പ്രതിയായി പിണറായി; തെളിവ് തേടി വിജിലൻസ്

വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസിനും വീണയ്ക്കും സിഎംആർഎൽ എന്തിനാണ് പണം നൽകിയതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക എന്നതാണ് വിജിലൻസ് അന്വേഷണത്തിലെ പ്രധാന വെല്ലുവിളി.
പ്രതിയായി പിണറായി; തെളിവ് തേടി വിജിലൻസ്
Published on: 
Updated on: 

സിഎംആർഎൽ.–എക്സാലോജിക് പണമിടപാട് കേസിൽ അന്വേഷണം ഇനി നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരെ ഉൾപ്പെടെ പ്രതികളാക്കി വിജിലൻസ് രണ്ടു കേസുകളിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കോടതി ഇടപെടൽ എത്തിയി​ല്ലെങ്കിൽ വിജിലൻസ് കേസെടുത്തതിന് പിന്നാലെ ഇഡിക്കും ഇതേ വിഷയത്തിൽ ഇസിഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാനാകും. നിലവിൽ എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. അന്വേഷണം നടത്തുന്നത്. ഏതായാലും വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസിനും വീണയ്ക്കും സിഎംആർഎൽ എന്തിനാണ് പണം നൽകിയതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക എന്നതാണ് വിജിലൻസ് അന്വേഷണത്തിലെ പ്രധാന വെല്ലുവിളി.

പ്രതിയായി പിണറായി; തെളിവ് തേടി വിജിലൻസ്

നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയത്. സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടതാണ് ആദ്യ കേസ്. ഇതിൽ പിണറായി വിജയൻ ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്. റിയാസ് മന്ത്രിയായിരുന്ന കാലയളവിൽ അഴിമതിപ്പണം വിദേശത്തേക്ക് കടത്തിയെന്ന ആരോപണത്തിലാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസിൽ മുഹമ്മദ് റിയാസ് ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്. അതായത് ആദ്യ കേസ് അഴിമതി നിരോധന നിയമപ്രകാരവും, രണ്ടാമത്തേത് കുഴല്‍പ്പണ ഇടപാട് കേസുമാണ്. മുഖ്യമന്ത്രി ആയിരിക്കേ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നതാണ് പിണറായി വിജയനെതിരെയുള്ള ആരോപണം. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള എസ്‌ഐടി രൂപീകരിച്ചായിരുന്നു സര്‍ക്കാരിന്റെ നേരത്തെയുള്ള അന്വേഷണം. എന്നാല്‍ എസ്‌ഐടിയുടെ പ്രാഥമികാന്വേഷണമല്ല, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് തന്നെ അന്വേഷിക്കാനാണ് വിജിലൻസിനോട് കോടതി നിര്‍ദേശിച്ചത്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് അഡ്വ. കെ എം ഷാജഹാന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്.

