

ഉദ്യോഗാർത്ഥികളുടെ അചഞ്ചലമായ പോരാട്ടവീര്യത്തിന് മുന്നിൽ ഒടുവിൽ ജാർഖണ്ഡ് സർക്കാർ മുട്ടുമടക്കി. അഴിമതിയുടെ കരിനിഴൽ വീണ ജാർഖണ്ഡിലെ പരീക്ഷാ സംവിധാനത്തിനെതിരെ തെരുവിലിറങ്ങിയ വിദ്യാർത്ഥികളുടെ ദിവസങ്ങൾ നീണ്ട നിരാഹാര സമരത്തിനാണ് ഇതോടെ ഫലം കണ്ടിരിക്കുന്നത്. വിവാദമായ ജെ.എസ്.എസ്.സി സി.ജി.എൽ പരീക്ഷകളടക്കം 2014 മുതൽ സ്വകാര്യ ഏജൻസി നടത്തിയ മുഴുവൻ നിയമന പരീക്ഷകളും റദ്ദാക്കാനും, ക്രമക്കേടുകളെക്കുറിച്ച് സമഗ്രമായ സി.ഐ.ഡി അന്വേഷണം നടത്താനും മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉത്തരവിട്ടിട്ടുണ്ട്. പരീക്ഷാ നടത്തിപ്പ് ശുദ്ധീകരിക്കാൻ ഉന്നതതല പരിഷ്കരണ സമിതിയെയും പ്രഖ്യാപിച്ചതോടെ വിദ്യാർത്ഥികൾ നിരാഹാര സമരം അവസാനിപ്പിച്ചു. എങ്കിലും സി.ബി.ഐ അന്വേഷണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന ഒരു വിഭാഗം ഉദ്യോഗാർത്ഥികൾ. ഈ പോരാട്ടം പൂർണമായി അവസാനിച്ചിട്ടില്ലെന്ന വ്യക്തമായ സൂചനയും നൽകുന്നുണ്ട്. ജാർഖണ്ഡ് സമര പോരാട്ടത്തിൻ്റെ നാൾവഴികളും ഭാവിയും തന്നെയാണ് ഇന്നത്തെ സ്പോട്ട്ലൈറ്റ് വിഷയമാക്കുന്നത്.
ജൂലൈ 25നാണ് ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും നേതൃത്വത്തിൽ നിയമന പരീക്ഷകളിലെ ക്രമക്കേടുകൾ ആരോപിച്ച് പ്രതിഷേധം ആരംഭിച്ചത്. ആഗസ്റ്റ് രണ്ടാം വാരത്തോടെ സമരം കൂടുതൽ ശക്തമായി. പൊലീസിന്റെ കണ്ണീർവാതക പ്രയോഗത്തിലും ലാത്തിച്ചാർജിലും വിദ്യാർത്ഥി നേതാവ് ദേവേന്ദ്ര നാഥ് മഹതോയ്ക്ക് പരിക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാനും അവരുമായി സംസാരിക്കാനും രാഹുൽ ഗാന്ധി ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനോട് ആവശ്യപ്പെട്ടത് കഴിഞ്ഞ ദിവസമായിരുന്നു.
ഇതോടെ 24 ദിവസം നീണ്ടുനിന്ന ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ, തിങ്കളാഴ്ച രാത്രി മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നേതൃത്വത്തിൽ ചേർന്ന നാലു മണിക്കൂർ നീണ്ട അടിയന്തര കാബിനറ്റ് യോഗത്തിൽ JSSC-CGL പരീക്ഷ റദ്ദാക്കുന്നത് ഉൾപ്പെടെ നിർണായക തീരുമാനങ്ങൾ എടുത്തു. സർക്കാരിന്റെ ഈ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് ശേഷം, 16 ദിവസമായി നിരാഹാര സമരത്തിലായിരുന്ന വിദ്യാർത്ഥി നേതാവ് ദേവേന്ദ്ര നാഥ് മഹതോ നിരാഹാരം അവസാനിപ്പിക്കുകയും ചെയ്തു. പരീക്ഷകൾ റദ്ദാക്കിയെങ്കിലും, ഇതിന് പിന്നിലെ ക്രമക്കേടുകളെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ വിദ്യാർത്ഥികൾ ഉറച്ചുനിൽക്കുകയാണ്. തങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് 20ന് മുഖ്യമന്ത്രിയുടെ വസതി ഉപരോധിക്കാൻ ഒരു വിഭാഗം ആഹ്വാനം ചെയ്തിട്ടുണ്ട്.
