വൈദ്യുതി മേഖല വില്‍പ്പനക്ക്; അഥവാ ദേശീയ വൈദ്യുത നയരേഖ

ഞങ്ങള്‍ക്ക് ഇത്രയൊക്കെയേ സാധിക്കൂവെന്ന് ഊര്‍ജമന്ത്രാലയം പറഞ്ഞുവെക്കുമ്പോള്‍ നമുക്ക് ചോദിക്കാതിരിക്കാനാവില്ല, ഊര്‍ജ മന്ത്രാലയം എന്ന വകുപ്പ് പിന്നെ എന്തിനാണ്?
വൈദ്യുതി മേഖല വില്‍പ്പനക്ക്; അഥവാ ദേശീയ വൈദ്യുത നയരേഖ
Published on
Updated on

അണുവൈദ്യുതി നിലയം വരുന്നുവെന്ന് പറഞ്ഞ് ആരും ഊര്‍ജമേഖലയിലെ വികസനത്തെ പുറകോട്ടടിപ്പിക്കരുത്. ആളുകളുടെ ജീവന്റെ വിഷയം നിങ്ങള്‍ ഉന്നയിക്കുകയും വേണ്ട. ആണവോര്‍ജ വിപ്ലവം തന്നെയാണ് നമ്മുടെ ലക്ഷ്യം. കരുതലിന്റെ കാര്യത്തില്‍ നാം ഒട്ടും പുറകിലല്ല, ചെറിയ കമ്പനികള്‍ക്ക് പോലും സ്വന്തം നിലക്ക് ചെറിയ അണുനിലയങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുന്നത് വലിയ ലക്ഷ്യത്തോടെയാണ്. മാത്രമല്ല, എത്ര ജലവൈദ്യുത പദ്ധതികളാണ് വനംവകുപ്പിന്റെ അനുമതിയുടെയും പാരിസ്ഥിതിക അനുമതിയുടെയും പേരില്‍ മുടങ്ങിക്കിടക്കുന്നത്. സംസ്ഥാനങ്ങളേ, നിങ്ങള്‍ തന്നെ ഇടപെട്ട് വനം-പരിസ്ഥിതി വകുപ്പുകളുടെ അനുമതി നേടിക്കൊടുക്കണം. അതിന് പാരവെക്കാന്‍ പരിസ്ഥിതിയുടെയും മനുഷ്യന്റെയും പേരില്‍ വികസന വിരുദ്ധര്‍ ഇറങ്ങിയേക്കും. നിങ്ങള്‍ പിന്തിരിയരുത്. സ്വകാര്യ കമ്പനികളും യൂട്ടിലിറ്റികളും വൈദ്യുതി രംഗം ഏറ്റെടുക്കാന്‍ കാത്തിരിക്കുകയാണ്. അവരെ ഏല്‍പിക്കൂ. ഇനി ഒന്നും നിങ്ങള്‍ നോക്കണ്ടാ... 2047 എന്ന വര്‍ഷമുണ്ടെങ്കില്‍ ഊര്‍ജ സ്വയം പര്യാപ്തമായ വികസിത ഭാരതം യാഥാര്‍ഥ്യമായേ തീരൂ. 2003ലെ വൈദ്യുതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ പൊതുജനാഭിപ്രായം സ്വരൂപിക്കാന്‍ കേന്ദ്ര ഊര്‍ജ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട ദേശീയ വൈദ്യുതി നയം 2026 ന്റെ കരട് രേഖ നേരിട്ട് പറയാതെ പറഞ്ഞുവെക്കുന്നത് ഇത്രത്തോളമോ ഇതിലധികമോ ആണ്.

