
ഇനി കേരളത്തിൽ കോളനികൾ ഇല്ല. പനമ്പിള്ളി നഗറും ഗിരിനഗറും ജവഹർനഗറും പോലെ ഇടമലക്കുടി ഇടമലനഗറും ചിണ്ടക്കികോളനി ചിണ്ടക്കിനഗറും പാലൂര് പാൽനഗറും പുത്തൂര് പുതുനഗരവും ഷോളയൂര് ചോള നഗരവും ആയാൽ നല്ലത്. പണ്ട് ഗാന്ധിജി പട്ടിക വിഭാഗങ്ങളിലുള്ളവരെ ഹരിജനങ്ങൾ എന്നുവിളിച്ചു. അതോടെ ഉന്നതകുല ജാതരെന്നു സ്വയം കരുതിയിരുന്നവരെല്ലാം തങ്ങൾ ഹരിയുടെ മക്കൾ അഥവാ ദൈവത്തിന്‍റെ മക്കളാണ് എന്നു പറയാതായി. അതോടെ ഹരിജനങ്ങൾ എന്നാൽ പട്ടികവിഭാഗങ്ങൾ മാത്രമായി. പേരുമാറ്റം സ്റ്റാറ്റസ് മാറ്റുന്നില്ല എന്നതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് അത്. പേരുമാറുന്നതിനൊപ്പം മാറേണ്ടത് എന്തെല്ലാം?
അപേക്ഷിക്കാൻ സൗകര്യമില്ല മിസ്റ്റർ!
ഇടമലക്കുടി ഇടമലനഗർ ആയാൽ പനമ്പിള്ളി നഗറിന്‍റെ പേര് പനമ്പിള്ളി റസിഡൻസി എന്നാക്കി വംശമഹിമ കാണിക്കുന്ന പണി ഉണ്ടാകരുത് എന്നാണ് അഭ്യർത്ഥന. ഇപ്പോൾ പറഞ്ഞ ഈ അഭ്യർത്ഥന എന്ന വാക്കുണ്ടല്ലോ. അത് ഇനി വേണ്ട എന്നു നമ്മൾ ഔദ്യോഗികമായി തീരുമാനിച്ചതാണ്. അഭ്യർത്ഥനയുടേയും അപേക്ഷയുടേയും ആവശ്യമില്ലെന്നും താൽപര്യപ്പെട്ടാൽ മതിയെന്നും എന്നേ പറഞ്ഞതാണ്.എന്നിട്ടും വില്ലേജ് ഓഫിസിൽ ചെന്ന് ഒരു വരുമാന സർട്ടിഫിക്കറ്റ് വേണമെന്ന് അപേക്ഷിക്കാതെ കിട്ടില്ല എന്നു കരുതുന്നവരാണ് ഏറെയും. ഒരു വരുമാന സർട്ടിഫിക്കറ്റ് തരാൻ താൽപര്യപ്പെടുന്നു എന്ന് എഴുതിയാൽ അയാൾ അഹങ്കാരിയാണ് എന്നു തീരുമാനിക്കുന്ന ഉദ്യോഗസ്ഥരുടെ വശം ഇപ്പോഴും കുറ്റിയറ്റിട്ടുമില്ല.
ആരൊക്കെ നിർത്തി സർ വിളി?
പാലക്കാട്ടെ മാത്തൂർ പഞ്ചായത്ത് സർ, മാഡം വിളികൾ വേണ്ട എന്നു പ്രമേയം പാസാക്കി. അതു കേരളത്തിൽ ഒരു പുതുമയായിരുന്നു. പിന്നാലെ നിരവധി പഞ്ചായത്തുകളും നഗരസഭകളും അതേ തീരുമാനം എടുത്തു. ഇനി എല്ലായിടത്തും അങ്ങനെ ആകട്ടെ എന്ന് വലിയ ചർച്ചകൾ നടന്നു. പക്ഷേ സർക്കാർ ഓഫിസിൽ ചെന്നു കാര്യം നടക്കാൻ ഇപ്പോഴും സർ എന്നു കെഞ്ചി നിൽക്കുന്നവരെയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനൊക്കെ അപ്പുറം അത്യന്തം സങ്കടകരവും അപമാനകരവുമായ പലതും നമ്മൾ ഇപ്പോഴും കൊണ്ടു നടക്കുന്നുണ്ട്.
മുതലയുടെ തോട്ടിപ്പണിക്കാരൻ!
