ഇന്ത്യക്ക് ഭീഷണിയായി പാക്-അഫ്ഗാന്‍ അയല്‍യുദ്ധം

പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം പൂർണമായും തകര്‍ന്ന് ഇരുരാജ്യങ്ങളും തുറന്ന യുദ്ധത്തിലേക്ക് എത്തിക്കഴിഞ്ഞിരിക്കുന്നു
ഇന്ത്യക്ക് ഭീഷണിയായി പാക്-അഫ്ഗാന്‍ അയല്‍യുദ്ധം
Source: News Malayalam 24x7
Published on
Updated on

ഒരു മാസത്തിലേറെയായി ഇറാനില്‍ തുടരുന്ന യു.എസ്- ഇസ്രായേല്‍ ആക്രമണ വാര്‍ത്തകള്‍ക്കിടയില്‍ മുങ്ങിപ്പോയ , നമ്മുടെ തൊട്ടുചേര്‍ന്ന് നടക്കുന്ന മറ്റൊരു യുദ്ധവാര്‍ത്തയുണ്ട്. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലെ അതിര്‍ത്തി യുദ്ധം. ചരിത്രത്തിൻ്റെ മുറിവുകളും വര്‍ത്തമാനകാലത്തെ രാഷ്ട്രീയ തര്‍ക്കങ്ങളും ഒത്തുചേരുന്ന ഡ്യുറന്‍ഡ് ലൈനില്‍ വീണ്ടും യുദ്ധത്തിൻ്റെ കനലുകള്‍ എരിയുകയാണ്. സഹോദര തുല്യമായ അയല്‍ രാജ്യങ്ങള്‍ തമ്മില്‍ ഇപ്പോള്‍ സംസാരിക്കുന്നത് മിസൈലുകളും വ്യോമാക്രമണങ്ങളും കൊണ്ടാണ്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം പൂർണമായും തകര്‍ന്ന് ഇരുരാജ്യങ്ങളും തുറന്ന യുദ്ധത്തിലേക്ക് എത്തിക്കഴിഞ്ഞിരിക്കുന്നു. ദക്ഷിണേഷ്യയുടെ സമാധാനത്തിന് വലിയ ഭീഷണിയാണ് ഈ സംഘര്‍ഷം.

ഇന്ത്യക്ക് ഭീഷണിയായി പാക്-അഫ്ഗാന്‍ അയല്‍യുദ്ധം

അതിദീര്‍ഘവും സങ്കീര്‍ണവുമായ ചരിത്രമാണ് അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷങ്ങളുടേത്. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയായി അംഗീകരിക്കപ്പെട്ടിരിക്കുന്ന ഡ്യൂറന്‍ഡ് രേഖയുടെ സൃഷ്ടി മുതല്‍ ആരംഭിച്ചതാണ് ഈ സംഘര്‍ഷങ്ങള്‍. 1893-ല്‍ ബ്രിട്ടീഷ് സാമ്രാജ്യം അംഗീകരിച്ച 2,670 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡ്യൂറന്‍ഡ് രേഖ, പിന്നീടുവന്ന അഫ്ഗാന്‍ സര്‍ക്കാരുകള്‍ ഒരുകാലത്തും പൂര്‍ണമായി അംഗീകരിച്ചില്ല. ഇതാണ് പരിഹരിക്കാനാകാത്ത നയതന്ത്ര സംഘര്‍ഷത്തിലേക്ക് നയിച്ചത്. 1947-ല്‍ പാകിസ്ഥാന്‍ രൂപീകൃതമായപ്പോള്‍ അവരുടെ ഐക്യരാഷ്ട്രസഭ പ്രവേശനത്തിനെതിരെ വോട്ട് ചെയ്ത ഒരേയൊരു രാജ്യം അഫ്ഗാനിസ്ഥാനായിരുന്നു. അതിര്‍ത്തിയിലെയും പഷ്തൂണ്‍ പ്രദേശങ്ങളിലെയും തര്‍ക്കങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്. പിന്നീട് പ്രാദേശിക ഗോത്രങ്ങളും അതിര്‍ത്തി സുരക്ഷാ സേനയും ഉള്‍പ്പെടുന്ന ഏറ്റുമുട്ടലുകള്‍ തുടര്‍ന്നു. അതിര്‍ത്തി കടന്നുള്ള സംഘര്‍ഷങ്ങളും വെടിവയ്പ്പുമുണ്ടായി. അഫ്ഗാനിലെ താലിബാന്‍ ഭരണം, ഇരുരാജ്യങ്ങളും വൈര്യം മറന്ന് അടുക്കാനും വഴിയൊരുക്കി.

