പേടിഎം-പേയ്‌മെൻ്റ് ബാങ്ക് യുഗം അവസാനിക്കുകയാണോ?

അതേ സമയം, യുപിഐ അടക്കമുള്ള മറ്റ് സേവനങ്ങൾക്ക് തടസ്സമില്ല
പേടിഎം-പേയ്‌മെൻ്റ് ബാങ്ക് യുഗം അവസാനിക്കുകയാണോ?
Source: News Malayalam 24x7
Published on
Updated on

പേടിഎം പേയ്‌മെൻ്റ് ബാങ്ക് പ്രവർത്തനം നിറുത്തുന്നതോടെ ഇന്ത്യൻ പേയ്‌മെൻ്റ് ബാങ്കിങ് മേഖലയുടെ ഭാവി എന്താവും എന്ന ചോദ്യം ഉയരുകയാണ്. ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആർബിഐ നടപടി. ഇതോടെ പേടിഎമ്മിന് ഇനി ബാങ്കിങ് പ്രവർത്തനങ്ങളൊന്നും നടത്താൻ സാധിക്കില്ല. അതേ സമയം, യുപിഐ അടക്കമുള്ള മറ്റ് സേവനങ്ങൾക്ക് തടസ്സമില്ല. കേന്ദ്ര ബാങ്കിൻ്റെ നടപടി പേടിഎം പേയ്‌മെൻ്റ്സ് ബാങ്ക് ഉപയോക്താക്കളെ ദോഷകരമായി ബാധിക്കുമോ? പണം എപ്പോൾ തിരികെ ലഭിക്കും? എന്നീ ചോദ്യങ്ങളാണ് ഉപയോക്താക്കളിൽ നിന്ന് ഉണ്ടാകുന്നത്.

പേടിഎം-പേയ്‌മെൻ്റ് ബാങ്ക് യുഗം അവസാനിക്കുകയാണോ?

ഗ്രാമീണ ജനതയെ പൂർണമായി ബാങ്കിങ് മേഖലയിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2014ലെ നചികേത് മോർ സമിതിയുടെ റിപ്പോർട്ടിൻ്റ് അടിസ്ഥാനത്തിൽ 2015ലാണ് പേയ്‌മെൻ്റ് ബാങ്കുകൾ തുടങ്ങാൻ കർശന നിയന്ത്രണങ്ങളോടെ ആർബിഐ അനുവാദം നൽകിയത്. ബാങ്കിങ് സേവനങ്ങൾ ലഭ്യമല്ലാത്ത സാധാരണക്കാർക്കും, കുടിയേറ്റ തൊഴിലാളികൾക്കും, താഴ്ന്ന വരുമാനമുള്ളവർക്കും അടിസ്ഥാന ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കുക, ചെറുകിട നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുക, രാജ്യത്ത് ഡിജിറ്റൽ, പേപ്പർ രഹിത ഇടപാടുകൾ വർധിപ്പിക്കുകയും ഗ്രാമപ്രദേശങ്ങളിൽ പണമിടപാടുകൾ എളുപ്പമാക്കുകയും ചെയ്യുക, ബാങ്ക് ശാഖകളില്ലാത്ത വിദൂര ഗ്രാമങ്ങളിൽ മൊബൈൽ ഫോണുകളിലൂടെയും മറ്റും ബാങ്കിംഗ് സേവനങ്ങൾ എത്തിക്കുക തുടങ്ങിയവയായിരുന്നു ലക്ഷ്യങ്ങൾ. ഇതിൻ്റെ ഭാഗമായി 2017 ജനുവരിയിൽ എയർടെൽ ആണ് രാജ്യത്തെ ആദ്യത്തെ പേയ്മെൻ്റ് ബാങ്ക് തുടങ്ങിയത്. പേയ്‌മെൻ്റ് ബാങ്കുകൾ ആരംഭിച്ചപ്പോൾ 11 അപേക്ഷകർക്കാണ് ആർബിഐ ലൈസൻസ് നൽകിയത്. എന്നാൽ ഇതിൽ ടെക് മഹേന്ദ്ര, ചോളമണ്ഡലം, ഡിസ്ട്രിബ്യൂഷൻ സർവീസസ്, സൺ ഫാർമ എന്നിവ പിന്മാറി. ആദിത്യ ബിർള ഐഡിയ പേയ്‌മെൻ്റ് ബാങ്ക് 2019ൽ സേവനം അവസാനിപ്പിച്ചു.ഇപ്പോഴുള്ളത് എയർടെൽ പേയ്‌മെൻ്റ്സ് ബാങ്ക്, ഇന്ത്യ പോസ്റ്റ് പേയ്‌മെൻ്റ് ബാങ്ക്, ഫിനോ പേയ്‌മെൻ്റ്സ് ബാങ്ക്, ജിയോ പേയ്‌മെൻ്റ്സ് ബാങ്ക്, എൻഎസ്ഡിഎൽ പേയ്‌മെൻ്റ്സ് ബാങ്ക് എന്നിവയാണ്. നിലനിൽപിനായി പേയ്‌മെൻ്റ് ബാങ്കുകളെല്ലാം സ്‌മോൾ ഫിനാൻസ് ബാങ്കുകളായി മാറാനുള്ള തത്രപ്പാടിലാണ്.

