

തകർന്നടിഞ്ഞ ഗസ്സയിലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഫലസ്തീൻ ജനതയ്ക്ക് അല്പം ആശ്വാസമേകി ലോകകപ്പ് മത്സരങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചിരുന്ന ഗസ്സയിലെ ഈജിപ്ഷ്യൻ റിലീഫ് കമ്മിറ്റിയുടെ പബ്ലിക് റിലേഷൻസ് ഡയറക്ടറായ മുഹമ്മദ് അൽ-വാഹിദി ഇസ്രായേൽ നടത്തിയ മിസൈലാക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നു. ഈജിപ്ത് - അർജന്റീന മത്സരത്തിന് തൊട്ടുമുൻപ് സബ്രയിൽ വെച്ചായിരുന്നു അദ്ദേഹം കൊല്ലപ്പെട്ടത്. യുദ്ധ ദുരിതങ്ങൾക്കിടയിലും ഗാസയിലെ ജനങ്ങൾക്ക് ലോകകപ്പ് ഫുട്ബാൾ മത്സരങ്ങളിലൂടെ അൽപമെങ്കിലും ആശ്വാസം പകർന്ന ഒരാളായിരുന്നു എന്നത് കൊണ്ടുതന്നെ മുഹമ്മദ് അൽ-വാഹിദിയുടെ വേർപാട് വളരെ വേദനാജനകമാണ്. മത്സരങ്ങൾ ക്വാർട്ടർ ഫൈനൽ റൗണ്ടിലേക്ക് കടന്ന പശ്ചാത്തലത്തിൽ ലോകം മുഴുവൻ മത്സരങ്ങളിലേക്ക് കണ്ണുംനട്ടിരിക്കുകയാണ്. അതിന് യുദ്ധമുഖമെന്നോ, ആത്മീയ കേന്ദ്രമെന്നോ എന്നൊന്നും ഉള്ള വേർതിരിവില്ല. മെക്‌സിക്കോ, അമേരിക്ക, കാനഡ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പ് മത്സരങ്ങൾ ഒരു മാസം പൂർത്തിയാവുമ്പോൾ വിവാദങ്ങൾക്കും പഞ്ഞമില്ല. ഭൗമ രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പ്രതിഫലനങ്ങളും പക്ഷപാതിത്തവുമൊക്കെ ലോകകപ്പിൽ ഇതിനകം ദൃശ്യമായിക്കഴിഞ്ഞു. വംശീയതയും അമരിക്കൻ ദാസ്യത്വവും ചർച്ചകളിലെത്തി. റഫറിയിങ്ങിലെ പക്ഷപാതിത്വം, വിസ വിലക്കുകൾ, സാമ്പത്തിക ചൂഷണം എന്നിവ ടൂർണമെന്റിന്റെ ശോഭ കെടുത്തിയോ എന്ന ചോദ്യവുമുയരുന്നു. സുതാര്യതയില്ലാത്ത സംഘാടനവും കടുത്ത വാണിജ്യവൽക്കരണവും സാധാരണക്കാരായ ആരാധകരെയും അകറ്റിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
ചുവപ്പു ട്രംപ് കാർഡ് വിവാദം