അഫ്ഗാനികള്‍ അടിമത്തത്തിൻ്റെ ചങ്ങലകള്‍ പൊട്ടിച്ചു

അമേരിക്കയുടെ സേനാ പിന്മാറ്റത്തിന് ശേഷം അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം ഏറ്റെടുത്തപ്പോള്‍ അഫ്ഗാനികള്‍ അടിമത്തത്തിൻ്റെ ചങ്ങലകള്‍ പൊട്ടിച്ചു എന്നായിരുന്നു പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന ഇമ്രാന്‍ ഖാന്‍ വിശേഷിപ്പിച്ചത്. അഫ്ഗാനിസ്ഥാനില്‍ 1996-ല്‍ താലിബാന്‍ ആദ്യമായി അധികാരത്തില്‍ എത്തുമ്പോള്‍ അവരെ ഔദ്യോഗികമായി അംഗീകരിച്ച മൂന്ന് രാജ്യങ്ങളില്‍ ഒന്ന് പാകിസ്ഥാനായിരുന്നു. സോവിയറ്റ്-അഫ്ഗാന്‍ യുദ്ധത്തിലും തുടര്‍ന്നുള്ള ആഭ്യന്തര സംഘര്‍ഷത്തിലും അവര്‍ താലിബാനെ പിന്തുണച്ചു. അടുത്ത സുഹൃത്തുക്കള്‍ ആയിരുന്ന താലിബാനും അഫ്ഗാനി അഭയാര്‍ത്ഥികളും വൈകാതെ തന്നെ പാകിസ്ഥാൻ്റെ ശത്രുക്കളായി മാറി. 2023-ല്‍ ആണ് പാകിസ്ഥാന്‍ രാജ്യത്ത് അഭയാര്‍ത്ഥികളായി കഴിയുന്ന എല്ലാ അഫ്ഗാനിസ്ഥാന്‍ പൗരന്മാരോടും രാജ്യം വിടണമെന്ന് കടുത്ത നിലപാട് സ്വീകരിച്ചത്. 2024-ല്‍ പാകിസ്താന്‍ അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണം നടത്തുകയും ചെയ്തതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. കടുത്ത രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യം ആയതിനാല്‍ മാത്രമാണ് പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനുമായി ഒരു തുറന്ന യുദ്ധത്തിലെത്താന്‍ വൈകിയത് എന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഇന്ത്യക്ക് ഭീഷണിയായി പാക്-അഫ്ഗാന്‍ അയല്‍യുദ്ധം
ആന്ധ്രയിലെ അത്ഭുത വിജയത്തിന് പിന്നില്‍ അട്ടിമറിയോ?

'തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍

പാകിസ്താനും അഫ്ഗാനിസ്ഥാനിലെ താലിബാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം പാകിസ്ഥാന്‍ താലിബാന്‍ എന്നറിയപ്പെടുന്ന 'തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍' അഥവാ ടിടിപി എന്ന സംഘടനയാണ്. 2007-ല്‍ ബൈത്തുള്ള മെഹ്സൂദ് രൂപീകരിച്ച ഈ സംഘടന അഫ്ഗാന്‍-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന സായുധ തീവ്രവാദ ഗ്രൂപ്പുകളുടെ ഒരു കൂട്ടമാണ്. 2014-ലെ പെഷവാര്‍ സ്‌കൂള്‍ കൂട്ടക്കൊല , മലാല യൂസഫ്സായിക്കെതിരായ ആക്രമണം , 2016-ലെ ലാഹോര്‍ ചാവേര്‍ ബോംബാക്രമണം , ലാഹോര്‍ പള്ളി ബോംബാക്രമണം എന്നിങ്ങനെ പാകിസ്ഥാനില്‍ ഉണ്ടായ നിരവധി ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ തെഹ്രീക്-ഇ-താലിബാന്‍ ആയിരുന്നു . സൈന്യത്തിനും സര്‍ക്കാരിനും എതിരെ പ്രചാരണം നടത്തി പാകിസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിക്കുക എന്നതാണ് അവരുടെ ആത്യന്തിക ലക്ഷ്യം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് 500 ല്‍ അധികം പാകിസ്ഥാന്‍ സൈനികരെയാണ് തെഹ്രീക്-ഇ-താലിബാന്‍ കൊന്നു കളഞ്ഞത്.

