

സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുത്ത് ഖനന മേഖല പൂർണ്ണമായും കേന്ദ്രത്തിന്റെ വരുതിയിലാക്കുന്ന ‘ഖനന നിയന്ത്രണ ഭേദഗതി ബിൽ’ ലോക്സഭയിൽ അവതരിപ്പിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിക്കഴിഞ്ഞു. കേരളത്തിന്റെ ആഴക്കടൽ, തീരഖനന സാധ്യതകൾ ഉൾപ്പെടെയുള്ളവ സ്വകാര്യ കമ്പനികൾക്ക് കൈയടക്കാൻ വഴിയൊരുക്കുന്നതാണ് ഈ പുതിയ നിയമഭേദഗതിയെന്ന ശക്തമായ ആശങ്കയാണ് ഇതിനോടകം ഉയർന്നത്. ഖനനം സംബന്ധിച്ച ഏതു തീരുമാനവും പൂർണമായും കേന്ദ്ര സർക്കാരിന്റെ അധീനതയിലാക്കാൻ തക്കവണ്ണം പരുവപ്പെടുത്തിയത് കൂടിയാണ് ഈ ബിൽ. ധാതുസമ്പുഷ്ടമായ കേരള തീരം തന്നെയായിരിക്കും കോർപറേറ്റ് ഭീമന്മാർ ലക്ഷ്യമിടുക എന്നുറപ്പ്. ഈ പശ്ചാത്തലമാണ് ഇന്നത്തെ സ്പോട്ട്ലൈറ്റ് വിഷയമാക്കുന്നത്.
രാജ്യത്തിന്റെ ധാതുസമ്പത്ത് മുഴുവൻ സ്വകാര്യ കുത്തകകൾക്ക് അടിയറവ് വെക്കുന്നതാണോ കേന്ദ്ര സർക്കാരിന്റെ ഖനനനിയന്ത്രണ ഭേദഗതി ബിൽ എന്ന ആശങ്ക ഉയരുകയാണ്. സംസ്ഥാനങ്ങളിൽ നിന്ന് ഖനന നിയന്ത്രണാധികാരം എടുത്തുമാറ്റാനുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്. സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള ഭൂമിയിൽ ഖനനാനുമതിക്ക് അധിക നികുതിയോ, സെസ്സോ ഈടാക്കുന്നതിൽ കർശന നിയന്ത്രണം വന്നേക്കും. ഖനനം സംബന്ധിച്ച ഏതു തീരുമാനവും പൂർണമായും കേന്ദ്ര സർക്കാരിൻ്റെ അധീനതയിലാക്കാൻ ഇതിലൂടെ സാധിക്കും.
ആഴക്കടൽ ധാതുഖനനത്തിനായി പാട്ടക്കാലാവധി നീട്ടിനൽകുന്നത് അടക്കം സ്വകാര്യ ഖനനക്കമ്പനികൾക്ക് വലിയ ഇളവുകളാണ് ബിൽ നൽകുന്നത്. ഖനി, ധാതു വികസനവും ക്രമീകരണവും ഭേദഗതി ബില്ലിലെ വ്യവസ്ഥപ്രകാരം കേന്ദ്രം നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾക്കു വിധേയമായ ധാതുക്കൾക്കു മേൽ നികുതിയോ സെസ്സോ ചുമത്താനാകൂ. സംസ്ഥാനങ്ങൾ ധാതുസമ്പന്നമായ ഭൂമിക്കുമേൽ നികുതി ഈടാക്കുന്നത് നിക്ഷേപാന്തരീക്ഷത്തെ ബാധിക്കുന്നുവെന്നാണ് കേന്ദ്രത്തിന്റെ വാദം. മന്ത്രി ജി. കിഷൻ റെഡ്ഡി ലോക്സഭയിൽ അവതരിപ്പിച്ച ഈ ബില്ലിനെതിരെ എൻ.കെ. പ്രേമചന്ദ്രൻ എം.പി ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും പ്രതിപക്ഷ ബഹളത്തിനിടയിൽ ചർച്ചകൾ തടസ്സപ്പെടുകയായിരുന്നു.
