യുഡിഎഫിൽ പിഎം ശ്രീ കലഹം

യുഡിഎഫ് യു ടേൺ പാതയിലാണെന്ന് ആക്ഷേപം.
PM Shri controversy in UDF
യുഡിഎഫിൽ പിഎം ശ്രീ കലഹം
Published on
Updated on

പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പിന്മാറാനാകില്ലെന്ന യുഡിഎഫ് സർക്കാരിൻ്റെ വാദം പൊളിഞ്ഞതോടെ വിഷയത്തിൽ യുഡിഎഫ് യു ടേണിൻ്റെ പാതയിലാണ്. പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന യുഡിഎഫ് കൺവീനറുടെ വ്യാഴാഴ്ചയിലെ പ്രതികരണത്തിന് ​ശേഷം രാജ്യസഭയിൽ അബ്ദുൽ വഹാബി​​ൻ്റെ ചോദ്യത്തിന് മറുപടിയെത്തിരിക്കുന്നു.

പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിൻമാറാ​മെന്നും, പിന്മാറുന്ന സംസ്ഥാനങ്ങൾക്ക് പിഎം ശ്രീ ആനുകൂല്യം മാത്രമേ നഷ്ടമാകുവെന്നുള്ള കേന്ദ്ര വിദ്യഭ്യാസ സഹമന്ത്രിയുടെ മറുപടിയെത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ യുഡിഎഫ് യോഗത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മുസ്ലീംലീഗ് സ്വരം കടുപ്പിച്ചതോടെ പിഎം ശ്രീ നടപ്പാക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന മലക്കംമറിച്ചിലുമായി അടൂർ പ്രകാശും രംഗത്തെത്തി. ഏതായാലും ഇന്ന് രാജ്യസഭയിലെ സഹമന്ത്രിയുടെ പ്രസ്താവനയോടെ സംസ്ഥാന യുഡിഎഫിലെ പിഎം ശ്രീ വിഷയത്തിലെ ആശയഭിന്നത കൂടുതൽ രൂക്ഷമായി. ഉപസമിതി റിപ്പോർട്ട് വന്നിട്ടില്ലാത്തതിനാൽ അതിന് ​​ശേഷം എല്ലാം തീരുമാനിക്കുമെന്ന നിലപാടിൽ അഭയം തേടുകയാണ് യുഡിഎഫ്.

PM Shri controversy in UDF
"സംഘപരിവാറിൻ്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ച് നിൽക്കുന്നു"; പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിനെതിരെ പിണറായി വിജയൻ

യുഡിഎഫിൽ പിഎം ശ്രീ കലഹം

പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പിന്മാറാനാകില്ലെന്ന യുഡിഎഫ് സർക്കാരിൻ്റെ വാദം പൊളിച്ചത് യുഡിഎഫിൻ്റെ എംപിമാർ ചേർന്നാണെന്ന് പറഞ്ഞാൽ അധികമാവില്ല. മുസ്ലീം ലീ​ഗ് എംപി അബ്ദുൾ വഹാബും കോൺഗ്രസ് എം.പി ജെബി മേത്തറിൻ്റെയും ചോദ്യങ്ങൾക്ക് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി രാജ്യസഭയിൽ മ​റുപടി പറഞ്ഞതോടെയാണ് പിഎം ശ്രീ വിഷയത്തിൽ പൊതുസമൂഹത്തിന് വ്യക്തത വന്നത്. അത് യു.ഡി.എഫിന് സമ്മാനിച്ചതാകട്ടെ കടുത്ത പ്രതിസന്ധിയും. പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാമെന്നാണ് കേന്ദ്രസർക്കാർ രാജ്യസഭയിൽ വ്യക്തമാക്കിയത്. പദ്ധതിയിൽ നിന്ന് പിന്മാറുകയോ ധാരണാപത്രത്തിൽ ഒപ്പിടുകയോ ചെയ്യാത്ത സംസ്ഥാനങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കില്ലെന്ന് മാത്രമാണ് പ്രശ്നമെന്നും കേന്ദ്രം പറയുന്നു.

