

മുഖ്യമന്ത്രിയും എൻ.എസ്.എസ് നേതൃത്വവും തമ്മിലുള്ള പിണക്കത്തിന് മഞ്ഞുരുകുകയാണ്. അടുത്തവർഷം ജനുവരി രണ്ടിന് പെരുന്നയിൽ നടക്കുന്ന മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന അറിയിപ്പ് വന്നിരിക്കുന്നു. അഞ്ചുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സതീശൻ എൻ.എസ്.എസ് ആസ്ഥാനമായ പെരുന്നയിലെത്തുന്നത്. മുഖ്യമന്ത്രിയായ ശേഷം ആദ്യമായും, മുഖ്യമന്ത്രി വി.ഡി. സതീശനും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും തമ്മിലുള്ള മുൻകാല വാക്പോരുകളുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന സന്ദർശനമാണിത്. ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിച്ചതായും ഫോണിൽ സംസാരിച്ചെന്നും സുകുമാരൻ നായർ വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക ക്ഷണക്കത്തയച്ചതായും മുഖ്യമന്ത്രി പങ്കെടുക്കാമെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാൽ, ഈ മഞ്ഞുരുക്കത്തിലേക്ക് എത്തിയത് അത്ര പെട്ടെന്നായിരുന്നില്ല. വർഷങ്ങളോളം നീണ്ട പരസ്യമായ വാക്പോരും ആരോപണ-പ്രത്യാരോപണങ്ങളും അതിനു പിന്നിലുണ്ട്. സുകുമാരൻ നായർ-സതീശൻ പോരിന്റെ നാൾവഴികളിലൂടെ സ്പോട്ട്ലൈറ്റ് കണ്ണോടിക്കുകയാണ്.
വി.ഡി. സതീശനും എൻ.എസ്.എസും തമ്മിലുള്ള ബന്ധത്തിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. വടക്കൻ പറവൂരിൽ നിന്നുള്ള സതീശന്റെ ആദ്യകാല തെരഞ്ഞെടുപ്പ് വിജയങ്ങളിൽ എൻഎസ്എസ് നേതൃത്വത്തിൻ്റെ, പ്രത്യേകിച്ച് ജി. സുകുമാരൻ നായരുടെ പരോക്ഷവും പ്രത്യക്ഷവുമായ പിന്തുണ നിർണായകമായിരുന്നു. സതീശൻ മുൻപ് ഇവിടെ വന്ന് എൻഎസ്എസ് പിന്തുണ തേടിയിട്ടുണ്ട്. അന്ന് പറവൂരിലെ നേതൃത്വത്തെ വിളിച്ച് "സതീശനെ സഹായിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നു" എന്ന് സുകുമാരൻ നായർ തന്നെ ഓർമ്മിപ്പിച്ചിട്ടുണ്ട് . എന്നാൽ, പിന്നീട് സമുദായ സംഘടനകളുടെ രാഷ്ട്രീയ ഇടപെടലുകളെ സതീശൻ എതിർത്തത് അദ്ദേഹത്തെ ചൊടിപ്പിച്ചു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം കോൺഗ്രസ് നേതൃത്വം പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി.ഡി. സതീശനെ കൊണ്ടുവന്നതോടെയാണ് കാര്യങ്ങൾ കൂടുതൽ വഷളായത്. പരമ്പരാഗത കോൺഗ്രസ് രാഷ്ട്രീയശൈലിയിൽ നിന്ന് വ്യത്യസ്തമായി, സമുദായ സംഘടനകളുടെ രാഷ്ട്രീയ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന നിലപാടാണ് സതീശൻ പരസ്യമായി സ്വീകരിച്ചത്. പ്രതിപക്ഷ നേതാവായ ശേഷം അഞ്ചു വർഷം മുൻപ് സതീശൻ പെരുന്നയിൽ എത്തിയപ്പോഴും ഇരുവർക്കുമിടയിലെ അകൽച്ച പ്രകടമായിരുന്നു. ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷമാണ് കൂടിക്കാഴ്ച നടന്നതെന്നായിരുന്നു അന്നത്തെ റിപ്പോർട്ടുകൾ.
കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച പ്രസ്താവനയായിരുന്നു വി.ഡി. സതീശൻ്റേത്. രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ സമുദായ സംഘടനകൾ ഇടപെടേണ്ടതില്ലെന്നും അധികാരത്തിനു വേണ്ടി സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാൻ താനില്ലെന്നുമുള്ള സതീശൻ്റെ നിലപാട് എൻഎസ്എസിനെ ചൊടിപ്പിച്ചു. സതീശൻ്റെ വാക്കും പ്രവൃത്തിയും തമ്മിൽ വൈരുധ്യമുണ്ടെന്നും മുൻപ് പിന്തുണ തേടിയ കാര്യം അദ്ദേഹം മറക്കരുതെന്നുമായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം. തനിക്ക് തെറ്റുപറ്റിയെന്ന് സതീശൻ പരസ്യമായി സമ്മതിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 2022 നവംബറിൽ സുകുമാരൻ നായർ നടത്തിയ മറ്റൊരു വെളിപ്പെടുത്തലും വിവാദത്തിന് കൂടുതൽ ശക്തിപകർന്നു. 2021 നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സതീശൻ ഒന്നര മണിക്കൂറോളം തന്റെ അടുത്തിരുന്ന് പിന്തുണ അഭ്യർഥിച്ചെന്നും പറവൂരിലെ എൻ.എസ്.എസ് ഭാരവാഹികളെ വിളിച്ച് സഹായിക്കാൻ ആവശ്യപ്പെട്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
ഇതിനിടെ കോൺഗ്രസിലെ മറ്റ് നേതാക്കളായ രമേശ് ചെന്നിത്തലയോടും ശശി തരൂരിനോടും സുകുമാരൻ നായർ അടുപ്പം കാണിച്ചത് സതീശനെതിരായ രാഷ്ട്രീയ നീക്കമായി വ്യാഖ്യാനിക്കപ്പെട്ടു. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ വാക്പോര് കൂടുതൽ രൂക്ഷമായി. കോൺഗ്രസ് സതീശനെ കയറൂരി വിട്ടിരിക്കുകയാണെന്നും പാർട്ടി പ്രസിഡൻ്റിനെ മറികടന്ന് എല്ലാ കാര്യങ്ങളിലും സതീശൻ മാത്രം പ്രതികരിക്കുകയാണെന്നും സുകുമാരൻ നായർ വിമർശിച്ചു. എന്നാൽ, സതീശൻ തൻ്റെ നിലപാടിൽ ഉറച്ചുനിന്നു. വർഗീയതയ്ക്കും സാമുദായിക ധ്രുവീകരണത്തിനും എതിരെയാണ് തൻ്റെ പോരാട്ടമെന്നും സമുദായ നേതാക്കളെ കാണുന്നതും വർഗീയതയെ എതിർക്കുന്നതും തമ്മിൽ കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും അദ്ദേഹം തിരിച്ചടിച്ചു.
2026 ജനുവരിയിൽ കേരള രാഷ്ട്രീയം കണ്ട ശ്രദ്ധേയമായ നീക്കങ്ങളിലൊന്നായിരുന്നു എൻ.എസ്.എസ്-എസ്.എൻ.ഡി.പി ഐക്യശ്രമം. വി.ഡി. സതീശൻ മുസ്ലിം ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും കീഴടങ്ങുകയാണെന്നും ഭൂരിപക്ഷ സമുദായങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നായർ-ഈഴവ ഐക്യം അനിവാര്യമാണെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. സുകുമാരൻ നായരും ഐക്യനീക്കത്തിന് അനുകൂലമായി രംഗത്തെത്തിയതോടെ കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറുമെന്ന വിലയിരുത്തലുകളുണ്ടായി. സതീശന്റെ നിലപാടുകളെ വെള്ളാപ്പള്ളി നടേശൻ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഇരുസമുദായ സംഘടനകളുടെയും നേതൃത്വം ഒരേസമയം സതീശനെതിരെ രംഗത്തെത്തിയത് യു.ഡി.എഫിനും രാഷ്ട്രീയ വെല്ലുവിളിയായി. എന്നാൽ, ഈ ഐക്യനീക്കത്തിന് അധികം ആയുസ്സുണ്ടായില്ല. ജനുവരി 26-ന് ചേർന്ന എൻ.എസ്.എസ് ഡയറക്ടർ ബോർഡ് യോഗം എസ്.എൻ.ഡി.പിയുമായുള്ള ഐക്യത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചു. ബി.ഡി.ജെ.എസ് നേതാവും എൻ.ഡി.എയുമായി ബന്ധമുള്ള രാഷ്ട്രീയ വ്യക്തിത്വവുമായ തുഷാറിൻ്റെ പങ്കാളിത്തം ഐക്യനീക്കത്തിന് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന സംശയമുണ്ടാക്കിയതായി സുകുമാരൻ നായർ പിന്നീട് വിശദീകരിച്ചു.