യുഎസ് താരം ഫോലാരിൻ ബലോഗന് ലഭിച്ച ചുവപ്പ് കാർഡും തുടർന്നുള്ള വിലക്കും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇടപെടലിനെത്തുടർന്ന് റദ്ദാക്കിയതാണ് അന്താരാഷ്ട്ര ഫുട്ബാൾ സംഘടനയായ ഫിഫക്ക് വലിയ നാണക്കേടുണ്ടാക്കിയ സംഭവം. ഫിഫ പ്രസിഡന്റ് ജിയോനി ഇൻഫാന്റിനോയെ പല തവണ വിളിച്ചാണ് ട്രംപ് തീരുമാനം മാറ്റിച്ചത്. തുടർന്ന്, ബെൽജിയത്തിനെതിരായ പ്രീ ക്വാർട്ടർ മത്സരത്തിൽ ബലോഗനെ കളിക്കാൻ അനുവദിച്ച നടപടി കായികരംഗത്തെ നിഷ്പക്ഷതയും വിശ്വാസ്യതയും തകർത്തെന്ന് വിമർശനമുണ്ടായി. ഒളിമ്പിക് കമ്മിറ്റി മെമ്പർ ആയ ഫിഫ പ്രസിഡന്റ് ജിയോനി ഇൻഫാന്റിനോ രാഷ്ട്രീയ നിഷ്പക്ഷത ലംഘിച്ചെന്ന് ആരോപിച്ച് സന്നദ്ധ സംഘടനയായ ഫെയർ സ്‌ക്വയർ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് പരാതി നൽകാനൊരുങ്ങുകയാണ്. ഫിഫ പ്രസിഡന്റ് തുടർച്ചയായി നിഷ്പക്ഷത ലംഘിക്കുകയാണെന്നും സംഘടന ചൂണ്ടിക്കാട്ടി.. ബലോഗനെ കളിപ്പിച്ചത് തന്റെ ആവശ്യപ്രകാരമാണെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ലോകകപ്പ് ചരിത്രത്തിലെ അത്യപൂർവ സംഭവമാണിത്.
അർജന്റീനിയൻ പക്ഷപാതിത്തമോ
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവുകളിലൊന്നായ അർജന്റീന 13 മിനിറ്റിനുള്ളിൽ മൂന്ന് ഗോൾ നേടിയ മത്സരത്തിലെ തോൽവിക്ക് പിന്നാലെ പരിശീലകൻ ഹൊസാം ഹസ്സനും കളിക്കാരും റഫറിയിങ്ങിനെ ശക്തമായി വിമർശിച്ചിരുന്നു. 58ാം മിനിറ്റിൽ ഈജിപ്ത് നേടിയ രണ്ടാമത്തെ ഗോൾ വിഡിയോ അസിസ്റ്റന്റ് റഫറി അവലോകനത്തിൽ റദ്ദാക്കപ്പെട്ടതാണ് വിവാദമായത്.. ഗോൾ നേടുന്നതിന് മുമ്പ് മർവാൻ അറ്റിയ അർജന്റീന ഡിഫൻഡർ ലിസാൻഡ്രോ മാർട്ടിനെസിനെ ഫൗൾ ചെയ്തതായിരുന്നു കാരണം. മെസ്സിയെയും അർജന്റീനയെയും അനുകൂലിക്കുന്ന ഒരു ഫുട്ബാൾ സ്ഥാപനത്തിന്റെ ഇരയാണ് തന്റെ ടീം എന്ന് മത്സരശേഷം കോച്ച് ഹൊസാം ഹസ്സൻ പറഞ്ഞിരുന്നു.. കളിയുടെ നാടകീയമായ ക്ലൈമാക്‌സിൽ ഈജിപ്തിന്റെ ഗോൾകീപ്പിങ് പരിശീലകൻ സാഫാൻ എൽസാഗിറിന് ചുവപ്പ് കാർഡും ലഭിച്ചു.