എംഎംഡിആർ നിയമത്തിൽ പുതിയ 9D വകുപ്പ് ഉൾപ്പെടുത്തുന്നതാണ് ഭേദഗതിയിലൂടെ ഉദ്ദേശിക്കുന്നത്. ഈ വകുപ്പ് പ്രകാരം,കേന്ദ്ര സർക്കാർ നിർദേശിക്കുന്ന നിബന്ധനകൾക്കും നിയന്ത്രണങ്ങൾക്കും അനുസൃതമായി മാത്രമേ അധിക നികുതിയോ , ചുമതലയോ ഏർപ്പെടുത്താൻ കഴിയൂ എന്നും ബിൽ വ്യക്തമാക്കുന്നു. ഭേദഗതി നിയമം നിലവിൽ വരുന്നതിനുമുമ്പ് സംസ്ഥാന സർക്കാർ ഈടാക്കിയതോ, അല്ലെങ്കിൽ ഈടാക്കാൻ ബാക്കിയുണ്ടായിരുന്നതോ ആയ ഇത്തരം നികുതികളും സെസുകളും അസാധുവാകും. ഇതുവരെ പിടിച്ചെടുക്കാത്ത നികുതി കുടിശ്ശികകൾ റദ്ദാക്കും. അതേസമയം, സംസ്ഥാന സർക്കാരുകൾ പിരിച്ചെടുത്ത തുക തിരിച്ചുനൽകേണ്ടെന്നും ബില്ലിലുണ്ട്. ലിഥിയം, ഗ്രാഫൈറ്റ്, നിക്കെൽ, കോബാൾട്ട്, സ്വർണം, വെള്ളി തുടങ്ങിയ നിർണായക ധാതുക്കളുടെ ഖനനത്തിനായി പ്രത്യേക ഇൻസെന്റീവുകൾ, ഒന്നിലധികം ധാതുക്കളുടെ ഖനനത്തിന് ഒറ്റ ഖനനപാട്ടം, സ്വന്തം ഖനനഭൂമിയിൽ നിന്ന് ഉടമയുടെ ആവശ്യാനുസരണം ഖനനം നടത്തുന്നതിനുള്ള പരിധി ഒഴിവാക്കൽ തുടങ്ങി നിരവധി കാര്യങ്ങൾ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ദേശീയ ധാതു പര്യവേക്ഷണ ട്രസ്റ്റിന് കൂടുതൽ അധികാരങ്ങൾ നൽകുന്നതിനൊപ്പം, ഓൺലൈൻ വ്യാപാരത്തിനായി ധാതുക്കളുടെ നിയന്ത്രിത പരസ്പര കൈമാറ്റവും സ്വകാര്യ നിക്ഷേപം ആകർഷിക്കാനുമുള്ള പരിഷ്കാരങ്ങളും ബില്ലിലുണ്ട്. ഖനനം സ്വകാര്യ കമ്പനികൾക്ക് കൈയടക്കാനാവും വിധം ഇളവുകളും അധികാരങ്ങളും നൽകുന്ന ബില്ല് ഖനനം നടത്തുന്ന കമ്പനികളെ സഹായിക്കുന്നതിനാകും കാരണമാകുക എന്ന വിമർശനം ഇപ്പോഴേ ഉയർന്നു കഴിഞ്ഞു.
കരിമണൽ ഖനനം സ്വകാര്യ മേഖലയ്ക്ക് തീറെഴുതാനുള്ള കുറുക്കുവഴിയാണ് ഈ നിയമഭേദഗതിയെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി ലോകസഭയിൽ തുറന്നടിച്ചു. ഫെഡറൽ വ്യവസ്ഥിതിക്ക് എതിരായ കനത്ത വെല്ലുവിളിയാണ് ഇതെന്നും, ധാതുക്കളുടെ കലവറയായ കേരളത്തിലെ ചവറ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കേന്ദ്രത്തിന്റെ അധികാരം സ്ഥാപിക്കാൻ ഈ നിയമം വഴിയൊരുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.എൻ.കെ. പ്രേമചന്ദ്രന് പ്രതിപക്ഷ ബഹളം രൂക്ഷമായതിനാൽ കൂടുതൽ സംസാരിക്കാൻ അധ്യക്ഷ കസേരയിലുണ്ടായിരുന്ന സന്ധ്യാ റായ് അനുമതി നൽകിയില്ല. അതേസമയം, ഖനന രംഗത്തെ കുത്തകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയാണ് ബില്ല് കൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത്. ഖനന രംഗത്ത് കൂടുതൽ സാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കാനാണെന്ന് വിശദീകരിക്കുന്ന ബിൽ ഖനന രംഗത്തെ ഭീമൻമാരെ കൂടുതൽ സഹായിക്കാനാണെന്നത് വ്യക്തമാണ്. കുത്തകകൾക്ക് ഒരു നിയന്ത്രണവും ഉണ്ടാകാത്ത വിധം സ്വതന്ത്രമായി ഖനനനം തുടരാനുള്ള വഴി കൂടിയാണ് പുതിയ ബില്ല് തുറന്നുനൽകുക. അതോടൊപ്പം ധാതുവിഭവങ്ങളുള്ള ഭൂമിയിലും നികുതികളിലും കേന്ദ്ര സർക്കാറിന്റെ അധികാരം കൂടുതൽ ശക്തമാകുകയും ചെയ്യും.
