SPOTLIGHT | ന്യൂസ്റൂമിൽ പൊലീസ് രാജോ... മാധ്യമ അടിയന്തിരാവസ്ഥ പ്രഖ്യാപനമോ ?

റിപ്പോർട്ടർ ടിവിയുടെ കൊച്ചി ഹെഡ് ഓഫീസിലേക്ക് പുലർച്ചെ 6 മണിയോടെ അതിക്രമിച്ച് കയറിയ പൊലീസ് മാധ്യമ പ്രവർത്തകരുടെ ഫോണുകൾ ബലമായി പിടിച്ചെടുത്തത് അങ്ങേയറ്റം അപലപനീയവും പൊറുക്കാനാകാത്തതുമായ കുറ്റമാണ്.
SPOTLIGHT | ന്യൂസ്റൂമിൽ  പൊലീസ് രാജോ... മാധ്യമ അടിയന്തിരാവസ്ഥ പ്രഖ്യാപനമോ ?
Published on
Updated on

കേരളത്തിന്റെ മാധ്യമ ചരിത്രത്തിൽ കറുത്ത അക്ഷരങ്ങളിൽ എഴുതിവെക്കേണ്ട പൊലീസിന്റെ മാധ്യമ വിരുദ്ധത കൂടി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു. റിപ്പോർട്ടർ ടിവിയുടെ കൊച്ചി ഹെഡ് ഓഫീസിലേക്ക് പുലർച്ചെ ആറുമണിയോടെ അതിക്രമിച്ച് കയറിയ പൊലീസ് മാധ്യമപ്രവർത്തകരുടെ ഫോണുകൾ ബലമായി പിടിച്ചെടുത്തത് അങ്ങേയറ്റം അപലപനീയവും പൊറുക്കാനാകാത്തതുമായ കുറ്റമാണ്. വാർത്താ സംപ്രേഷണം നടത്തിവരികയായിരുന്ന ന്യൂസ് ചാനലിന്റെ ഡെസ്കിലേക്കാണ് ബുധനാഴ്ച പുലർച്ചെ പൊലീസ് അതിക്രമിച്ച് കയറിയതും ഇതേത്തുടർന്ന് ഒരു മണിക്കൂർ ചാനൽ സംപ്രേഷണം മുടങ്ങിയതും. ഒരു മാധ്യമ സ്ഥാപനത്തിന്റെ വാർത്താമുറിക്ക് പവിത്രതയും അന്തസ്സുമുണ്ട്. അവിടെ പൊലീസ് ഇരച്ചുകയറി ജീവനക്കാരെ ഇറക്കിവിട്ട് കസേരയിൽ എസിപി കയറിയിരിക്കുന്ന കാഴ്ച സമീപകാല കേരള ചരിത്രത്തിലോ ഇന്ത്യൻ ചരിത്രത്തിലോ ഇതുവരെ കണ്ടിട്ടുണ്ടാവില്ല. ഇത് സംബന്ധിച്ച് ഭരണകൂടം നൽകുന്ന ഓരോ വിശദീകരണവും ചെയ്തുതീർത്ത ജനാധിപത്യവിരുദ്ധതയെ വെള്ളപൂശാനുള്ള പരിഹാസ്യമായ ശ്രമങ്ങൾ മാത്രമായി അധഃപതിക്കുന്നു. ഈ വിഷയമാണ് ഇന്നത്തെ സ്​പോട്ട്ലൈറ്റ് പരിശോധിക്കുന്നത്. ന്യൂസ്റൂമിൽ പൊലീസ് രാജോ മാധ്യമ അടിയന്തിരാവസ്ഥ പ്രഖ്യാപനമോ?

ന്യൂസ്റൂമിൽ പൊലീസ് രാജോ മാധ്യമ അടിയന്തിരാവസ്ഥ പ്രഖ്യാപനമോ?

