SPOTLIGHT | ഇത് മെറ്റയുടെ സെൻസർഷിപ്പോ?

പ്രതിപക്ഷ നേതാക്കളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സ്വതന്ത്ര മാധ്യമങ്ങളുടെയും പോസ്റ്റുകൾ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് അതിവേഗം അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്...
SPOTLIGHT
Published on
Updated on

കേന്ദ്ര സർക്കാരിന്റെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും രാഷ്ട്രീയ ഉള്ളടക്കങ്ങൾക്കും പ്രതിഷേധ വീഡിയോകൾക്കും മേൽ സെൻസർഷിപ്പ് ശക്തമാക്കുകയാണ് മെറ്റ. സർക്കാരിനെതിരെയുള്ള ഉള്ളടക്കങ്ങളും യുവജന പ്രതിഷേധങ്ങളുടെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നത് തടയാൻ കമ്പനി നേതൃത്വവും കേന്ദ്ര സർക്കാരും തമ്മിൽ നടന്ന കൂടിക്കാഴ്ചകൾക്ക് ശേഷമാണ് ഈ നീക്കം ശക്തമായത്. ഇതോടെ പ്രതിപക്ഷ നേതാക്കളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സ്വതന്ത്ര മാധ്യമങ്ങളുടെയും പോസ്റ്റുകൾ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് കേരളത്തിൽ യുഡിഎഫ് സർക്കാരി​ന് എതിരായതും മുഖ്യമന്ത്രി ഉൾപ്പെട്ടിട്ടുള്ളതുമായ വാർത്തകളും വാർത്താ കാർഡുകളും അപ്രത്യക്ഷമായത്.

ഒറ്റ ദിവസത്തിനുള്ളില്‍ മെറ്റ കേരളത്തിലെ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തത് വിവിധ ചാനലുകളുടെ 20ലേറെ വാർത്താ കാർഡുകളാണ്. മുഖ്യമന്ത്രിയുടെ സോഷ്യല്‍മീഡിയ കോര്‍ഡിനേറ്റര്‍ ലഹരിക്കേസില്‍ പിടിയിലായതും കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ മകളുടെ മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനവും ഉള്‍ക്കൊള്ളുന്ന വാര്‍ത്തകള്‍ക്ക് പുറമെ, പ്രതിപക്ഷ നേതാക്കളുടെ സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും നീക്കം ചെയ്ത വാര്‍ത്തകളില്‍ ഉള്‍പ്പെടുന്നു. അതേസമയം തന്നെ അഭിനന്ദിക്കുന്ന മൂന്നു കാർഡുകളും നീക്കം ചെയ്തവയിൽ ഉൾ​പ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചിട്ടുണ്ട്. മെറ്റയുടെ നടപടിയിൽ പങ്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കുന്നു​ണ്ടെങ്കിലും ആശങ്കകൾ ഒഴിഞ്ഞിട്ടില്ല.

ഇത് മെറ്റയുടെ സെൻസർഷിപ്പോ?

‘Your photo is unavailable in India’ എന്ന സന്ദേശമാണ് നിയന്ത്രിക്കപ്പെട്ട നിരവധി പോസ്റ്റുകൾ തുറക്കുമ്പോൾ ഫേസ്ബുക്ക് നൽകുന്നത്. മണിക്കൂറുകളുടെ ഇടവേളയിൽ പ്രസിദ്ധീകരിച്ച വിവിധ വാർത്താ കാർഡുകൾക്കും വീഡിയോകൾക്കും സമാന നിയന്ത്രണം നേരിട്ടതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതോടെ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഈ ഉള്ളടക്കങ്ങൾ ലഭിക്കാത്ത സാഹചര്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേരളത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെയും കുറിച്ചുള്ള വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് അപ്രത്യക്ഷമാകുന്നത്. മറ്റ് സംസ്ഥാനങ്ങളിലും ഇത്തരം വിലക്കുണ്ടെന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചിരുന്നു.

ദേശാഭിമാനി, കൈരളി, ന്യൂസ്‌ മലയാളം 24x7, റിപ്പോർട്ടർ ഉൾപ്പെടെയുള്ള മാധ്യമങ്ങളുടെ വാർത്തകളും കാർഡുകളും ചൊവ്വാഴ്‌ചയും സമൂഹമാധ്യമങ്ങളിൽ വിലക്കുവന്നു. അതേസമയം, ഡൽഹി ജന്തർമന്തറിൽ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത ആർഎസ്എസ് നേതാവ് ടി ജി മോഹൻദാസിന്റെ പ്രസംഗങ്ങൾക്കെതിരെ സമാന നടപടി ഉണ്ടായിട്ടില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. വി.ഡി. സതീശൻ സർക്കാരിന്റെ മാധ്യമ സെന്‍സര്‍ഷിപ്‌ ഏകാധിപത്യപരമാണെന്ന് പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ പറഞ്ഞു. മെറ്റയെ ഉപയോഗിച്ച്‌ മാധ്യമങ്ങളെ സെൻസർ ചെയ്യുന്നത്‌ അംഗീകരിക്കാനാകില്ലെന്നും കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെയാണ്‌ ഇതെല്ലാം നടപ്പാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സമൂഹ മാധ്യമങ്ങളിൽ നിന്നുള്ള പോസ്റ്റുകൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് മെറ്റയ്ക്കും കേന്ദ്രത്തിനും പരാതി നൽകുമെന്ന് ജോൺ ബ്രിട്ടാസ് എം.പി അറിയിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കിയ വിവാദം