നിലവില്‍ കേന്ദ്രസര്‍ക്കാരിനാണ് ആണവ നിലയങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി ഉള്ളത്. ഈ സ്ഥിതി മാറിയേ തീരൂവെന്ന് കരട് വൈദ്യുതി നയരേഖ വ്യക്തമാക്കുന്നു

ഓരോ മുക്കിലും വേണം ചെറു ആണവ നിലയങ്ങള്‍

ആണവ നിലയ കേന്ദ്രങ്ങളില്‍ നിന്നും രാജ്യത്തിന് ലഭിക്കുന്ന വൈദ്യുതി 8000 മെഗാവാട്ട് മാത്രമാണ്. ഒരു ലക്ഷം മെഗാവാട്ട് ആണ് 2047ലെ വികസിത ഭാരതത്തില്‍ ലക്ഷ്യമിടുന്നത്. സ്വകാര്യ സംരംഭകരെ ചെറു അണുനിലയങ്ങള്‍ സ്ഥാപിക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് ലക്ഷ്യം യാഥാര്‍ഥ്യമാക്കാനുള്ള മാര്‍ഗം. സ്വകാര്യ സംരംഭകരുടെ വൈദ്യുതി ഉല്‍പാദനത്തിനുള്ള ചെറിയ പ്ലാന്റുകള്‍ അണുനിലയ കേന്ദ്രങ്ങളായി പരിവര്‍ത്തനപ്പെട്ടാല്‍ അത് സാധ്യമാകും. കാരണം ചെറിയ അണുനിലയ കേന്ദ്രങ്ങള്‍ക്ക് 40 കൊല്ലം വരെ ആയുസ്സുണ്ട്. നിലവില്‍ കേന്ദ്രസര്‍ക്കാരിനാണ് ആണവ നിലയങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി ഉള്ളത്. ഈ സ്ഥിതി മാറിയേ തീരൂവെന്ന് കരട് വൈദ്യുതി നയരേഖ വ്യക്തമാക്കുന്നു.

പാവങ്ങള്‍ക്ക് നല്‍കുന്ന വൈദ്യുതി എന്ന് പറഞ്ഞ് റെയില്‍വേ, വ്യവസായം എന്നീ മേഖലകള്‍ക്ക് കൂടുതല്‍ നിരക്ക് അടിച്ചേല്‍പിക്കാന്‍ പാടില്ലെന്ന് വൈദ്യുതി നയം പറയുന്നു. അതായത് കെഎസ്ഇബി പാവങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാന്‍ സ്വീകരിക്കുന്ന ക്രോസ് സബ്സിഡി ഇക്കാര്യത്തില്‍ നടപ്പാവില്ല. ഒരുപാട് സാധ്യതകള്‍ ഉണ്ടെങ്കിലും 30 ശതമാനം മാത്രമാണ് ജലവൈദ്യുത പദ്ധതികള്‍. അതിനാല്‍ ഇനി പാരിസ്ഥിതിക അനുമതി, വനംവകുപ്പിന്റെ അനുമതി എന്ന് പറഞ്ഞ് ജലവൈദ്യുത പദ്ധതികള്‍ മാറ്റിവെക്കാന്‍ പാടില്ല. മുമ്പ് പ്രപ്പോസല്‍ വന്ന പദ്ധതികള്‍, അതില്‍ അതിരപ്പിള്ളിയും ഉള്‍പ്പെടും കേട്ടോ, നടത്താനുള്ള നടപടി സ്വീകരിക്കണം. സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ നടത്തി വനംവകുപ്പിന്റെ ക്ലിയറന്‍സ് നേടിക്കൊടുത്തേ പറ്റൂ. സോളാര്‍, വിന്‍ഡ് വൈദ്യുതി ഉല്‍പാദനം നിലവിലെ 1.3 ലക്ഷം മെഗാവാട്ടില്‍ നിന്ന് അഞ്ച് ലക്ഷം മെഗാവാട്ട് എന്ന ലക്ഷ്യത്തില്‍ എത്തണം. പകല്‍ സോളാര്‍ വൈദ്യുതി സുലഭമായ സമയത്ത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സ്വകാര്യ കമ്പനികളില്‍ നിന്നും മറ്റും പ്രത്യേക തീരുവ ഈടാക്കുന്ന പണി ഇനി വേണ്ട. ഹരിത ഊര്‍ജ നയത്തിന്റെ അടിസ്ഥാനത്തില്‍ 2050 ഓടെ താപവൈദ്യുതി നിലയങ്ങള്‍ ഘട്ടംഘട്ടമായി ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പുതിയ നിലയങ്ങള്‍ തുടങ്ങാന്‍ വൈദ്യുതി നയം ആവശ്യപ്പെടുന്നുണ്ട്. അതും കല്‍ക്കരി ഖനികളോട് ചേര്‍ന്ന് തന്നെ തുടങ്ങാനാണ് നിര്‍ദേശം.

