ഇനിയെങ്കിലും തീരുമോ ബാങ്കുകളുടെ തീവെട്ടിക്കൊള്ള?

ബാങ്കുകള്‍ അനുസരിച്ച് മിനിമം ബാലന്‍സ് വ്യത്യാസപ്പെടും. സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ 2500 രുപ മുതല്‍ 10,000 രൂപ വരെ മിനിമം ബാലന്‍സ് നിഷ്‌കര്‍ഷിക്കുന്ന സ്വകാര്യബാങ്കുകളുണ്ട്
ഇനിയെങ്കിലും തീരുമോ ബാങ്കുകളുടെ തീവെട്ടിക്കൊള്ള?
Published on
Updated on

മിനിമം ബാലന്‍സ് പോലും ബാങ്കുകളില്‍ ഇല്ലാതെ നട്ടം തിരിയുന്ന പൊതുജനം. ഒരു കാരുണ്യമില്ലാതെ അവര്‍ക്കുമേല്‍ പിഴ ചുമത്തുന്ന ബാങ്കുകള്‍ പൊതുമേഖല ബാങ്കുകള്‍ ഉള്‍പ്പെടെ കോടികളാണ് ഇത്തരം സാധാരണക്കാരില്‍ നിന്ന് പിഴിഞ്ഞെടുക്കുന്നത്. 2020-21 മുതല്‍ അഞ്ചു വര്‍ഷത്തിനിടെ കേരളത്തില്‍ നിന്നു മാത്രം മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പൊതുമേഖല ബാങ്കുകള്‍ ഈടാക്കിയത് 232 കോടി രൂപയാണെന്ന കണക്കുകള്‍ പുറത്തുവന്നിരിക്കുന്നു. അതായത് ശരാശരി 46 കോടി രൂപ.ഇതില്‍ എത്രയോ ഇരട്ടിയായിരിക്കും സ്വകാര്യ ബാങ്കുകള്‍ ഊറ്റിയെടുത്തിട്ടുണ്ടാകുക.അവയുടെ കണക്കുകള്‍ ഇനിയും പുറത്തുവന്നിട്ടില്ല.ഇപ്പോഴിതാ സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിനുള്ള പിഴ ബാങ്കുകള്‍ ഒഴിവാക്കണമെന്ന് പാര്‍ലമെന്റ് പെറ്റീഷന്‍സ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നു. ഇനിയെങ്കിലും ബാങ്കുകളുടെ തീവെട്ടിക്കൊള്ള തീരുമോ എന്നാണ് ഈ സാഹചര്യത്തില്‍ പരിശോധിക്കേണ്ടത്.

രാജ്യത്ത് 2024-25 വര്‍ഷം മാത്രം 4817 കോടി രൂപയാണ് പൊതുമേഖല-സ്വകാര്യ ബാങ്കുകള്‍ മിനിമം ബാലന്‍സില്ലാത്തതിന് പിഴ ഈടാക്കിയത്. ദരിദ്രരുടെ പിച്ചച്ചട്ടിയില്‍ നിന്ന് കൈയിട്ടുവാരിയതാണ് ഈ തുകയെന്നത് പരാതിയായി നേരത്തെ ഉയര്‍ന്നതാണ്. എന്നാല്‍ പ്രവര്‍ത്തനച്ചെലവ് കണ്ടെത്താനാണ് പിഴയെന്നായിരുന്നു ബാങ്കുകള്‍ ഉയര്‍ത്തിയ വാദം. എന്നാല്‍ 2020ല്‍ മിനിമം ബാലന്‍സ് പരിധി എടുത്തുകളഞ്ഞ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ തീരുമാനത്തെത്തുടര്‍ന്ന് ബിസിനസ് മെച്ചപ്പെടുകയായിരുന്നെന്ന് പെറ്റീഷന്‍ കമ്മിറ്റിക്ക് മുമ്പാതെ ബോധിപ്പിച്ചിട്ടുണ്ട്. 2020ല്‍ കോവിഡ് മഹാമരിക്കിടെ എസ്ബിഐ ആണ് മിനിമം ബാലന്‍സ് ഒഴിവാക്കി ആദ്യം മാതൃക കാട്ടിയത്. പെറ്റീഷന്‍സ് കമ്മിറ്റിയുടെ നിര്‍ദേശത്തില്‍ ധനമന്ത്രാലയം കഴിഞ്ഞ ജൂണില്‍ പൊതുമേഖല ബാങ്കുകളോട് പിഴ ഈടാക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. എസ്ബിഐയ്ക്ക് പിന്നാലെ കാനറ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ബാങ്ക് എന്നിവിടങ്ങളില്‍ സേവിങ്സ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ഈടാക്കുന്നത് നിറുത്തി. എന്നാല്‍ സ്വകാര്യബാങ്കുകള്‍ പിഴ നിര്‍ബാധം ഈടാക്കിവരികയാണ്.വനിതകള്‍, കര്‍ഷകര്‍, വരുമാനം കുറഞ്ഞ കുടുംബങ്ങള്‍ എന്നിവരാണ് പ്രധാന ഇരകള്‍.