സമുദായ സംഘടനകളുടെ പരസ്യമായ വിമർശനങ്ങളും എതിർപ്പുകളും നിലനിൽക്കെയാണ് വി.ഡി. സതീശൻ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ നയിച്ചത്. മെയ് മാസത്തിൽ യു.ഡി.എഫ് അധികാരത്തിലെത്തുകയും വി.ഡി. സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തതോടെ രാഷ്ട്രീയ ചിത്രം മാറി. എന്നാൽ, സതീശൻ മുഖ്യമന്ത്രിയായ ശേഷവും പെരുന്നയുമായുള്ള അകൽച്ച അവസാനിച്ചിരുന്നില്ല. മുസ്ലിം ലീഗിന് കോൺഗ്രസ് കൂടുതൽ പരിഗണന നൽകുന്നുവെന്ന വിമർശനവും എൻ.എസ്.എസ് നേതൃത്വത്തിൽ നിന്ന് ഉയർന്നു. ഇതിനിടെ, 2026 ജൂൺ മാസത്തിൽ മറ്റൊരു വിവാദം കൂടി പൊട്ടിപ്പുറപ്പെട്ടു.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി എൻ.എസ്.എസ് നേതൃത്വം രണ്ടുതവണ ബന്ധപ്പെട്ടിട്ടും സമയം ലഭിച്ചില്ലെന്ന ആരോപണവുമായി സുകുമാരൻ നായർ രംഗത്തെത്തി. സതീശൻ അഹങ്കാരിയാണെന്നും ഇനി അദ്ദേഹത്തിന്റെ മുന്നിൽ കൂടിക്കാഴ്ചയ്ക്കായി പോകില്ലെന്നുമുള്ള കടുത്ത പ്രതികരണവും അദ്ദേഹം നടത്തി. എന്നാൽ, സുകുമാരൻ നായരുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും ബജറ്റ് തയ്യാറാക്കുന്ന തിരക്കിനിടെ സ്വകാര്യ സെക്രട്ടറി മുഖേന സന്ദേശമെത്തിയപ്പോൾ തിരിച്ചുവിളിച്ച് സംസാരിച്ചെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ഈ വിശദീകരണത്തോടും സുകുമാരൻ നായർ വിയോജിച്ചു. ആറു ദിവസം കഴിഞ്ഞാണ് മുഖ്യമന്ത്രിയുടെ തിരിച്ചുവിളിയുണ്ടായതെന്നും അപ്പോഴേക്കും കൂടിക്കാഴ്ചയുടെ പ്രസക്തി നഷ്ടപ്പെട്ടിരുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇത്രയും കടുത്ത ഭിന്നതകൾക്ക് ശേഷമാണ് ഇന്ന് നാം കാണുന്ന ഈ അനുരഞ്ജനം. എന്തുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെയൊരു മഞ്ഞുരുക്കം ഉണ്ടായത്? കേരളത്തിന്റെ മാറിയ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങൾ തീർച്ചയായും ഇതിന് പിന്നിലുണ്ട്. സമുദായ സംഘടനകൾക്ക് രാഷ്ട്രീയ പാർട്ടികളെ പൂർണ്ണമായി അവഗണിക്കാനോ, മറിച്ച് ഭരണകൂടത്തിന് പ്രബലമായ ഒരു സമുദായ സംഘടനയുമായി നിരന്തരം ഏറ്റുമുട്ടി മുന്നോട്ട് പോകാനോ കഴിയില്ല എന്ന പ്രായോഗിക രാഷ്ട്രീയ ബോധ്യം ഇരുപക്ഷത്തിനുമുണ്ട്. മന്നത്ത് പത്മനാഭന്റെ 150-ാം ജയന്തി എന്ന ചരിത്രപരമായ മുഹൂർത്തം അതിനുള്ള ഏറ്റവും മികച്ച വേദിയായി മാറുകയായിരുന്നു.
പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് സമുദായ സംഘടനകളുടെ രാഷ്ട്രീയ ഇടപെടലുകളെ തുറന്നെതിർത്ത സതീശൻ ഇന്ന് മുഖ്യമന്ത്രിയാണ്. അതുകൊണ്ടുതന്നെ ഈ അനുരഞ്ജനത്തെ സതീശന്റെ രാഷ്ട്രീയ നിലപാടിലെ പിൻമാറ്റമായോ സുകുമാരൻ നായരുടെ നിലപാടിലെ കീഴടങ്ങലായോ കാണാനാകില്ല. ഇരുവരും പഴയ വാക്പോരിൽനിന്ന് പിന്നോട്ടുപോയി പുതിയ രാഷ്ട്രീയ യാഥാർഥ്യങ്ങളോട് പൊരുത്തപ്പെടുകയാണ്.