സ്വാഭാവിക നീതിയുടെ നിഷേധമെന്ന് ടി. വീണ

സിംഗിൾ ബെഞ്ച് ഉത്തരവിൽ തന്നെ നേരിട്ട് ബാധിക്കുന്ന നിർദ്ദേശങ്ങളുണ്ടായിട്ടും കക്ഷി ചേർക്കുകയോ സ്വന്തം ഭാഗം കേൾക്കുകയോ ചെയ്യാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത് സ്വാഭാവിക നീതിയുടെയും സുപ്രീം കോടതി ഉത്തരവുകളുടെയും കടുത്ത ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ടി. വീണ ഹൈകോടതിയിൽ റിട്ട് അപ്പീൽ നൽകിയത്. ഇതേ ആരോപണങ്ങൾ മുൻപ് രണ്ട് വിജിലൻസ് കോടതികളും ഹൈക്കോടതിയും ഒടുവിൽ സുപ്രീം കോടതിയും തള്ളിയ വസ്തുത മറച്ചുവെച്ചാണ് കേസിൽ നേരിട്ട് ബന്ധമില്ലാത്ത മൂന്നാം കക്ഷിയായ ഹർജിക്കാരൻ രാഷ്ട്രീയപ്രേരിതമായി കോടതിയെ സമീപിച്ചതെന്നും, എസ്.എഫ്.ഐ.ഒ അന്വേഷിക്കുന്ന വിഷയത്തിൽ മറ്റ് ഏജൻസികളുടെ അന്വേഷണത്തിന് നിയമപരമായ തടസ്സമുണ്ടെന്നും അപ്പീലിൽ വീണ ഹർജിയിൽ വാദിച്ചു. 2024 മാർച്ച് മാസത്തിൽ ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്ത് രണ്ടര വർഷത്തിലധികം കഴിഞ്ഞ ശേഷമാണ് ഇ.ഡി സംസ്ഥാന പോലീസിന് വിവരം നൽകുന്നത്. ഈ കാലതാമസം ദുരുദ്ദേശ്യപരമാണ്. ക്രമസമാധാനവും പൊലീസും സംസ്ഥാനത്തിന്റെ അധികാര പരിധിയിലായതിനാൽ, ഇഡി കൈമാറുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം കണ്ണുമടച്ച് എഫ്ഐആർ എടുക്കണമെന്ന് കൽപ്പിക്കാൻ കേന്ദ്ര ഏജൻസിക്ക് അധികാരമില്ലെന്നും, ഇഡി മുദ്രവെച്ച കവറിൽ നൽകിയ രേഖകളുടെ അടിസ്ഥാനത്തിൽ ഇറക്കിയ സിംഗിൾ ബെഞ്ച് വിധി റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

സിംഗിൾ ബെഞ്ച് പരിഗണിച്ചത് നിയമവിരുദ്ധമെന്ന് പിണറായി

തന്നെ കേസിൽ കക്ഷി ചേർക്കുകയോ സ്വന്തം വാദം കേൾക്കുകയോ ചെയ്യാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട സിംഗിൾ ബെഞ്ച് നടപടി സ്വാഭാവിക നീതിയുടെ കടുത്ത ലംഘനമാണെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഹൈക്കോടതിയിൽ നൽകിയ റിട്ട് അപ്പീലീൽ ചൂണ്ടിക്കാട്ടി. പൊതുതാൽപ്പര്യ ഹർജിയുടെ സ്വഭാവമുള്ള കേസ് ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചിന് വിടാതെ റോസ്റ്റർ ലംഘിച്ച് സിംഗിൾ ബെഞ്ച് പരിഗണിച്ചത് നിയമവിരുദ്ധമാണെന്നും, വ്യക്തിപരമായ താല്പര്യമില്ലാത്ത മൂന്നാം കക്ഷി രാഷ്ട്രീയ പ്രേരിതമായാണ് ഹർജി നൽകിയതെന്നും അപ്പീലിൽ വ്യക്തമാക്കുന്നുണ്ട്. അഴിമതി നിരോധന നിയമപ്രകാരം ആവശ്യപ്പെടലോ കൈപ്പറ്റലോ തെളിയിക്കപ്പെട്ടിട്ടില്ലെന്നും, സിഎംആർഎല്ലിന് അനുകൂലമായി യാതൊരു ഫയൽ നീക്കവും നടത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ അഴിമതിക്കുറ്റം നിലനിൽക്കില്ലെന്നും ഹർജി ചൂണ്ടിക്കാട്ടുന്നു. മുൻപ് വിജിലൻസ് കോടതികളും ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയ അതേ വിഷയത്തിൽ വീണ്ടും ഉത്തരവിറക്കിയതും, മുൻകൂർ ഭരണാനുമതി തേടാത്തതും അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടി.

വിജിലൻസ് അന്വേഷണത്തിലെ വെല്ലുവിളികൾ

2017 മുതൽ 2019 വരെ എക്സാലോജിക് സൊല്യൂഷൻസിന് സർവീസ് ലീഗൽ എഗ്രിമെന്റിന്റെ അടിസ്ഥാനത്തിൽ മാസംതോറും മൂന്നുലക്ഷത്തിലധികം രൂപ നൽകിയെന്നും ഐടി, മാർക്കറ്റിങ് കൺസൾട്ടൻസി എന്ന നിലയിൽ വീണയ്ക്കും പ്രതിഫലം നൽകിയെന്നുമാണ് ഇഡി റിപ്പോർട്ടിലുള്ളത്. ആകെ 3.28 കോടി രൂപയുടെ ഇടപാടാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. പ്രത്യേക സേവനങ്ങൾ നൽകാതെയാണ് ഇത്രയും തുക നൽകിയതെന്ന ആരോപണത്തിൽ പണം കൈമാറിയതിന്റെ കാരണം കണ്ടെത്തുകയാണ് വിജിലൻസിന്റെ പ്രധാന ചുമതലയും തലവേദനയും.