പേടിഎമ്മിന് സംഭവിച്ചത്

കടുത്ത മത്സരം നിലനിൽക്കുന്ന ഇന്ത്യൻ ബാങ്കിങ് മേഖലയിൽ പേയ്‌മെന്റ് ബാങ്കിങ് സമ്പ്രാദായത്തിന് നിലനിൽപ്പുണ്ടോ എന്ന ചോദ്യം വീണ്ടും ഉയരുകയാണ്. ബാങ്കിങ് നിയന്ത്രിത നിയമത്തിന്റെ പല വകുപ്പുകളുടെയും തുടർച്ചയായ ലംഘനത്തെത്തുടർന്നാണ് ആർബിഐ പേടിഎം ബാങ്ക് ലിമിറ്റഡിന്റെ ലൈസൻസ് 24ന് റദ്ദ് ചെയ്തത്. പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെതിരെ വർഷങ്ങളായി നടന്നുവരുന്ന നിയന്ത്രണ നടപടിയുടെ ഭാഗമായാണ് ഈ നീക്കം. നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് വർഷങ്ങളായി പേടിഎം പേയ്‌മെന്റ് ബാങ്ക് റിസർവ് ബാങ്കിന്റെ നിരീക്ഷണത്തിലായിരുന്നു. ഉപഭോക്താക്കളുടെ കെവൈസി മാനദണ്ഡങ്ങളിൽ ബാങ്ക് വലിയ വീഴ്ചകൾ വരുത്തിയതായി ആർബിഐ കണ്ടെത്തി. 2022 മാർച്ച് 11 മുതൽ പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിൽ നിന്ന് ബാങ്കിനെ വിലക്കിയിരുന്നു. പിന്നീട് നിക്ഷേപങ്ങൾ, ക്രെഡിറ്റ്, വാലറ്റ് ടോപ്പ്-അപ്പുകൾ എന്നിവയിലും നിയന്ത്രണങ്ങൾ നേരിട്ടു. ഫാസ്ടാഗ്, ഓട്ടോപേ തുടങ്ങിയ സേവനങ്ങളെയും നിയന്ത്രണങ്ങൾ ബാധിച്ചിരുന്നു. 2024 ജനുവരിയിൽ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് നിർത്താൻ ആർബിഐ ഉത്തരവിട്ടിരുന്നു. ഉപഭോക്തൃ വിവരങ്ങൾ വ്യാജമായി പ്രചരിപ്പിച്ചതും കള്ളപ്പണം വെളുപ്പിച്ചതും ഉൾപ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ പേടിഎമ്മിനെതിരെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആരോപിച്ചു.

