

എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗത്തിൽ കേരളം വളരെ പിന്നിലാണെന്ന കണക്കുകൾ പുറത്തുവന്നിരിക്കുന്നു. കേരളത്തിന് അനുവദിച്ച 520.4 കോടി രൂപയിൽ 107 കോടി രൂപ മാത്രമാണ് ഇതുവരെ ചെലവഴിച്ചത്. അതായത് ഫണ്ട് വിനിയോഗം 20.58 ശതമാനം മാത്രം. ദേശീയ ശരാശരിയാകട്ടെ 55.3 ശതമാനമാണ്. ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് ആണ് ഇതുവരെ കൂടുതൽ ഫണ്ട് ചെലവഴിച്ചിട്ടുള്ളത്. 2025ൽ നാമനിർദേശം ചെയ്യപ്പെട്ട രാജ്യസഭാംഗം സി. സദാനന്ദൻ മാസ്റ്റർ ഫണ്ടിൽ നിന്ന് ഇതുവരെ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. പ്രതിനിധികളുടെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിൽ എം.പി ഫണ്ട് വിനിയോഗം ഒരു പ്രധാന മാനദണ്ഡമാണെന്നിരിക്കേ ഈ വിഷയമാണ് ഇന്നത്തെ സ്പോട്ട്ലൈറ്റ് പരിശോധിക്കുന്നത്, എം.പി ഫണ്ട് എവിടെ ?
കേരളത്തിന്റെ വികസന ഭൂമികയില്‍ എം പിമാരുടെ ഫണ്ട് വിനിയോഗം വീണ്ടും ചര്‍ച്ചയാകുകയാണ്. എം.പി ഫണ്ട് വിനിയോഗമാണല്ലോ ജപ്രതിനിധിയുടെ വികസന പ്രവർത്തനം വിലയിരുത്തുന്ന മാനദണ്ഡമായി പരിഗണിക്കുന്നത്. ഇപ്പോഴിതാ, എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗത്തിൽ കേരളം വളരെ പിന്നിലാണെന്ന കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്. സർക്കാർ ഫണ്ടുകളുടെ വിനിയോഗവും പദ്ധതികളുടെ പുരോഗതിയും വിലയിരുത്തുന്ന എംപവേഡ് ഇന്ത്യൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കേരളത്തിന്റെ ഫണ്ട് വിനിയോഗം തികച്ചും നിരാശാജനകം തന്നെയാണ്.
കേരളത്തിൽ നിന്നുള്ള 31 പാർലമെന്റ് അംഗങ്ങൾക്കായി ആകെ അനുവദിക്കപ്പെട്ട 520.4 കോടി രൂപയിൽ വെറും 20.58 ശതമാനം മാത്രമാണ് ഇതുവരെ ചിലവഴിച്ചിട്ടുള്ളത്. സംസ്ഥാനത്തൊട്ടാകെ 1,166 പദ്ധതികൾ മാത്രമാണ് പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുള്ളത് എന്നത് വികസന പ്രവർത്തനങ്ങളിലെ വലിയൊരു മെല്ലെപ്പോക്കിനെയാണ് സൂചിപ്പിക്കുന്നത്.
രാജ്യത്താകെ 11,620.9 കോടി രൂപ അനുവദിച്ചതിൽ 3,819.2 കോടി രൂപ ചെലവഴിച്ചപ്പോൾ ദേശീയതലത്തിലെ വിനിയോഗം 32.9 ശതമാനമാണ്. അതേസമയം സംസ്ഥാനങ്ങളെ തിരിച്ചുള്ള കണക്കിൽ ശരാശരി വിനിയോഗം 55.3 ശതമാനമാണ്. ഫണ്ട് വിനിയോഗത്തിൽ 93.9 ശതമാനം ചെലവിട്ട്, രണ്ട് എം.പിമാർ മാത്രമുള്ള നാഗാലാൻഡാണ് മുന്നിലുള്ളത്.
