കോണ്‍ഗ്രസ് പട്ടികയില്‍ കെ.സി ആധിപത്യമോ?

സതീശന്‍, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍ എന്നിവര്‍ തങ്ങളോടൊപ്പമുള്ളവരെ പരമാവധി മത്സരിപ്പിക്കാന്‍ നടത്തിയ സമ്മര്‍ദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്
കോണ്‍ഗ്രസ് പട്ടികയില്‍ കെ.സി ആധിപത്യമോ?
Published on
Updated on

പാര്‍ട്ടിക്കുള്ളിലെ ചില പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി മാധ്യമങ്ങള്‍ക്ക് നല്‍കിയ മറുപടിയില്‍ എല്ലാമുണ്ട്. ''പണ്ടത്തെ വെച്ചുനോക്കുമ്പോള്‍ ഇതൊക്കെ എന്ത് പൊട്ടിത്തെറി.'' 2001ല്‍ പ്രചാരണമാരംഭിച്ച് 10 ദിവസത്തിന് ശേഷം മൂന്ന് സ്ഥാനാര്‍ഥികളെ പിന്‍ലിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ശരിയാണ്, കേരളത്തിലെ കോണ്‍ഗ്രസിലെ പ്രധാന ഡിഎന്‍എയാണ് ഗ്രൂപ്പ് എന്നത്. അത് ഇന്നോ ഇന്നലെയോ വന്നതല്ല, ഐക്യ കേരള രൂപീകരണത്തിന് മുമ്പേ ഗ്രൂപ്പുണ്ട്. ശങ്കര്‍-ചാക്കോ അച്ചുതണ്ട്, സി.കെ.ജി ഗ്രൂപ്പ്, ചാക്കോ ഗ്രൂപ്പ് അങ്ങനെ നിരവധി ഗ്രൂപ്പുകള്‍. വിഭാഗീയത എന്ന പദപ്രയോഗത്തോട് വിയോജിപ്പുള്ള കോണ്‍ഗ്രസ്, ഗ്രൂപ്പ് എന്ന സത്യത്തില്‍ എന്നും വിശ്വസിച്ചുപോരുന്നു. ഒരു കാലത്ത് ശക്തമായ എ, ഐ ഗ്രൂപ്പ് സംവിധാനങ്ങള്‍ക്ക് പരിണാമം സംഭവിച്ച് വിശാല ഗ്രൂപ്പുകളായും നേതാക്കളുടെ ഗ്രൂപ്പുകളായി മാറിയെന്നത് സമകാലീന ചിത്രം

കോണ്‍ഗ്രസ് പട്ടികയില്‍ കെ.സി ആധിപത്യമോ?

കേരളത്തിന്റെ തെരഞ്ഞെടുപ്പ് മത്സര ചിത്രം ഏറെക്കുറെ തെളിഞ്ഞുകഴിഞ്ഞു. ദിവസങ്ങളോളം നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കും അനിശ്ചിതത്വത്തിനും ഒടുവിലാണ് തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. സതീശന്‍, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍ എന്നിവര്‍ തങ്ങളോടൊപ്പമുള്ളവരെ പരമാവധി മത്സരിപ്പിക്കാന്‍ നടത്തിയ സമ്മര്‍ദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്.