'ഓപ്പറേഷന്‍ ഖസബ് ലില്‍ ഹഖ്'

ഇസ്ലാമാബാദിൻ്റെ ക്ഷമ നശിച്ചെന്നും ഇരുരാജ്യങ്ങള്‍ക്കും വലിയ നഷ്ടം സംഭവിക്കുന്ന ഈ ഘട്ടത്തില്‍ തുറന്ന യുദ്ധം പ്രഖ്യാപിക്കുകയാണെന്നുമാണ് കഴിഞ്ഞ ഫെബ്രുവരി 27ന് ഓപ്പറേഷന്‍ ഖസബ് ലില്‍ ഹഖ് എന്ന ദൗത്യത്തിന് തുടക്കമിട്ട് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞത്. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ നടത്തിയ അതിശക്തമായ സൈനിക നീക്കമായിരുന്നു ഓപ്പറേഷന്‍ ഖസബ് ലില്‍ ഹഖ്. ഇതിൻ്റെ ഭാഗമായി കാബൂള്‍, കാണ്ഡഹാര്‍, പക്തിക, നംഗര്‍ഹാര്‍ തുടങ്ങിയ പ്രധാന അഫ്ഗാന്‍ പ്രവിശ്യകളില്‍ പാകിസ്ഥാന്‍ വ്യോമാക്രമണങ്ങള്‍ നടത്തി. താലിബാൻ്റെ സൈനിക താവളങ്ങളും ആയുധപ്പുരകളും തകര്‍ത്തതായി പാകിസ്ഥാന്‍ അവകാശപ്പെട്ടു.

പാകിസ്ഥാനില്‍ ആക്രമണങ്ങള്‍ നടത്തുന്ന തെഹ്രീകെ താലിബാന്‍ പാകിസ്ഥാന്‍ ഭീകരര്‍ക്ക് അഫ്ഗാനിസ്ഥാന്‍ അഭയം നല്‍കുന്നു എന്നതായിരുന്നു പ്രധാന ആരോപണം. ഇന്ത്യന്‍ രഹസ്യന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ അഫ്ഗാന്‍ താലിബാന്‍, തെഹ്രീക്-ഇ താലിബാനെ പാകിസ്ഥാനില്‍ അസ്ഥിരത വളര്‍ത്താന്‍ ഉപയോഗിക്കുന്നു എന്നാണ് പാകിസ്ഥാന്‍ ആരോപിക്കുന്നത്. ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുടെ അഭ്യര്‍ഥന പ്രകാരം മാര്‍ച്ച് 18 മുതല്‍ 24 വരെ ഓപ്പറേഷനില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. വെടിനിര്‍ത്തല്‍ കാലാവധിക്ക് ശേഷം മാര്‍ച്ച് 26-ഓടെ ഓപ്പറേഷന്‍ പുനരാരംഭിച്ചു. നിലവില്‍ ചൈനയുടെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും സൈനിക നീക്കം പൂർണമായും അവസാനിച്ചിട്ടില്ല.

