

തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ കേരളം പ്രചാരണച്ചൂടിലേക്ക് ഉണര്‍ന്ന് കഴിഞ്ഞു. രാഷ്ട്രീയ നിലമൊരുക്കുന്ന തിരക്കിലേക്ക് മൂന്ന് മുന്നണികളും. സംസ്ഥാനത്ത് പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും കേരളത്തിലെത്തി. മുമ്പ് യുഡിഎഫും എല്‍ഡിഎഫും നേര്‍ക്കുനേര്‍ മത്സരിച്ചിരുന്നിടത്ത് മൂന്നാം ശക്തിയെന്ന നിലയില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയും സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്. എല്‍ഡിഎഫിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ മൂന്നാംവട്ടവും നേതൃത്വം നല്‍കുമ്പോള്‍ കോണ്‍ഗ്രസിന് കൂട്ടായ നേതൃത്വമാണെന്ന് പ്രഖ്യാപിച്ച്, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ തന്നെയാണ് നയിക്കുന്നത്.
മുഴങ്ങി തെരഞ്ഞെടുപ്പ് കാഹളം
എല്‍ഡിഎഫില്‍ മുഴുവന്‍ സീറ്റിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചും അന്തിമ തീരുമാനമായിട്ടുണ്ട്. പിണറായി വിജയന്റെ നേതൃത്വത്തില്‍ മൂന്നാംവട്ടവും അധികാരത്തിലെത്തും എന്ന പ്രചാരണമാണ് എല്‍ഡിഎഫ് ക്യാംപ് നടത്തുന്നത്. അതേസമയം, ഭരണവിരുദ്ധ വികാരവും അഴിമതിയും ഉയര്‍ത്തികാണിച്ച് അധികാരം തിരിച്ചുപിടിക്കാമെന്ന ഉറച്ച പ്രതീക്ഷയുമായാണ് യുഡിഎഫ് പ്രചാരണത്തിനിറങ്ങുന്നത്. ഇവര്‍ക്കൊപ്പം കേരളത്തില്‍ ഒരു മാറ്റം വേണമെന്ന മുദ്രാവാക്യവുമായി എന്‍ഡിഎയും സജീവമാകുന്നു. വൈകാതെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചിട്ടുണ്ട്. ഏതായാലും രണ്ടു ദിവസത്തിനകം സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥി ചിത്രം പൂര്‍ണമാകുമെന്നാണ് പ്രതീക്ഷ.
ഹാട്രിക് ലക്ഷ്യമിട്ട് എല്‍ഡിഎഫ്
തുടര്‍ച്ചയായി രണ്ട് വട്ടം സംസ്ഥാനത്ത് ഭരണത്തിലിരുന്ന എല്‍ഡിഎഫ്, പിണറായി 3.0 ലക്ഷ്യമിട്ടാണ് മൂന്നാമതും രംഗത്തിറങ്ങുന്നത്. സിപിഐഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ്, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 45.4 ശതമാനം വോട്ടുകള്‍ നേടിയാണ് ഭരണത്തിലെത്തിയത്. സംസ്ഥാനത്തെ സീറ്റുകളില്‍ 70.7ശതമാനം സീറ്റുകളും ഇടതുപക്ഷം നേടിയിരുന്നു. 'മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ' എന്ന പ്രചാരണ മുദ്രാവാക്യമാണ് ഇത്തവണ തെരഞ്ഞെടുപ്പിനായി സിപിഐഎം മുന്നോട്ടുവെക്കുന്നത്. യുഡിഎഫ് ഭരണം അവസാനിച്ച 2016ല്‍ 'എല്‍ഡിഎഫ് വരും എല്ലാം ശരിയാകും' എന്ന മുദ്രാവാക്യത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ലോകമാകെ കോവിഡ് ഭീതിയില്‍ നില്‍ക്കേ 2021ല്‍ 'ഉറപ്പാണ് എല്‍ഡിഎഫ്' എന്നതായിരുന്നു പ്രചാരണവാക്യം. കോണ്‍ഗ്രസാണ് ആദ്യം സ്ഥാനാര്‍ഥി ചര്‍ച്ചകളിലേക്ക് കടന്നതെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാനായത് സിപിഐഎമ്മിനും സിപിഐക്കും ആണെന്നത് ആത്മവിശ്വസം പകരുന്നുണ്ട്.