പിഎംശ്രീ പദ്ധതിയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്മാറുകയോ, ഒപ്പിടാതിരിക്കുകയോ ചെയ്യാം. എംഒയു ഒപ്പിട്ട ശേഷം കേരളം സ്കൂളുകളുടെ പട്ടിക നല്‍കിയിട്ടില്ലെന്നും കേരളത്തിന് ഫണ്ട് അനുവദിച്ചിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. പിന്മാറാൻ ആകാത്ത ധാരണപത്രത്തിലാണ് എൽഡിഎഫ് സർക്കാർ ഒപ്പുവെച്ചതെന്നായിരിക്കുന്നു പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാൻ മുഖ്യമന്ത്രി വി.ഡി. സതീശനും വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദീനും പറഞ്ഞിരുന്ന ന്യായം. ഇതേ കാരണം പറഞ്ഞാണ് കഴിഞ്ഞ ദിവസം ചേർന്ന യുഡിഎഫ് യോഗവും പിഎം ശ്രീക്ക് പച്ചക്കൊടി കാട്ടിയത്. എന്നാൽ യുഡിഎഫ് എംപിമാർ പാർലമെന്റിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് കേന്ദ്രം നൽകിയ മറുപടി മുന്നണിയെ തന്നെ വെട്ടിലാക്കി.

കേരളം പിഎം ശ്രീ നടപ്പിലാക്കിയിട്ടില്ല എന്നായിരുന്നു ജെബി മേത്തറിൻ്റെ ചോദ്യത്തിന് നൽകിയ മറുപടി. അതായത് ഇതുവരെ യുഡിഎഫ് നിരത്തിയ വാദങ്ങൾക്ക് നേർ വിപരീത വെളിപ്പെടുത്തലാണ് രാജ്യസഭയിൽ ഉണ്ടായത്. കേന്ദ്രത്തിൻ്റെ മറുപടി യുഡിഎഫിനെതിരെ ആയുധമാക്കുകയാണ് എൽഡിഎഫ്. എന്തിന് രാജ്യസഭയിൽ അബ്ദുൽ വഹാബും ജെബി മേത്തറും വിഷയം ഉന്നയിച്ചു എന്ന ചോദ്യം ഇനിയും ബാക്കിയാണ്. ഇടതുസർക്കാർ കാലത്ത് പിഎം ശ്രീ നടപടികൾ തുടങ്ങിയിരുന്നോ എന്ന് സ്ഥാപിക്കലാണോ എൻഡിഎ സർക്കാരുമായുള്ള പാലമായി വർത്തിച്ചു എന്ന ബ്രിട്ടാസിനെതിരായ മുൻ ആരോപണം കടുപ്പിക്കലാ​ണോ ചോദ്യത്തിന് പിന്നിലെന്നത് വ്യക്തമല്ല. ഏതായാലും ഇടതുമുന്നണിക്ക് കൃത്യസമയത്ത് കിട്ടിയ വലിയ സമ്മാനമായിപ്പോയി രാജ്യസഭയിൽ നിന്നുള്ള മറുപടി എന്ന് പറയാതെ വയ്യ.

കേരളത്തിൽ പി.എംശ്രീ സ്കൂളുകളില്ല

2023 മുതൽ നാലു സാമ്പത്തിക വർഷങ്ങളിൽ പദ്ധതി പ്രകാരം ഫണ്ട് ലഭിച്ച സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പട്ടികയും രാജ്യസഭ മറുപടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .ഇതിലും കേരളമില്ല . കേരളത്തിന് 2025-26 വർഷത്തിൽ അനുവദിച്ചതായി പറയുന്ന 99.27 കോടി രൂപ പി എം ശ്രീ പദ്ധതി നടപ്പിലാക്കിയതിന്റെ ഭാഗമായി കിട്ടിയതല്ല. അത് കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട 'സമഗ്ര ശിക്ഷ' പദ്ധതിയുടെ വിഹിതം മാത്രമാണെന്നും രേഖകൾ വ്യക്തമാക്കുന്നു. സുപ്രീംകോടതിയെ സമീപിച്ച ​ശേഷമാണ് തമിഴ്നാടിന് പുറകെ സംസ്ഥാനത്തിന് കൂടി ഈ തുക അനുവദിച്ചത്. പിഎം ശ്രീ പദ്ധതി ഇനി തമിഴ്നാടും ​കേരളവും മാത്രമേ നടപ്പാക്കാൻ ബാക്കിയുള്ളൂ. പശ്ചിമ ബംഗാൾ നടപ്പാക്കില്ലെന്ന് അറിയിച്ചിരുന്നെങ്കിലും ബിജെപിയുടെ പുതിയ സർക്കാർ പദ്ധതി നടപ്പാക്കാനുള്ള നടപടികളിലാണ്.

