത്തിന് മുമ്പും ശേഷവും അനില്‍ അംബാനി 'ഇന്ത്യന്‍ നേതൃത്വ'ത്തിന് വേണ്ടി നടത്തിയ മെയില്‍ സന്ദേശങ്ങളാണ് ഇപ്പോള്‍ വിവാദമാകുന്നത്
Published on

ഇന്ത്യയുടെ എതിര്‍പ്പിനാല്‍ വഴിമുട്ടിയ ഇന്ത്യ-യുഎസ് കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ പ്രേരണയായത് എപ്സ്റ്റീന്‍ ഫയലുകളാണെന്ന് ആരോപണമുയര്‍ത്തിയത് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ്. ബജറ്റ് സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് അനില്‍ അംബാനി വഴി യുഎസ് -ഇസ്രായേല്‍ ചങ്ങാത്തമുണ്ടാക്കാന്‍ കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയും യുഎസ് ശതകോടീശ്വരനുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ടുവെന്ന ആരോപണം ഉയരുന്നത്. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ ഫയലുകളില്‍ നിന്നാണ് ഇത് പുറത്തുവന്നത്. എപ്സ്റ്റീന്റെ ഉപദേശം സ്വീകരിച്ച പ്രധാനമന്ത്രി ഇസ്രായേലില്‍ വെച്ച് യുഎസ് പ്രസിഡന്റിന്റെ ആവശ്യപ്രകാരമുള്ള കാര്യങ്ങളില്‍ വ്യാപാരകരാറില്‍ ഇടപെട്ടുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. എപ്സ്റ്റീന്‍ ഫയലുകളില്‍ വെളിപ്പെടാത്തത് ഇനിയും വരാനിരിക്കുകയാണെന്നും രാജ്യം മുഴുവന്‍ അത് അറിയാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പ്രതിപക്ഷനേതാവ് പറയുന്നു.

ആളിപ്പിടിച്ച എപ്സ്റ്റീന്‍ ഫയല്‍ വിവാദം

ന്യൂയോര്‍ക്ക് സിറ്റിയിലെ പ്രമുഖ വിദ്യാലയമായ ഡാള്‍ട്ടണ്‍ സ്‌കൂളിലെ ഗണിത അധ്യാപകനായി കരിയര്‍ തുടങ്ങിയ ജെഫ്രി എപ്സ്റ്റീന്‍ 1970കളില്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ ബെയര്‍ സ്റ്റേണ്‍സില്‍ ജോലി ആരംഭിച്ചതോടെ തന്റെ ജീവിതം മാറ്റി മറിച്ച നിക്ഷേപ ലോകത്തേക്കുള്ള യാത്ര ആംഭിക്കുകയായിരുന്നു. 