വിസ്മയങ്ങളും പടലപ്പിണക്കങ്ങളും
അടുക്കും ചിട്ടയും സംഘടനാശേഷിയും മുഖമുദ്രയായിരുന്ന സിപിഐഎമ്മില്‍ നിന്ന് നേതാക്കള്‍ വിട്ടുപോകുന്നത് തിരിച്ചടിയായിട്ടുണ്ട്. കണ്ണൂരില്‍ മുന്‍ ഏരിയ സെക്രട്ടറിയായ വി. കുഞ്ഞികൃഷ്ണന്‍, ഇടുക്കിയില്‍ മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍, ആലപ്പുഴയില്‍ മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി. സുധാകരന്‍, മുന്‍ എംഎല്‍എ അയിഷാ പോറ്റി തുടങ്ങിയവര്‍ പാര്‍ട്ടി വിട്ടുപോയത് ഇടതുപക്ഷത്തിന് ക്ഷീണമായേക്കും. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കവേ യുഡിഎഫിലാകട്ടെ, മിക്ക ജില്ലകളിലും പടലപ്പിണക്കങ്ങളുടെ കുത്തൊഴുക്കാണ്. എംപിമാര്‍ മത്സരിക്കേണ്ടെന്ന നേതൃ തീരുമാനത്തില്‍ പരിഭവിച്ച് കെ. സുധാകരന്‍ പരസ്യമായി രംഗത്തെത്തിയത് യുഡിഎഫിനെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സെലിബ്രിറ്റികളെയും യുഡിഎഫില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും വിട്ടുപോയവരെ തങ്ങളുടെ ക്യാമ്പിലാക്കാനുള്ള ശ്രമത്തിലാണ് എന്‍ഡിഎ.
കലങ്ങി മറയുന്ന കോണ്‍ഗ്രസ് രാഷ്ട്രീയം
പത്ത് വര്‍ഷം തുടര്‍ച്ചയായുള്ള ഇടത് ഭരണത്തിനെതിരായ വികാരം പരമാവധി മുതലെടുത്ത് സംസ്ഥാന ഭരണം തിരിച്ചുപിടിക്കാനുള്ള നീക്കങ്ങളാണ് യുഡിഎഫ് നടത്തുന്നതെങ്കിലും പടലപ്പിണക്കങ്ങള്‍ തീരുന്നതേയില്ല. ആദ്യം സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയും പട്ടിക അന്തിമമായിട്ടില്ല. കൂട്ടായ നേതൃത്വമാണ് മുന്നണിയെ നയിക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും നായക സ്ഥാനത്ത് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ തന്നെയാണുള്ളത്. രമേശ് ചെന്നിത്തല, ശശി തരൂര്‍, മുല്ലപ്പിള്ളി രാമചന്ദ്രന്‍, കെ. സുധാകരന്‍ എന്നീ നേതാക്കളുടെ ശാക്തിക ചേരികള്‍ക്ക് പുറമെ സമ്മര്‍ദ ശക്തിയായി കെ.സി വേണുഗോപാലിന്റെ പക്ഷം സംസ്ഥാനത്ത് സജീവമാണ്.
ബിജെപിയെ അവഗണിക്കാനാവില്ല
ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ മുന്നേറ്റം അഗവണിക്കാനാവില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സുരേഷ്‌ഗോപിയിലൂടെ ഒരു എംപിയെ തൃശൂരില്‍ നിന്ന് ലഭിച്ചുവെന്ന് മാത്രമല്ല തിരുവനന്തപുരത്ത് ശശി തരൂരിന്റെ ഭൂരിപക്ഷം കാര്യമായി കുറയ്ക്കാനും ആലപ്പുഴയടക്കമുള്ള മറ്റിടങ്ങളില്‍ മുന്നേറ്റം നടത്താനും കഴിഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ 12.4 ശതമാനം വോട്ടുകളാണ് എന്‍ഡിഎ നേടിയത്. എന്നാല്‍ ഒരു സീറ്റും നേടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപിയിലൂടെ ബിജെപിയിലേക്ക് ഒഴുകിയ ന്യൂനപക്ഷവോട്ടുകള്‍ അതേപടി നിലനിര്‍ത്താന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ അവര്‍ക്കായില്ല. പാര്‍ട്ടിയുടെ ക്രിസ്ത്യന്‍ ഔട്ട് റീച്ച് പാളിയെന്ന് അവര്‍ തന്നെ വിലയിരുത്തിക്കഴിഞ്ഞു.