ജൂലൈ 23ന് പ്രധാനമന്ത്രി രാജ്യത്തെ യുവാക്കളെ അഭിസംബോധന ചെയ്ത വിഡിയോ ഫെയ്സ്ബുക്ക് താൽക്കാലികമായി നീക്കിയതാണ് വിവാദങ്ങൾക്കു തിരികൊളുത്തിയത്. ഇതേത്തുടർന്ന് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയും കേന്ദ്ര ഐടി മന്ത്രാലയവും മെറ്റയുടെ പ്രതിനിധികളെ വിളിച്ചുവരുത്തി വിശദീകരണം തേടുകയും ചെയ്തു. പിന്നാലെ മെറ്റ സിഇഒ മാർക്ക് സക്കർബർഗ് മാപ്പു പറയുകയും ചെയ്തിരുന്നു. സാങ്കേതിക തകരാർ മൂലമാണു വിഡിയോ നീക്കം ചെയ്യപ്പെട്ടതെന്നും പിന്നീട് ഇത് പുനഃസ്ഥാപിച്ചെന്നും കമ്പനി വ്യക്തമാക്കി. തുടർന്ന് കേന്ദ്ര സർക്കാരിന്റെ നിർദേശത്തെ തുടർന്ന് സിജെപി നേതാക്കളുടെ സമൂഹമാധ്യമ പോസ്റ്റുകൾ വ്യാപകമായി മെറ്റ നീക്കം ചെയ്തു.

തെരുവുകളിൽ പ്രതിഷേധിച്ച സാധാരണക്കാരായ വിദ്യാർഥികളുടെയും പ്രക്ഷോഭകരുടെയും റീലുകളും ഇൻസ്റ്റാഗ്രാം ഇന്ത്യയിൽ ലഭ്യമാകാത്ത വിധം നിയന്ത്രിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് കേരളത്തിൽ സർക്കാരിനെതിരായും അനുകൂലമായുമുള്ള പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടത്. പോസ്റ്റുകൾ പ്രസിദ്ധീകരിക്കുന്നതിന് മുൻപോ അല്ലെങ്കിൽ ഉടനടിയോ തന്നെ നിർമിതബുദ്ധിയുടെ സഹായത്തോടെ അനാവശ്യ പദങ്ങളും അക്രമം നിറഞ്ഞ ചിത്രങ്ങളും അൽഗോരിതം സ്കാൻ ചെയ്ത് ​​മെറ്റ നീക്കം ചെയ്യാറുണ്ട്. ഇതിന് പുറമെ ഉപയോക്താക്കൾ കൂട്ടത്തോടെ റിപ്പോർട്ട് ചെയ്യുന്ന പോസ്റ്റുകളും അടിയന്തര പരിശോധനയ്ക്ക് വിധേയമാക്കുന്നു. സങ്കീർണ്ണമായ വിഷയങ്ങളിൽ, മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകൾ കൈകാര്യം ചെയ്യാൻ പ്രാവീണ്യമുള്ള വിദഗ്ധർ നേരിട്ട് പരിശോധിച്ചാണ് അന്തിമ നടപടിയെടുക്കുന്നത്.

ഉള്ളടക്കം നീക്കാൻ കുറുക്കുവഴി

മെറ്റയുടെ ആഗോള കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ്സിന് പുറമെ 2021ലെ ഇന്ത്യൻ ഐ.ടി നിയമങ്ങളും പൂർണമായി പാലിച്ചാണ് മെറ്റ പ്രവർത്തിക്കുന്നത്. സാധാരണയായി ഓൺലൈൻ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ഐ.ടി നിയമത്തിലെ സെക്ഷൻ 69A ആണ് ഉപയോഗിക്കാറുള്ളത്. അതിന് വ്യക്തമായ കാരണങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും നിയമം അനുശാസിക്കുന്നുണ്ട്. എന്നാൽ അതിനെ മറികടക്കാനായി, യാതൊരു മുൻകൂർ നോട്ടീസോ കൃത്യമായ നടപടിക്രമങ്ങളോ ആവശ്യമില്ലാത്ത സെക്ഷൻ 79ന്റെ ഉപവകുപ്പ് 3 ബി സമാന്തര മാർഗ്ഗമായി ഉപ​യോഗിക്കപ്പെടുന്നുണ്ട്. കൂടുതൽ വ്യക്തമായി പറഞ്ഞാൽ സാമൂഹിക പ്ലാറ്റ്‌ഫോമിലുള്ള ഏതെങ്കിലും പോസ്റ്റോ വിവരങ്ങളോ നിയമവിരുദ്ധമായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന് സർക്കാരിനോ സർക്കാർ ഏജൻസികൾക്കോ മെറ്റ​യെ അറിയിക്കാം. എങ്കിൽ അവ നീക്കാനുള്ള അറിയിപ്പ് ലഭിച്ചാൽ, കമ്പനി ആ ഉള്ളടക്കം ഉടനടി നീക്കം ചെയ്യുകയോ ആളുകൾക്ക് കാണാൻ കഴിയാത്ത രീതിയിൽ തടയുകയോ ചെയ്യണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന 'സഹ്യോഗ്' എന്ന കേന്ദ്രീകൃത പ്ലാറ്റ്‌ഫോം വഴിയാണ് വിവിധ സർക്കാർ ഏജൻസികൾക്കും പോലീസ് ഉൾപ്പെടെ ഉള്ളവർക്കും ഇതിനുള്ള നടപടികൾ പൂർത്തീകരിക്കാനാകുക.

