കനത്തമഴയ്ക്കിടെ വയനാട് കള്ളാടിയിൽ നിർദിഷ്ട തുരങ്കപാതയുടെ നിർമാണപ്രദേശത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലിന്റെ ഞെട്ടലിൽ നിന്ന് കേരളം മുക്തമായിട്ടില്ല. മണ്ണിനടിയിൽ ഇനിയും ആളുകൾ അകപ്പെട്ടിട്ടുണ്ടോ എന്ന ആശങ്ക ഒഴിഞ്ഞിട്ടുമില്ല. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. കോഴിക്കോട്ടുനിന്ന് ചുരമില്ലാതെ വയനാട്ടിലേക്ക് എത്താനാവുന്ന ഇരട്ടതുരങ്കപാതയുടെ നിർമാണത്തിനെത്തിയ തൊഴിലാളികളാണ് മരണപ്പെട്ടത്. ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാത നിർമിക്കുന്ന മീനാക്ഷിമലയിൽ ചൊവ്വാഴ്ച രാവിലെ 11:10-ഓടെയായിരുന്നു അപകടം. തുരങ്കപാത നിർമാണത്തിൻ്റെ ഭാഗമായി അപായകരമായി മണ്ണ് കൂട്ടിയിട്ടതാണ് അപകടകാരണമെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. അതേസമയം, പദ്ധതി പ്രദേശത്ത് സംഭവിച്ചത് പ്രകൃതി ദുരന്തമാണെന്നും ഇതിൽ കമ്പനിക്ക് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ലെന്നും കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡ് പ്രതിനിധി പ്രതികരിച്ചിരിക്കുന്നു. ഇതോടുകൂടി അൽപകാലമായി സജീവമല്ലാതിരുന്ന തുരങ്കപാതയുടെ പരിസ്ഥിതി ആഘാത ചർച്ചകൾ വീണ്ടും സജീവമായിട്ടുണ്ട്.
വയനാട് തുരങ്കപാത ദുരന്തപാതയോ?
ദുരന്തങ്ങളെ അവയുടെ സ്വഭാവമനുസരിച്ച് പ്രകൃതി ദുരന്തങ്ങളെന്നും മനുഷ്യ നിർcfത ദുരന്തങ്ങളെന്നും പൊതുവിൽ വിശേഷിപ്പിക്കാറുണ്ട്. പ്രകൃതി ദുരന്തങ്ങളെന്ന് പൊതുവേ വിശേഷിപ്പിക്കുന്നവ അത്തരത്തിലുള്ളതാണോ എന്നത് സംബന്ധിച്ച തർക്കവും ഇന്ന് നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യമാണ് വയനാട്ടിലെ കള്ളാടിയിൽ നടന്ന മണ്ണിടിച്ചിലും 2024ൽ മേപ്പാടിയിൽ ഉണ്ടായ ഉരുൾപൊട്ടലുമായി ബന്ധപ്പെടുത്തുന്നത്. മേപ്പാടി-ചൂരൽമല റോഡിൽ മീനാക്ഷി പാലത്തിനടുത്തുനിന്നാണ് പാതയുടെ വയനാട് ജില്ലയിലെ തുടക്കം. കോഴിക്കോട്ടെ ആനക്കാംപൊയിലിൽനിന്ന് മേപ്പാടി കള്ളാടി വരെയാണ് 8.73 കി.മീറ്ററുള്ള തുരങ്കപാത. നിലവിൽ വയനാട് ചുരം മണ്ണിടിച്ചിൽ പ്രതിസന്ധിയാൽ വലയുമ്പോഴും വനപാതയായതിനാൽ ചുരം റോഡിന്റെ വീതി കൂട്ടലിന് പരിമിതിയുള്ളതിനാൽ ബദൽപാതയെന്ന നിലക്ക് തുരങ്കപാത സ്വാഗതം ചെയ്യപ്പെടുന്നുണ്ട്. പാത വന്നാൽ ആനക്കാംപൊയിലിൽനിന്ന് മേപ്പാടിയിലേക്കുള്ള ദൂരം 16 കിലോമീറ്ററായി കുറയും. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളുടെ വികസനത്തിൽ കുതിച്ചുചാട്ടമുണ്ടാകും.
