
പി.വി. അന്‍വര്‍ എന്തുകൊണ്ട് എല്‍ഡിഎഫ് വിട്ടു? കണക്കു തിരിച്ചും മറിച്ചും കൂട്ടിയാലും ഉത്തരം ഒന്നേയുള്ളു. എല്‍ഡിഎഫിനൊപ്പം നിന്നാല്‍ 2026ല്‍ നിലമ്പൂരില്‍ ജയിക്കില്ല എന്ന ഭീതി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്നെ 2,700 വോട്ടിനാണ് കഷ്ടിച്ചു ജയിച്ചു കയറിയത്. എതിരാളിയായി വരുന്നത് ആര്യാടന്‍ ഷൗക്കത്ത് ആണെങ്കിലും വി.എസ്. ജോയി ആണെങ്കിലും അടുത്തതവണ ജയിക്കാനാവില്ല എന്ന തോന്നലുണ്ടായി. നിലമ്പൂരില്‍ വീണ്ടും ജയിക്കുക എന്നതിനപ്പുറം ജയിക്കാവുന്ന ഏതെങ്കിലും ഒരു സീറ്റ് കിട്ടുക എന്നതായി പി.വി. അന്‍വറിന്റെ രാഷ്ട്രീയ ലൈന്‍. 2026ലേക്കുള്ള ഡീല്‍ യുഡിഎഫില്‍ ഉറപ്പിച്ച ശേഷമാണ് പി.വി അന്‍വര്‍ രാജിവച്ചത് എന്നു കരുതുന്നവരാണ് ഏറെയും. പക്ഷേ ഒരു ഡീലും ഉറപ്പിക്കാതെ ഒറ്റബുദ്ധിക്ക് ചാടിവീണതാണ് എന്നാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ കാണിക്കുന്നത്. എഡിജിപിയായിരുന്ന എം.ആര്‍. അജിത് കുമാറിനെതിരെ നടത്തിയ യുദ്ധമൊക്കെ മുന്നണി വിടാനുള്ള കളമൊരുക്കാന്‍ ചെയ്തതല്ലെങ്കില്‍ മറ്റെന്താണ്? അഴിമതിക്കെതിരെ യുദ്ധം നടത്തിയ അന്‍വറിനെയല്ല കേരളം കണ്ടിട്ടുള്ളത്. നിയമം ലംഘിച്ചുള്ള വാട്ടര്‍ തീം പാര്‍ക്കിന്റേയും അനധികൃതമായി കൈവശം വച്ച ഭൂമിയുടേയും ഒക്കെ പേരില്‍ നടപടി നേരിടുന്നയാളെയാണ് കണ്ടിട്ടുള്ളത്. ജനതയുടെ കണ്‍മുന്നിലാണ് തടയണ പൊളിച്ചുകളയേണ്ടി വന്നത്. എത്ര തവണയാണ് അനുമതി കിട്ടിയും നഷ്ടപ്പെട്ടും വാട്ടര്‍ തീം പാര്‍ക്ക് വാര്‍ത്തകളില്‍ നിറഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുന്‍പ് സിയാറോ ലിയോണിലാണെന്നു റീലുകള്‍ ഇട്ട എംഎല്‍എ ഒരു വാഗ്ദാനവും നല്‍കിയിരുന്നു. സ്വര്‍ണം കുഴിച്ചെടുക്കുന്ന ആ പണിക്കായി സ്വന്തം മണ്ഡലത്തില്‍ നിന്ന് ചെറുപ്പക്കാരെ കൊണ്ടുപോകുമെന്ന്. പി.വി. അന്‍വര്‍ എന്ന അധ്യായത്തിന് ഇങ്ങനെ ദുരൂഹമായ അനേകം ഏടുകളുണ്ട്.
നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പുകളുടെ ചരിത്രം
പി.വി. അന്‍വര്‍ സ്വയം ജയിക്കാന്‍ വേണ്ടി മാത്രം അനിവാര്യമാക്കിയ ഉപതെരഞ്ഞെടുപ്പാണ് നിലമ്പൂരിലേത്. കെ. കുഞ്ഞാലിയുടെ സ്വന്തം നിലമ്പൂരില്‍ ആര്യാടന്‍ മുഹമ്മദിനു മുന്നില്‍ സിപിഐഎം സ്ഥിരമായി തോല്‍ക്കാന്‍ തുടങ്ങിയത് 1987ലാണ്. പിന്നെ മണ്ഡലമൊന്നു തിരിച്ചുകിട്ടിയത് 2016ല്‍ പി.വി. അന്‍വര്‍ എന്ന ഇടതുസ്വതന്ത്രനിലൂടെയാണ്. അന്‍വറില്ലെങ്കില്‍ സിപിഐഎം ഇല്ല എന്നാണ് യുഡിഎഫ് പറഞ്ഞു നടക്കുന്നത്. അതങ്ങനെയല്ല എന്നു തെളിയിക്കേണ്ട വലിയ ബാധ്യത എല്‍ഡിഎഫിനുമുണ്ട്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു ചലനവും ഉണ്ടാക്കില്ല. നിലമ്പൂരില്‍ പോലും അന്‍വറിന്റെ രാഷ്ട്രീയ ഭാവിയല്ലാതെ മറ്റൊരു വിഷയവും ചര്‍ച്ചയിലുമുണ്ടാകില്ല. പക്ഷേ, നിലമ്പൂര്‍ യുഡിഎഫ് പറയുന്നതുപോലെ സെമിഫൈനല്‍ ഒന്നുമല്ലെങ്കിലും ഒരു ദിശാസൂചികയായിരിക്കും. ശരിക്കും സെമിഫൈനലായ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പിന്നാലെ വരുന്നുണ്ട്.
ഏറ്റവും കൂടുതല്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടന്നിട്ടുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് നിലമ്പൂര്‍. രാഷ്ട്രീയമായ അനിവാര്യതകൊണ്ടും ഇതുപോലുള്ള രാജികൊണ്ടും ഒക്കെ ഉപതെരഞ്ഞെടുപ്പ് നടന്ന ചരിത്രം മറ്റൊരു മണ്ഡലത്തിനും ഉണ്ടാകില്ല. മഞ്ചേരി വിഭജിച്ച് നിലമ്പൂര്‍ ഉണ്ടായത് 1965ലാണ്. ആ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന്റെ കെ. കുഞ്ഞാലിയാണ് ജയിച്ചത്. ആര്‍ക്കും ഭൂരിപക്ഷമില്ലാതെ ഭരണം സാധ്യമാകാതെ പോയ തെരഞ്ഞെടുപ്പായിരുന്നു അത്. 1967ല്‍ വീണ്ടും തെരഞ്ഞെടുപ്പ്. അത്തവണയും കെ. കുഞ്ഞാലി തന്നെ. ഈ സഭാ കാലയളവിലാണ് കെ. കുഞ്ഞാലി വെടിയേറ്റു മരിക്കുന്നത്. സംസ്ഥാനത്ത് ഒരു എംഎല്‍എ അതിനു മുന്‍പും ശേഷവും വെടിയേറ്റു മരിച്ചിട്ടില്ല. കെ. കുഞ്ഞാലി കൊല്ലപ്പെട്ട ശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചത് സിപിഐഎം അല്ല. കോണ്‍ഗ്രസിന്റെ എംപി ഗംഗാധരന്‍ സിപിഐഎമ്മിന്റെ വി.പി. അബൂബക്കറിനെ പരാജയപ്പെടുത്തുകയായിരുന്നു. നിലമ്പൂര്‍ എന്ന മണ്ഡലം ഒളിപ്പിച്ചുവയ്ക്കുന്ന രാഷ്ട്രീയച്ചുഴികള്‍ വെളിച്ചത്തുവന്നത് ഇങ്ങനെയാണ്. 1970ലും എം പി ഗംഗാധരന്‍ തന്നെ. കുഞ്ഞാലിയുടെ കൊലപാതകത്തില്‍ മുഖ്യആരോപണ വിധേയനായ ആര്യാടന്‍ മുഹമ്മദ് 1977ല്‍ ജയിക്കുന്നതാണ് പിന്നീട് കണ്ടത്. 