പേയ്‌മെൻ്റ് ബാങ്കിങ് സമ്പ്രദായത്തിന് നിലനിൽപ്പുണ്ടോ?

പേയ്‌മെൻ്റ് ബാങ്കുകൾ നിലനിൽപിൻ്റെ പുതുവഴികൾ തേടുകയാണ്. തങ്ങൾ രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് പേയ്‌മെന്റ് ബാങ്കുകൾ ആശങ്കപ്പെടുന്നുണ്ട്. പേയ്‌മെന്റ് ബാങ്കുകളെല്ലാം ആധുനിക സാങ്കേതിക വിദ്യയെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. ഇത് ആ ബാങ്കുകളുടെ പ്രവർത്തനച്ചെലവിന്റെ എട്ട് മുതൽ 10 ശതമാനം വരെ വരും. ഓരോ ഉപയോക്താവിനെ നേടുമ്പോഴും പേയ്‌മെന്റ് ബാങ്കുകൾക്ക് 1000 മുതൽ 3000 വരെ ചെലവുണ്ടാകും. പേയ്‌മെന്റ് ബാങ്കുകൾക്ക് വായ്പ നൽകാനോ ക്രെഡിറ്റ് കാർഡ് ഇറക്കാനോ അനുവാദമില്ല. അതുകൊണ്ട് ഇവയുടെ ലാഭം വളരെ ചെറുതായിരിക്കും. സേവനങ്ങളിൽ നിന്നുള്ള കമ്മീഷൻ, പണം കൈമാറുന്നതിൽ നിന്നുള്ള ഫീസ്, സർക്കാർ കടപ്പത്രത്തിലെ നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന പലിശ എന്നിവയാണ് പേയ്‌മെന്റ് ബാങ്കുകളുടെ പ്രധാന വരുമാനസ്രോതസ്സ്. ഈ വരുമാനം കൊണ്ട് പിടിച്ചുനിൽക്കാനാവില്ലെന്ന് പേയ്‌മെന്റ് ബാങ്കുകൾ ആശങ്കപ്പെടുന്നു. ഒരു ഉപയോക്താവിൽ നിന്ന് രണ്ട് ലക്ഷം രൂപയാണ് ഇവർക്ക് നിക്ഷേപമായി സ്വീകരിക്കാൻ കീഴിയുന്ന ഏറ്റവും വലിയ തുക. യുപിഐ സമ്പ്രദായം വന്നതോടെ ഫണ്ട് കൈമാറ്റത്തിന് പേയ്‌മെന്റ് ബാങ്കുകളെ ആശ്രയിക്കുന്നതിൽ കാര്യമായ കുറവ് വന്നു. ഇപ്പോൾ പല പേയ്‌മെന്റ് ബാങ്കുകളും നിലനിൽക്കുന്നത് ഇൻഷുറൻസ് പോലുള്ള തേഡ് പാർട്ടി ഉൽപന്നങ്ങളുടെ വിൽപനയിലൂടെയാണ്.