1982ല്‍ സ്വന്തം സ്ഥാപനമായ ജെ. എപ്സ്റ്റീന്‍ ആന്‍ഡ് കോ സ്ഥാപിച്ചു. നൂറു കോടിയിലധികം വരുമാനമുള്ളവര്‍ക്ക് പ്രത്യേക സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് എപ്സ്റ്റീന്‍ പ്രമുഖരുമായി വ്യക്തിബന്ധം സ്ഥാപിച്ചു. ശതകോടീശ്വര പണമിടപാടുകാരനും കോര്‍പറേറ്റ് ഇടനിലക്കാരനും ആയി മാറിയ ജെഫ്രി എപ്സ്റ്റീനെതിരെ 2008ലാണ് ലൈംഗിക കുറ്റകൃത്യങ്ങള്‍ അടക്കമുള്ളവ തെളിയിക്കപ്പെട്ടത്. വിവിധ രാജ്യങ്ങളിലെ പ്രമുഖ രാഷ്ട്രീയക്കാര്‍, രാജ കുടുംബാംഗങ്ങള്‍, ശാസ്ത്രകാരന്മാര്‍, വന്‍കിട ടെക്‌നോക്രാറ്റുകള്‍, സെലിബ്രിറ്റികള്‍ തുടങ്ങിയവരുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന എപ്സ്റ്റീന് ന്യുയോര്‍ക്കിലും പാരീസിലും അടക്കം ആഡംബര വസതികളും യുഎസില്‍ സ്വകാര്യദ്വീപും ഉണ്ടായിരുന്നു. ജയിലില്‍ നിന്ന് ചെറിയ ശിക്ഷ ലഭിച്ച് പുറത്തുവന്നെങ്കിലും 2019ല്‍ കുട്ടികളെ ലൈഗിക കുറ്റങ്ങള്‍ക്ക് കടത്തിയെന്ന കേസില്‍ വീണ്ടും അറസ്റ്റിലായി. വിചാരണയിലിരിക്കേ ഓഗസ്റ്റില്‍ എപ്സ്റ്റിന്‍ മന്‍ഹാട്ടന്‍ ജയില്‍ വെച്ച് ജീവനൊടുക്കി. ഡിസംബര്‍ 19നാണ് യുഎസ് നീതിന്യായ വകുപ്പ്, 30 ലക്ഷത്തിലധികമുള്ള എപ്സ്റ്റീനിന്റെ സ്വകാര്യ രേഖകളില്‍ അന്വേഷണത്തിനായി പുറത്തുവിട്ടത്. ഘട്ടംഘട്ടമായി പുറത്തുവന്ന രേഖകളില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ശതകോടീശ്വരന്മായ ഇലോണ്‍ മസ്‌ക്, ബില്‍ഗേറ്റ്സ്, പോപ്പ് താരം മൈക്ക്ള്‍ ജാക്സന്‍, ഓസ്‌കാര്‍ജേതാവ് കെവിന്‍ സ്പേസി എന്നിവരുടെ അടക്കം ആയിരക്കണക്കിന് ചിത്രങ്ങള്‍ അടക്കമുള്ളവരുടെ രേഖകളാണ് പുറത്തുവന്നിട്ടുണ്ട്.

