SPOTLIGHT |സര്‍ക്കാര്‍ പറയട്ടെ, ഫ്രഷ് കട്ട് നിയമവിധേയമോ?

വര്‍ഷങ്ങളായി ജനങ്ങള്‍ ഉന്നയിക്കുന്ന പ്രശ്‌നത്തിന് പരിഹാരം കാണാതെ അനുമതി നല്‍കിയ സര്‍ക്കാര്‍ സംവിധാനങ്ങളാണ് മറുപടി പറയേണ്ടത്
സ്പോട്ട്ലൈറ്റ്
സ്പോട്ട്ലൈറ്റ്
Published on

കോഴിക്കോട് താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് വിരുദ്ധ സമരം കേരളത്തില്‍ ഒരു ടെസ്റ്റ് ഡോസ് ആണ്. ഒന്നാമത്തെ പ്രത്യേകത നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരേയല്ല സമരം എന്നതാണ്. രണ്ടാമത്തെ പ്രശ്‌നം, പ്രാദേശിക ഭരണകൂടം നിഷേധിച്ച അനുമതി എങ്ങനെയാണ് അതിനു മുകളിലുള്ള ഏജന്‍സി നല്‍കുന്നത് എന്നതാണ്. ചുറ്റും താമസിക്കുന്ന ആരുടേയും അനുമതിയില്ലാതെ ഇങ്ങനെയൊരു വ്യവസായം എങ്ങനെ നടത്തുന്നു എന്നതാണ് മൂന്നാമത്തെ വിഷയം. ഇതിലൊക്കെ ഗുരുതരമാണ് പ്രദേശവാസികളുടെ സമരത്തിലേക്കു പുറമെ നിന്നുള്ളവര്‍ നുഴഞ്ഞുകയറി നടത്തിയ അതിക്രമങ്ങള്‍. നാട്ടുകാരെ മനുഷ്യമറയാക്കിയാണ് അമ്പായത്തോട്ടില്‍ വലിയ അക്രമം അഴിച്ചുവിട്ടത്. വ്യവസായത്തിന്റെയും ഇപ്പോഴത്തെ അതിക്രമത്തിന്റേയും ദൂഷ്യഫലം ആത്യന്തികമായി അനുഭവിക്കേണ്ടത് ആ പ്രദേശത്തുള്ളവരാണ്. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഈ വര്‍ഷം ഒരുമാസത്തോളം കമ്പനി അടച്ചിട്ടതാണ്. കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയാണ് വീണ്ടും തുറന്നത് എന്നായിരുന്നു അറിയിപ്പ്. എന്നാല്‍ ഒരു സംവിധാനവും ഒരുക്കാതെ പഴയ നിലയില്‍ തന്നെയാണ് വീണ്ടും തുറന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇതേതുടര്‍ന്നാണ് അടുത്തഘട്ടസമരം ശക്തമായത്. വര്‍ഷങ്ങളായി ജനങ്ങള്‍ ഉന്നയിക്കുന്ന പ്രശ്‌നത്തിന് പരിഹാരം കാണാതെ അനുമതി നല്‍കിയ സര്‍ക്കാര്‍ സംവിധാനങ്ങളാണ് മറുപടി പറയേണ്ടത്.

ഫ്രഷ് കട്ട് നിയമവിധേയമോ?