ജാർഖണ്ഡിലെ ജെ.പി.എസ്.സി (JPSC), ജെ.എസ്.എസ്.സി (JSSC) പരീക്ഷകളുമായി ബന്ധപ്പെട്ട വലിയ വിവാദങ്ങൾക്ക് തുടക്കമാകുന്നത് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്ന ചോദ്യപ്പേപ്പർ ചോർച്ചയിലൂടെയാണ്. പരീക്ഷ നടക്കുന്നതിന് മുൻപ് തന്നെ ഉത്തരസൂചികകളും പ്രധാന ചോദ്യങ്ങളും വാട്സ്ആപ്പ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിച്ചു. വർഷങ്ങളായി പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ, പണം നൽകിയവർക്ക് വേണ്ടി തങ്ങളുടെ അവസരങ്ങൾ അട്ടിമറിക്കപ്പെടുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ തെരുവിലിറങ്ങി ശക്തമായ പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിച്ചു. കേവലം ആരോപണങ്ങൾ എന്നതിലുപരി, ഉദ്യോഗാർത്ഥികളുടെ ഫോണുകളിൽ കൃത്യമായ ഉത്തരങ്ങൾ മുൻകൂട്ടി എത്തിയെന്ന വ്യക്തമായ തെളിവുകൾ പുറത്തുവന്നു. തുടക്കത്തിൽ പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും, യാതൊരു ന്യായീകരണവുമില്ലാതെ അവരെ തുടർച്ചയായി മാറ്റി നിയമിച്ചത് ഉദ്യോഗാർത്ഥികളുടെയും കോടതിയുടെയും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയതിനെ തുടർന്നാണ് അന്വേഷണം സി.ഐ.ഡി ഏറ്റെടുത്തത്.
സി.ഐ.ഡി നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിൽ, സെക്രട്ടേറിയറ്റിലെ അസിസ്റ്റൻ്റ് സെക്ഷൻ ഓഫീസറായ സന്തോഷ് മസ്താനയുടെ ഫോണിൽ നിന്നും ചോദ്യങ്ങൾ മുൻകൂട്ടി ചോർന്നതിന്റെ കൃത്യമായ ഡിജിറ്റൽ തെളിവുകൾ കണ്ടെത്തി. തുടർന്ന് നിർണായകമായ അറസ്റ്റുകളിലേക്ക് കടന്ന അന്വേഷണ സംഘം കഴിഞ്ഞ 22ന് രാജിവച്ച പി.എസ്.സി ചെയർമാൻ ഖിയാങ്‌തെയെ നാല് തവണ ചോദ്യം ചെയ്യുകയും, ഇതുവരെ കേസിൽ 20 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടികളുടെ ഈ അഴിമതിയിൽ ഉന്നത ഉദ്യോഗസ്ഥർക്കും സ്വകാര്യ ഏജൻസികൾക്കുമുള്ള വലിയൊരു കൂട്ടുകച്ചവടമാണ് ഈ നടപടികളിലൂടെ ഇപ്പോൾ വ്യക്തമായിരിക്കുന്നത്.