ഡീലൈസന്‍സിങ് എന്ന നയത്തിന്റെ ഭാഗമായി കേരളത്തില്‍ ഉള്‍പ്പെടെ സ്വകാര്യ വൈദ്യുതി കമ്പനികള്‍ നമ്മുടെ നാട്ടില്‍ വൈദ്യുതി വിതരണത്തിന് കെഎസ്ഇബിയുമായി മത്സരിക്കാനെത്തും

കേന്ദ്രത്തിന് മുമ്പേ നടന്ന കേരളം

സ്വകാര്യ കമ്പനികളേ നിങ്ങള്‍ക്കായി സംസ്ഥാനങ്ങളിലെ വൈദ്യുതിമേഖലയിലെ പ്രസരണ-വിതരണ മേഖലകള്‍ തുറന്നിട്ടിരിക്കുകയാണ്. അതിനായാണ് മല്‍സരാധിഷ്ഠിത ടെണ്ടര്‍ നിര്‍ബന്ധമാക്കുന്നത് തന്നെ. കൂടാതെ ഡീലൈസന്‍സിങ് എന്ന നയത്തിന്റെ ഭാഗമായി കേരളത്തില്‍ ഉള്‍പ്പെടെ സ്വകാര്യ വൈദ്യുതി കമ്പനികള്‍ നമ്മുടെ നാട്ടില്‍ വൈദ്യുതി വിതരണത്തിന് കെഎസ്ഇബിയുമായി മത്സരിക്കാനെത്തും. അവര്‍ രംഗം കൈയടക്കുകയും ചെയ്യും. പ്രസരണ- വിതരണ മേഖലയിലെ വന്‍ മുതല്‍മുടക്ക് ബാധ്യതയില്‍ നിന്ന് പിന്‍മാറാനുള്ള നീക്കമായാണ് ഈ പരിഷ്‌കാരങ്ങള്‍ വരുന്നത്.

മത്സരാധിഷ്ഠിത ടെണ്ടര്‍ നടപ്പാക്കി വൈദ്യുതി പ്രസരണ മേഖലയെ സ്വകാര്യ കമ്പനികള്‍ക്ക് വീതംവെച്ച് കൊടുക്കേണ്ട ആവശ്യകത നയരേഖ എടുത്തുപറയുന്നുണ്ട്. ഒന്നു കൂടെ കൂട്ടിച്ചേര്‍ത്തോട്ടെ, ഈ നയങ്ങള്‍ ഉള്‍ക്കൊള്ളുന്ന വൈദ്യുതി നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അംഗീകാരം നേടിയെടുക്കും മുമ്പേ കേരളം ഒരു പടി കൂടി കടന്ന് മത്സരാധിഷ്ഠിത ടെണ്ടര്‍ നടപ്പാക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു. 250 കോടി രൂപക്ക് മീതെ ചെലവ് വരുന്ന വലിയ വൈദ്യുതി പ്രസരണ ലൈനുകളിലെ മത്സര ടെണ്ടര്‍ നടപടിക്രമങ്ങള്‍ രൂപപ്പെടുത്താന്‍ ട്രാന്‍സ്മിഷന്‍ ഗ്രിഡ് ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയതായി കെഎസ്ഇബി ഉത്തരവിറക്കിയിട്ടുണ്ട്. അതായത് നമ്മുടെ വൈദ്യുതി ലൈനുകളും മറ്റും വാടക ഈടാക്കി ഉപയോഗിക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുവാദം നല്‍കും. വൈദ്യുതി ലൈനുകളില്ലാത്ത ഇടങ്ങളില്‍ ലൈനിട്ട് വൈദ്യുതി നല്‍കിക്കഴിഞ്ഞാല്‍ ഉപഭോക്താക്കളില്‍ നിന്ന് നിശ്ചിത കാലയളവില്‍ വാടക ഈടാക്കാന്‍ കമ്പനികള്‍ക്ക് അംഗീകാരം നേടുകയും ചെയ്യാം. കഴിഞ്ഞില്ല, കെഎസ്ഇബിയുടെ നടുവൊടിക്കുന്ന മറ്റൊരു നിര്‍ദേശം ഇതിലുണ്ട്, കെഎസ്ഇബി ഉള്‍പ്പെടുന്ന വൈദ്യുതി വിതരണ യൂട്ടിലിറ്റികളുടെ ഷെയറുകള്‍ ലിസ്റ്റ് ചെയ്യണമെന്നത്. അതായത് കെഎസ്ഇബിയുടെ ഷെയറുകള്‍ വാങ്ങാന്‍ സ്വകാര്യ കമ്പനികള്‍ക്ക് അവസരം ലഭിക്കുമെന്ന് ചുരുക്കം.