2019ല്‍ ആണ് ഫ്രഷ് കട്ട് പ്രവര്‍ത്തനം തുടങ്ങിയത്. അക്കാലത്തുതന്നെ ആരംഭിച്ചതാണ് നാട്ടുകാരുടെ പ്രതിഷേധവും. ആ പ്രതിഷേധം വിജയിക്കാതിരുന്നതിന് ഒരു കാരണമുണ്ടായിരുന്നു. അത് കമ്പനിക്ക് എല്ലാവിധ അനുമതിയും ഉണ്ടായിരുന്നു എന്നതാണ്. അതുകൊണ്ടു തന്നെ പൊലീസും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളും കമ്പനിക്ക് അനുകൂലമായാണ് പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ തന്നെ കമ്പനിയിലേക്ക് വന്ന ട്രക്ക് ശ്രദ്ധിക്കുക. ജനങ്ങളെ വകഞ്ഞുമാറ്റി ആ ട്രക്ക് കമ്പനി കോമ്പൌണ്ടിലേക്കു പ്രവേശിപ്പിക്കാന്‍ നടത്തിയ നീക്കമാണ് സംഘര്‍ഷത്തിനു കാരണമായത്. മാലിന്യവുമായി വരുന്ന ലോറി തടയുന്ന ജനങ്ങള്‍. അതേ ലോറിക്ക് സുരക്ഷ ഒരുക്കുന്ന പൊലീസുകാര്‍. പൊലീസ് ഇവിടെ ജനങ്ങള്‍ക്ക് എതിരാണ്. കമ്പനിക്ക് അനുകൂലമാവുകയും ചെയ്യുകയാണ്. പൊലീസ് പ്രതിനിധീകരിക്കുന്നത് സര്‍ക്കാരിനേയും ഭരണ സംവിധാനങ്ങളേയുമാണ്. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ തന്നെ ലോറിക്ക് സുരക്ഷ ഒരുക്കുന്നു എന്ന പ്രതീതിയാണ് ജനങ്ങള്‍ക്കിടെ ഉണ്ടാകുന്നത്. ഇത്രയും വര്‍ഷങ്ങളായി ജനങ്ങള്‍ പ്രക്ഷോഭം നടത്തുമ്പോള്‍ അവരുടെ വാക്ക് കേള്‍ക്കാന്‍ ആരും തയ്യാറാകാത്തത് എന്തുകൊണ്ടാണ്? ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്? മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ഏതു വ്യവസായവും നേരിടുന്ന വെല്ലുവിളിയാണിത്. കോഴി ഇറച്ചി നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. അതിന്റെ ഉപോല്‍പന്നമാണ് അറവുമാലിന്യം. ഇറച്ചി ഉപയോഗിക്കുമ്പോള്‍ അതിന്റെ മാലിന്യം എന്തു ചെയ്യണം. അതു സംസ്‌കരിച്ച് പുതിയ ഉല്‍പ്പന്നമാക്കി മാറ്റിയേ തീരൂ.

വര്‍ഷങ്ങളായി ജനങ്ങള്‍ ഉന്നയിക്കുന്ന പ്രശ്‌നത്തിന് പരിഹാരം കാണാതെ അനുമതി നല്‍കിയ സര്‍ക്കാര്‍ സംവിധാനങ്ങളാണ് മറുപടി പറയേണ്ടത്

ഫ്രഷ് കട്ട് പ്രവര്‍ത്തിക്കണമെങ്കില്‍

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളാണ് ബഹുഭൂരിപക്ഷം സ്ഥലങ്ങളും. ഇത്തരം പരിസ്ഥിതിയില്‍ ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാകാതെ മാലിന്യം കൈകാര്യം ചെയ്യാന്‍ കഴിയണം. അതിനുള്ള സാങ്കേതിക വിദ്യകളൊക്കെ ഇപ്പോള്‍ ലഭ്യമാണ്. ഇവിടെ ഇരുതലമൂര്‍ച്ചയുള്ള പ്രശ്‌നമാണ് നേരിടുന്നത്. സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയായിരുന്നു കഴിഞ്ഞ കാലങ്ങളിലൊക്കെ കണ്ടിരുന്നത്. അതിനെതിരേ വലിയ തോതിലുള്ള പ്രക്ഷോഭവും പതിവാണ്. മാലിന്യം സംസ്‌കരിക്കാന്‍ എവിടെ ശ്രമിച്ചാലും അതു വെല്ലുവിളി നേരിടും. അമ്പായത്തോട്ടില്‍ അതിനു ശ്രമിച്ചത് സ്വകാര്യ കമ്പനിയാണ്. അതോടെ പ്രതിഷേധം ഇരട്ടിയാവുകയും ചെയ്തു. കോഴി മാലിന്യത്തെ പൊന്മുട്ട എന്നു തന്നെ വിളിക്കാം. അതു തിരിച്ചറിഞ്ഞാണ് ഒരു കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്. എറണാകുളം ബ്രഹ്‌മപുരത്തു സ്വകാര്യ കമ്പനികള്‍ താല്‍പര്യപ്പെട്ട് മുന്നോട്ടു വന്നത് അങ്ങനെ തന്നെയാണ്. വലിയ നഗരങ്ങളിലൊക്കെ മാലിന്യ സംസ്‌കരണം നടത്തുന്നത് സ്വകാര്യ കമ്പനികളാണ്. മാലിന്യവും ഒരു വ്യവസായമായി മാറിയത് ഇന്നോ ഇന്നലെയോ അല്ല. വികസിത രാജ്യങ്ങലിലൊക്കെ പതിറ്റാണ്ടുകളായി അങ്ങനെതന്നെയാണ്. കേരളത്തിലേക്ക് ആ മാതൃക പകര്‍ത്തുമ്പോള്‍ വലിയ പാളിച്ച ഉണ്ടാകുന്നത് നടത്തിപ്പിലാണ്. വിദേശത്തൊക്കെ മണം പുറത്തേക്കു വ്യാപിക്കാതെയാണ് കൈകാര്യം ചെയ്യുക. അതുപോലെ മാലിന്യം കമ്പനിയില്‍ നിന്ന് ഒഴുകി വരുന്ന സ്ഥിതിയും ഉണ്ടാകില്ല. അമ്പായത്തോട്ടില്‍ ചെയ്തിരുന്നത് എന്താണ്? കമ്പനി കോമ്പൗണ്ടില്‍ തന്നെ മാലിന്യം കൂട്ടിയിട്ടിരുന്നു. അതുകൊണ്ടാണ് പുറത്തേക്ക് ഇത്രയേറെ മണം വ്യാപിക്കുന്ന സ്ഥിതി ഉണ്ടായത്. അന്തരീക്ഷം മലിനമായത്. അങ്ങനെ ചെയ്യാതിരിക്കാന്‍ ഇടപെടേണ്ടത് സര്‍ക്കാര്‍ സംവിധാനങ്ങളാണ്. ഇവിടെ അതുണ്ടായില്ല. മറുപടി പറയാനുള്ള ഉത്തരവാദിത്തം ആ കമ്പനിക്കും സര്‍ക്കാരിനുമുണ്ട്.

വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള മറ്റൊരു സമരം നമ്മുടെ ഓര്‍മയിലുണ്ട്. എല്‍എന്‍ജി പൈപ്പ് ലൈനെതിരായ സമരം.

സര്‍ക്കാര്‍ പറയുന്നതും കമ്പനി ചെയ്യുന്നതും

ഇപ്പോഴത്തെ സമരത്തിനു ശേഷം സര്‍ക്കാരും സിപിഐഎം പ്രാദേശിക നേതൃത്വവും പറയുന്ന കാര്യങ്ങള്‍ നോക്കുക. പ്രദേശത്തെ ഡിവൈഎഫ് ഐ നേതാവാണ് സമരം നടത്തിയ കേസില്‍ ഒന്നാം പ്രതി. സിപിഐഎം ആരോപിക്കുന്നത് എസ് ഡി പിഐ പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറി അതിക്രമം കാണിച്ചു എന്നാണ്. സമരത്തിന്റെ ദൃശ്യങ്ങള്‍ നോക്കിയാല്‍ ഒരു കാര്യം വ്യക്തമാകും. ഇറങ്ങി നിന്നു വഴിതടഞ്ഞത് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നാട്ടുകാരാണ്. അവര്‍ മുദ്രാവാക്യം വിളിക്കുന്നുമുണ്ട്. എന്നാല്‍ ട്രക്ക് തടയുന്ന സമയം മുതല്‍ ഈ കാഴ്ച മാറുകയാണ്. സ്ത്രീകളേയും കുട്ടികളേയും വകഞ്ഞുമാറ്റി വലിയൊരു പുരുഷ സംഘം അവിടെയെത്തുന്നു. പൊലീസിനെ വളഞ്ഞിട്ടു തല്ലുന്നത് ഇങ്ങനെ എത്തിയവരാണ്. അവരെ ആ പ്രദേശ വാസികള്‍ നടത്തിയ സമരത്തിന്റെ ദൃശ്യങ്ങളിലൊന്നും കാണാനില്ല. ഇതിനിടെയാണ് കമ്പനിക്ക് തീപിടിക്കുന്നത്. അതും വളരെ ആസുത്രിതമായി. കമ്പനിയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ട്രക്കുകള്‍ക്കും പിന്നെ കമ്പനിക്കും തീ കൊടുക്കുകയായിരുന്നു. വ്യാപകമായി ഇറങ്ങി നടന്നു തന്നെ ചെയ്തതാണ് ഈ തീകൊളുത്തല്‍. അതു ചെയ്തത് എസ് ഡി പി ഐ ആണെന്നാണ് സിപിഐഎം ആരോപിക്കുന്നത്. അതുകണ്ടെത്തേണ്ടത് പൊലീസ് ആണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള മറ്റൊരു സമരം നമ്മുടെ ഓര്‍മയിലുണ്ട്. എല്‍എന്‍ജി പൈപ്പ് ലൈനെതിരായ സമരം. അന്നും ഇതുപോലെ വളരെപ്പെട്ടെന്നാണ് അക്രമം ആരംഭിച്ചത്. അന്നും ആരോപണ വിധേയര്‍ പോപ്പുലര്‍ ഫ്രണ്ടും എസ് ഡി പിഐയും ആയിരുന്നു. ഇന്ന് പോപ്പുലര്‍ ഫ്രണ്ട് നിരോധിത സംഘടനയാണ്. ആരോപണ വിധേയര്‍ എസ് ഡി പി ഐയും ആണ്. അതൊരു സൂചന തന്നെയാണ്.

