

''അല്ലാഹ്....... സ്വതന്ത്രമായി സംസാരിക്കാനും ചിന്തിക്കാനും കഴിയുന്ന കാലം ഞങ്ങള്‍ക്ക് എന്നാണ് വരിക. ഞങ്ങളുടെ കുട്ടികള്‍ പാകിസ്ഥാനി എന്ന വിളിപ്പേര് കേള്‍ക്കേണ്ടി വരുന്നതിന് എന്ന് അവസാനമുണ്ടാകും... ഞങ്ങള്‍ എങ്ങനെയാണ് ജീവിക്കുന്നതെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എത്ര കാലം ഇങ്ങനെ രക്തംചിന്തണം?" കശ്മീരി ജനതയെക്കുറിച്ച് പറയുമ്പോള്‍ 90 കാരനായ മുന്‍ മുഖ്യമന്ത്രി ഡോ. ഫാറൂഖ് അബ്ദുല്ലയുടെ കണ്ഠമിടറി, ഏങ്ങലിന്റെ വക്കോളമെത്തിയ അദ്ദേഹം, വാക്കുകള്‍ മുഴുമിപ്പിക്കാന്‍ പ്രയാസപ്പെട്ടു. ഒടുവില്‍ കണ്ണീര് തുടച്ചെത്തിയ ആ വന്ദ്യവയോധികനെ കേരളത്തിന്റെ മുഖമന്ത്രി പിണറായി വിജയന്‍ ഇരുകൈ നീട്ടി നെഞ്ചോട് ചേര്‍ത്തു. തിരുവനന്തപുരത്തെ 'വിഷന്‍ 2031' അന്താരാഷ്ട്ര കോണ്‍ഫറന്‍സിന്റെ സമാപന വേദിയാണ് വൈകാരിക നിമിഷങ്ങള്‍ക്ക് സാക്ഷിയായത്.
''ജമ്മു-കശ്മീരിന്റെ പുരോഗതി എത്രകാലം അയല്‍രാജ്യത്തിന്റെ കരുണയില്‍ കഴിയണം? കഠിനാധ്വാനം ചെയ്ത ഞങ്ങളുടെ മക്കളും ജനങ്ങളും ഇപ്പോഴും ദുരിതം അനുഭവിക്കുകയാണ്. സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന ഞങ്ങളുടെ കുട്ടികള്‍ അധിക്ഷേപം കേള്‍ക്കേണ്ടിവരുന്നു. ഇത് എപ്പോള്‍ അവസാനിക്കും? തരുന്നത് സ്വീകരിക്കണമെന്ന് അവര്‍ കല്‍പിക്കുന്നു. നിശ്ശബ്ദഭൂരിപക്ഷമായ നമ്മള്‍ ഒന്നും മിണ്ടാതെ അന്ത്യവിധി കാത്തിരിക്കുന്നു. ഇന്ന് രാജ്യത്തെ ഭയപ്പെടുത്തുന്നത് ആരാണെന്ന് നിങ്ങള്‍ തിരിച്ചറിയണം. ഈ രാജ്യത്തിന്റെ ആത്മാവ് ജീവനോടെയുണ്ട്, അത് എന്നും നിലനില്‍ക്കും, ഒരു ദിവസം വിജയിക്കുകതന്നെ ചെയ്യും.'' ആരറിയുന്നു, കശ്മീരിന്റെ കണ്ണീര്‍.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത് കശ്മീരി ജനതയുടെ സ്വാതന്ത്ര്യങ്ങള്‍ക്കുള്ള കൂച്ചുവിലങ്ങായിരുന്നു. ഇതിന് പിന്നാലെയായിരുന്നു 2024 മേയില്‍ നടന്ന പഹല്‍ഗാം ഭീകരാക്രമണം. ഇതോടെ കശ്മീരില്‍ കടുത്ത സുരക്ഷാ നിയന്ത്രണങ്ങളും സൈനിക സാന്നിധ്യവും വര്‍ധിച്ചു. ഇന്റര്‍നെറ്റ് ഷട്ട്ഡൗണുകള്‍ പതിവായി. തീവ്രവാദ വിരുദ്ധ നടപടികളുടെ ഭാഗമായി സംശയം തോന്നുന്ന വീടുകളും ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തപ്പെട്ടു. ക്രമസമാധാനം ലഫ്റ്റനന്റ് ഗവര്‍ണറുടെ കീഴിലായതിനാല്‍ കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായി ജമ്മുകശ്മീര്‍. ഇതിനെതിരെ പ്രതികരിച്ച രാഷ്ട്രീയ നേതാക്കളെ തടങ്കലില്‍ വെക്കുന്നതും മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണങ്ങളും അന്താരാഷ്ട്ര തലത്തില്‍ പോലും ചര്‍ച്ചയായിക്കഴിഞ്ഞു.