പലസ്തീൻ പതാകയുയർത്തി ഈജിപ്ഷ്യൻ കോച്ച്
2026 ലോകകപ്പ് നോക്കൗട്ട് മത്സരഗ്രൗണ്ടിൽ ഈജിപ്ഷ്യൻ പരിശീലകൻ ഹൊസം ഹസൻ ഫലസ്തീൻ പതാകയുയർത്തിയത് ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളെ ലോകകപ്പ് ഫുട്ബാളിലേക്കുള്ള ചേർത്തുവെക്കലായി. ടെക്‌സസിലെ ഡാലസ് സ്റ്റേഡിയത്തിൽ നടന്ന ഈജിപ്ത് ഓസ്ട്രേലിയ മത്സരത്തിന് ശേഷമായിരുന്നു സംഭവം.. മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയായിരുന്നു ചരിത്രത്തിലാദ്യമായി ഈജിപ്ത് പ്രീക്വാർട്ടറിൽ പ്രവേശിച്ചത്.. മത്സരശേഷം ഗ്രൗണ്ടിന്റെ കോർണറിൽ നിന്നായിരുന്നു കോച്ച് ഹസന്റെ പതാകയുയർത്തൽ. അതോടെ ഗാലറിയിലെ ഒരു വിഭാഗം കാണികൾ 'ഫ്രീ ഫ്രീ പലസ്തീൻ' മുദ്രാവാക്യങ്ങൾ ഉയർത്തി അദ്ദേഹത്തിന് ഒപ്പം ചേർന്നു. നേരത്തെ ഈജിപ്ഷ്യൻ ടീം പെനാൽറ്റി ഷൂട്ടൗട്ടിനായി എത്തിയപ്പോൾ ഈജിപ്തിന്റെയും പലസ്തീനിന്റെയും പതാകകൾ പുതച്ചായിരുന്നു ഹൊസം ഹസൻ ഗ്രൗണ്ടിൽ ഇറങ്ങിയത്. മത്സരശേഷം അദ്ദേഹം പലസ്തീൻ ജനതക്കായി ഈജിപ്തിന്റെ വിജയം സമർപ്പിക്കുകയും ചെയ്തു.
സർവത്ര വംശീയത; വിദ്വേഷം
ഫ്രാൻസ് ക്യാപ്റ്റൻ കിലിയൻ എംബാപ്പെയെക്കുറിച്ച് പരാഗ്വേ സെനറ്റർ സെലസ്റ്റെ അമറില്ല നടത്തിയ വംശീയമായ പരാമർശങ്ങൾ വലിയ വിവാദമായി. എംബാപ്പെയെ 'കോളനിവൽക്കരിക്കപ്പെട്ട കാമറൂണിയൻ' എന്ന് അധിക്ഷേപിച്ച സെനറ്ററുടെ നടപടിയെ ഫിഫയും ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷനും ശക്തമായി അപലപിച്ചു. ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഇറാൻ ഫുട്ബാൾ ടീമിന് കടുത്ത അനീതിയാണ് യുഎസ് ഭരണകൂടത്തിൽനിന്ന് നേരിട്ടത്.. അവരുടെ മത്സരങ്ങൾ അമേരിക്കയിലായിരുന്നിട്ടും അവിടെ താമസിക്കാൻ അവരെ അനുവദിച്ചില്ല. ആയതിനാൽ ഇറാൻ ടീമിന് മെക്‌സികോയിൽ ക്യാമ്പ് ചെയ്ത് മത്സരങ്ങളുള്ള ദിവസങ്ങളിൽ യു.എസിൽ പോയി തിരികെ മടങ്ങേണ്ടി വന്നു. തുടർ യാത്രകളും വിശ്രമമില്ലായ്മയും മതിയായ പരിശീലനം ലഭിക്കാത്തതും ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്ന് പരിശീലകനടക്കം പരാതിപ്പെട്ടിട്ടും ഇറാന് അനുകൂല നടപടികളൊന്നുമുണ്ടായില്ല. ഇറാനിയൻ ആരാധകർക്കായി അനുവദിച്ചിരുന്ന ടിക്കറ്റ് ക്വോട്ടയും അമേരിക്ക പിൻവലിച്ചു.. ബൽജിയം പരിശീലകൻ റൂഡി ഗാർഷ്യ സെനഗൽ ടീമിനെക്കുറിച്ച് നടത്തിയ പ്രസ്താവന വംശീയമായ ചായ്വുള്ളതാണെന്ന് വിമർശനം ഉയർന്നിരുന്നു. അർജന്റീനയും കേപ് വെർദെയും തമ്മിലുള്ള മത്സരത്തിനിടെ ഒരു അർജന്റീന ആരാധകനിൽ നിന്ന് പ്രശസ്ത അമേരിക്കൻ ലൈവ് സ്ട്രീമർ ഐഷോ സ്പീഡിന് വംശീയ അധിക്ഷേപം നേരിട്ട സംഭവത്തിൽ ഫിഫ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ലോകകപ്പ് തുടങ്ങും മുമ്പുതന്നെ മത്സരങ്ങൾ നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട പ്രമുഖ സോമാലിയൻ റഫറി ഉമർ അർതാന് യുഎസിൽ പ്രവേശനാനുമതി നിഷേധിക്കപ്പെട്ടതും പ്രതിഷേധത്തിടയാക്കിയിരുന്നു.