ഇന്ത്യ-യുഎസ് വ്യാപാര കരാറിന് പിന്നില്‍ എപ്സ്റ്റീന്‍ ഫയലോ?
ഇന്ത്യന്‍ വിപണിയുടെ കുത്തക ട്രംപിന് അടിയറ വെച്ചോ?

എപ്സ്റ്റീൻ ഫയലുകളുടെ ഇന്ത്യന്‍ ബന്ധങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേരിട്ട് ഇടപെട്ടതിന്റെ രേഖകള്‍ എപ്സ്റ്റയിന്‍ ഫയലിലില്ലെങ്കിലും നരേന്ദ്ര മോദിയുടെ 2017ലെ ഇസ്രായേല്‍ സന്ദര്‍ശനത്തിന് മുമ്പും ശേഷവും റിലയന്‍സ് സഹോദരന്‍മാരില്‍ ഒരാളായ അനില്‍ അംബാനി 'ഇന്ത്യന്‍ നേതൃത്വ'ത്തിന് വേണ്ടി നടത്തിയ മെയില്‍ സന്ദേശങ്ങളാണ് ഇപ്പോള്‍ വിവാദമാകുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വേണ്ടി, മോദി ഇസ്രായേലിലേക്ക് യാത്ര ചെയ്തെന്നും അവിടെ നൃത്തമാടുകയും പാട്ടുപാടിയെന്നും അത് എപ്സ്റ്റീന്റെ നിര്‍ദേശമനുസരിച്ചായിരുന്നെന്ന് യുഎസ് നീതിന്യായവകുപ്പ് പുറത്തുവിട്ട ഫയല്‍ രേഖകള്‍ വെളിപ്പെടുത്തുന്നു. നൃത്തമാടുകയും പാട്ടുപാടിയെന്നും പറയുന്നത് യുഎസ് താല്‍പര്യപ്രകാരം പ്രവര്‍ത്തിച്ചു എന്നുള്ള സൂചയാകാം കേട്ടോ. 2017ല്‍ ട്രംപ് ആദ്യമായി യുഎസ് പ്രസിഡന്റായി അധികാരമേറ്റപ്പോള്‍ അനില്‍ അംബാനി എപ്സ്റ്റീന് അയച്ച മെയിലും ഇപ്പോള്‍ ചര്‍ച്ചയാണ്. ട്രംപിന്റെ മരുമകന്‍ ജറാദ് കുഷ്നര്‍ അടക്കമുള്ള അടുത്ത വൃത്തങ്ങളുമായി ബന്ധപ്പെടാന്‍ 'നേതൃത്വം' സഹായം ചോദിക്കുന്നുണ്ട് എന്നാണ് അനിലിന്റെ മെയില്‍ സന്ദേശം. ട്രംപ്-മോദി കൂടിക്കാഴ്ചക്ക് അനില്‍ എപ്സ്റ്റീനോട് സഹായം ചോദിക്കുന്നതും രേഖകളിലുണ്ട്. പ്രധാനമന്ത്രി 2017 ജൂലൈയില്‍ ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നു എന്നതൊഴിച്ചാല്‍, ഫയലുകളിലെ മറ്റ് സൂചനകള്‍ ഒരു കുറ്റവാളിയുടെ വെറും പാഴ് വാക്കുകള്‍ മാത്രമാണെന്നും അവ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നുവെന്ന് വിവാദം ഉയര്‍ന്ന ഉടന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കി മുഖം രക്ഷിക്കാന്‍ ശ്രമം നടത്തി. കേന്ദ്ര കാബിനറ്റ് മന്ത്രി ഹര്‍ദീപ് സിങ്് പുരിയുടെ പേര് ഫയലില്‍ ഇടംപിടിച്ചത് ബി.ജെ.പിയെ പ്രതിരോധത്തിലാക്കി. ഇന്ത്യന്‍ വിദേശകാര്യവകുപ്പില്‍ നിന്ന് വിരമിച്ച പുരി 2014ലാണ് ബിജെപിയില്‍ ചേര്‍ന്നത്. 2025ല്‍ രണ്ട് തവണ എപ്സ്റ്റീന്റെ മന്‍ഹാട്ടന്‍ വസതിയില്‍ പുരി സന്ദര്‍ശിച്ചിട്ടുമുണ്ടെന്ന് രേഖകള്‍ പറയുന്നു. അതേസമയം സന്ദര്‍ശനവിഷയം തീര്‍ത്തും ബിസിനസ് കാര്യങ്ങളായിരുന്നെന്ന് പുരി സമ്മതിച്ചിട്ടുണ്ട്.

ഡിസംബര്‍ 19നാണ് യുഎസ് നീതിന്യായ വകുപ്പ്, 30 ലക്ഷത്തിലധികമുള്ള എപ്സ്റ്റീനിന്റെ സ്വകാര്യ രേഖകളില്‍ അന്വേഷണത്തിനായി പുറത്തുവിട്ടത്
ഇന്ത്യ-യുഎസ് വ്യാപാര കരാറിന് പിന്നില്‍ എപ്സ്റ്റീന്‍ ഫയലോ?
കരസേനാ മുൻ മേധാവിയുടെ പുസ്തകത്തെ സർക്കാർ ഭയക്കുന്നുവോ ?