കേന്ദ്രാനുമതിക്കായി തെറ്റായ റിപ്പോർട്ടോ
കള്ളാടി–ആനക്കാംപൊയിൽ തുരങ്കപ്പാതയുടെ കേന്ദ്രാനുമതിക്കായി തെറ്റായ റിപ്പോർട്ട് നൽകിയെന്നും കേന്ദ്ര നിബന്ധനകൾ പാലിക്കപ്പെട്ടില്ലെന്നുമാണ് പദ്ധതിക്കെതിരെ ഉയർന്ന പ്രധാന വിമർശനം. പദ്ധതി പ്രദേശം പരിസ്ഥിതി ദുർബല മേഖലയിൽ പെടുന്നില്ലെന്നും സംരക്ഷിത മേഖലയല്ലെന്നും പൊതുമരാമത്ത് വകുപ്പ് 2022 മേയിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു. പ്രദേശത്തു വനാവകാശ നിയമം ബാധകമല്ലെന്നും നഷ്ടപരിഹാര വനവൽക്കരണത്തിനു നൽകേണ്ട ഭൂമി പദ്ധതിപ്രദേശത്തില്ലെന്നും പൊതുമരാമത്ത് വകുപ്പ് കോഴിക്കോട് എക്സിക്യൂട്ടീവ് എൻജിനീയറുടെ റിപ്പോർട്ടിലുണ്ട്. എന്നാൽ, തുരങ്കപ്പാത കടന്നുപോകുന്നതിൽ വയനാട്ടിലെ വെള്ളരിമല വില്ലേജും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി വില്ലേജും പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെട്ടതാണ്. മണ്ണിടിച്ചിലുണ്ടായ കള്ളാടിയിലെ തുരങ്കമുഖത്തുനിന്ന് പുത്തുമല ദുരന്തഭൂമിയിലേക്ക് 800 മീറ്റർ മാത്രമേയുള്ളൂ. ആദിവാസി വാസകേന്ദ്രമായ അരണമല കാട്ടുനായ്ക്ക കോളനിയിലെ 27 കുടുംബങ്ങളെയും പദ്ധതി ബാധിക്കും. പാത അവസാനിക്കുന്ന മീനാക്ഷി ക്ഷേത്രത്തിനടുത്താണ് 2019ൽ ഉരുൾപൊട്ടലുണ്ടായ പുത്തുമല. നിരവധി പേരുടെ ജീവനെടുത്ത 1984ലെയും 2019ലെയും മുണ്ടക്കൈ ഉരുൾപൊട്ടൽ, 1962ലെയും 1996ലെയും ചെമ്പ്ര ഉരുൾപൊട്ടൽ എന്നിവ നടന്ന പ്രദേശത്തിനടുത്തുകൂടിയാണ് തുരങ്കപാത വരിക. ആനത്താരകൾ ഉൾപ്പെടുന്ന 17.26 ഹെക്ടർ വനഭൂമിക്കിടയിലൂടെയാണ് തുരങ്കം കടന്നുപോകുക. എന്നാൽ ഇത്തരത്തിലുള്ള ആശങ്കകൾക്കൊന്നും വിശദീകരണം നൽകാതെയായിരുന്നു നിർമാണം ആരംഭിച്ചതെന്നാണ് പരിസ്ഥിതി സംഘടനകളുടെ ആരോപണം.
നിയമപോരാട്ടത്തിനൊടുവിൽ വന്ന പദ്ധതി
2025 ആഗസ്റ്റ് 31നായിരുന്നു ഇടതുസർക്കാർ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി ഇരട്ട തുരങ്കപാതയുടെ നിർമാണോദ്ഘാടനം നടത്തിയത്. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിന്റെ മേൽനോട്ടത്തിൽ ദിലീപ് ബിൽഡ്‌കോൺ കമ്പനിക്കാണ് നിർമാണച്ചുമതല. മുണ്ടക്കൈ ഉരുൾദുരന്തമുണ്ടായ മേഖലയിലൂടെയാണ് തുരങ്കപാത വരുന്നതെന്നും ഇത് വൻപ്രകൃതി ദുരന്തത്തിന് കാരണമാകുമെന്നും ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവർത്തകരും ഈ മേഖലയിലെ വിദഗ്ധരും പദ്ധതി പ്രഖ്യാപനം മുതൽ എതിർപ്പുമായി രംഗത്തുവന്നിരുന്നെങ്കിലും സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോവുകയായിരുന്നു. പദ്ധതിയുടെ സമഗ്ര പാരിസ്ഥിതിക ആഘാത പഠനം 2024-ലാണ് പൂർത്തിയാക്കിയത്. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനതല വിലയിരുത്തൽ സമിതി പദ്ധതി പരിശോധിച്ചു. സ്ഥാപനത്തിൻ്റെ യോഗ്യതയും കേരള ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. 2025 ഡിസംബർ 16-ന് ഹൈക്കോടതി ഹർജി തള്ളിക്കളഞ്ഞു. പഠനം തയ്യാറാക്കിയ KITCO അംഗീകാരമുള്ള സ്ഥാപനമാണെന്നും പരിസ്ഥിതി അനുമതി നൽകുന്ന പ്രക്രിയയിൽ നിയമവിരുദ്ധമായി ഒന്നുമില്ല എന്നുമാണ് കോടതി കണ്ടെത്തിയത്. ഹൈക്കോടതി വിധിക്കെതിരെ ഹരജിക്കാർ സുപ്രീം കോടതിയിൽ അപ്പീൽ പോയി. 2026 ഏപ്രിൽ 6-ന് സുപ്രീംകോടതിയും കേസ് തള്ളിക്കളഞ്ഞു. അതായത് പാരിസ്ഥിതിക ആഘാതപഠനത്തിനും മറ്റ് പരിശോധനകൾക്കും ശേഷം സുപ്രീം കോടതിവരെ നിയമനടപടികൾ മറികടന്നാണ് ഈ പദ്ധതി നിർമാണഘട്ടത്തിലേക്കെത്തിയത്. ഒടുവിൽ 2025-ൽ പരിസ്ഥിതി അനുമതി ലഭിക്കുകയും ചെയ്തു. വയനാട് പരിസ്ഥിതി സംരക്ഷണ സമിതി എന്ന സംഘടന ഈ റിപ്പോർട്ടും പഠനം നടത്തിയയ്ക്ക് കടന്നത്.
