

രാജ്യത്തെ പ്രമുഖ വ്യവസായികളെയും കോർപറേറ്റ് തലവൻമാരെയും മുന്നിലിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിമർശനമാണ് ഇപ്പോൾ രാഷ്ട്രീയ, സാമ്പത്തിക രംഗത്തെ പ്രധാന ചർച്ച. പൊതുവെ വ്യവസായ ലോകത്തെ പ്രശംസിക്കാറുള്ള മോദി പതിവിന് വിപരീതമായി രൂക്ഷമായ ഭാഷയിലാണ് അവർക്കെതിരെ ആഞ്ഞടിച്ചത്. സർക്കാർ നൽകിയ നികുതി ഇളവുകളും ആനുകൂല്യങ്ങളും കൈപ്പറ്റിയിട്ടും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനോ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കാനോ വ്യവസായികൾ തയ്യാറായില്ല എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രധാന വിമർശനം. നേരത്തെ പ്രതിപക്ഷം ഉയർത്തിയ ആശങ്കകൾ ശരിവയ്ക്കുന്ന തരത്തിൽ പ്രധാനമന്ത്രി തന്നെ ഇക്കാര്യങ്ങൾ ഉന്നയിച്ചതോടെ വിഷയത്തിന് വലിയ ഗൗരവമാണ് കൈവന്നിരിക്കുന്നത്.
ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി അഥവാ ഫിക്കി, രാജ്യത്തെ മുൻനിര വ്യാപാര വ്യവസായ കൂട്ടായ്മയുടെ വാർഷിക പൊതുയോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ രോഷപ്രകടനം. ഇന്ത്യൻ വ്യവസായ ലോകത്തിന്റെ ആവശ്യങ്ങൾ ഉന്നയിക്കാനും ആശങ്കകൾ പരിഹരിക്കാനും മഹാത്മാ ഗാന്ധിയുടെ നിർദേശപ്രകാരം ജി.ഡി. ബിർള, പുരുഷോത്തംദാസ് താക്കൂർദാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ 1927ലാണ് ഈ സംഘടനയ്ക്ക് രൂപം നൽകിയത്. 1930കളിൽ ഗാന്ധിജി ആഹ്വാനം ചെയ്ത സ്വദേശി ആശയവും സ്വയംപര്യാപ്തതയും സംഘടന നൂറാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്ന വേളയിലും നടപ്പിലാക്കാൻ വ്യവസായികൾക്ക് കഴിഞ്ഞിട്ടില്ലെന്ന് ഓർമിപ്പിച്ചായിരുന്നു മോദിയുടെ വിമർശനം.
രാജ്യത്ത് ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാനായി 2014ൽ അധികാരത്തിലേറിയതിന് പിന്നാലെ മോദി സർക്കാർ കൊണ്ടുവന്നതാണ് മേക്ക് ഇൻ ഇന്ത്യ പദ്ധതി. 2025 ഓടെ രാജ്യത്തിന്റെ ആകെ സാമ്പത്തിക വരുമാനത്തിന്റെ 25 ശതമാനവും നിർമാണ മേഖലയിൽ നിന്നാക്കുക എന്നായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇതിനായി കോടിക്കണക്കിന് രൂപയുടെ ആനുകൂല്യങ്ങൾ വ്യവസായ ലോകത്തിന് സർക്കാർ നൽകി. എന്നാൽ 12 വർഷം പിന്നിടുമ്പോഴും ലക്ഷ്യത്തിന്റെ അടുത്തെത്താൻ പോലും കഴിഞ്ഞില്ല. കണക്കുകൾ പ്രകാരം 2014ൽ 17.3 ശതമാനമായിരുന്ന നിർമാണ മേഖലയുടെ വിഹിതം കൂടുന്നതിനു പകരം 17.1 ശതമാനമായി കുറയുകയാണ് ചെയ്തത്. ആനുകൂല്യങ്ങളേറെ നൽകിയിട്ടും രാജ്യത്ത് ഉത്പാദനം കൂട്ടാൻ തയ്യാറായില്ല എന്നതാണ് പ്രധാനമന്ത്രിയെ ചൊടിപ്പിച്ച ഒന്നാമത്തെ കാര്യം.