ഇതിന് മറുപടിയായി കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത് മരണ നിരക്കിന്റെ പട്ടികയാണ്. പതിറ്റാണ്ടുകള്‍ക്കിടെ ആദ്യമായി തീവ്രവാദ ബന്ധമുള്ള വാര്‍ഷിക മരണസംഖ്യ 100-ന് താഴെയെത്തിയതായി കേന്ദ്ര അഭ്യന്തര മന്ത്രാലയം അവകാശപ്പെട്ടു. 2025ല്‍ തീവ്രവാദ ബന്ധമുള്ള സംഭവങ്ങളില്‍ 92 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍. 2025-ല്‍ രേഖപ്പെടുത്തിയ 92 മരണങ്ങളില്‍ 46 പേര്‍ തീവ്രവാദികളായിരുന്നു. ഇവരില്‍ ഭൂരിഭാഗവും പാകിസ്ഥാൻ പൗരന്മാരാണ്. ഈ വര്‍ഷം വിവിധ ഏറ്റുമുട്ടലുകളില്‍ 17 സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചു. 28 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. 2025-ല്‍ കശ്മീരിയായ ഒരാള്‍ മാത്രമാണ് തീവ്രവാദ സംഘടനകളില്‍ ചേര്‍ന്നതെന്ന് കണക്കുകള്‍ പറയുന്നു. അക്രമ സംഭവങ്ങളില്‍ ഗണ്യമായ കുറവുണ്ടായതായി കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍, സുരക്ഷാ നിരീക്ഷണങ്ങളും മനുഷ്യാവകാശ ആശങ്കകളും ഉയരുന്നുണ്ട്. കശ്മീരികള്‍ക്ക് സുരക്ഷ സാധ്യമാക്കിയത് കനത്ത സുരക്ഷ ഒരുക്കിയതിനാലാണ് എന്നാണ് ഔദ്യോഗിക വിശദീകരണമെത്തുമ്പോള്‍ ഇതിനിടയില്‍ പെട്ടുപോകുന്ന കശ്മീരി ജനതയുടെ സാധാരണ ജീവിതം ആരറിയാന്‍.
ജമ്മുകശ്മീരിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണ് വിനോദ സഞ്ചാരം. പഹല്‍ഗാം ആക്രമണത്തിന് ശേഷം ഗുരുതരമായി തകര്‍ന്ന ടൂറിസത്തെ കശ്മീര്‍ താഴ്വരയിലെ കനത്ത മഞ്ഞുവീഴ്ചയാണ് വീണ്ടും ഉണര്‍ത്തിയത്. മഞ്ഞ് പുതച്ച് നില്‍ക്കുന്ന ഗുല്‍മാര്‍ഗും സോനാമാര്‍ഗും പഹല്‍ഗാമും ഇടക്കാലത്തെ ക്ഷീണത്തിന് ശേഷം ഉണര്‍ന്ന് കഴിഞ്ഞു. കമ്പിളി തുണികളില്‍ പൊതിഞ്ഞ് ആയിരക്കണക്കിന് ആളുകളാണ് താഴ്‌വര നിറയുന്നത്. ടൂറിസം മേഖല സജീവമായാല്‍ താഴ്‌വരയുടെ സാമ്പത്തിക അവസ്ഥയിലും അത് പ്രകടമാകും. അതേസമയം ആപ്പിള്‍ കൃഷി ഉള്‍പ്പെടെ കാര്‍ഷിക മേഖല പ്രതിസന്ധിയില്‍ ആണെന്ന വാര്‍ത്തകളും എത്തുന്നുണ്ട്. കശ്മീരിലെ പകുതിയിലധികം പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലാണെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു. യുവജനങ്ങളുടെ തൊഴില്ലില്ലായ്മ നിരക്ക് ഏകദേശം 6.7 ശതമാനം ആണ്. ദേശീയ ശരാശരിയായ 3.5 ശതമാനത്തേക്കാള്‍ ഏകദേശം ഇരട്ടി. 4.73 ലക്ഷം യുവാക്കള്‍ തൊഴിലന്വേഷകരായി ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ടൂറിസം മേഖല വളരുന്നുണ്ടെങ്കിലും, വലിയ വ്യവസായങ്ങളുടെ അഭാവം കാരണം സ്വകാര്യ മേഖലയില്‍ അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് മതിയായ തൊഴിലവസരങ്ങള്‍ ലഭിക്കുന്നില്ല. കശ്മീരിന്റെ ബജറ്റിലെ ഏകദേശം 60 ശതമാനം ശമ്പളം പെന്‍ഷന്‍, കടം തിരിച്ചടവ് എന്നിവയ്ക്കായി മാറ്റിവെക്കേണ്ടി വരുന്നു. ഇത് വികസന പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നുമുണ്ട്.