കള്ളാടി ദുരന്തം ഗുരുതര അനാസ്ഥ
തുരങ്കനിർമാണത്തിനായി തുരക്കാനിരിക്കുന്ന മീനാക്ഷിമലയുടെ ഒരു ഭാഗമാണ് ചൊവ്വാഴ്ച കനത്ത മഴയിൽ ഇടിഞ്ഞത്. കൂമ്പാരമായി ഇട്ട മണ്ണിന്റെ അപ്പുറത്തെ മീനാക്ഷി മലയുടെ ഒരു ഭാഗം ഇടിയുകയായിരുന്നു.നാട്ടുകാർ പരാതിപ്പെട്ടതോടെ ജില്ല ഭരണകൂടം നിർമാണകമ്പനിയോട് മൺകൂന മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2026 ജൂൺ 20-നാണ് സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതുവരെ പണി നിർത്തിവയ്ക്കാൻ വയനാട് ജില്ലാ കളക്ടർ മേഘശ്രീ നിർദേശം നൽകിയത്. 2026 ജൂൺ 26-ന് പൊതുമരാമത്ത് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി, അഡീഷണൽ സെക്രട്ടറി, ചീഫ് എഞ്ചിനിയർ എന്നിവർ വയനാട് ജില്ലയിലെ മേപ്പാടി ഭാഗം സന്ദർശിച്ചിരുന്നു. അന്ന് നടന്ന യോഗത്തിൽ മണ്ണ് നീക്കുന്ന വിഷയം പരിഗണിച്ചപ്പോൾ പദ്ധതിപ്രദേശത്ത് "മണ്ണ് സൂക്ഷിക്കാൻ അനുയോജ്യമായ" സ്ഥലമില്ല എന്ന് കരാർ കമ്പനി അറിയിച്ചു. മണ്ണ് താൽക്കാലികമായി സൂക്ഷിക്കാനുള്ള സ്ഥലം കണ്ടെത്താൻ - വയനാട് ജില്ലാഭരണകൂടത്തിൻ്റെ സഹായം തേടാനും യോഗം തീരുമാനിച്ചു. നിക്ഷേപിക്കാനായി പരിസ്ഥിതി ആഘാത അനുമതി നേടണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ ജില്ലാ ഭരണകൂടവുമായി ഏകോപനം നടത്തി മണ്ണ് മാറ്റാൻ മതിയായ സ്ഥലം കമ്പനിക്ക് കണ്ടെത്താനായില്ല എന്നിടത്താണ് ദുരന്തത്തിനിടയാക്കിയ അനാസ്ഥ വെളിവാകുന്നത്. അതേസമയം പദ്ധതി പ്രദേശത്തിന് മുകളിൽ വനമേഖലയിൽ മണ്ണിടിഞ്ഞുവന്നതാണ് ദുരന്തത്തിന് കാരണമെന്ന് കമ്പനിയും പറയുന്നു.
ജീവൻ മണ്ണിട്ട് മൂടുന്ന വികസനമല്ല വേണ്ടത്
വയനാട് ആനക്കാംപൊയിൽ കള്ളാടി തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ ദുരന്തത്തിൽ സർക്കാർ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചുകഴിഞ്ഞു. സാങ്കേതിക നിയമ പരിശോധനയും പാരിസ്ഥിതി അനുമതി നൽകിയപ്പോഴുള്ള നിബന്ധനകൾ കമ്പനി പാലിച്ചോ എന്നതിലുള്ള പരിശോധനയും നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വികസനവും പരിസ്ഥിതി സംരക്ഷണവും കൈകോർത്തു പോകേണ്ടവയാണ്; പരിസ്ഥിതിയെ മുഖവിലക്കെടുക്കുകയും ശാസ്ത്രീയ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുകയും ജനങ്ങളുടെ സുരക്ഷക്ക് പ്രഥമ പരിഗണന നൽകുകയും ചെയ്യുന്ന വികസനമാണ് ഈ നാടിനു വേണ്ടത്. ജീവൻ മണ്ണിട്ട് മൂടുന്ന വികസനമല്ല, ജീവനെ സംരക്ഷിക്കുന്ന വികസനം കേരളത്തെ മുന്നോട്ടുനയിക്കട്ടെ..