തള്ളിക്കളയാനാകാത്ത മൊസാദ് ബന്ധം

എപ്സ്റ്റീന് ഇസ്രായേല്‍ ചാര സംഘടനയായ മൊസാദുമായി ബന്ധമുണ്ടായിരുന്നോ എന്ന അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാണ്്. ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രിയായിരുന്ന എഹുദ് ബരാക് എപ്സ്റ്റീന്റെ അടുത്ത സുഹൃത്തായിരുന്നു. എപ്സ്റ്റീന്റെ ന്യൂയോര്‍ക്കിലെ വീട്ടില്‍ ഇയാള്‍ മുഖം മറച്ചു കയറിപ്പോകുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. എപ്സ്റ്റീന്‍ തന്റെ ബിസിനസ് ആവശ്യങ്ങള്‍ക്കായി വലിയ തുക ബരാക്കിന് നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാണ് എന്ന് ആരോപിക്കപ്പെട്ട പങ്കാളി ഗിസ്ലെയ്ന്‍ മാക്‌സ്വെല്ലിന്റെ പിതാവ് റോബര്‍ട്ട് മാക്‌സ്വെല്‍ മൊസാദ് ഏജന്റുമായിരുന്നു. 1991-ല്‍ ഇയാള്‍ മരിച്ചപ്പോള്‍ ഇസ്രായേലില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് അടക്കം ചെയ്തത്. പിതാവിന്റെ ഈ ചാരബന്ധം മകളിലൂടെ എപ്സ്റ്റീനിലേക്കും നീണ്ടു എന്നാണ് ആരോപണം ഉയരുന്നത്. ഒരു സാധാരണ കുറ്റവാളി എന്നതിലുപരി, സയണിസ്റ്റ് താല്പര്യങ്ങള്‍ക്കായി ലോക നേതാക്കളെ നിയന്ത്രിക്കാന്‍ ഉപയോഗിച്ച കരുവായിരുന്നു എപ്സ്റ്റീന്‍ എന്ന വിമര്‍ശനവും ഉയരുന്നു.

എപ്സ്റ്റീന്‍ ഫയല്‍ വിവാദം പാര്‍ലമെന്റില്‍ ചൂടുപിടിച്ചപ്പോഴും പ്രധാനമന്ത്രി മൗനത്തിലായിരുന്നു

വ്യാപാരകരാറും എപ്സ്റ്റീന്‍ രേഖകളും

എപ്സ്റ്റീന്‍ ഫയല്‍ വിവാദം പാര്‍ലമെന്റില്‍ ചൂടുപിടിച്ചപ്പോഴും പ്രധാനമന്ത്രി മൗനത്തിലായിരുന്നു. വിദേശകാര്യമന്ത്രാലയത്തെ കൊണ്ട് എന്തിന് മറുപടി പറയിപ്പിച്ചെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഒരു ഇ-മെയിലിലെ പരാമര്‍ശത്തില്‍ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്‍ മോദിയുടെ പേര് പരാമര്‍ശിച്ചിട്ടുണ്ടെന്ന വിവരമാണ് പുറത്തുവന്നത്. മോദി തന്റെ ഉപദേശം സ്വീകരിച്ചെന്നാണ് ഈ മെയിലില്‍ എപ്സ്റ്റീന്‍ പരാമര്‍ശിച്ചിട്ടുള്ളത്. അമേരിക്കന്‍ പ്രസിഡന്റിന് വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും അതുകൊണ്ട് ഗുണമുണ്ടായെന്നും പരാമര്‍ശമുണ്ട്. എന്നാല്‍ എന്ത് പ്രയോജനമെന്ന് മെയിലില്‍ വ്യക്തമാക്കിയിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എന്തിനാണ് എപ്സ്റ്റിന്റെ ഉപദേശം കേട്ടതെന്നാണ് ഉയരുന്ന ചോദ്യം. പ്രധാനമന്ത്രി 2017 ല്‍ ഇസ്രയേലില്‍ പോയെന്നതിനപ്പുറം ഒരു യാഥാര്‍ത്ഥ്യവുമില്ലെന്ന് മന്ത്രാലയം വിശദീകരിക്കുമ്പോഴും ഇടപെടലുകളിലെ ദുര്‍ഗന്ധം ഭരണതലത്തില്‍ നിന്നുണ്ടാകുന്നുവെന്ന സത്യത്തിന് നേരെ മുഖം തിരിക്കാനാവില്ല. ഇതേ ചോദ്യം തന്നെയാണ് യു.എസ് വ്യാപാരക്കരാറിന് പിന്നിലെ അടിയൊഴുക്കുകള്‍ എന്താണ് എന്നതിലും ഉയരുന്നത്.

News Malayalam 24x7
newsmalayalam.com