വീണയുടെ പക്കൽ നിന്ന് റെയ്ഡിൽ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന രേഖകളാണ്‌ മുഖ്യതെളിവായി ഇ.ഡി മുന്നോട്ടുവെക്കുന്നത്. ബുക്കും എ ഫോർ ഷീറ്റുകളും സ്ക്രീൻ ഷോട്ടുകളും മറ്റുമായുള്ള തെളിവുകൾ കോടതിയുടെ മുമ്പിൽ നിയമപരമായി നിലനിൽക്കാൻ പ്രയാസമാണ്. PMLA സെക്ഷൻ 50 പ്രകാരം ഇ.ഡിക്ക് നൽകിയ മൊഴികളിൽ നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത പ്രതികൾക്കാണെന്നിരിക്കെ, പോലീസിനോ എസ്ഐടിക്കോ മുന്നിൽ അത്തരം നിയമപരിരക്ഷയില്ല. ശശിധരൻ കർത്തയും വാരിസും അടക്കമുള്ള പ്രധാന വ്യക്തികൾ ഇ.ഡിക്ക് നൽകിയ മൊഴികൾ വിജിലൻസിന് മുമ്പിൽ തള്ളിക്കളയാനോ തിരുത്തിപ്പറയാനോ ഉള്ള സാധ്യത വളരെ കൂടുതലാണ്. ഭൗതിക തെളിവുകളില്ലാതെ വാമൊഴികൾ മാത്രം മുൻനിർത്തി എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് മുന്നോട്ട് കൊണ്ടുപോകുന്നത് വിജിലൻസിന് തലവേദന സൃഷ്ടിക്കും.

ഇഡിയുടെ ദുർബലമായ വാദങ്ങളെ എങ്ങനെ സ്ഥിരീകരിക്കും?

ഇഡി റിപ്പോർട്ടിലെ പ്രധാന ആരോപണങ്ങളിൽ പലതും യുക്തിരഹിതവും , തെളിവുകളിൽ അടിസ്ഥാനമാക്കിയതല്ലെന്നും ചില സ്ഥലങ്ങളിൽ അനുമാനങ്ങളുടെ മേൽ കെട്ടിപ്പടുത്തതാണെന്നും വ്യക്തമാണ്. CMRL-ൽ നിന്ന് എക്സാലോജിക്ക് വഴി ടി വീണക്ക് 2017 മുതൽ 2020 വരെ കാലയളവിൽ ലഭിച്ച തുക ഇൻവോയ്‌സുകളില്ലാതെയും സേവനങ്ങൾ തെളിയിക്കാതെയും നൽകിയതായി ഇഡി റിപ്പോർട്ട് പറയുന്നു. എന്നാൽ അത് നേരിട്ട് “പിണറായി വിജയന് വേണ്ടി സ്വീകരിച്ച കൈക്കൂലി എന്ന് സ്ഥാപിക്കുന്നതിന് ഇഡിയുടെ വിശദീകരണം ‘‘ "പബ്ലിക് റിലേഷൻസ് സാധ്യതകൾ" എന്ന നിയമന ഉത്തരവിലെ പ്രയോഗം, മകൾ വഴി മുൻ മുഖ്യമന്ത്രിക്ക് നൽകിയ കൈക്കൂലി അല്ലാതെ മറ്റൊന്നുമല്ല’’- എന്നാണ്. മാത്രമല്ല, സംസ്ഥാന സർക്കാർ കമ്പനിക്ക് നൽകിയ ഔദ്യോഗിക ആനുകൂല്യമോ ചട്ടവിരുദ്ധമായ സർക്കാർ ഉത്തരവോ എന്താണെന്ന് കൃത്യമായി ചൂണ്ടിക്കാണിക്കാൻ ഇഡിക്ക് സാധിച്ചിട്ടില്ല. യാതൊരു ഔദ്യോഗിക ഉപകാരവും തെളിയിക്കപ്പെടാതെ, വാണിജ്യപരമായ കരാറുകളെയും വ്യക്തിഗത പ്രൊഫഷണൽ വരുമാനത്തെയും നേരിട്ട് അഴിമതി നിരോധന നിയമത്തിന്റെ പരിധിയിലേക്ക് വലിച്ചിഴയ്ക്കുന്നത് ഏജൻസിയുടെ ആരോപണങ്ങളുടെ ദൗർബല്യം വെളിപ്പെടുത്തുന്നു. ഇഡി റിപ്പോർട്ടിലെ ഭൂരിഭാഗം ഭാഗങ്ങളും ഒരു പ്രത്യേക സമയത്തെ പണക്കൈമാറ്റങ്ങളെക്കുറിച്ചുള്ളതാണ്; അവയെ 2017-ലെ CMRL പേയ്‌മെന്റുകളുമായി വളരെ ദുർബലമായാണ് ബന്ധപ്പെടുത്തിയിരിക്കുന്നത്. ഒരു ജനപ്രതിനിധിയുടെ നിയോജകമണ്ഡല വികസനവുമായി ബന്ധപ്പെട്ട 'നമ്മൾ ബേപ്പൂർ' പോലുള്ള പൊതു വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പേഴ്‌സണൽ സ്റ്റാഫും നാട്ടുകാരും ഉൾപ്പെട്ടു എന്നതിനെ ഹവാല ശൃംഖലയുടെ തെളിവായി വ്യാഖ്യാനിക്കുന്നത് നിയമപരമായി നിലനിൽപ്പില്ലാത്തതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