കോൺഗ്രസ് ഭരിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിലാകട്ടെ പിഎം ​ശ്രീ നേരത്തെതന്നെ നടപ്പാക്കി. ആം ആദ്മി പാർട്ടി അധികാരത്തിൽ വ​ന്ന​പ്പോൾ എംഒയു ഒപ്പിട്ട പഞ്ചാബ് സർക്കാർ പിഎം ശ്രീ നടപ്പാക്കില്ലെന്ന് അറിയിച്ചിരുന്നെങ്കിലും സർവ ശിക്ഷ ഫണ്ട് മുടങ്ങിയതോടെ തിരികെ പദ്ധതിയിൽ പ്രവേശിച്ചിരുന്നു..2022–23 മുതൽ സമഗ്രശിക്ഷ ഫണ്ടിനത്തിൽ കേരളത്തിന് ലഭിക്കേണ്ടിയിരുന്ന 1,160.52 കോടി രൂപ മുടങ്ങിയതായി കണക്കുകൾ വെളിപ്പെടുത്തുന്നു.

മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ടിൽ കണ്ണംനട്ട്

പദ്ധതി തുടരുന്നതുമായി ബന്ധപ്പെട്ട് രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാനാണ് തീരുമാനം. എന്നാല്‍ മന്ത്രിസഭാ ഉപസമിതിയിലെ ഭിന്നത കാരണം റിപ്പോര്‍ട്ട് ഇതുവരെ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ല. പിഎംശ്രീ പദ്ധതിയില്‍ കഴിഞ്ഞ സര്‍ക്കാര്‍ ഒപ്പുവെച്ചതിനാല്‍ പിന്മാറാന്‍ കഴിയില്ലെന്നും മുന്നോട്ടുപോകുമെന്നും കണ്‍വീനര്‍ അടൂര്‍ പ്രകാശും നേരത്തെ മുഖ്യമ​്രന്ത്രി വിഡി സതീശനും യുഡിഎഫ് ​ നേതാക്കളും ആവർത്തിച്ചിരുന്നു. കേന്ദ്രസർക്കാരിൽ നിന്നുള്ളത് നമുക്ക് അവകാശപ്പെട്ട ഫണ്ടാണെന്നും അത് ഏറ്റുവാങ്ങുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും നേതാക്കൾ ആവർത്തിച്ചു.

മുസ്ലിം ലീഗും ഏറെക്കുറെ അതേ നിലപാടിലെത്തിയിരുന്നു. വ്യവസ്ഥകള്‍ മുഴുവനായും നടപ്പിലാക്കില്ല , മറിച്ച് ഇളവ് തേടുമെന്ന് യുഡിഎഫ് പറയുമ്പോഴും മുസ്ലിം ലീഗ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ പിഎം ശ്രീ നടപ്പിലാക്കേണ്ടി വരുന്നത് പാര്‍ട്ടിയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. ഇതോടെയാണ് ലീഗ് യുഡിഎഫ് തീരുമാനത്തിനെതിരെ രംഗത്ത് വന്നത്. ഇതിനിടെ പി.എം ശ്രീ അറബിക്കടലിൽ എറിയും എന്ന് പ്രസംഗിച്ച മന്ത്രി കെ.എം. ഷാജി പിന്നീട് അത് കേവലം രാഷ്ട്രീയ പ്രയോഗം മാത്രമാണെന്ന് പറഞ്ഞ് തലയൂരുകയായിരുന്നു.

യുഡിഎഫ് യോഗം പിഎംശ്രീ ചർച്ച ചെയ്തില്ലെന്നും അജണ്ടയിൽ പോലും ഉണ്ടായില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. നിലപാട് എടുക്കുക ഉപസമിതി റിപ്പോർട്ട് വന്ന ശേഷമാണെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും വിഷയത്തിൽ മുസ്‍ലിംലീഗ് സ്വരം കടുപ്പിച്ചതിനാലാണ് കോൺഗ്രസിന്റെ മലക്കംമറിച്ചിൽ എന്ന് വ്യക്തം.