ധാതുക്കൾക്കും ധാതുസമ്പുഷ്ടമായ ഭൂമിക്കും സ്വതന്ത്രമായി നികുതി ചുമത്താനുള്ള സംസ്ഥാനങ്ങളുടെ അവകാശം സുപ്രീം കോടതി ശരിവെച്ചതിന് രണ്ട് വർഷത്തിലേറെ കഴിഞ്ഞാണ് ഈ നിർദേശം വന്നിരിക്കുന്നത്. ധാതുക്കൾക്ക് കേന്ദ്ര സർക്കാരിന് നൽകുന്ന റോയൽറ്റി നികുതിയല്ലെന്ന് വ്യക്തമാക്കിയായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ അന്നത്തെ സുപ്രീം കോടതി വിധി.
വിധി ഇങ്ങനെയായിരുന്നു.. ‘‘ ഖനന കമ്പനികൾ നൽകുന്ന 'റോയൽറ്റി' ഒരു നികുതിയല്ല, മറിച്ച് ഖനനാവകാശത്തിനായി നൽകുന്ന വാടകയോ പ്രതിഫലമോ മാത്രമാണ്. ഭരണഘടനയിലെ സ്റ്റേറ്റ് ലിസ്റ്റ് പ്രകാരം ധാതുക്കൾക്കും ധാതുസമ്പുഷ്ടമായ ഭൂമിക്കും മേൽ സ്വതന്ത്രമായി നികുതി ചുമത്താൻ സംസ്ഥാന സർക്കാരുകൾക്ക് പൂർണ്ണ അവകാശമുണ്ടെന്നും കോടതി അന്ന് വ്യക്തമാക്കി. 1957ലെ കേന്ദ്ര ഖനന നിയമ പ്രകാരം സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ നികുതി അധികാരം കവർന്നെടുക്കുന്നില്ല എന്ന് പ്രഖ്യാപിച്ച ഈ വിധി, കേരളം ഉൾപ്പെടെയുള്ള ധാതുസമ്പന്നമായ സംസ്ഥാനങ്ങൾക്ക് തങ്ങളുടെ പ്രകൃതിവിഭവങ്ങൾക്ക് മേൽ കൂടുതൽ നിയന്ത്രണം ലഭിക്കാനും, ഖനനമേഖലയിൽ നിന്ന് അർഹമായ അധിക വരുമാനം കണ്ടെത്താനും വലിയ ഊർജ്ജമാണ് നൽകിയത്. ഈ വിധിയുടെ പിൻബലത്തിലാണ് സംസ്ഥാന സർക്കാരുകൾ ഖനന മേഖലയുമായി ബന്ധപ്പെട്ട പുതിയ പദ്ധതികളിലും നികുതി നയങ്ങളിലും കൂടുതൽ ആത്മവിശ്വാസത്തോടെ ഇടപെട്ടത്.
രാജ്യത്തെ ഫെഡറല്‍ വ്യവസ്ഥിതിക്കെതിരെ ഉയര്‍ത്തുന്ന കനത്ത വെല്ലുവിളിയാണ് മൈൻസ് ആൻഡ് മിനറൽസ് ഭേദഗതി ബില്ലെന്ന് സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാറിന്റെ അധികാരം കവര്‍ന്നെടുക്കാനും ധാതുക്കളടങ്ങിയ ഭൂമിയില്‍ കേന്ദ്രത്തിന്റെ അധികാരം ഉറപ്പിക്കാനും നിയമഭേദഗതിക്ക് സാധിക്കും...ഖനികളെ സംബന്ധിച്ച് കേന്ദ്രത്തിനുള്ള നിയമനിർമാണാധികാരം ഉപയോഗിച്ച് സംസ്ഥാനത്തിന്റെ പൂർണമായ നിയമനിർമാണാധികാരമുള്ള ഭൂമിയിന്മേല് കേന്ദ്രത്തിന് തീരുമാനമെടുക്കാന്‍ അധികാരപ്പെടുത്തുന്ന ഈ ഭേദഗതി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും എം.പി പറഞ്ഞു. ഒമ്പതംഗ സുപ്രീം കോടതി വിധിപോലും മാനിക്കാതെയും സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെയുമാണ് സംസ്ഥാനങ്ങളുടെ അധികാരങ്ങളെ പൂർണമായും നിഷ്പ്രഭമാക്കി, ഈ നിയമ ഭേദഗതി ബില്‍ കൊണ്ടുവന്നിരിക്കുന്നതെന്ന വിമർശനവും ശക്തമാണ്.