കോടതികളുടെയോ ജുഡീഷ്യറിയുടെയോ യാതൊരു ഇടപെടലും ഇല്ലാതെ തന്നെ വൻതോതിൽ പോസ്റ്റുകൾ നീക്കം ചെയ്യാൻ ഈ സംവിധാനം സർക്കാരിന് വിപുലമായ അധികാരം നൽകുന്നുണ്ട്. വിദ്യാർഥി പ്രക്ഷോഭ സമയത്ത് ഒരു കോടിയിലധികം ആളുകൾ കണ്ട വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ ഇൻസ്റ്റാഗ്രാം റീലുകൾ ഉൾപ്പെടെ ഇങ്ങനെ ഡിലീറ്റ് ചെയ്യപ്പെട്ടു. സർക്കാരിന്റെ ഈ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും, ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നുമാണ് പ്രതിപക്ഷവും ഡിജിറ്റൽ അവകാശ പ്രവർത്തകരും ആരോപിക്കുന്നത്. എന്നാൽ, ഈ വൻ സെൻസർഷിപ്പിനെക്കുറിച്ച് മെറ്റാ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സെൻഷർഷിപ്പിൽ ആശങ്ക

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധ സമരവുമായി ബന്ധപ്പെട്ടുള്ള ഉള്ളടക്കങ്ങൾ കേന്ദ്ര സർക്കാരിന് വലിയ തിരിച്ചടിയാകുംവിധം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഗവൺമെന്റിനെ വിമർശിക്കുന്ന തരത്തിലുള്ളവ ഉൾപ്പെടെയുള്ള ചില പോസ്റ്റുകൾക്ക് മെറ്റയുടെ പ്ലാറ്റ്‌ഫോമുകളിൽ അമിതമായ പ്രചാരം ലഭിക്കുന്നു എന്ന തരത്തിലുള്ള പരാതികളും കേന്ദ്രസർക്കാർ മെറ്റയെ അറിയിച്ചിരുന്നു. ഫേസ്ബുക്കിൽ നിന്നോ ഇൻസ്റ്റഗ്രാമിൽ നിന്നോ ഹാനികരമായ ഉള്ളടക്കങ്ങളും ഉപഭോക്താക്കളെ അലോസരപ്പെടുത്തുന്ന ഫോട്ടോകളും വീഡിയോകളും നീക്കാമെന്നും മെറ്റ സമ്മതിച്ചിരുന്നു. ഇതിന്റെ തുടർച്ചയാ​ണോ ഇപ്പോഴത്തെ വിലക്കുകൾ എന്ന് വ്യക്തമല്ല. മാത്രമല്ല, ഡീപ്ഫെയ്ക്കുകളും നിയമവിരുദ്ധ ഉള്ളടക്കങ്ങളും തടയുന്നതിനായി അൽഗോരിതങ്ങൾ നവീകരിക്കാൻ മെറ്റയോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ മന്ത്രാലയത്തിലെ പ്രതിനിധികളും മെറ്റയും ഈ മാസം ആദ്യം നടത്തിയ ചർച്ചയ്ക്കിടെയാണ് കേന്ദ്രം ഈ ആവശ്യം ഉന്നയിച്ചത്. കൃത്രിമമായ ഉള്ളടക്കം ഓൺലൈനിൽ വ്യാപിക്കുന്നതു സംബന്ധിച്ച ആശങ്കകൾ വർധിച്ചുവരുന്ന സാഹചര്യത്തിലായിരുന്നു ഇത്തരമൊരു നിർദേശം. സമൂഹ മാധ്യമങ്ങളിലെ രാഷ്ട്രീയ വാർത്തകൾക്കും ഭരണകൂട വിമർശനങ്ങൾക്കും നേരെ നടക്കുന്ന ഈ അപ്രഖ്യാപിത സെൻസർഷിപ്പ് ജനാധിപത്യത്തിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള പുതിയ വെല്ലുവിളിയാണ്. നടപടിക്ക് പിന്നിൽ സർക്കാരില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുമ്പോഴും, ഐ.ടി നിയമങ്ങളിലെ പഴുതുകൾ ഉപയോഗിച്ച് വൻതോതിൽ വാർത്തകളും പോസ്റ്റുകളും അപ്രത്യക്ഷമാകുന്നത് പൊതുസമൂഹത്തിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

News Malayalam 24x7
newsmalayalam.com