ഫണ്ട് വിനിയോഗത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ജനപ്രതിനിധികളെ പരിശോധിച്ചാൽ, ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് ആണ് പട്ടികയിൽ ഒന്നാമതുള്ളത്. അനുവദിച്ച 14.70 കോടി രൂപയിൽ 36.76 ശതമാനം അതായത് 5.40 കോടി രൂപ അദ്ദേഹം വിനിയോഗിച്ചു. തൊട്ടുപിന്നിലായി കൊല്ലം എം.പി എൻ.കെ പ്രേമചന്ദ്രൻ 35.60 ശതമാനവും പാലക്കാട് എം.പി വി.കെ ശ്രീകണ്ഠൻ 32.50 ശതമാനവും തുക ചിലവഴിച്ചിട്ടുണ്ട്. രാജ്യസഭാ അംഗങ്ങളിൽ 29.96 ശതമാനം ഫണ്ട് വിനിയോഗിച്ച അബ്ദുൽ വഹാബ് ആണ് മുന്നിൽ. കോൺഗ്രസ് നേതാക്കളായ കെ.സി വേണുഗോപാൽ 29.86 ശതമാനവും , പ്രിയങ്ക ഗാന്ധി 28.34 ശതമാനവും, ഡോ. ശശി തരൂർ 27.99 ശതമാനവും ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചവർ പോലും 40 ശതമാനത്തിന് താഴെ മാത്രമാണ് ഫണ്ട് വിനിയോഗിച്ചത് എന്നത് നാം ഗൗരവത്തോടെ കാണേണ്ടതുണ്ട്.
മറുവശത്ത്, പത്ത് ശതമാനത്തിലും താഴെ മാത്രം ഫണ്ട് വിനിയോഗിച്ച എം.പിമാരുടെ കണക്കുകൾ നിരാശയാണ് നൽകുന്നത്. കോഴിക്കോട് എം.പി എം.കെ രാഘവൻ വെറും 5.23 ശതമാനം ഫണ്ട് മാത്രമാണ് ചിലവഴിച്ചത്. പൊന്നാനി എം.പി ഡോ. എം.പി അബ്ദുസ്സമദ് സമദാനി 7.32%, രാജ്യസഭാ അംഗം ഡോ. വി ശിവദാസൻ -8.99% എന്നിവരും ഫണ്ട് വിനിയോഗത്തിൽ ഏറെ പിന്നിലാണ്. വടകര എം.പി ഷാഫി പറമ്പിൽ -10.61% , തൃശൂർ എം.പി സുരേഷ് ഗോപി-10.89 % എന്നിവരുടെ കണക്കുകളും പത്ത് ശതമാനത്തിന് അടുത്താണ് നിൽക്കുന്നത്. ജോസ് കെ. മാണി, ഹാരിസ് ബീരാൻ, പി.പി സുനീർ തുടങ്ങിയ രാജ്യസഭാ അംഗങ്ങളുടെ വിനിയോഗവും പതിനഞ്ച് ശതമാനത്തിൽ താഴെയാണ്. 2025ൽ നാമനിർദ്ദേശം ചെയ്യപ്പെട്ട രാജ്യസഭാ അംഗമായ സി. സദാനന്ദൻ മാസ്റ്റർക്ക് അനുവദിച്ച 7.35 കോടി രൂപയിൽ ഇതുവരെ ഒരു രൂപ പോലും ചിലവഴിച്ചിട്ടില്ല എന്നതും എടുത്തു പറയേണ്ടതാണ്.