തദ്ദേശം രാഷ്ട്രീയ വോട്ട് അല്ല, എങ്കിലും
തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ രാഷ്ട്രീയ വോട്ടുകളല്ല. പക്ഷേ കണക്കുകളിലെ ഭദ്രത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഊര്‍ജം പകരുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളില്‍ മുന്നണികള്‍ക്ക് ലഭിച്ച വോട്ടുകള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ യുഡിഎഫ് 80 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമതെത്തി. നിലവില്‍ ഭരിക്കുന്ന എല്‍ഡിഎഫ് 99 സീറ്റില്‍ നിന്ന് 58 സീറ്റുകളിലേക്ക് ഒതുങ്ങി. ബിജെപി രണ്ടു സീറ്റുകളില്‍ മുന്നിലെത്തിയിരുന്നു. ഭരണം നേടാന്‍ ആവശ്യമായ 71 എന്ന സംഖ്യ പിന്നിട്ട് യുഡിഎഫ് 80 സീറ്റുകളില്‍ ലീഡ് നേടിയിരുന്നു എന്നത് യുഡിഎഫിന് ആത്മവിശ്വാസം പകരുന്നുണ്ട്.
ന്യൂനപക്ഷം എങ്ങോട്ട് ചായും
വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങളുടെ നിലപാടില്‍ ഉറ്റുനോക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. മലപ്പുറത്തെ ചൂണ്ടിക്കാട്ടി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായിരുന്ന വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസംഗം മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കടുത്ത അവമതിപ്പ് സൃഷ്ടിച്ചിട്ടുണ്ട്. ഇത് കഴിഞ്ഞ പാര്‍ലമെന്റ്, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ വ്യക്തമായിരുന്നു. എയ്ഡഡ് കോളജ് നിയമനത്തിലെ തടസങ്ങളും തുടര്‍ച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങളില്‍ നടപടിയെടുക്കുന്നതിലുണ്ടായ നിസംഗതയും ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അതൃപ്തിക്കിടയാക്കിയിരുന്നു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട സമരത്തില്‍ ലത്തീന്‍ വിഭാഗങ്ങളുമായും സര്‍ക്കാര്‍ ഇടഞ്ഞിരുന്നു.
ജനാധിപത്യത്തിന്റെ മഹോത്സവം
തെരഞ്ഞെടുപ്പുകള്‍ ജനാധിപത്യത്തിന്റെ മഹോത്സവമാണ്. ജനങ്ങള്‍ക്ക് സ്വന്തം ഭരണാധികാരികളെ തെരഞ്ഞെടുക്കാനുള്ള വിശുദ്ധമായ അവകാശം വിനിയോഗിക്കുമ്പോള്‍ നമ്മുടെ ഭാവിയെ നിര്‍ണയിക്കുന്ന ജനകീയ പ്രക്രിയയുടെ കൂടെ ഭാഗമാകുകയാണ്. ആ അധികാരമാണ് നാം ജനപ്രതിനിധിക്ക് നല്‍കുന്നത്. ഇപ്പോഴിതാ വീണ്ടും ഒരു നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിക്കഴിഞ്ഞിരിക്കുന്നു. പാര്‍ട്ടികള്‍ രാഷ്ട്രീയ തന്ത്രങ്ങളൊരുക്കാനുള്ള തിരക്കിലാണ്. സ്ഥാനാര്‍ഥിയായി ഉറപ്പിക്കപ്പെട്ടവര്‍ സൈബര്‍ വാര്‍ റൂമുകള്‍ ഒരുക്കിത്തുടങ്ങി. ഇനി തെരഞ്ഞെടുപ്പ് ആവേശം പൂര്‍ണമായി ജനങ്ങളിലെത്തിക്കുക കൂടിയേ വേണ്ടൂ. കവലകളില്‍ ജാഥകളെത്തും, എങ്ങും തോരണങ്ങള്‍, രാഷ്ട്രീയ പോര്‍വിളികളാല്‍ ശബദ്മുഖരിതമാകും നാടും നഗരവും. കേരളം ഒരുങ്ങിത്തുടങ്ങുകയാണ് മറ്റൊരു ജനാധിപത്യ മഹോത്സവത്തിനായി...