മാധ്യമ ലോകത്തെ ശ്രീകോവിലുകൾ എന്ന് അഭിമാനിക്കുന്ന ന്യൂസ് റൂമുകളിലേക്ക് കാക്കിയിട്ടവരെ വിട്ട് ഭരണകൂടം തീർത്തത് ഇന്ത്യൻ മാധ്യമ ചരിത്രത്തിലെ ലജ്ജാകരമായ അധ്യായങ്ങളിൽ ഒന്നാണെന്ന് പറയാതെ വയ്യ. ഡിജിറ്റൽ ന്യൂസ്റൂമുകൾ പ്രവർത്തിക്കുന്ന രീതിയെക്കുറിച്ചോ കമ്യൂണിക്കേഷൻ ഡിവൈസുകളുടെ പ്രാധാന്യത്തെക്കുറിച്ചോ യാതൊരു ധാരണയുമില്ലാത്ത രീതിയിലാണ് പൊലീസ് പ്രവർത്തിച്ചത്. ഡെസ്കിൽ ജോലി ചെയ്തിരുന്ന മാധ്യമപ്രവർത്തകരെ ബലമായി എഴുന്നേൽപ്പിച്ച് പുറത്താക്കി ഫോണുകൾ പിടിച്ചുവാങ്ങുകയും ചെയ്തു. ഇൻപുട്ട് വിഭാഗത്തിലെ റിപ്പോർട്ടർമാരുമായി ബന്ധപ്പെടാനുള്ള ഫോണുകളും അതിൽ ഉൾപ്പെട്ടതിനാൽ ചാനൽ പ്രവർത്തനത്തെ അത് ബാധിച്ചു.

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെയും അർജന്റീന ദേശീയ ഫുട്ബോൾ ടീമിനെയും കേരളത്തിൽ എത്തിക്കുമെന്ന് പ്രഖ്യാപിച്ചു നടത്തിയ നീക്കങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളാണ് വിവാദങ്ങൾക്കും പൊലീസ് നടപടിക്കും ആധാരമായത്. സാമ്പത്തിക തിരിമറികളോ മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങളോ ഉണ്ടെങ്കിൽ അത് നിയമപരമായ വഴിയിലൂടെ അന്വേഷിക്കപ്പെടേണ്ടത് തന്നെയാണ്. എന്നാൽ അതിൻ്റെ മറവിൽ മാധ്യമ സ്ഥാപനങ്ങളുടെ പ്രവർത്തന സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നത് ഒട്ടും ന്യായീകരിക്കാനാവില്ല.

മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം

റിപ്പോർട്ടർ ടിവി റെയ്ഡിന്റെ കാര്യത്തിൽ, അന്വേഷണ സംഘം കൃത്യമായ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണ് കോടതി അനുമതിയോടെയാണ് പരിശോധന നടത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുമ്പോൾ, രാഷ്ട്രീയ പ്രേരിതവും മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവുമാണ് ഈ പരിശോധനയെന്നാണ് മാനേജ്‌മെന്റിന്റെയും മാധ്യമ സംഘടനകളുടെയും വാദം. ഒരു മാധ്യമ സ്ഥാപനത്തിലോ മറ്റേതെങ്കിലും ഔദ്യോഗിക ഇടങ്ങളിലോ പരിശോധനകളും റെയ്ഡുകളും നടത്തുമ്പോൾ, ഭാരതീയ നാഗരിക സുരക്ഷാ സംഹിത പ്രകാരവും സുപ്രീം കോടതിയുടെ ഉത്തരവുകൾ അനുസരിച്ചും പാലിക്കേണ്ട ചില നിർബന്ധിത നിയമനടക്രമങ്ങളും ചട്ടങ്ങളുമുണ്ട്. ഇവ പാലിക്കപ്പെട്ടില്ലെന്നാണ് പത്രപ്രവർത്തക സംഘടനയു​ടെ ആരോപണം.

ഈ സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രതികരിച്ചു. അടിയന്തിരാവസ്ഥയെ ഓര്‍മിപ്പിക്കുന്ന അതിക്രമമാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത് എന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള ഡല്‍ഹിയിലും മാധ്യമങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമമാണ് കേരളത്തിലും നടന്നിരുക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. റെയ്‌ഡിൻ്റെ പേരിൽ മാധ്യമ സ്ഥാപനങ്ങളുടെ ന്യൂസ് ഡെസ്കിൽ പോലീസ് കയറി വാർത്താ പ്രക്ഷേപണം തടസ്സപ്പെടുത്തിയ ചരിത്രം അപൂർവമാണ്.