രാജ്യവ്യാപകമായി 11,620.9 കോടി രൂപയാണ് എം.പി ഫണ്ടായി ആകെ അനുവദിച്ചിട്ടുള്ളത്. എന്നാൽ ഇതിൽ 3,820.9 കോടി രൂപ മാത്രമാണ് ഇതുവരെ ചിലവഴിക്കാൻ കഴിഞ്ഞിട്ടുള്ളത്. മൊത്തം 81,245 വികസന പദ്ധതികൾ ജനപ്രതിനിധികൾ ശുപാർശ ചെയ്തതിൽ 42,100 പദ്ധതികൾ അതായത് ഏകദേശം 51.8 ശതമാനം മാത്രമാണ് പൂർത്തിയാക്കാൻ സാധിച്ചത്. പൂർത്തീകരിച്ച ഈ പദ്ധതികൾക്കായി 2,305 കോടി രൂപ വിനിയോഗിച്ചു. അതേസമയം, 39,145 പദ്ധതികൾ ഇപ്പോഴും പൂർത്തിയാകാതെ കിടക്കുകയാണ്. പണം കൈമാറിയിട്ടും നിർമ്മാണം പൂർത്തിയാകാത്ത പ്രവർത്തികളുടെ ഇനത്തിൽ മാത്രം 1,515.6 കോടി രൂപ കുടുങ്ങിക്കിടക്കുന്നു എന്നത് നിർവ്വഹണ ഏജൻസികളുടെ വലിയ വീഴ്ചയെയാണ് ചൂണ്ടിക്കാട്ടുന്നത്. ചുരുക്കത്തിൽ, ലഭ്യമായ ഫണ്ടിന്റെ മൂന്നിലൊന്ന് മാത്രമേ രാജ്യവ്യാപകമായി പ്രയോജനപ്പെടുത്തിയിട്ടുള്ളൂ. എന്നാൽ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും മറ്റ് വികസന സൂചികകളിലും മുൻപന്തിയിലുള്ള കേരളത്തിന്, ആകെ അനുവദിച്ച 520.4 കോടി രൂപയിൽ അഞ്ചിലൊന്ന് മാത്രമേ ചിലവഴിക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്നത് വികസന രംഗത്തെ വലിയൊരു പോരായ്മ തന്നെയാണ്.
പാർലമെന്റ് അംഗങ്ങൾക്ക് തങ്ങളുടെ മണ്ഡലങ്ങളിൽ പ്രാദേശിക വികസന പ്രവർത്തനങ്ങൾ സുഗമമായി നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് എം.പി ഫണ്ട് അഥവാ MP LADS എന്ന Member of Parliament Local Area Development Scheme. ഒരു പാർലമെന്റ് അംഗത്തിന് ഒരു സാമ്പത്തിക വർഷം 5 കോടി രൂപയാണ് വികസന പ്രവർത്തനങ്ങൾക്കായി കേന്ദ്രം അനുവദിക്കുന്നത്. രണ്ടര കോടി രൂപയുടെ രണ്ട് ഗഡുക്കളായാണ് ഈ തുക ലഭ്യമാക്കുക. എം.പി ഫണ്ടിന്റെ ഏറ്റവും വലിയ സവിശേഷത ഇതിന്റെ 'നോൺ-ലാപ്സബിൾ' സ്വഭാവമാണ്. അതായത്, ഒരു സാമ്പത്തിക വർഷം മുഴുവൻ തുകയും ചിലവഴിക്കാൻ കഴിഞ്ഞില്ലെങ്കിൽ, ബാക്കി വരുന്ന തുക നഷ്ടപ്പെട്ടുപോകില്ല. പകരം അത് അടുത്ത വർഷത്തേക്ക് മാറ്റപ്പെടും. രാജ്യസഭാ അംഗങ്ങൾക്ക് തങ്ങൾ പ്രതിനിധീകരിക്കുന്ന സംസ്ഥാനത്തെ ഏത് ജില്ലയിലും, നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് രാജ്യത്തെവിടെയും ഫണ്ട് അനുവദിക്കാം.
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ്-പദ്ധതി നിർവഹണ മന്ത്രാലയമാണ് എം.പി ഫണ്ടിന്റെ നോഡൽ മന്ത്രാലയം. ഈ പദ്ധതി പ്രകാരം എം.പിമാർക്ക് വികസന പദ്ധതികൾ ശുപാർശ ചെയ്യാൻ മാത്രമേ അധികാരമുള്ളൂ. നേരിട്ട് പണം കൈകാര്യം ചെയ്യാനോ പദ്ധതികൾ നടപ്പിലാക്കാനോ കഴിയില്ല. എം.പി പദ്ധതി ശുപാർശ ചെയ്താൽ, അതത് ജില്ലാ കലക്ടർമാരാണ് അതിന്റെ നിയമവശങ്ങൾ പരിശോധിച്ച് ഭരണാനുമതി നൽകേണ്ടത്. തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമരാമത്ത് വകുപ്പ് പോലെയുള്ള സർക്കാർ ഏജൻസികൾ വഴിയാണ് പ്രവർത്തികൾ നടപ്പിലാക്കുന്നത്. പ്രാദേശിക വികസന ഫണ്ടിലെ പ്രവൃത്തി സംബന്ധിച്ച് എം.പി.മാർ പരാതി ഉന്നയിച്ച സാഹചര്യത്തിൽ മൂന്നു വർഷം മുമ്പ് പ്രത്യേക നടപടി ക്രമങ്ങൾ ഏർപ്പെടുത്തിയിരുന്നു.... ഇതനുസരിച്ച് നിർദേശം വന്നാൽ 45 ദിവസത്തിനകം പദ്ധതിക്ക് അനുമതി നൽകുകയോ നിഷേധിക്കുകയോ വേണം. ഒരു വർഷത്തിനകം പണി പൂർത്തിയാക്കണമെന്ന നിർദേശവുമുണ്ട്.