1980ല്‍ ജയിച്ചത് കോണ്‍ഗ്രസിന്റെ ഹരിദാസ് ആണെങ്കിലും ഏറെ വൈകാതെ രാജിവച്ചു. ആ രാജി ആര്യാടന്‍ മുഹമ്മദിനെ ജയിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച ആര്യാടന്‍ കോണ്‍ഗ്രസ് ഐയിലെ എം ആര്‍ ചന്ദ്രനെയാണ് തോല്‍പ്പിച്ചത്. എന്നിട്ട് ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ അംഗവുമായി. 1982ലാണ് ശരിക്കുള്ള അട്ടിമറി നടന്നത്. അതുവരെ കരുണാകരനൊപ്പമുള്ള കോണ്‍ഗ്രസിന്റെ ഡിസിസി പ്രസിഡന്റ് ആയിരുന്ന ടി.കെ. ഹംസ എല്‍ഡിഎഫ് സ്വതന്ത്രനായിയെത്തി ജയിച്ചു കയറി. പി.വി. അന്‍വറിനെ മൂന്നു പതിറ്റാണ്ടിനു ശേഷം പരീക്ഷിക്കാന്‍ ഊര്‍ജം നല്‍കിയത് ടി.കെ. ഹംസയുടെ ഈ വരവാണ്. 1987ല്‍ മണ്ഡലം തിരിച്ചുപിടിച്ച ആര്യാടന്‍ മുഹമ്മദ് പിന്നെ നിലമ്പൂരില്‍ തോറ്റിട്ടില്ല.
ആര്യാടന്‍ ഷൗക്കത്തും അന്‍വറും
2016ല്‍ ആര്യാടന്‍ മുഹമ്മദ് പിന്മാറുകയും മകനും ഇപ്പോഴത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ഷൗക്കത്ത് എത്തുകയും ചെയ്തതാണ് മണ്ഡലത്തിന്റെ സ്വഭാവം മാറ്റിയത്. ഇടതുസ്വതന്ത്രനായി എത്തിയ പി.വി. അന്‍വര്‍ 11,504 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചുകയറിയത്. ആ ഭുരിപക്ഷമാണ് 2021ല്‍ 2007 വോട്ടിലേക്കു താഴ്ന്നത്. മണ്ഡലം കോണ്‍ഗ്രസിന്റെ കുത്തക എന്നു പറയാന്‍ കഴിയില്ല. അത് ആര്യാടന്‍ മുഹമ്മദിന്റെ കുത്തകയായിരുന്നുവെന്നു പറയാം. നിലമ്പൂര്‍ കോവിലകവും കോണാലി പ്‌ളോട്ടുമൊക്കെ നിലകൊള്ളുന്ന മണ്ഡലം രാഷ്ട്രീയമായി വളരെ സെന്‍സിറ്റീവാണ്. കേരളത്തില്‍ ഏറ്റവും രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട മണ്ഡലങ്ങളിലൊന്ന് എന്നു പറയാം. അതുകൊണ്ടുതന്നെ നിലമ്പൂരിലെ തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ കേരളത്തിന്റെ കണ്ണാടിയുമായിരിക്കും. സര്‍ക്കാരിനെതിരേ യുഡിഎഫ് പറയുന്നതുപോലൊരു വികാരം നിലവിലുണ്ടോ എന്ന് ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ വ്യക്തമാകും. നിലമ്പൂര്‍ നഗരസഭ. വഴിക്കടവ്, മൂത്തേടം, എടക്കര, പോത്തുകല്‍, ചുങ്കത്തറ, കരുളായി, അമരമ്പലം പഞ്ചായത്തുകള്‍. ഇതില്‍ നഗരസഭയും രണ്ടു പഞ്ചായത്തുകളും എല്‍ഡിഎഫിനൊപ്പം. അഞ്ചു പഞ്ചായത്തുകള്‍ യുഡിഎഫിനൊപ്പം. നഗരസഭയില്‍ വാര്‍ഡെണ്ണവും വോട്ടെണ്ണവും കൂടുതലാണ്. അതുപരിഗണിക്കുമ്പോള്‍ മണ്ഡലത്തില്‍ രണ്ടുമുന്നണികളും ഒപ്പത്തിനൊപ്പമാണെന്നു പറയാം. പക്ഷേ, ഈ മണ്ഡലത്തില്‍ ചില കൗതുകമുണര്‍ത്തുന്ന ഘടകങ്ങള്‍ കൂടിയുണ്ട്.