ജനകീയ സമരങ്ങള്‍ അട്ടിമറിക്കുമ്പോള്‍

ജനകീയ സമരങ്ങളിലേക്ക് പുറമെ നിന്നുള്ളവര്‍ കയറാതിരിക്കുക എന്നതാണ് ഒന്നാമത്തെ മുന്നറിയിപ്പ്. ആറുവര്‍ഷമായി സമരം നടത്തുന്നവര്‍ക്ക് ഇനിയും സമരത്തെ എങ്ങനെ കൊണ്ടുപോകണം എന്ന് നന്നായിയറിയാം. ആ പ്രദേശത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ഇത്തരം സമരങ്ങള്‍ നടക്കുക. പാര്‍ട്ടികളുടെ സംസ്ഥാന നേതൃത്വങ്ങള്‍ സമരത്തിന് എതിരായാല്‍ പോലും പ്രാദേശിക ഘടകങ്ങള്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കും. അമ്പായത്തോട്ടില്‍ മാത്രമല്ല, കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സമരങ്ങളിലും ഇങ്ങനെ നിലപാടുകള്‍ സ്വാഭാവികമാണ്. കട്ടിപ്പാറ പഞ്ചായത്തിന്റെ അനുമതിയോടെയാണ് കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്. ജനകീയ പ്രക്ഷോഭം ശക്തമായിരുന്ന നാളുകളിലും കമ്പനിക്ക് അനുമതി ഉണ്ടായിരുന്നു. എന്നാല്‍ 2024ല്‍ പഞ്ചായത്ത് അനുമതി നിഷേധിച്ചു. ജില്ലാതല ഫെസിലിറ്റേഷന്‍ ആന്‍ഡ് മോനിറ്ററിങ് കമ്മിറ്റിയുടെ അനുമതി കമ്പനി ഉടമകള്‍ വാങ്ങി. പഞ്ചായത്ത് നിഷേധിക്കുന്ന അനുമതി നല്‍കാന്‍ അതിനു മുകളില്‍ സമിതിയുണ്ട് എന്നര്‍ത്ഥം. അങ്ങനെ നല്‍കിയ അനുമതിയുമായാണ് ആ സ്ഥാപനം പ്രവര്‍ത്തിച്ചത്. അങ്ങനെയൊരു സ്ഥാപനത്തെ തീയിട്ട് തകര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ല. ഇക്കാലത്തിനിടയ്‌ക്കൊന്നും നാട്ടുകാര്‍ അതിക്രമ സമരം നടത്തിയിട്ടില്ല. അങ്ങനെ ചെയ്യാനായിരുന്നെങ്കില്‍ നിരവധി സന്ദര്‍ഭങ്ങള്‍ ഇതിനു മുന്‍പ് ഉണ്ടാകുമായിരുന്നു. പുറമെ നിന്ന് നുഴഞ്ഞുകയറുന്നവര്‍ക്ക് അജന്‍ഡ വേറെയാണ്. അങ്ങനെയുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ തടയേണ്ട ഉത്തരവാദിത്തവും പൊലീസിനുണ്ട്. കമ്പനിക്ക് സുരക്ഷ കൊടുക്കുന്നതു മാത്രമല്ല പൊലീസിന്റെ കടമ. കമ്പനിക്കു പരിരക്ഷ നല്‍കുന്നതിലും പുറമെ നിന്നുള്ളവരുടെ ആക്രമണം തടയുന്നതിലും ഒരുപോലെ നിസ്സഹായരായ പൊലീസിനെയാണ് അമ്പായത്തോട്ടില്‍ കണ്ടത്. അതിക്രമത്തില്‍ പൊലീസിനു കാര്യമായി പരിക്കേല്‍ക്കുകയും ചെയ്തു. ചോദ്യം ഇതേയുള്ളു. ഇത്തരം സന്ദര്‍ഭങ്ങളില്‍ സര്‍ക്കാരും പൊലീസും ജനങ്ങള്‍ക്കൊപ്പമാണോ, കമ്പനിക്കൊപ്പമാണോ? അതു വ്യക്തമാകുന്നതോടെ പരിഹരിക്കപ്പെടുന്ന പ്രശ്‌നമാണ് അമ്പായത്തോട്ടിലേത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com