സി.എം.ആര്‍.എലില്‍ സംഭവിക്കുന്നതെന്ത്?

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ പൊതുലിമിറ്റഡ് രാസവസ്തു നിര്‍മ്മാണ കമ്പനിയാണ് സിഎംആർഎൽ
സി.എം.ആര്‍.എലില്‍ സംഭവിക്കുന്നതെന്ത്?
Published on
Updated on

സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ തുടര്‍നടപടികളിലേക്ക് കടക്കുകയാണ് ഇഡി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണക്ക് ഉടന്‍ ഇഡി സമന്‍സ് നല്‍കും. ബാങ്ക് ലോക്കര്‍ തുറന്ന് പരിശോധിക്കും. ഇതിനിടെയാണ് സിഎംആര്‍എല്ലില്‍ 15 വര്‍ഷത്തിനിടെ നടന്നത് 182 കോടി രൂപയുടെ ക്രമക്കേടാണെന്ന സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന്റെ കണ്ടെത്തല്‍ വീണ്ടും സജീവ ചര്‍ച്ചയാകുന്നത്.

സിഎംആര്‍എല്ലില്‍ സംഭവിക്കുന്നതെന്ത്?

കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂടൈല്‍ ലിമിറ്റഡ് അഥവാ സിഎംആര്‍എല്‍ എന്നത് കേരളത്തിലെ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ പൊതുലിമിറ്റഡ് രാസവസ്തു നിര്‍മ്മാണ കമ്പനിയാണ്. 1989-ല്‍ ഡോ. എസ്.എന്‍. ശശിധരന്‍ കര്‍ത്തയാണ് ഈ കമ്പനി സ്ഥാപിച്ചത്. പ്രധാനമായും സിന്തറ്റിക് റൂട്ടൈല്‍ ഉത്പാദിപ്പിക്കുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യയില്‍ ഈ മേഖലയിലുള്ള ഏക ലിസ്റ്റഡ് കമ്പനിയാണിത്. കമ്പനിയുടെ തുടക്കത്തില്‍ തന്നെ കേരള സര്‍ക്കാരിന്റെ വ്യവസായ വികസന ഏജന്‍സിയായ കെ.എസ്.ഐ.ഡി.സി പങ്കാളിയായിരുന്നു. നിലവിലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം, പ്രൊമോട്ടര്‍ ഗ്രൂപ്പിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്ഐ.ഡി.സിക്ക് സിഎംആര്‍എല്ലില്‍ 13.4% ഓഹരി പങ്കാളിത്തമുണ്ട്.

15 വര്‍ഷത്തിനിടെ 182 കോടിയുടെ വ്യാജ ചെലവുകള്‍

സി.എം.ആര്‍.എല്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ 182 കോടിയുടെ വ്യാജ ചെലവുകള്‍ കാണിച്ചതായി എസ്എഫ്ഐഒ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കമ്പനി ലാഭവിഹിതം നല്‍കാതിരുന്ന കാലയളവില്‍ പോലും മാനേജിങ് ഡയറക്ടറും ജോയിന്റ് ഡയറക്ടറും ചേര്‍ന്ന് 30.63 കോടി കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ട്. ഈ സാമ്പത്തിക ക്രമക്കേടുകളിലൂടെ സമാഹരിച്ച പണം എവിടെയെല്ലാം വിനിയോഗിക്കപ്പെട്ടു എന്നതിനെക്കുറിച്ച് ഇഡി അന്വേഷിക്കുകയാണ്. അന്വേഷണം ചോദ്യം ചെയ്ത് സിഎംആർഎല്‍ സമര്‍പ്പിച്ച ഹർജി 2026 മെയ് 26ന് കേരള ഹൈകോടതി തള്ളിയതിന് പിന്നാലെയാണ് ഇ.ഡി അന്വേഷണം വീണ്ടും ഊര്‍ജിതമാക്കിയത്. സിന്തറ്റിക് റൂടൈല്‍ സംസ്‌ക്ക രിച്ചെടുത്ത ശേഷമുള്ള ചെളി നീക്കിയതിന്റെ പേരിലുള്ള സാങ്കല്‍പിക പണച്ചെലവിലൂടെ 139 കോടിയും പല വെന്‍ഡര്‍മാരുടെയും ഇന്‍വോയ്‌സ് പെരുപ്പിച്ച് കാണിച്ച് 43 കോടിയും ക്രമക്കേട് നടത്തിയതായാണ് എസ്എഫ്ഐഒ കണ്ടെത്തല്‍. എംഡി, ചീഫ് ഫിനാന്‍സ് ഓഫിസര്‍, കാഷ്യര്‍ തുടങ്ങിയവരുടെ നിര്‍ദേശപ്രകാരമാണ് ഇത് നടന്നതെന്നും കണ്ടെത്തിയിരുന്നു. ചെളി ഉള്‍പ്പെടെ ചരക്കുനീക്കത്തിന്റെ ടെന്‍ഡറുകള്‍ ലഭിച്ചത് വാഹിനി ട്രാന്‍സ്‌പോര്‍ട്ട്, നവജീവന്‍ ട്രാന്‍സ്‌പോര്‍ട്ട് എന്നീ കമ്പനികള്‍ക്കായിരുന്നു. എന്നാല്‍ ശശിധരന്‍ കര്‍ത്തയുടെ കുടുംബാംഗങ്ങള്‍ ഡയറക്ടര്‍മാരായി രൂപീകരിച്ച സ്വകാര്യ കമ്പനികളായ നിപുണ, സസ്ജ എന്നിവയുടെ വാഹനങ്ങളാണ് വാഹിനിക്കും നവജീവനും വേണ്ടി ഓടിയത് അതായത് കര്‍ത്തയുടെ സ്വകാര്യകമ്പനികളിലേക്ക് സിഎംആർഎല്ലിൽ നിന്ന് പണം ഒഴുകിയെന്ന് എസ്എഫ്‌ഐഒ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു.