തിരുവനന്തപുരം മൃഗശാലയിൽ ഇപ്പോഴും ഒരു തസ്തികയുണ്ട്. പേര് സ്കാവഞ്ചർ. സ്കാവഞ്ചർ എന്നാൽ തോട്ടിപ്പണിക്കാരനാണ്. കാണ്ടാമൃഗത്തിന്‍റെയും മുതലയുടേയും വരെ വിസർജ്യം കോരിമാറ്റുന്ന ജോലിയാണ്. ഒരു കല്യാണോലചനയുമായി ചെല്ലുമ്പോൾ എന്താണ് ജോലി എന്നു ചോദിച്ചാൽ എന്തു പറയും. സ്കാവഞ്ചർ എന്നു പറയാൻ കഴിയുമോ. നാലാൾ കൂടുന്നിടത്ത്, ഒരു വിരുന്നിന്, ഒരു പൊതുയോഗത്തിന് ഒക്കെ ചെല്ലുമ്പോൾ മൂക്കുപൊത്തി വഴിമാറുന്നവരെയല്ലേ ആ തസ്തികയിലുള്ളവർ കാണേണ്ടത്. ഒടുവിൽ പുറത്തിറങ്ങിയ പതിനൊന്നാം ശമ്പള കമ്മിഷന്‍റെ ഉത്തരവിലുമുണ്ട് സ്കാവഞ്ചർക്കു കൊടുക്കേണ്ട ശമ്പളത്തെക്കുറിച്ചുള്ള വിവരം.
പാതിസമയ തൂപ്പുകാരൻ?
പിടിഎസ് എന്നൊരു വിളിപ്പേരുണ്ട് എല്ലാ സർക്കാർ ഓഫിസുകളിലും. പഞ്ചായത്ത് ഓഫിസുകൾ മുതൽ കലക്ടറേറ്റുകളിൽ വരെയുണ്ട്. പി ടി എസ് എന്നാൽ പാർട്ട് ടൈം സ്വീപ്പർ എന്നാണ്. മുഴുവൻ സമയം ജോലിയില്ലാത്ത തൂപ്പുകാരനാണ് പാർട്ട് ടൈം സ്വീപ്പർ. പാർ്ട്ട് ടൈം എന്നു പറയുമെങ്കിലും രാവിലെ എട്ടുമണിക്കെത്തി മുറ്റവും ഓഫിസും അടിച്ചു വൃത്തിയാക്കി പറയുമ്പോഴൊക്കെ വെള്ളവും ചായയും കൊണ്ടുപോയി കൊടുത്ത് വൈകുന്നേരം എല്ലാവരും പോയികഴിഞ്ഞ് ഓഫിസ് അടച്ചാൽ മാത്രം നടുനിവർത്താൻ കഴിയുന്നവരാണ്. പാതി സമയ തൂപ്പുകാരൻ മരിക്കും വരെ മുഴുവൻ സമയവും തൂപ്പുകാരൻ തന്നെ ആയിരിക്കും. ഗോദ്റേജ് കമ്പനി അവസാനത്തെ ടൈപ്പ് റൈറ്റർ നിർമിച്ചത് ആറു വർഷം മുൻപാണ്. ടൈപ്പ് റൈറ്ററുകളുടെ വംശം തന്നെ കുറ്റിയറ്റു. എന്നിട്ടും സർക്കാർ ഓഫിസുകളിലുണ്ട് ടൈപ്പിസ്റ്റിന്‍റെ ഒരു തസ്തിക.
ചാത്തന്‍റെ മകനും കണ്ടന്‍റെ മകനും!