മിനിമം ബാലന്‍സില്‍ മാക്‌സിമം കൊള്ള

ബാങ്കുകള്‍ അനുസരിച്ച് മിനിമം ബാലന്‍സ് വ്യത്യാസപ്പെടും. സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ 2500 രുപ മുതല്‍ 10,000 രൂപ വരെ മിനിമം ബാലന്‍സ് നിഷ്‌കര്‍ഷിക്കുന്ന സ്വകാര്യബാങ്കുകളുണ്ട്. കേരളത്തില്‍ 2020-21 വര്‍ഷം 46 കോടിയാണ് ബാങ്കുകള്‍ ഈടാക്കിയ പിഴത്തുക. തുടര്‍വര്‍ഷങ്ങളില്‍ യഥാക്രമം 38 കോടി, 43 കോടി, 52 കോടി, 53കോടി രുപ പിഴ ഇനത്തില്‍ സംസ്ഥാനത്ത് നിന്നും ഈടാക്കിയിട്ടുണ്ട്. പിഴ കണക്കാക്കാന്‍ ബാങ്കുകള്‍ക്ക് അവരുടെതായ വഴികളുണ്ട്. മാസത്തിലെ എല്ലാ ദിവസത്തിലെയും ക്ലോസിങ് ബാലന്‍സിന്റെ ആകെ തുകയെ മാസത്തിലെ ദിവസങ്ങളുടെ എണ്ണം കൊണ്ട് ഹരിക്കും. ഈ തുക ബാങ്ക് നിശ്ചയിച്ച ആവറേജ് മന്ത്‌ലി ബാലന്‍സിനേക്കാള്‍ താഴേ ആണെങ്കില്‍ മിനിമം ബാലന്‍സ് നിറുത്താന്‍ ആവശ്യപ്പെടും. അല്ലെങ്കില്‍ പിഴതുക സേവിങ്സ് അക്കൗണ്ടില്‍ നിന്നും ഈടാക്കും. കുറഞ്ഞ ബാലന്‍സ് ഇല്ലെങ്കില്‍ 250 രൂപ മുതല്‍ 500 രൂപവരെ പ്രതിമാസം ഈടാക്കുന്ന സ്വകാര്യബാങ്കുകളുണ്ട്.

ഈ നിരക്ക് മെട്രോ നഗരം, ഗ്രാമം തലത്തില്‍ വ്യത്യാസപ്പെടും. നിലവില്‍ ജന്‍ധന്‍, സാലറി അക്കൗണ്ട് എന്നിവയില്‍ മിനിമം ബാലന്‍സ് നിലനിറുത്തിയില്ല എങ്കില്‍ പിഴ ഈടാക്കില്ല എന്ന് ചില സ്വകാര്യ ബാങ്കുകള്‍ അവകാശപ്പെടുന്നു. ഇത് കൂടാതെ പല സ്വകാര്യ ബാങ്കുകളിലും ഫിക്‌സഡ് ഡെേപ്പാസിറ്റ് അതല്ലെങ്കില്‍ മറ്റ് തരത്തിലെ നിക്ഷേപങ്ങള്‍ ഉള്ള ഉപയോക്താക്കളുടെ സേവിങ്സ് അക്കൗണ്ടില്‍ നിന്ന് മിനിമം ബാലന്‍സ് ഇല്ലാത്തിന്റെ പേരില്‍ പിഴ ഈടാക്കാറില്ലെന്ന് സ്വകാര്യ ബാങ്കുകാര്‍ പറയുന്നു.