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്

മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്‌സാലോജിക് സൊല്യൂഷന്‍സിന് സിഎംആര്‍എല്‍ വഴിവിട്ട രീതിയില്‍ പണം നല്‍കി എന്നതാണ് ഇ.ഡിയുടെ അന്വേഷണത്തിന് ആധാരം. 2017 നും 2020 നും ഇടയില്‍ വീണാ വിജയനും അവരുടെ കമ്പനിക്കും സി.എം.ആര്‍.എല്‍ 1.72 കോടി രൂപ നല്‍കിയതായി ആദായനികുതി വകുപ്പിന്റെ തര്‍ക്കപരിഹാര ബോര്‍ഡ് കണ്ടെത്തിയിരുന്നു. എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലിന് യാതൊരുവിധ സോഫ്റ്റ്വെയര്‍ അല്ലെങ്കില്‍ കണ്‍സള്‍ട്ടന്‍സി സേവനങ്ങളും നല്‍കിയിട്ടില്ലെന്നും, എന്നാല്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴി കൃത്യമായി പണം കൈമാറിയിട്ടുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. സിഎംആര്‍എല്‍ കമ്പനിയില്‍ ആദായനികുതി വകുപ്പ് 2019ല്‍ നടത്തിയ റെയ്ഡില്‍, കമ്പനി തങ്ങളുടെ ചെലവുകള്‍ പെരുപ്പിച്ചു കാട്ടി കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. ഈ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളില്‍ നിന്നാണ് വീണ വിജയന്റെ കമ്പനിക്ക് സിഎംആര്‍എല്‍ വലിയ തുക കൈമാറിയ വിവരം പുറത്തുവരുന്നത്. തുക ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി നല്‍കിയതാണെന്ന് അംഗീകരിക്കാന്‍ ആദായനികുതി വകുപ്പിന്റെ ഇടക്കാല സെറ്റില്‍മെന്റ് ബോര്‍ഡ് വിസമ്മതിച്ചു. 'ചെയ്യാത്ത സേവനത്തിനാണ് പണം നല്‍കിയത്' എന്ന് ബോര്‍ഡ് നിരീക്ഷിച്ചതോടെയാണ് ഈ വിഷയം വന്‍ രാഷ്ട്രീയ വിവാദമായി മാറിയത്. എക്‌സാലോജിക് സൊല്യൂഷന്‍സ് എന്ന കമ്പനി ഐ.ടി കണ്‍സള്‍ട്ടന്‍സി സേവനങ്ങളുടെ മറവില്‍ സിഎംആര്‍എല്ലില്‍ നിന്ന് 2.78 കോടി കൈപ്പറ്റിയതായി എസ്എഫ്ഐഒ അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ നിയന്ത്രണത്തിലുള്ള എംപവര്‍ ഇന്ത്യ കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് എന്ന കമ്പനിയില്‍നിന്ന് 50 ലക്ഷം രൂപ വായ്പയായും എക്‌സാലോജിക് സ്വീകരിച്ചിട്ടുണ്ട്.

ഇഡിയുടെ തുടരന്വേഷണം എങ്ങോട്ട് ?