അതേസമയം, കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായപ്പോള്‍ കെ.സി വേണുഗോപാല്‍ പക്ഷമാണ് നേട്ടം കൊയ്തതെന്ന വിലയിരുത്തല്‍ പുറത്തുവന്നിരിക്കുന്നു. സീറ്റ് ലഭിച്ചവരില്‍ കൂടുതല്‍ പേരും കെ.സിയോടൊപ്പം നില്‍ക്കുന്നവരാണ്. കോണ്‍ഗ്രസ് മത്സരിക്കുന്ന 92 സീറ്റില്‍ മൂന്നിലൊന്നും കെ.സിക്കൊപ്പം നില്‍ക്കുന്നവരാണ്. ഉമ്മന്‍ ചാണ്ടി ഇല്ലാത്ത ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ അധികാര സമവാക്യം മാറിമറിഞ്ഞപ്പോള്‍ ഒരു ദശാബ്ദത്തോളം അപ്രമാദിത്വമുണ്ടായിരുന്നത് എ ഗ്രൂപ്പിനായിരുന്നു. പഴയ എ ഗ്രൂപ്പുകാരും ഐ ഗ്രൂപ്പുകാരുമായ പല നേതാക്കളും ഇപ്പോള്‍ കെ.സി പക്ഷത്താണ്. അംഗബലത്തില്‍ സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് എ ഗ്രൂപ്പാണ്. 21 പേര്‍ എ ഗ്രൂപ്പ് സംവിധാനത്തിന്റെ ഭാഗമായി നില്‍ക്കുന്നവരാണ്. വിശാല ഐ ഗ്രൂപ്പ് ശോഷിച്ചതോടെ ചെന്നിത്തല അനുയായികളായ നില്‍ക്കുന്നവരായി 16 സ്ഥാനാര്‍ഥികളുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിശ്വസ്തരായ എട്ടുപേരും ജനവിധി തേടുന്നുണ്ട്.

എ ഗ്രൂപ്പോ കെ.സി ഗ്രൂപ്പോ?

ഉമ്മന്‍ചാണ്ടിയുടെ മരണത്തിന് ശേഷം ശിഥിലമായ എ ഗ്രൂപ്പിന് പട്ടികയില്‍ നല്ല പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്. നിലവില്‍ നേതൃത്വം ഇല്ലാത്ത എ ഗ്രൂപ്പിന്റെ ഭാഗമായ 21 പേരാണ് തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്. പഴയ എ ഗ്രൂപ്പിലെ നേതാക്കളായ ഷാഫി പറമ്പില്‍, പി.സി. വിഷ്ണുനാഥ്, ബെന്നി ബെഹനാന്‍ എന്നിവരുടെ ശ്രമ ഫലമായാണ് ഇവരില്‍ പലര്‍ക്കും സീറ്റ് ലഭിച്ചത്. ഈ നേതാക്കള്‍ കെ.സി പക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്നതിനാല്‍ ക്രെഡിറ്റ് എ ഗ്രൂപ്പിനാണോ എന്നതില്‍ സംശയം ഉയരുന്നുണ്ട്. ഉമ്മന്‍ ചാണ്ടിക്ക് ശേഷം ഗ്രൂപ്പിന് കൃത്യമായി ഒരു നായകനില്ലാത്തതിനാല്‍ ഇവരില്‍ പലരും ഭാവിയില്‍ കെ.സിക്ക് ഒപ്പം ചേര്‍ന്നാല്‍ അത്ഭുതപ്പെടാന്‍ ഇല്ലെന്നാണ് മറ്റ് ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്. രമേശ് ചെന്നിത്തല ഗ്രൂപ്പിന്റെ ശക്തരായ പലര്‍ക്കും ഇത്തവണ സീറ്റ് ലഭിച്ചിട്ടില്ല. എങ്കിലും അന്തിമ കണക്കെടുക്കുമ്പോള്‍ രമേശ് ചെന്നിത്തലയ്ക്ക് ഒപ്പം നില്‍ക്കുന്ന 16 പേര്‍ ഇത്തവണ മത്സരിക്കുന്നുണ്ട്. വി.ഡി. സതീശനോട് ഒപ്പം ഉറച്ച് നില്‍ക്കുന്ന എട്ട് പേരാണ് പട്ടികയില്‍ സ്ഥാനം പിടിച്ചത്.