പെറ്റീഷന്‍സ് കമ്മിറ്റി നിര്‍ദേശങ്ങള്‍

ഉപയോക്താക്കളുടെ പരാതികളില്‍ മൂന്ന് ദിവസത്തിനകം തീര്‍പ്പാക്കണമെന്നതാണ് പെറ്റീഷന്‍സ് കമ്മിറ്റിയുടെ പ്രധാന നിര്‍ദേശങ്ങളില്‍ ഒന്ന്. പരമാവധി ഏഴ് ദിവസത്തിനകം പരിഹാരം കാണണം. തെറ്റായി ചുമത്തപ്പെട്ട ഫീസ് ഇതേ സമയപരിധിക്കുള്ളില്‍ നല്‍കണം. കാലതാമസമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കണം. ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകള്‍ ഏകീകരിക്കണം. റിവാര്‍ഡ് പോയിന്റ്, ഫീസ് ഒഴിവാക്കല്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കി ഉയര്‍ന്ന ബാലന്‍സ് ഉറപ്പാക്കാന്‍ പ്രേരിപ്പിക്കണം. പിഴയെത്തുടര്‍ന്ന് നെഗറ്റീവ് ബാലന്‍സ് ആയ അക്കൗണ്ടുകളില്‍ പിന്നീട് പണം വരുമ്പോള്‍ അതില്‍നിന്ന് പിഴ ഈടാക്കുന്നത് തടയാന്‍ ആര്‍.ബി.ഐ ഇടപെടണം. സ്ഥിരമായി ബാലന്‍സ് കുറഞ്ഞുകിടക്കുന്ന സേവിങ്സ് അക്കൗണ്ടുകളെ ഉപയോക്താവിന്റെ സമ്മതത്തോടെ സീറോ ലാന്‍സ് അടിസ്ഥാന സേവിങ്സ് അക്കൗണ്ടുകളായോ പി.എം ജന്‍ധന്‍ അക്കൗണ്ടുകളാക്കി മാറ്റാനോ അവസരം നല്‍കണം. ഇതുവഴി പിഴ ബാധ്യത ഒഴിയും. അക്കൗണ്ട് എടുക്കാന്‍ വരുന്നവരോട് സീറോ ബാലന്‍സില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ബി.എസ്.ബി.ഡി, ജന്‍ധന്‍ അക്കൗണ്ടുകളെക്കുറിച്ച് പറഞ്ഞുകൊടുക്കണം. തുടങ്ങിയ നിര്‍ദേശങ്ങള്‍ പെറ്റീഷന്‍സ് കമ്മിറ്റി മുന്നോട്ടുവെക്കുന്നു.

ഇടപെടേണ്ടത് ആര്‍ബിഐ

പൊതുമേഖല ബാങ്കുകള്‍ വരുതിയിലായ പോലെ സ്വകാര്യബാങ്കുകളെ മിനിമം ബാലന്‍സിലെ പിഴത്തുക ഒഴിവാക്കാന്‍ പ്രേരിപ്പിക്കാന്‍ അല്‍പം പണിപ്പെടേണ്ടിവരും. ഇതില്‍ നിര്‍ണായകമാകേണ്ടത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിലപാടാണ്. സ്വകാര്യബാങ്കുകളുടെ ചെറുതല്ലാത്ത വരുമാനം ഈ പിഴത്തുകയിലൂടെ വരുന്നുണ്ട്. സാധാരണയായി സ്വകാര്യ ബാങ്കുകളുടെ ഇത്തരം ധനപരമായ വിഷയങ്ങളില്‍ ഇടപെടാന്‍ ആര്‍ബിഐ മടികാണിക്കാറുണ്ട്. ആര്‍ബിഐയില്‍ നിന്നും കര്‍ശനമായ നിര്‍ദേശം വരുത്തിക്കാന്‍ വേണ്ടിയുള്ള ഇടപെടലുകളാണ് ആവശ്യം. അതിനുള്ള സമ്മര്‍ദ ശക്തിയാവേണ്ട ഉത്തരവാദിത്തം അടിസ്ഥാന വര്‍ഗത്തോട് കരുതലുള്ള ഓരോ പൗരനുമുണ്ട്. ഇതോടെ ഇന്നത്തെ സ്‌പോട്ട്‌ലൈറ്റ് അവസാനിക്കുന്നു. നാളെ മറ്റൊരു വിഷയവുമായി എത്താം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com