ബിജെപി ഏറ്റവും ദുര്‍ബലമായ മണ്ഡലം
ബിജെപി, എസ്ഡിപിഐ എന്നീ പാര്‍ട്ടികളുടെ വോട്ടെണ്ണം രസകരമാണ്. 2016ല്‍ ബിഡിജെഎസിന്റെ ഗിരീഷ് മേക്കാട്ടാണ് എന്‍ഡിഎയ്ക്കു വേണ്ടി മല്‍സരിച്ചത്. 12,284 വോട്ട് ഗിരീഷ് നേടി. എന്നാല്‍ 2021ല്‍ മത്സരിച്ചത് ടികെ അശോക് കുമാറാണ്. കിട്ടിയത് 8,595 വോട്ടും. പി വി അന്‍വര്‍ 2,700 വോട്ടിന് മാത്രം ജയിച്ച ആ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 3,689 വോട്ടാണ് കുറഞ്ഞത്. മൊത്തം പോള്‍ ചെയ്ത വോട്ടില്‍ വലിയ വര്‍ദ്ധന ഉണ്ടായി എന്നു കൂടി ഓര്‍ക്കണം. 2016ല്‍ പോള്‍ ചെയ്തത് 1,62,503 വോട്ട് ആണെങ്കില്‍ 2021ല്‍ 1,72,205 വോട്ട് പോള്‍ ചെയ്തു. പതിനായിരത്തിലേറെ വോട്ടുകള്‍ കൂടുതല്‍ വന്നിട്ടും ബിജെപിക്ക് മൂവായിരത്തിയഞ്ഞൂറിലേറെ വോട്ടുകള്‍ കയ്യില്‍ നിന്നു പോയി. അതു നേടിയത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി.വി. പ്രകാശ് ആയിരുന്നെങ്കില്‍ ഇത്തവണ കഥ കൂടുതല്‍ സങ്കീര്‍ണമാകും. ബിജെപി മത്സരിക്കുമോ മാറി നില്‍ക്കുമോ എന്നതു മാത്രമല്ല, മറ്റൊരു ഫാക്ടര്‍ കൂടിയുണ്ട് നിലമ്പൂരില്‍. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചത് കെ ബാബുമണിയാണ്. 2016ല്‍ ബാബുമണി 4751 വോട്ട് നേടിയപ്പോള്‍ 2021ല്‍ കിട്ടിയത് 3281 മാത്രമാണ്. അന്‍വര്‍ 2500 വോട്ടിന് ജയിച്ച തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐക്കു നഷ്ടമായത് 1500 വോട്ടാണ്. ഇത്തവണ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി ഉണ്ടാകുമോ? അതുപോലെ ബിജെപി ആരെ മല്‍സരിപ്പിക്കും? ഈ രണ്ടു ചോദ്യങ്ങളും ഏറെ പ്രസക്തമാണ്. മല്‍സരത്തിനില്ലാത്ത പി.വി. അന്‍വര്‍ ആയിരിക്കും ഇത്തവണ മണ്ഡലത്തിലെ മുഖ്യസ്ഥാനാര്‍ത്ഥിയും വിഷയവും. അന്‍വറിന്റെ രാഷ്ട്രീയഭാവി എന്നതിനേക്കാള്‍ പ്രധാനമായ മറ്റൊന്നുണ്ട്. എന്തിനാണ് ഇങ്ങനെയൊരു ഉപതെരഞ്ഞെടുപ്പ് എന്ന ചോദ്യമാണത്. ഈ പെരുമഴയത്ത് അതിനുള്ള ഉത്തരംകൂടി നിലമ്പൂരില്‍ നിന്നു പ്രതീക്ഷിക്കാം.