നീണ്ടകര തൊട്ട് തൃക്കുന്നപ്പുഴ വരെയുള്ള തീരദേശമാണ് രാജ്യത്തെ കരിമണല്‍ നിക്ഷേപങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട മേഖല. മോണോസൈറ്റ് അടങ്ങിയ മണൽ ഖനനം ചെയ്യാനും സംസ്കരിക്കാനും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആർഇഎല്ലിനും കേരള സർക്കാരിന്റെ കെഎംഎംഎല്ലിനും മാത്രമാണ് നിയമപരമായ അവകാശമുള്ളത്. അപൂർവ ഭൂമി ധാതുക്കളുടെ ഖനനം, സംസ്കരണം, ഗവേഷണം, നിർമ്മാണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 'ഡെഡിക്കേറ്റഡ് റെയർ എർത്ത് ഇടനാഴി' പദ്ധതിയിൽ കേരളവും ഉൾപ്പെട്ടിരുന്നു. കേന്ദ്ര-സംസ്ഥാന സംയുക്ത സംരംഭമായ ഈ പദ്ധതി നടപ്പാക്കുന്നത് കോൾ ഇന്ത്യ ലിമിറ്റഡ്, കെഎംഎംഎൽ, കെൽട്രോൺ, ടൈറ്റാനിയം, എൻഎഫ്.ടി.ഡിസി എന്നിവരടങ്ങുന്ന കൺസോർഷ്യമാണ്. വിഡി സതീശൻ മന്ത്രിസഭയുടെ ആദ്യബജറ്റിൽ സതേൺ ഇക്കണോമിക് കോറിഡോർ വഴി സ്വകാര്യ നിക്ഷേപം ആകർഷിക്കുന്ന പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. ആണവോർജ ഉൽപ്പാദനത്തിനും പ്രതിരോധ മേഖലയ്ക്കും അത്യന്താപേക്ഷിതമായ തോറിയം അടങ്ങിയ മോണോസൈറ്റ് മണൽ ഖനന മേഖലയിലേക്ക് അദാനി ഗ്രൂപ്പുൾപ്പെടെയുള്ള കോർപറേറ്റ് ഭീമന്മാർക്ക് സുഗമമായ പാതയൊരുക്കാനുള്ള വഴിയാണ് ഭേദഗതിയിലൂടെ കേന്ദ്രം ഉറപ്പിക്കുന്നതെന്നാണ് വിമർശനം.
രാജ്യത്തെ ഫെഡറൽ സംവിധാനത്തിന്മേലുള്ള കനത്ത പ്രഹരമായാണ് പുതിയ ഖനന നിയന്ത്രണ ഭേദഗതി ബിൽ വിലയിരുത്തപ്പെടുന്നത്. സുപ്രീം കോടതി സംസ്ഥാനങ്ങൾക്ക് നൽകിയ ഭരണഘടനാപരമായ സംരക്ഷണം പോലും കാറ്റിൽപ്പറത്തിക്കൊണ്ട്, അധികാരങ്ങൾ പൂർണ്ണമായും കേന്ദ്രത്തിലേക്ക് മാറ്റുന്ന ഈ നീക്കം കേരളത്തിന് സൃഷ്ടിക്കുന്ന വെല്ലുവിളികൾ ചെറുതല്ല. നീണ്ടകര മുതൽ തൃക്കുന്നപ്പുഴ വരെയുള്ള തീരങ്ങളിലെ അമൂല്യമായ ധാതുസമ്പത്ത് ഇനി സ്വകാര്യ കുത്തകകളുടെ കൈകളിൽ അമരുമോ എന്ന ആശങ്ക യാഥാർഥ്യത്തിലേക്ക് അടുക്കുകയാണ്.