2027ന് ശേഷം എന്ത് സംഭവിക്കും

വിദ്യാഭ്യാസം ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്ളതാണെങ്കിലും, ഈ പദ്ധതി പൂര്‍ണ്ണമായും കേന്ദ്രത്തിന്റെ നയങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുക. ദേശീയ വിദ്യാഭ്യാസ നയം 2020 രാജ്യത്ത് മാതൃകാപരമായി നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാർ പി.എം. ശ്രീ കൊണ്ടുവന്നത്. കരിക്കുലത്തിലെ നിയന്ത്രണമാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 2025 ഒക്ടോബറില്‍ 16 ന് ധാരണാപത്രം ഒപ്പു​വെച്ചപ്പോൾ ഉന്നയിച്ച പ്രധാന ഉപാധി.

പദ്ധതി നടപ്പാക്കുമ്പോൾ സാമ്പത്തിക ബാധ്യതയുടെ 40 ശതമാനം സംസ്ഥാനങ്ങള്‍ വഹിക്കേണ്ടതുണ്ട്. അതായത് നിലവില്‍ 60:40 അനുപാതമാണ് നിശ്ചയിച്ചിട്ടുള്ളത്...പണം മുടക്കുന്നത് സംസ്ഥാനങ്ങള്‍ കൂടിയാണെങ്കിലും, സ്‌കൂളുകളുടെ നടത്തിപ്പിലോ നയരൂപീകരണത്തിലോ സംസ്ഥാനങ്ങള്‍ക്ക് സ്വതന്ത്രമായ അധികാരമില്ല. പദ്ധതി അവസാനിക്കാന്‍ ഇനി മാസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഈ കാലയളവിന് ശേഷം പൂര്‍ണമായി പദ്ധതി സംസ്ഥാനം ഏറ്റെടുക്കേണ്ടിവരും. വലിയ ബാധ്യതയാണ് ഇത് സൃഷ്ടിക്കുക. ഈ പദ്ധതി നടപ്പാക്കിയാല്‍ മാത്രമേ മറ്റ് വകുപ്പിലെ കേന്ദ്ര ഫണ്ടുകള്‍ വിട്ടുനല്‍കൂവെന്ന നിബന്ധനയാണ് സംസ്ഥാനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

യുഡിഎഫിന് മുമ്പിലുള്ളത് കടുത്ത പരീക്ഷണം

കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയുടെ പാർലമെന്റിലെ വെളിപ്പെടുത്തലോടെ പിഎം ശ്രീ പദ്ധതിയിൽ യുഡിഎഫ് സർക്കാരിന്റെ പ്രതിരോധ വാദങ്ങളാണ് പൊളിഞ്ഞത്. മുൻ എൽഡിഎഫ് സർക്കാർ ഒപ്പിട്ട കരാറിൻ്റെ പേരുപറഞ്ഞ് പദ്ധതി നടപ്പാക്കാൻ ശ്രമിച്ച കോൺഗ്രസ് നേതൃത്വത്തിന്, രാജ്യസഭയിലെ കേന്ദ്ര മറുപടിയും സ്വന്തം മുന്നണിയിലെ മുസ്ലിം ലീഗിൻ്റെ ശക്തമായ എതിർപ്പും ഇരട്ടപ്രഹരമായി. നിലവിൽ മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ടിൽ അഭയം കണ്ടെത്തി താൽക്കാലികമായി തടിയൂരാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. മുന്നണിയിലെ ആശയഭിന്നത പരിഹരിച്ചും, കേന്ദ്ര സമ്മർദ്ദങ്ങളെയും ഫണ്ട് തടഞ്ഞുവെക്കലിനെയും എങ്ങനെ അതിജീവിക്കുമെന്നതാണ് യുഡിഎഫ് സർക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷണം.

PM Shri controversy in UDF
കള്ളൻ വിജയൻ ലേഖന വിവാദം; കെ.ആർ. അജയനെതിരെ കടുത്ത നടപടിയുമായി ദേശാഭിമാനി

Related Stories

Pinarayi Vijayan against the implementation of PM Shri scheme
'ആര്‍എസ്എസ് അജണ്ട', 'മലക്കം മറിച്ചിലിന്റെ ലീഗ് മാതൃക'...;
പിഎം ശ്രീയില്‍ യുഡിഎഫിന് വിമര്‍ശനം കടുക്കുന്നു
പിഎം ശ്രീയില്‍ ഐക്യം നഷ്ടപ്പെട്ട് യുഡിഎഫ്; സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുന്നുവെന്ന് ശിവന്‍കുട്ടി, യു ടേണ്‍ സര്‍ക്കാരെന്ന് ബ്രിട്ടാസ്
പിഎം ശ്രീ
News Malayalam 24x7
newsmalayalam.com