സിഎംആര്‍എല്‍ , ടി. വീണക്കും എക്‌സാലോജിക്ക് കമ്പനിക്കും എന്തിന് 2.78 കോടി രൂപ നല്‍കി എന്ന ഇഡിയുടെ ചോദ്യത്തിന് തെളിവുനല്‍കാന്‍ അവര്‍ക്കായിട്ടില്ല. വീണാ വിജയനെയും കരിമണല്‍ കമ്പനി ജീവനക്കാരെയും വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡി തയാറെടുക്കുന്നത്. പരിശോധനക്കിടെ പിടിച്ചെടുത്ത വീണയുടെ ഫോണ്‍ ശാസ്ത്രീയ പരിശോധന നടത്തും. രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കി രണ്ട് ദിവസത്തിനകം സമന്‍സ് നല്‍കാനാണ് ഇഡി നീക്കം. ഒരു തരത്തിലുമുള്ള സമ്മര്‍ദ്ദത്തിന് വഴങ്ങാതെ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് കൊച്ചി സോണല്‍ ഓഫിസിന് ഇഡി ഡയറക്ടറേറ്റ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. വീണയുടെ കമ്പനിയും സിഎംആര്‍എല്ലും തമ്മിലുള്ള വിവാദ ഇടപാടുകളില്‍ കെഎസ്ഐഡിസി നേരിട്ട് കക്ഷിയാണെന്നായിരുന്നു കമ്പനി രജിസ്ട്രാറുടെ കണ്ടെത്തല്‍. സിഎംആര്‍എലില്‍നിന്ന് ആകെ 2.78 കോടി രൂപ കൈപ്പറ്റിയെങ്കിലും വീണയോ, എക്‌സാലോജിക് കമ്പനിയോ എന്തെങ്കിലും സേവനം സിഎംആര്‍എലിനു നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയില്ലെന്ന് എസ്എഫ്‌ഐഒ റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നു. വ്യവസായ വകുപ്പിന്റെ ഏജന്‍സിക്ക് കരിമണല്‍ കമ്പനിയില്‍ ഓഹരി പങ്കാളിത്തമുള്ളതിനാല്‍ സിഎംആര്‍എല്‍ അനധികൃത പണമിടപാട് നടത്തുന്നത് പൊതു ഖജാവില്‍ നിന്നുള്ള പണം കൊള്ളയടിക്കുന്നതിന് തുല്യമാണെന്നാണ് ഇഡിയുടെ നിലപാട്.

ഡയറിക്കുരുക്കില്‍ യുഡിഎഫ് നേതാക്കളും ?

കരിമണല്‍ ഖനനത്തിനായി ശശിധരന്‍ കര്‍ത്തയുടെ കമ്പനി പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കും മറ്റും നിയമവിരുദ്ധമായി പണം നല്‍കിയ കേസില്‍ 2019ല്‍ ആദായനികുതി വകുപ്പ് വ്യാപക പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി സിഎംആര്‍എല്‍ സിഎഫ്ഒ സുരേഷ് കുമാറിന്റെ വീട്ടില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ , സംഘടനകള്‍, എന്നിവയ്ക്ക് നല്‍കിയ പണത്തിന്റെ വിവരങ്ങളുടെ രേഖകളും കണ്ടെടുത്തിരുന്നു. ഇത് രേഖപ്പെടുത്തിയ ഡയറിയില്‍ പണം നല്‍കിയവരുടെ ചുരുക്കപ്പേരുകളിലാണ് പി.വി, ഒ.സി, ആര്‍.സി ഉള്‍പ്പെടെ ചുരുക്കെഴുത്തുകള്‍ ഇടം പിടിച്ചിരുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി. സതീശന്‍ സിഎംആര്‍എല്ലില്‍ നിന്നും കോണ്‍ഗ്രസുള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പണം വാങ്ങിയിട്ടുണ്ടെന്ന് സമ്മതിക്കുകയും ചെയ്തു. ഇതിനിടെയാണ് ഡയറിയിലെ പേരുകാരില്‍ ആര്‍ക്കെല്ലാമെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമുള്ള കുറ്റം നിലനില്‍ക്കുമെന്ന് കണ്ടെത്താന്‍ ഇ.ഡി നിയമോപദേശം തേടിയത്. വൈകാതെ സ്വീകരിച്ച പണം സംബന്ധിച്ച കണക്കുകളുടെ രേഖകള്‍ ഹാജരാക്കാന്‍ ഇ.ഡി ആവശ്യപ്പെട്ടേക്കും.

ഇഡി അന്വേഷണം പതിവ് വഴിയേ ?

മുന്‍മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട കേസിലെ ഇ.ഡിയുടെ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നുറപ്പിച്ചു പറയുകയാണ് സിപിഐഎം. മിക്ക ഇഡി റെയ്ഡുകളുടെയും പശ്ചാത്തലം അക്കാര്യം ശരിവെക്കുന്നുണ്ടെങ്കിലും സിഎംആര്‍എല്‍ എക്‌സാലോജിക്ക് ഇടപാടില്‍ അന്വേഷണം നടത്തിയ മൂന്ന് ഏജന്‍സികളും ക്രമക്കേട് നടന്നുവെന്ന് വെളിപ്പെടുത്തുന്നുണ്ട്. വെറുമൊരു സ്വകാര്യ കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍ എന്നതിനപ്പുറം കേരള രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തുന്ന ഒന്നായി ഈ കേസ് മാറുമ്പോള്‍ ഇഡിയുടെ അന്വേഷണത്തില്‍ എന്തൊക്കെ വെളിപ്പെടും എന്നറിയാനുള്ള ജിജ്ഞാസ എല്ലാവരിലുമുണ്ട്..കോര്‍പ്പറേറ്റ് ഫണ്ടിങ്ങും രാഷ്ട്രീയ സ്വാധീനങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകളുടെ നേര്‍ചിത്രമാണോ അതോ വെറും ബിസിനസ്സ് ഇടപാടുകള്‍ മാത്രമായിരുന്നോ അത് എന്ന ചോദ്യത്തിന് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ ഫലം ഉത്തരം നല്‍കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

News Malayalam 24x7
newsmalayalam.com