അടുത്ത കാലത്തായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ഫണ്ട് വിതരണ സംവിധാനങ്ങൾ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. സിംഗിൾ നോഡൽ ഏജൻസി , e-SAKSHAM പോലെയുള്ള പുതിയ ഡിജിറ്റൽ പോർട്ടലുകൾ വഴിയുള്ള ഫണ്ട് വിതരണം പലപ്പോഴും സാങ്കേതിക തകരാറുകൾ കാരണം വൈകുന്നു എന്ന പരാതി ഉയർന്നിട്ടുണ്ട്. കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തേക്കും അവിടെനിന്ന് ജില്ലകളിലേക്കും പണം എത്തുന്ന പ്രക്രിയ ഇപ്പോൾ കൂടുതൽ സങ്കീർണ്ണമായി. കേരളത്തിൽ ത്രിതല പഞ്ചായത്ത് സംവിധാനം വളരെ ശക്തമാണെങ്കിലും പലപ്പോഴും എം.പിയുടെ ഫണ്ടും സംസ്ഥാന സർക്കാരിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ ഫണ്ടും തമ്മിൽ ഓവർലാപ് വരാറുണ്ട്. പ്രാദേശിക തലത്തിലുള്ള രാഷ്ട്രീയ വ്യത്യാസങ്ങൾ കാരണം ഗ്രാമപഞ്ചായത്തുകളും എം.പിമാരും തമ്മിൽ ആവശ്യമായ ഏകോപനം ഉണ്ടാകാറില്ല. ഇത് പദ്ധതികളെ അനന്തമായി നീട്ടിക്കൊണ്ടുപോകാൻ കാരണമാകുന്നു.
ബില്ലുകൾ പാസാകാനും പണം ലഭിക്കാനും വലിയ കാലതാമസം നേരിടുന്നതിനാൽ എം.പി ഫണ്ട് വഴിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ പലപ്പോഴും കരാറുകാർ മടിക്കുകയാണ്. ചുരുക്കത്തിൽ, കോടിക്കണക്കിന് രൂപ വികസനത്തിനായി ലഭ്യമാണെങ്കിലും, അത് ജനങ്ങളിലേക്ക് എത്തുന്നതിൽ ഉദ്യോഗസ്ഥ-ഭരണ സംവിധാനത്തിന്റെ മെല്ലെപ്പോക്കുണ്ട്. ജനപ്രതിനിധികൾ പദ്ധതികൾ ശുപാർശ ചെയ്യുന്നതിനൊപ്പം, അവ സമയബന്ധിതമായി പൂർത്തിയാകുന്നുണ്ടോ എന്ന് വിലയിരുത്താൻ നിരന്തരമായ അവലോകന യോഗങ്ങൾ നടത്തുകയും, സാങ്കേതിക തടസ്സങ്ങൾ വേഗത്തിൽ പരിഹരിക്കുകയും ചെയ്താൽ മാത്രമേ ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാനാകൂ. കേരളത്തിലെ എം.പി ഫണ്ട് വിനിയോഗത്തിൽ ജനപ്രതിനിധികൾ അടിയന്തരമായി കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇപ്പോൾ പുറത്തുവന്ന കണക്കുകൾ വെളിപ്പെടുത്തുന്നുണ്ട്.