ലഖ്‌നൗ ആസ്ഥാനമായുള്ള TDPL എന്ന ടി.എസ്.ആർ ഡേറ്റ പ്രോസസിങ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് സി.ഐ.ഡി അന്വേഷണത്തിൽ പുറത്തുവന്നത്. പരീക്ഷാ ക്രമക്കേടുകളുടെ പേരിൽ ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (JSSC) കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ഈ കമ്പനിക്ക്, ടെൻഡർ നടപടികൾ പോലുമില്ലാതെ മുൻ ജെ.പി.എസ്.സി ചെയർമാന് രണ്ട് കോടിയോളം രൂപ കോഴ നൽകിയാണ് പരീക്ഷകളുടെ കരാർ ലഭിച്ചതെന്ന കണ്ടെത്തലുകൾ പുറത്തുവന്നിട്ടുണ്ട്... ഇതിനുപുറമെ, ജെ.പി.എസ്.സി പ്രാഥമിക പരീക്ഷയുടെ ഫലം വരുന്നതിന് ഒരു മാസം മുൻപ് തന്നെ കമ്പനി ജീവനക്കാർ ഉത്തരസൂചിക വാട്സ്ആപ്പിലൂടെ ചോർത്തിയെന്നും, റാഞ്ചിയിലെ ഓഫീസിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ പരീക്ഷയുടെ ഉത്തരക്കടലാസുകൾ അനധികൃതമായി സൂക്ഷിച്ചുവെന്നും അന്വേഷണത്തിൽ വ്യക്തമായി.
പരീക്ഷയുടെ തുടക്കം മുതൽ ഒടുക്കം വരെയുള്ള മുഴുവൻ കാര്യങ്ങളുടെയും കുത്തക ഈ ഒറ്റ കമ്പനിയെ ഏൽപ്പിച്ചത് പരീക്ഷാ സംവിധാനത്തിൻ്റെ സുതാര്യത പൂർണമായും ഇല്ലാതാക്കി എന്നായിരുന്നു ആരോപണം. ഇത്തരം വൻ ക്രമക്കേടുകൾ പുറത്തുവന്നതോടെയാണ് വിദ്യാർത്ഥികളുടെ ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് 2014 മുതൽ ഇവർ നടത്തിയ പരീക്ഷകളും നിയമനങ്ങളും റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചത്. 14-ാമത് ജെ.പി.എസ്.സി പ്രിലിമിനറി പരീക്ഷ ഉൾപ്പെടെ വിവാദത്തിലായ 3 പ്രമുഖ പരീക്ഷകൾ റദ്ദാക്കാൻ സർക്കാർ മുൻപ് സമ്മതിച്ചിരുന്നു. ഭാവിയിൽ സുതാര്യമായി പരീക്ഷകൾ നടത്തുന്നതിനായി സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥനായ അമിതാഭ് കൗശലിന്റെ നേതൃത്വത്തിൽ ഒരു പ്രത്യേക സമിതി രൂപീകരിക്കുകയും ചെയ്തു.
പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ കോക്ക്റോച്ച് ജനതാ പാർട്ടി നിർണായക പങ്കുവഹിച്ചിരുന്നു. എന്നാൽ, ജാർഖണ്ഡിലെ സർക്കാർ റിക്രൂട്ട്‌മെൻ്റ് പരീക്ഷകളിലെ ക്രമക്കേടുകൾ ആരോപിച്ച് റാഞ്ചിയിലും സമാനമായ സമരം തുടരുമ്പോൾ, സംഘടനയുടെ ഏറ്റവും പ്രമുഖരായ മുഖങ്ങളെ എന്തേ വേദിയിൽ കാണാനായില്ല എന്ന ചോദ്യം പൊതുസമൂഹത്തിൽ നിന്ന് ഉയർന്നിരുന്നു. അതേസമയം പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജാർഖണ്ഡിലെ വിദ്യാർത്ഥികൾ പ്രതിഷേധിക്കുമ്പോൾ, പ്രാദേശിക നേതാക്കൾക്ക് പ്രസ്ഥാനത്തെ നയിക്കാൻ അവസരമൊരുക്കുന്നതിനായി തങ്ങൾ ബോധപൂർവം വേദിയിൽ നിന്ന് മാറിനിൽക്കുകയാണെന്ന് സിജെപി വ്യക്തമാക്കി. പ്രാദേശിക വിദ്യാർത്ഥികൾ നയിക്കേണ്ട ഒരു പ്രസ്ഥാനത്തെ "ഹൈജാക്ക്" ചെയ്യാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് സി.ജെ.പി നേതാക്കൾ വെളിപ്പെടുത്തിയിരുന്നു.