ഇതിനൊരു മറുവശം കൂടിയുണ്ട്. സ്കൂളിൽ പഠിപ്പിക്കുന്നവരെ മാത്രമല്ല നമ്മൾ സർ എന്നു വിളിച്ചു ശീലിച്ചത്. പോസ്റ്റ്മാനും ലൈൻമാനും കണ്ടക്ടറും എല്ലാവരും സാറുമ്മാരാണ്. ജാതിയിൽ താഴ്ന്നവർ എന്നു മാറ്റിനിർത്തിയിരുന്ന പലർക്കും കിട്ടിയിരുന്നത് ആ ജോലിആണ്.സർ വിളി നിർത്തിയാൽ അവർക്ക് കിട്ടിയിരുന്ന ഏക ബഹുമാനം കൂടി ഇല്ലാതാകുമെന്നുവിമർശനമുണ്ടായി. കണ്ടന്‍റെ മകനെന്നും ചാത്തന്‍റെ മകനെന്നും വീണ്ടും വിളിക്കാൻ തുടങ്ങുമെന്നും മുന്നറിയിപ്പുകൾ വന്നു. മുഖ്യമന്ത്രി ആയാലും അങ്ങനെ വിളിച്ചു ശീലിക്കുന്നതാണ് ജാതിമഹിമ എന്നു കരുതുന്നവർ ഇന്നുമുണ്ട്. കാൽതൊട്ടുവണങ്ങിയും സാഷ്ടാംഗം നമസ്കരിച്ചുമാണ് ബഹുമാനിക്കേണ്ടത് എന്ന വ്യാജ യുക്തിയിൽ നിന്നുണ്ടാകുന്നതാണ് ഇത്തരം ചിന്തകളെല്ലാം. മഹാസോഷ്യലിസ്റ്റ് ആയിരുന്ന ബിഹാർ മുഖ്യമന്ത്രിപോലും ഇന്ത്യൻ പ്രധാനമന്ത്രിയുടെ കാൽതൊട്ടുവണങ്ങുന്നതാണ് 2024ൽ ജനം സ്വന്തം മൊബൈൽ ഫോണുകളിൽ കണ്ടിരിക്കുന്നത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും വെവ്വേറെ ജോലികൾ ചെയ്യുന്ന രണ്ടു വ്യക്തികളാണ് എന്ന മട്ടിൽ തല ഉയർത്തി നിന്ന് പറയുന്നതിലും വലിയ പരസ്പര ബഹുമാനം എന്താണ് ഉള്ളത്. പൂക്കുടയും പൂത്താലവുമായി വിമാനത്താവളങ്ങളിൽ പോയി രാജാവിനെ എന്നതുപോലെ സ്വീകരിക്കാൻ നിൽക്കേണ്ട ശിരസ്തേദാർമാരാണ് ഇന്നും നമുക്ക് മുഖ്യമന്ത്രിയും മേയറും.
ഇടമലപുരം ആകട്ടെ ഇടമലക്കുടികൾ
ഗോത്രവർഗ കുടുംബങ്ങൾ താമസിക്കുന്ന ഇടങ്ങൾക്ക് നഗർ, ഉന്നതി തുടങ്ങിയ പേരുകൾ സ്വീകരിക്കാം എന്നാണ് നിർദേശം. അത്തരം ഒരു നിർദേശം പോലും നൽകാതിരിക്കുകയല്ലേ കൂടുതൽ അഭികാമ്യം? അല്ലെങ്കിൽ ഹരിജനം എന്നത് പട്ടികവിഭാഗങ്ങൾക്കു മാത്രമുള്ള വിശേഷണം ആയതുപോലെ നഗറും ഉന്നതിയുമൊന്നും മറ്റിടങ്ങളിൽ ഉപയോഗിക്കാതാകും. സർക്കാർ രേഖകളിലുള്ള ലക്ഷംവീട് കോളനി എന്ന പേരൊക്കെ ജാതിതിരിച്ച് മാറ്റിപ്പാർപ്പിച്ചിരിക്കുന്ന ഇടങ്ങളാണെന്നു മറക്കാതിരിക്കാം. മലയാളത്തിലെ എണ്ണം പറഞ്ഞ എഴുത്തുകാരിൽ ഒരാളായ നാരായൻ സ്വന്തം പേരിനെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. സ്കൂളിൽ ചേർക്കാൻ ചെന്ന അച്ഛൻ നിർദേശിച്ചത് നാരായണൻ എന്നാണ്. ഊരാളിക്കെന്ത് നാരായണൻ എന്നു ചോദിച്ച് ഹെഡ്മാസ്റ്റ്ർ അത് നാരായൻ ആക്കി. ഏകീകൃത സ്വഭാവത്തിൽ പേരുമാറ്റുന്നതിലും നല്ലത് അതതു സ്ഥലത്തുള്ളവർ ഇഷ്ടമുള്ള വിശേഷണം ചേർക്കുകയാണ്. ആ നാട്ടുകാർക്കു തോന്നുകയാണെങ്കിൽ ഇടമലക്കുടിയെ തിരുവനന്തപുരം പോലെ ഇടമലപുരം എന്നാക്കട്ടെ.