ഫിഫയ്ക്കെതിരെയും ആരോപണങ്ങൾ
ഈ ലോകകപ്പിൽ പുതുതായി അവതരിപ്പിച്ച ഹൈഡ്രേഷൻ ബ്രേക്കുകൾ സംപ്രേഷണ ചാനലുകൾക്ക് പരസ്യങ്ങൾക്കായി ഉപയോഗിക്കാനുള്ള ഫിഫയുടെ വാണിജ്യ താൽപ്പര്യമായിരുന്നെന്ന വിമർശനം ഉയർന്നിട്ടുണ്ട്. ഇതിനുപുറമെ, ടിക്കറ്റ് വിതരണത്തിലെ അപാകതകളും വലിയൊരു വിവാദമായി മാറി. 'ഡൈനാമിക് പ്രൈസിങ്' വഴി ടിക്കറ്റ് നിരക്ക് 11,000 ഡോളർ അതായത് ഏകദേശം 9 ലക്ഷം രൂപ വരെ ഉയർന്നതിലും, ഉയർന്ന തുക നൽകിയ ആരാധകർക്ക് മോശം സീറ്റുകൾ നൽകി വഞ്ചിച്ചതിലും ന്യൂയോർക്ക്, ന്യൂജഴ്‌സി അധികൃതർ ഫിഫയ്ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.. ടിക്കറ്റ് വിതരണത്തിലെ സുതാര്യതയില്ലായ്മ, കൃത്രിമക്ഷാമം സൃഷ്ടിക്കൽ, ഉയർന്ന തുക വാങ്ങി മോശം സീറ്റുകൾ നൽകി ആരാധകരെ വഞ്ചിക്കൽ എന്നിവയാണ് പ്രധാന ആരോപണങ്ങൾ. ഈ വിഷയത്തിൽ കോടതി ഫിഫയ്ക്ക് സമൻസും അയച്ചിട്ടുണ്ട്.
മികച്ച മത്സരങ്ങൾ പുലരട്ടെ
കായികരംഗത്തെ അടിസ്ഥാന തത്ത്വങ്ങളായ നിഷ്പക്ഷതയും തുല്യതയും 2026 ഫിഫ ലോകകപ്പിൽ അട്ടിമറിക്കപ്പെടുകയാണോ എന്ന് സംശയിക്കാവുന്ന സ്ഥിതി വിശേഷം നിരവധി തവണ ഈ ലോകകപ്പിൽ ഉണ്ടായിക്കഴിഞ്ഞു. ശക്തരായ രാഷ്ട്രീയ അധികാരികൾക്ക് വഴങ്ങുന്ന ഫിഫയുടെ നിലപാടുകളും ലോകകപ്പ് ഫുട്ബാളിന്റെ ശോഭ കെടുത്തുന്നു. മികച്ച സംഘാടനവും നല്ല മത്സരങ്ങളുമാണ് ലോകകപ്പിൽ ജനങ്ങൾ പ്രതീക്ഷിക്കുന്നത്. കളിക്കളത്തിലെ വീറും വാശിയും പ്രതിഭയും മാത്രമാകണം ലോകകപ്പിന്റെ മാറ്റുകൂട്ടേണ്ടത്. അല്ലാതെ പുറത്തുനിന്നുള്ള അനാവശ്യ ഇടപെടലുകളല്ല. തുല്യതയും കായികമര്യാദയും ഇനിയും ഉറപ്പുവരുത്താൻ കഴിഞ്ഞില്ലെങ്കിൽ ഈ ലോകകപ്പ്, ചരിത്രത്തിൽ ഇടംപിടിക്കുക അതിലെ വീഴ്ചകളുടെ പേരിലാകും.