ഡ്യുറന്‍ഡ് ലൈനില്‍ യുദ്ധക്കനലെരിയുന്നു

'ഓപ്പറേഷന്‍ ഖസബ് ലില്‍ ഹഖ്' അഫ്ഗാനിലെ കാബൂള്‍, കാണ്ഡഹാര്‍, പക്തിക തുടങ്ങിയ പ്രവിശ്യകളില്‍ കനത്ത നാശനഷ്ടങ്ങള്‍ വരുത്തി. അഫ്ഗാനിസ്ഥാനിലെ പാക് ആക്രമണങ്ങളില്‍ സിവിലിയന്മാരടക്കം മുന്നൂറോളം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. അതിര്‍ത്തിയിലെ വെടിവെപ്പില്‍ പാക് സൈനികര്‍ക്കും ജീവഹാനി സംഭവിച്ചു. യുദ്ധഭീതിയെത്തുടര്‍ന്ന് 1,15,000-ലധികം ആളുകള്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് പലായനം ചെയ്തു. യുദ്ധം ഇരുരാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥയെ തകര്‍ത്തു. ടോര്‍ഖം, ചമന്‍ അതിര്‍ത്തികള്‍ അടച്ചതോടെ പ്രതിദിനം 5 ദശലക്ഷം ഡോളറിലധികം വ്യാപാര നഷ്ടമുണ്ടാകുന്നു. അഫ്ഗാനിസ്ഥാനില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് കടുത്ത വിലക്കയറ്റം അനുഭവപ്പെടുമ്പോള്‍, പാകിസ്ഥാന്‍ വലിയ സൈനിക ചിലവുകള്‍ കാരണം സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഭീകരവാദം അവസാനിപ്പിക്കണമെന്നും സമാധാനപരമായ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നുമാണ് ഇന്ത്യയുടെ നിലപാട്. നിലവില്‍ ചൈനയുടെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും പൂര്‍ണമായ വെടിനിര്‍ത്തല്‍ ഇതുവരെ സാധ്യമായിട്ടില്ല.

സൈനിക ശേഷിയില്‍ പാകിസ്ഥാന്‍

സൈനിക ശക്തിയുടെ കാര്യത്തില്‍ പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനേക്കാള്‍ ബഹുദൂരം മുന്നിലാണ്. 2025-ലെ കണക്കുകള്‍ പ്രകാരം 6,00,000 സജീവ സൈനികരും 400-ലധികം യുദ്ധവിമാനങ്ങളും ആണവായുധ ശേഖരവുമുള്ള രാജ്യമാണ് പാകിസ്ഥാന്‍. ഇതിനുപുറമെ 6,000-ത്തോളം കവചിത വാഹനങ്ങളും പാക് സൈന്യത്തിനുണ്ട്. എന്നാല്‍ അഫ്ഗാന്‍ താലിബാൻ്റെ സൈനികരുടെ എണ്ണം 1,72,000 മാത്രമാണ്. അവര്‍ക്ക് കാര്യക്ഷമമായ വ്യോമസേനയോ യുദ്ധവിമാനങ്ങളോ ഇല്ല. ആകെ കൈവശമുള്ളതാകട്ടെ കുറഞ്ഞ എണ്ണം ഹെലികോപ്റ്ററുകളും വിമാനങ്ങളും മാത്രമാണ്. ചൈനയുടെ ഇടപെടലിനെത്തുടര്‍ന്ന് സംഘര്‍ഷത്തിന് അല്പം അയവ് വന്നിരുന്നെങ്കിലും മേഖലയിലെ മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ വീണ്ടും യുദ്ധപ്രതീതി സൃഷ്ടിക്കുകയാണ്. അതിര്‍ത്തി പോസ്റ്റുകള്‍ ലക്ഷ്യമാക്കി ഗറില്ലാ ആക്രമണങ്ങള്‍ നടത്താനാണ് താലിബാന്‍ പദ്ധതിയെങ്കില്‍, സൈനിക നീക്കം ശക്തമാക്കാനാണ് പാകിസ്താന്റെ തീരുമാനം.

കലുഷിതമാകരുത് ദക്ഷിണേഷ്യ

പാക്-അഫ്ഗാന്‍ രാജ്യങ്ങള്‍ സൃഷ്ടിക്കുന്ന കലുഷിതമായ അന്തരീക്ഷം നയതന്ത്രപരമായ വിവേകത്തോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ ദക്ഷിണേഷ്യയുടെ സമാധാനം കെടുത്താന്‍ അത് വഴിവെച്ചേക്കും. അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലുകള്‍ കൊണ്ടും, ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസം വര്‍ദ്ധിപ്പിച്ചും മാത്രമേ അത് സാധ്യമാകൂ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com