ജാർഖണ്ഡിലെ ജെപിഎസ്‌സി-ജെഎസ്എസ്‌സി (JPSC-JSSC) ഉദ്യോഗാർത്ഥികൾ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് ഒറ്റക്കെട്ടായാണ് സമരം ആരംഭിച്ചതെങ്കിലും 'റിഫോം മഞ്ച്', 'ന്യായ മഞ്ച്' എന്നിങ്ങനെ രണ്ട് ചേരികളായി പിളർന്നിരുന്നു. രാഷ്ട്രീയ ബന്ധം ആരോപിച്ചായിരുന്നു പിളർപ്പ്. 'ന്യായ മഞ്ചിലെ' ഭൂരിഭാഗം പേർക്കും പ്രാദേശിക പാർട്ടിയായ ജാർഖണ്ഡ് ലോക്‌താന്ത്രിക് ക്രാന്തികാരി മോർച്ചയുമായി (JLKM) ബന്ധമുണ്ടെന്ന് 'റിഫോം മഞ്ചും റിഫോം മഞ്ചിന്റെ സമരങ്ങളിൽ ബിജെപി നേതാക്കൾ സജീവമായതിനാൽ അവർ 'ബിജെപി പക്ഷം' ആണെന്ന് ന്യായ മഞ്ചും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചു. ഇതിനിടെയാണ് സമരത്തിൽ പുറത്ത് നിന്നുള്ള സംഘടനകൾ ഇടപെടേണ്ടതില്ലെന്നും, സമരം സമാധാനപരമായി മുന്നോട്ട് പോകണമെന്നും എ.ബി.വി.പി ഉൾപ്പെടെയുള്ള ചില വിദ്യാർത്ഥി സംഘടനകൾ നിലപാട് എടുത്തത്. ഇതോടെ സിജെപി, തങ്ങളുടെ ഉന്നത നേതാക്കളെ റാഞ്ചിയിലെ വേദിയിൽ നിന്ന് അകറ്റിനിർത്തുകയും പകരം 20–25 അംഗ സംഘത്തെ അയക്കുകയും ചെയ്തു.
മാറ്റങ്ങൾക്കായുള്ള യുവതയുടെ കൂട്ടായ പോരാട്ടം ഒരിക്കലും വിഫലമാകില്ലെന്ന ശക്തമായ സന്ദേശമാണ് ജാർഖണ്ഡ് നൽകുന്നത്. കോടികളുടെ അഴിമതി നടന്ന പരീക്ഷാ സംവിധാനത്തെ പൊളിച്ചെഴുതാൻ സർക്കാർ നിർബന്ധിതമായത് തീർച്ചയായും ഈ വിദ്യാർത്ഥി പ്രക്ഷോഭത്തിൻ്റെ വലിയ വിജയമാണ്. എന്നാൽ, പോരാട്ടം ഇവിടെ അവസാനിക്കുന്നില്ല. സി.ബി.ഐ അന്വേഷണമെന്ന ആവശ്യത്തിൽ ഒരു വിഭാഗം ഇപ്പോഴും ഉറച്ചുനിൽക്കുന്നതും, സമരക്കാർക്കിടയിൽ രൂപപ്പെട്ട രാഷ്ട്രീയ ചേരിതിരിവുകളും വരും ദിവസങ്ങളിൽ ഭരണകൂടത്തിന് പുതിയ വെല്ലുവിളികൾ സൃഷ്ടിച്ചേക്കാം. വാഗ്ദാനങ്ങൾക്കും പ്രഖ്യാപനങ്ങൾക്കും അപ്പുറം ജാർഖണ്ഡിലെ ലക്ഷക്കണക്കിന് യുവതീയുവാക്കളുടെ ഭാവി സുരക്ഷിതമാക്കുന്ന, സുതാര്യവും അഴിമതിമുക്തവുമായ പുതിയൊരു പരീക്ഷാ സംവിധാനം എന്ന് യാഥാർത്ഥ്യമാകുമോ, അന്ന് മാത്രമേ ഈ യുവപോരാട്ടത്തിന് പൂർണമായ അർത്ഥത്തിൽ വിജയം അവകാശപ്പെടാനാകൂ. ഉദ്യോഗാർത്ഥികളുടെ കണ്ണീരിനും വിയർപ്പിനും വിലനൽകാൻ പുതിയ പരിഷ്കരണ സമിതിക്ക് കഴിയുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.