പാലിക്കപ്പെട്ടത് സാമുദായിക സന്തുലനം

സാമുദായിക സന്തുലനം മുതല്‍ ഗ്രൂപ്പ് താല്‍പര്യങ്ങളും സര്‍വേ ഫലങ്ങളിലെ കണ്ടെത്തലുകളും കോണ്‍ഗ്രസ് പട്ടികയിലെ അവസാന തിരുത്തലിന് കാരണമായി. ഏറ്റുമാനൂരില്‍ പോസ്റ്റര്‍ വരെ അടിച്ച ജോസഫ് വാഴയ്്ക്കനെ ഒഴിവാക്കി നാട്ടകം സുരേഷിനെ നിയോഗിച്ചത് അവസാന നിമിഷമാണ്. കോട്ടയം ജില്ലയില്‍ സാമുദായിക പ്രാതിനിധ്യം കൂടി കണക്കിലെടുത്താണ് അന്തിമ തീരുമാനത്തിലെത്തിയത്. ഇടുക്കിയില്‍ റോഷി അഗസ്റ്റിനെതിരെ ജോയി വെട്ടിക്കുഴിക്കായിരുന്നു ആദ്യം മുതലുള്ള പരിഗണന. എന്നാല്‍ അവസാനം റോയി കെ. പൗലോസിന് അനുകൂലമായി. എല്‍ദോസ് കുന്നപ്പിള്ളിയെ പെരുമ്പാവൂരില്‍ നിന്ന് ഒഴിവാക്കിയതോടെ യാക്കോബായ പ്രാതിനിധ്യമെന്ന നിലയിലാണ് റോയി കെ. പൗലോസ് സ്ഥാനാര്‍ഥിയാകുന്നത്. എല്‍ദോസ് കുന്നപ്പിള്ളിക്ക് വിനയായത് നിലവിലെ ലൈംഗികാരോപണ കേസാണ്. കോന്നിയില്‍ അടൂര്‍ പ്രകാശിനെ ഒഴിവാക്കി, പകരം ഈഴവ പ്രാതിനിധ്യം കൂടി കണക്കിലെടുത്ത് സതീഷ് കൊച്ചുപറമ്പിലിലെ സ്ഥാനാര്‍ഥിയാക്കി. റാന്നിയില്‍ പഴകുളം മധുവിന്റെ പേരിന് പകരം ആരോണ്‍ ബിജിലിയുടെ പേര് വന്നെങ്കിലും കെ.സി. വേണുഗോപാലിന്റെ നിര്‍ബന്ധമാണ് വിധി നിര്‍ണയിച്ചത്. കൊച്ചിയില്‍ ദീപ്തി മേരിയേക്കാള്‍ മുന്‍തൂക്കം മുഹമ്മദ് ഷിയാസിനായിരുന്നു.

കോണ്‍ഗ്രസില്‍ എത്ര ഗ്രൂപ്പുകളുണ്ട്

സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി എന്ന പദവിയില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കെ.സി വേണുഗോപാലിനാകുന്നുണ്ട്. അതിനാല്‍ പട്ടികയില്‍ കെ.സിയോട് അടുപ്പമുള്ളവരുടെ പ്രാതിനിധ്യം സ്വാഭാവികമായും കൂടി. വി.ഡി സതീശനെതിരെ നില്‍ക്കുന്ന അസംതൃപ്ത വിഭാഗത്തെ കൂടെക്കൂട്ടിക്കൊണ്ടുള്ള പ്രവര്‍ത്തനത്തില്‍ ഈയടുത്ത കാലത്ത് എ ഗ്രൂപ്പില്‍ നിന്നും ഐ ഗ്രൂപ്പില്‍ നിന്നും ഏറെ പേരാണ് കെ.സി. പക്ഷത്തേക്ക് ചാഞ്ഞത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പാരമ്പര്യ കോണ്‍ഗ്രസ് വോട്ടുബാങ്കിനേക്കാളുപരി നിലപാടുകളുടെ ബലത്തില്‍ സ്വാധീനമുറപ്പിച്ച വി.ഡി. സതീശനൊപ്പം ഗ്രൂപ്പ് സമവാക്യങ്ങള്‍ ഇല്ലാത്തവരും എ ഗ്രൂപ്പിലെ ചെറുവിഭാഗവും നിലയുറപ്പിച്ചിട്ടുണ്ട്. കെ. കുരുണാകരന്‍ പാര്‍ട്ടി വിട്ടപ്പോള്‍ വിശാല ഐ ഗ്രൂപ്പുണ്ടാക്കി ശക്തി തെളിയിച്ച രമേശ് ചെന്നിത്തലക്ക് പട്ടികയില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല.