പ്രധാനമന്ത്രി ഉന്നയിച്ച മറ്റൊരു വിഷയം കോർപറേറ്റ് നികുതിയിളവും അതിനെ താരതമ്യം ചെയ്തുള്ള ശമ്പള കണക്കുമാണ്. കോർപറേറ്റ് നികുതി 30 ശതമാനത്തിൽ നിന്ന് 22 ശതമാനമായി കുറച്ച കാര്യമാണ് മോദി സൂചിപ്പിച്ചത്. ഈ നികുതി ഇളവ് കൈപ്പറ്റിയിട്ടും ജീവനക്കാരുടെ ശമ്പളം കൂട്ടാനോ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനോ കമ്പനികൾ തയ്യാറാകാത്തതാണ് മോദിയെ പ്രകോപിപ്പിച്ച രണ്ടാമത്തെ കാര്യം. ഈ വിമർശനം ശരിവയ്ക്കുന്നുണ്ട് രാജ്യത്തെ വേതന കണക്കുകൾ. ഡാറ്റ ഫോർ ഇന്ത്യയുടെ പഠനമനുസരിച്ച് 2012 മുതൽ 2024 വരെയുള്ള കാലയളവിൽ പേരിന് ശമ്പളം കൂടിയെങ്കിലും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം അടക്കം കണക്കിലെടുക്കുമ്പോൾ ജീവനക്കാരുടെ യഥാർത്ഥ വരുമാനത്തിൽ നാലു ശതമാനത്തിൻ്റെ കുറവാണ് ഉണ്ടായത്. രാജ്യത്ത് തൊഴിലെടുക്കുന്നവരുടെ എണ്ണം കൂടിയെന്ന് പറയുമ്പോഴും ഇതിൽ തന്നെ ഭൂരിഭാഗം പേരും കുറഞ്ഞ ശമ്പളം കിട്ടുന്ന സാധാരണ ജോലികളാണ് ചെയ്യുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഏറ്റവും ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ വിദേശത്തേക്ക് കയറ്റി അയയ്ക്കുക ആണെന്നും രാജ്യത്തെ സാധാരണക്കാർക്ക് അതു നൽകാൻ കമ്പനികൾ തയ്യാറാകുന്നുമില്ല എന്നതാണ് മൂന്നാമത്തെ വിമർശനം. യഥാർത്ഥത്തിൽ കയറ്റുമതി ചെയ്യുന്ന പഴം, പച്ചക്കറി മുതൽ വാഹനങ്ങളിൽ വരെ ഇതു പ്രകടമാണ്. ലോക രാജ്യങ്ങളുമായി ഇന്ത്യ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറിലൂടെ തുറന്നുകിട്ടിയ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ പദ്ധതികൾ ഒന്നും ആവിഷ്കരിച്ചില്ലെന്നതായിരുന്നു മറ്റൊരു വിമർശനം.
ഇതുവരെ പരിശോധിച്ചത് പ്രധാനമന്ത്രി പറഞ്ഞതും അതിൻ്റെ സാമ്പത്തിക വശങ്ങളുമാണെങ്കിൽ മോദി വ്യവസായികൾക്കെതിരെ തിരിഞ്ഞതിൽ വ്യക്തമായ രാഷ്ട്രീയ കാരണങ്ങളുമുണ്ട്. അതിൽ ഏറ്റവും പ്രധാനം രാജ്യത്തെ അസ്വസ്ഥരായ പുതു തലമുറയുടെ രോഷമാണ്. അവർക്കിടയിലെ തൊഴിലില്ലായ്മ സർക്കാരിന് ഉണ്ടാക്കുന്ന രാഷ്ട്രീയ സമ്മർദ്ദം ചെറുതല്ല. കേന്ദ്ര സർക്കാരിന്റെ തന്നെ ഏറ്റവും ഒടുവിലത്തെ പീരിയോഡിക് ലേബർ ഫോഴ്സ് സർവേ പ്രകാരം രാജ്യത്തെ മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് അഞ്ചു ശതമാനത്തിനു അടുത്താണെങ്കിലും പതിനഞ്ചിനും 29നും ഇടയിൽ പ്രായമുള്ള യുവാക്കൾക്കിടയിൽ ഇതു 15 ശതമാനത്തിനു മുകളിലാണ്. നഗരങ്ങളിലെ മാത്രം കണക്കെടുത്താൽ ഇതു ഇനിയും ഉയരും.