ആശങ്ക വേണ്ടെന്ന് പേടിഎം

പേടിഎമ്മിന് മുഴുവൻ ബാധ്യതകളും നിക്ഷേപവുമെല്ലാം തിരിച്ചടക്കാനുള്ള പണലഭ്യതയുണ്ടെന്ന് ആർബിഐ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. യുപിഐ, റീചാർജുകൾ, പേയ്‌മെന്റുകൾ എന്നിവക്കായി മുമ്പത്തെ പോലെ തന്നെ പേടിഎം ആപ്പ് ഉപയോഗിക്കാനും കഴിയും. പേടിഎം പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡിന്റെ ലൈസൻസ് റദ്ദാക്കിയെങ്കിലും പേടിഎം ആപ്പ്, പേടിഎം യുപിഐ, പേടിഎം ക്യുആർ, സൗണ്ട്ബോക്സ്, കാർഡ് മെഷീനുകൾ, പേയ്മെന്റ് ഗേറ്റ്വേ എന്നിവയുൾപ്പെടെയുള്ള പ്രധാന സേവനങ്ങൾ തടസ്സമില്ലാതെ പ്രവർത്തിക്കുന്നത് തുടരുമെന്ന് മാതൃകമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് അറിയിച്ചിട്ടുണ്ട്. പേടിഎം യുപിഐ , യെസ് ബാങ്ക് നേതൃത്വം നൽകുന്ന മൾട്ടി ബാങ്ക് സംവിധാനത്തിലാണ് ഓപ്പറേറ്റ് ചെയ്യുന്നത്. മർച്ചന്റ് പേയ്‌മെന്റ്‌സും പാർട്ണർ ബാങ്കുകളിലേക്ക് മാറ്റിയിട്ടുണ്ട്. പേടിഎമ്മിൻ്റെ കോർ പേയ്‌മെന്റ് സേവനങ്ങൾ സാധാരണ ഗതിയിൽ തുടരും. അതായത് പ്രതിദിനാടിസ്ഥാനത്തിൽ നടത്താറുള്ള യുപിഐ പേയ്‌മെന്റ്, ക്യുആർ മെർച്ചന്റ് പേയ്‌മെന്റ്‌സ്, ബിൽ പേയ്‌മെന്റ് തുടങ്ങിയവ ചെയ്യാൻ സാധിക്കുമെന്ന് കമ്പനി വ്യക്തമാക്കി. പേടിഎം സിഇഒയായ വിജയ് ശേഖർ ശർമക്ക് 51ശതമാനം ഓഹരിയും വൺ97 കമ്മ്യൂണിക്കേഷൻസിന് 49 ശതമാനം ഓഹരിയുമാണ് ബാങ്കിലുള്ളത്.

ഡിജിറ്റൽ സാമ്പത്തിക രംഗത്തെ സുതാര്യത

പേടിഎം പേയ്‌മെന്റ് ബാങ്കിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളിലും വിദേശനാണ്യ വിനിമയ ചട്ടങ്ങളുടെ ലംഘനത്തിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇക്കാര്യം കമ്പനി നിഷേധിച്ചു. പേടിഎമ്മിന്റെ ഓഹരി വാങ്ങാൻ അദാനി ഗ്രൂപ്പുമായി ചർച്ചകൾ നടക്കുന്നുവെന്ന വാർത്തകളും കമ്പനി അധികൃതർ നിഷേധിച്ചിട്ടുണ്ട്. ഏതായാലും നടപടി ഉപഭോക്താക്കൾക്കിടയിൽ ഇത്തരം ബാങ്കുകളെക്കുറിച്ചുള്ള ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. പേടിഎമ്മിനെതിരെയുള്ള നടപടി മറ്റ് പേയ്‌മെന്റ് ബാങ്കുകൾക്ക് മുന്നറിയിപ്പും വെല്ലുവിളിയുമാണ്.

ഇന്ത്യൻ ബാങ്കിങ് ചരിത്രത്തിൽ ഡിജിറ്റൽ വിപ്ലവത്തിന് തുടക്കമിട്ടവരാണ് പേയ്‌മെന്റ് ബാങ്കുകൾ . എന്നാൽ പേടിഎം നേരിട്ട പ്രതിസന്ധി ഡിജിറ്റൽ യുഗത്തിലും ബാങ്കിങ് നിയമങ്ങൾ ലംഘിക്കപ്പെടാൻ പാടില്ലെന്ന കർശനമായ ഓർമപ്പെടുത്തലാണ്. നിയമപരമായ കൃത്യത ഉറപ്പാക്കി സുതാര്യമായി പ്രവർത്തിക്കുന്ന പേയ്‌മെന്റ് ബാങ്കുകൾക്ക് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ നിർണായക സ്ഥാനം വഹിക്കാൻ കഴിയും.

News Malayalam 24x7
newsmalayalam.com