കൂടുതൽ തെളിവ് തേടാൻ വിജിലൻസ്

ഇഡി ശേഖരിച്ച തെളിവുകൾ പോലീസിന് കൈമാറാനാകുമെങ്കിലും, പണം കൈക്കൂലിയാണെന്നും ഹവാല ഇടപാടുകൾ നടന്നിട്ടുണ്ടെന്നും തെളിയിക്കാൻ വിജിലൻസിന് കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടിവരും. ഇഡി. കേസുകളിൽ ബാധകമായ തെളിവ് സംബന്ധിച്ച വ്യവസ്ഥകളും സാധാരണ പൊലീസ് കേസുകളിലെ നടപടിക്രമങ്ങളും വ്യത്യസ്തമാണ്. പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ഉൾപ്പെടെയുള്ളവരെ വിജിലൻസിന് ചോദ്യം ചെയ്യാം. പ്രതിപക്ഷ നേതാവ് പ്രതിയാകുന്ന ഈ സാഹചര്യം സിപിഐഎമ്മിന് സൃഷ്ടിക്കുന്ന പ്രതിസന്ധി ചെറുതല്ല. മുമ്പ് ലാവലിൻ കേസിൽ പ്രതിചേർക്കപ്പെട്ടപ്പോൾ പിണറായി വിജയൻ പാർട്ടി സെക്രട്ടറി മാത്രമായിരുന്നു. ഭരണഘടനാപരമായ തിരഞ്ഞെടുക്കപ്പെട്ട പദവിയിലല്ലാത്തതിനാൽ സ്ഥാനം ഒഴിയേണ്ടതില്ല എന്നതായിരുന്നു സിപിഐഎമ്മിന്റെ അന്നത്തെ നിലപാട്. പിണറായി വിജയൻ പ്രതിപക്ഷനേതാവായിരിക്കേ, സാഹചര്യം മാറിയിരിക്കുന്നു. എങ്കിലും പിണറായിക്കെതിരായ നീക്കം രാഷ്ട്രീയ വേട്ടയെന്ന ആരോപണം ഉയർത്തി നടപടിയെ സിപിഐഎം പ്രതിരോധിക്കുന്നുണ്ട്. യുഡിഎഫ് സർക്കാർ എന്ത് നിലപാട് സ്വീകരിച്ചാലും ഈ കേസ് അപ്പീൽ നടപടികളും അന്വേഷണവും മറ്റുമായി കുറേകാലം കൂടി കേരളപൊതുസമൂഹത്തിൽ ചർച്ചയായി നിലനിൽക്കുമെന്നുറപ്പാണ്.

News Malayalam 24x7
newsmalayalam.com