എ ഗ്രൂപ്പ് സ്വാധീനവും സുധാകര സാന്നിധ്യവും

പരമ്പരാഗത എ ഗ്രൂപ്പ് എന്നത് എ.കെ. ആന്റണിയുടെ പേരില്‍ ഉമ്മന്‍ചാണ്ടി പോറ്റിവളര്‍ത്തിയ ഗ്രൂപ്പാണ്. ഉമ്മന്‍ചാണ്ടിയുടെ അവസാന കാലം തന്നെ ഗ്രൂപ്പ് ശിഥിലമായി. പല നേതൃതട്ടുകളിലാണ് ഇന്ന് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം. എം.എം.ഹസ്സന്‍, കെ.സി.ജോസഫ്, ബെന്നി ബെഹ്നാന്‍ തുടങ്ങിയവരാണ് ഈ ചേരിയില്‍ ഇപ്പോഴും സജീവമായുള്ളത്. കണ്ണൂരില്‍ പാര്‍ട്ടിക്കുപരിയുള്ള സ്വാധീനവും സംഘ ശേഷിയും സൃഷ്ടിച്ച കെ. സുധാകരന്റെ സാന്നിധ്യം കൂടി ഗ്രൂപ്പ് പരിഗണനയില്‍ ചേര്‍ക്കേണ്ടതുണ്ട്. കെ.പി.സി.സി അധ്യക്ഷനായ ശേഷമാണ് കെ. സുധാകരന്റെ അനുയായി വൃന്ദത്തിന് ഗ്രൂപ്പ് രൂപം കൈവന്നത്. ഐ ഗ്രൂപ്പിലെ മുരളീധരന്‍ ചേരിയും തിരുവഞ്ചൂരിന്റെ എ ഗ്രൂപ്പ് ചേരിയും ടി. സിദ്ദിഖ് ടീമും, തരൂര്‍ ഫാന്‍സുകാരും കൂടി ചേര്‍ന്നാലേ കോണ്‍ഗ്രസിലെ ഗ്രൂപ്പ് ചിത്രം പൂര്‍ത്തിയാകൂ.

ഗോദയൊരുങ്ങി; ഇനി പോരാട്ടം

ആറ് മാസം മുമ്പുതന്നെ കെ.സി.വേണുഗോപാല്‍ പക്ഷക്കാര്‍ ജില്ല തല ഗ്രൂപ്പുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. അന്തിമ പട്ടിക പുറത്തുവന്നപ്പോള്‍ കെ.സി വേണുഗോപാലിന്റെ പടവും വെച്ച് പോസ്റ്ററുകളും തയ്യാറാക്കി. അതിനാല്‍ ജയസാധ്യതയുള്ള സീറ്റുകളില്‍ മിക്കതും കെ.സി പക്ഷം കരസ്ഥമാക്കി എന്ന ആരോപണം കോണ്‍ഗ്രസിനുള്ളില്‍ ഉയരുന്നുണ്ട്. വിമത സ്വരവും പലയിടത്തുമുണ്ട്. ഏതായാലും കോണ്‍ഗ്രസ്, മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മത്സരത്തിനിറങ്ങിക്കഴിഞ്ഞു. നൂറ് സീറ്റ് തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് വി.ഡി. സതീശന്‍ ഉള്‍പ്പെടെ നേതാക്കള്‍ അടിവരയിട്ട് പറയുന്നു. ഇനി തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രമേയുള്ളൂ. കാത്തിരുന്ന് കാണാം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com