കടത്തിവിടുന്നത് സ്വകാര്യവത്ക്കരണം

2003ല്‍ വൈദ്യുതിനിയമം വന്ന സമയത്ത് രാജ്യത്തെ വൈദ്യുതി വിതരണ ഏജന്‍സികളുടെ കടം 70000 കോടി ആയിരുന്നത് ഇന്ന് ഏഴ് ലക്ഷം കോടിയാണ്. സംസ്ഥാനങ്ങളാകട്ടെ സമയാസമയങ്ങളില്‍ വൈദ്യുതി ബാധ്യത അടിച്ചേല്‍പ്പിക്കാതെ ജനപ്രിയമാകാന്‍ നോക്കുന്നുവെന്നാണ് നയരേഖയിലെ ആരോപണം. ഇത് വിലയിരുത്തേണ്ട റഗുലേറ്ററി കമീഷനുകള്‍ പലപ്പോഴും നോക്കുകുത്തിയാണ്. ഇനി ഇത് സാധ്യമല്ല. ശരിയായ സമയത്ത് റഗുലേറ്ററി കമ്മീഷന്‍ ഉത്തരവിറക്കിയില്ലെങ്കില്‍ വൈദ്യുതി ബാധ്യത ജനത്തില്‍ അടിച്ചേല്‍പിച്ചേ തീരൂവെന്ന് വൈദ്യുതി നയം ആവര്‍ത്തിക്കുമ്പോള്‍ നമുക്ക് ഒന്നുറപ്പിക്കാം. വൈദ്യുതി മേഖലയിലെ മുതല്‍ മുടക്കില്‍ നിന്ന് സര്‍ക്കാരുകള്‍ പിന്‍മാറുന്നു എന്ന്. സ്വകാര്യകമ്പനികള്‍ക്ക് കടന്ന് വന്ന് പണമിറക്കാം, ലാഭം കൊണ്ടുപോകാം. വൈദ്യുതി മേഖലയില്‍ സര്‍ക്കാര്‍ മുതല്‍മുടക്കിയ സജ്ജീകരണങ്ങള്‍ വാടക നല്‍കി ഉപയോഗിക്കാം. ഞങ്ങള്‍ക്ക് ഇത്രയൊക്കെയേ സാധിക്കൂവെന്ന് ഊര്‍ജമന്ത്രാലയം പറഞ്ഞുവെക്കുമ്പോള്‍ നമുക്ക് ചോദിക്കാതിരിക്കാനാവില്ല, ഊര്‍ജ മന്ത്രാലയം എന്ന വകുപ്പ് പിന്നെ എന്തിനാണ്? സംസ്ഥാനങ്ങളിലെ നൂറുകണക്ക് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്തിനാണ്. കാവല്‍ ചുമതല മാത്രമാണ് അവര്‍ക്കെങ്കില്‍ അവരെ തീറ്റിപ്പോറ്റാന്‍ എന്തിനാണ് നമ്മുടെ വിയര്‍പ്പ് നികുതിയില്‍ നിന്ന് ശതകോടികള്‍ ചെലവിടുന്നത്. കരട് വൈദ്യുതി നയത്തിന്റെ മറവില്‍ സ്വകാര്യവത്ക്കരണ നടപടികള്‍ കടത്തിവിടുമ്പോള്‍ ജനാഭിപ്രായം ഉയരേണ്ടതുണ്ട്. അത് പങ്കുവെക്കാന്‍ ഇനിയും സമയമുണ്ട്. പ്രതികരിക്കുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com