ജോലി ചെയ്യുന്നവരിൽ പലരും യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലിയാണോ ചെയ്യുന്നതെന്നത് മറ്റൊരുകാര്യം. 2024-2025 ലെ സാമ്പത്തിക സർവേയിൽ പറഞ്ഞുവയ്ക്കുന്നത് 53 ശതമാനത്തിലധികം ബിരുദധാരികളും യോഗ്യതയ്ക്ക് അനുസരിച്ചുള്ള തൊഴിലല്ല ചെയ്യുന്നതെന്നാണ്. ബിരുദാനന്തര ബിരുദധാരികളുടെ കാര്യത്തിലും ഏറെകുറെ സമാന സാഹചര്യമാണ്. ഇതിനൊപ്പം കേന്ദ്ര സർക്കാരിന് ഒരു നിർണായക വർഷമാണ് വരാനിരിക്കുന്നത്. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ 2027ൻ്റെ ആദ്യമാസങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കും. വിലക്കയറ്റവും തൊഴിലില്ലായ്മയും ഭരണവിരുദ്ധമായി മാറാൻ സാധ്യത ഉണ്ടെന്ന വിലയിരുത്തൽ ശക്തമാണ്.
കഴിഞ്ഞ ഏപ്രിലിൽ യുപിയിലെ നോയിഡയിൽ ശമ്പളവർധന ആവശ്യപ്പെട്ട് ഫാക്ടറി തൊഴിലാളികൾ നടത്തിയ സമരം അക്രമാസക്തമായതും ഒരു മുന്നറിയിപ്പാണ് തൊഴിൽ നയങ്ങളിൽ സംഘപരിവാർ സംഘടനായ ബിഎംഎസ് പോലും തൃപ്തരല്ലെന്നതും ശ്രദ്ധേയമാണ്. സർക്കാർ ചെയ്യേണ്ടതെല്ലാം ചെയ്തു തൊഴിൽ നൽകാത്തത് വ്യവസായികളുടെ വീഴ്ചയാണെന്ന് പറഞ്ഞു ജനരോഷം തിരിച്ചുവിടാനുള്ള ശ്രമമായും ഇതിനെ വിലയിരുത്തുന്നവരുണ്ട്. ഒപ്പം സർക്കാർ എന്നും സാധാരണക്കാരുടെ പക്ഷത്തെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമമായും ഇതിനെ കാണാം.
പ്രധാനമന്ത്രിയുടെ നീക്കത്തിനെതിരെ കടുത്ത വിമർശനവും പരിഹാസവുമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. സ്ഥാനമൊഴിയാൻ പോകുന്ന പ്രധാനമന്ത്രിയാകുമോ എന്ന ഭയത്തിൽ മോദി വിറളി പിടിച്ചിരിക്കുകയാണെന്നും 12 വർഷത്തെ സ്വന്തം സാമ്പത്തിക നയങ്ങളുടെ പരാജയം മറച്ചുവയ്ക്കാൻ വ്യവസായികളെ ബലിയാടാക്കുകയാണ് എന്നുമാണ് വിമർശനം. 2024 ലെ പ്രകടനപത്രികയിൽ ഉന്നയിച്ച തൊഴിലില്ലായ്മയും വേതനക്കുറവും തന്നെയാണ് ഇപ്പോൾ പ്രധാനമന്ത്രിയും സമ്മതിക്കുന്നതെന്നും കോൺഗ്രസ്സ് അടിവരയിടുന്നുണ്ട്.
ചുരുക്കത്തിൽ തൊഴിലില്ലായ്മയും വേതനക്കുറവും സാധാരണക്കാർക്കും യുവാക്കൾക്കുമിടയിൽ വലിയ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട് എന്ന യാഥാർത്ഥ്യം പ്രധാനമന്ത്രിയുടെ വാക്കുകളിൽ വ്യക്തമാണ്..ഈ ജനരോഷവും അസ്വസ്ഥതയും സർക്കാരിന് കണ്ടില്ലെന്ന് നടിക്കാനാകില്ല..എന്നാൽ വ്യവസായികളെ പരസ്യമായി വിമർശിച്ചതു കൊണ്ടുമാത്രം ഈ പ്രതിസന്ധി മറികടക്കാൻ കഴിയുമോ..യുവാക്കൾക്ക് തൊഴിലും സാധാരണക്കാർക്ക് മെച്ചപ്പെട്ട വരുമാനവും ഉറപ്പാക്കാൻ സർക്കാരും വ്യവസായ ലോകവും ഈ വിഷയത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് പ്രധാനം.