അതേസമയം സംപ്രേഷണം തടസപ്പെട്ടതായി അറിയില്ല എന്നും പൊലീസ് നടപടി അന്വേഷണത്തിന്റെ ഭാഗമാണെന്നും വി.ഡി. സതീശൻ പറഞ്ഞു. മജിസ്ട്രേറ്റിൽ നിന്ന് സെർച്ച് വാറന്റ് വാങ്ങിയാണ് റിപ്പോർട്ടർ ചാനലിൽ പരിശോധന നടത്തിയ​തെന്ന് എഡിജിപി പി. വിജയൻ പറയുമ്പോൾ തന്നെ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ പരിശോധനയാണ് ഉദ്ദേശിച്ചതെന്നതു കൂടി പൊലീസ് അധികൃതർ വ്യക്തമാക്കുന്നുണ്ട്. പിന്നെ എന്തിനാണ് പുലർച്ചെ ന്യൂസ് റൂമിൽ എത്തിയത് എന്ന ചോദ്യം ബാക്കിയാണ്.

ആവർത്തിക്കപ്പെടുന്ന വേട്ടയാടലുകൾ

മന്ത്രിയുടെ പേരിൽ വ്യാജരേഖ ചമച്ചുവെന്ന് ആരോപിച്ച് 2002ൽ സൂര്യ ടിവി ഓഫീസിലേക്ക് പൊലീസ് റെയ്ഡുകൾ നടന്നിരുന്നു. കേരളത്തിലെ ദൃശ്യമാധ്യമ ചരിത്രത്തിൽ ഒരു പ്രമുഖ ചാനൽ ഓഫീസിൽ നടന്ന ആദ്യകാല പൊലീസ് കടന്നുകയറ്റങ്ങളിൽ ഒന്നായിരുന്നു ഇത്. മുൻമന്ത്രി എ.കെ. ശശീന്ദ്രനെതിരായ വിവാദ ഓഡിയോ ടേപ്പ് സംപ്രേഷണവുമായി ബന്ധപ്പെട്ട്, പ്രത്യേക അന്വേഷണ സംഘം മംഗളം ടിവിയുടെ തിരുവനന്തപുരം ഓഫീസിലെത്തി പരിശോധന നടത്തി. വ്യാജ വാർത്താ ആരോപണവുമായി ബന്ധപ്പെട്ട കേസിൻ്റെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസിൻ്റെ കോഴിക്കോട് ഓഫീസിൽ ക്രൈംബ്രാഞ്ച് പരിശോധനയും മറന്നിരിക്കില്ല.

ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും നടന്ന റെയ്ഡുകളും ലാപ്ടോപ്പുകളും ഗാഡ്ജറ്റുകളും പിടിച്ചെടുത്ത നടപടിയും പിന്നീട് ഉണ്ടായി. കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ പ്രേരിതമായ റെയ്ഡുകൾക്കും വേട്ടയാടലുകൾക്കും മാധ്യമലോകം ഇരയായിരുന്നു. ബിബിസി, ന്യൂസ്‌ക്ലിക്ക്, ദൈനിക് ഭാസ്കർ, ന്യൂസ്‌ലോണ്ട്രി തുടങ്ങിയ പ്രമുഖ മാധ്യമ സ്ഥാപനങ്ങളുടെ നേർക്കുണ്ടായ ഈ ഏജൻസികളുടെ കടന്നാക്രമണങ്ങൾക്ക് പിന്നിൽ കേന്ദ്ര സർക്കാരിൻ്റെ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു.

മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം

നിയമലംഘനങ്ങൾ ഉണ്ടായാൽ അത് അന്വേഷിക്കപ്പെടുക തന്നെ വേണം; അതിൽ ഒരു വിട്ടുവീഴ്ചയ്ക്കും സ്ഥാനമില്ല. എന്നാൽ, അന്വേഷണത്തിന്റെ പേരിൽ ന്യൂസ് റൂമുകളിലേക്ക് ഇരച്ചുകയറുന്നതും കസേരകൾ കയ്യേറുന്നതും ഫോണുകൾ പിടിച്ചുവെക്കുന്നതും മാധ്യമ അവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും നേരേയുള്ള കടന്നുകയറ്റം തന്നെയാണ്. മാധ്യമ സ്ഥാപനങ്ങളുടെ പ്രവർത്തനസ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നതും, ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതും ജനാധിപത്യ സംവിധാനങ്ങൾക്ക് ഒട്ടും ആരോഗ്യകരമല്ല.

News Malayalam 24x7
newsmalayalam.com