''എന്റെ സംസ്ഥാനത്തെ ഒരു കേന്ദ്രഭരണപ്രദേശമാക്കിയത് എന്തിനാണ്? അധികാരങ്ങളില്ലാത്ത ഒരു നിയമസഭയാണ് ഇപ്പോഴുള്ളത്. ബില്ലുകള്‍ പാസാക്കിയാലും അത് ലെഫ്റ്റനന്റ് ഗവര്‍ണറുടെയടുത്ത് തടഞ്ഞുവെക്കപ്പെടുന്നു. എന്തായിരുന്നു ഞങ്ങളുടെ നാടിനെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള കാരണം? ആര്‍ട്ടിക്കിള്‍ 370 ഭീകരവാദം ഉണ്ടാക്കുന്നുവെന്നാണ് പറഞ്ഞത്. അവര്‍ കൊട്ടിഘോഷിച്ചതൊക്കെ രാജ്യം വിശ്വസിച്ചു. പക്ഷേ, 2019 ഓഗസ്റ്റിനു ശേഷം ഭീകരവാദം അവസാനിച്ചോ? 40 വീരജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ മറന്നോ?. അപ്പോള്‍ പ്രശ്‌നം ആര്‍ട്ടിക്കിള്‍ 370 അല്ല, പ്രശ്‌നം നമ്മുടെ അയല്‍രാജ്യമാണ്. കശ്മീര്‍ ഒരു തര്‍ക്കഭൂമിയാണെന്ന് അവര്‍ ഇപ്പോഴും കരുതുന്നു.''- ഫാറൂഖ് അബ്ദുള്ള തന്റെ പ്രസംഗത്തില്‍ ജമ്മുകശ്മീരിന്റെ ഭരണത്തിലെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തുന്നത് ഇങ്ങനെയാണ്.
ഏകദേശം പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് നാഷണല്‍ കോണ്‍ഫറന്‍സ് - കോണ്‍ഗ്രസ് സഖ്യം വലിയ വിജയം നേടിയതും ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തത്. 2019-ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനും ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമായി മാറ്റിയതിനും ശേഷമുള്ള ആദ്യത്തെ ജനകീയ സര്‍ക്കാരാണിപ്പോള്‍ അധികാരത്തില്‍. കശ്മീരിന്റെ സംസ്ഥാന പദവി തിരികെ ലഭിക്കണമെന്ന് നിരന്തരം ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും സംസ്ഥാന പദവി തിരികെ നല്‍കാനുള്ള നടപടി പുരോഗമിക്കുകയാണ് എന്ന് മാത്രമാണ് കേന്ദ്രത്തിന്റെ മറുപടി.
ജമ്മു-കശ്മീര്‍ രാഷ്ട്രീയത്തിലെ അതികായനാണ് ഫാറൂഖ് അബ്ദുള്ള. ജമ്മു ആന്‍ഡ് കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ പ്രസിഡന്റായ അദ്ദേഹം 1982 മുതല്‍ പല തവണയായി ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രി പദം വഹിച്ചിട്ടുണ്ട്. പൊതുസുരക്ഷാ നിയമപ്രകാരം തടങ്കലിലായ ആദ്യത്തെ മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയാണ് അദ്ദേഹം. ഫാറൂഖ് അബ്ദുള്ളയുടെ നിലപാട് വ്യക്തമാണ് - 'നിങ്ങള്‍ക്ക് ഭൂമിയെ കീഴടക്കാം, പക്ഷേ ജനങ്ങളുടെ ഹൃദയങ്ങളെ കീഴടക്കാന്‍ സ്‌നേഹവും സംഭാഷണവും വേണം. പാകിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാതെയും പ്രാദേശിക നേതാക്കളെ വിശ്വാസത്തിലെടുക്കാതെയും കശ്മീരില്‍ ശാശ്വത സമാധാനം അസാധ്യമാണ്. തോക്കുകള്‍ക്ക് ഒരു പരിധി വരെ മാത്രമേ സമാധാനം നിലനിര്‍ത്താന്‍ കഴിയൂ. ആലങ്കാരികമായി പറഞ്ഞാല്‍, ഇന്ത്യ ഒരു പൂന്തോട്ടമാണെങ്കില്‍ കശ്മീര്‍ അതിലെ മനോഹരമായ പൂവാണ്. ആ പൂവ് വാടാതെ നോക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും കടമയാണ്. രാഷ്ട്രീയമായ വിയോജിപ്പുകള്‍ നിലനില്‍ക്കുമ്പോഴും, കശ്മീരി ജനതയ്ക്ക് ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യനീതിയും സ്വാതന്ത്ര്യവും ഉറപ്പാക്കേണ്ടതുണ്ട്. അതിലേക്കുള്ള വാതായനങ്ങള്‍ തുറക്കട്ടെ.