ഇന്ധന വില അടുത്തൊന്നും കുറയില്ലേ?

ഇന്ധനക്ഷാമം തീരുന്നുവെന്ന പ്രതീതിയിൽ ഗൾഫ് രാജ്യങ്ങൾ അടക്കം ഇന്ധന വില കുറയ്ക്കുന്ന നടപടികളിലേക്ക് കടന്നിട്ടുണ്ട്
ഇന്ധന വില അടുത്തൊന്നും കുറയില്ലേ?
Published on
Updated on

പശ്ചിമേഷ്യയിലെ യുദ്ധഭീതിയും ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന ആശങ്കയും തൽക്കാലം ഒഴിഞ്ഞതോടെ ആഗോള എണ്ണവിപണി ഉണർവിലാണ്. യുഎസും ഇറാനും തമ്മിലുള്ള ചരിത്രപരമായ സമാധാന കരാറും ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നതും വരും വർഷങ്ങളിൽ വിപണിയിൽ ആവശ്യത്തിലധികം അസംസ്‌കൃത എണ്ണ ലഭ്യമാക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പക്ഷേ, ഹോർമുസ് കടക്കാൻ സമാന്തര പാത സ്വീകരിച്ച കപ്പലിനെ ഇറാൻ ആക്രമിച്ചതിനു തിരിച്ചടിയായി ഇറാന്റെ റഡാർ കേന്ദ്രങ്ങളടക്കം അമേരിക്ക പ്രത്യാക്രമണം നടത്തിയത് നടപടികളെ ആശങ്കയിലാക്കിയിട്ടുണ്ട്. എങ്കിലും, ഇന്ധനക്ഷാമം തീരുന്നുവെന്ന പ്രതീതിയിൽ ഗൾഫ് രാജ്യങ്ങൾ അടക്കം ഇന്ധന വില കുറയ്ക്കുന്ന നടപടികളിലേക്ക് കടന്നിട്ടുണ്ട്. രാജ്യാന്തര വിപണിയിലെ ഈ അനുകൂല സാഹചര്യം രാജ്യത്തെ പെട്രോൾ, ഡീസൽ ചില്ലറ വിൽപന വിലയിൽ പ്രതിഫലിക്കുമോ എന്നതാണ് ഇപ്പോൾ ഉപഭോക്താക്കൾ ഉറ്റുനോക്കുന്നത്.

'ഇന്ധന വില അടുത്തൊന്നും കുറയില്ലേ?'

ഇന്ത്യയിലേക്കുള്ള മുപ്പത് കപ്പലുകൾ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നതായി ഷിപ്പിംഗ് മന്ത്രാലയ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയുമായി ബന്ധപ്പെട്ട 26 കപ്പലുകൾ പേർഷ്യൻ ഗൾഫിൽ ഹോർമുസ് കടലിടുക്ക് കടക്കാനായി കാത്തിരിക്കുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണയ്ക്ക് പിന്നാലെ ഹോർമുസ് കടലിടുക്കിലൂടെയുള്ള സമുദ്ര ഗതാഗതത്തിൽ ക്രമേണ പുരോഗതി കൈവരിച്ചുവരികയാണ്... ഇന്ത്യയ്ക്ക് നിർണായകമായ ചരക്കുകൾ വഹിക്കുന്ന കപ്പലുകളുടെ സഞ്ചാരം അധികൃതർ തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തങ്ങളുടെ അസംസ്‌കൃത എണ്ണയുടെ വലിയൊരു വിഹിതവും വിദേശ വിപണികളിൽ നിന്ന് വാങ്ങുന്ന ഇന്ത്യക്ക്, ഇറക്കുമതിച്ചെലവ് കുറയ്ക്കാനും ആഭ്യന്തര വിപണിയിലെ നാണയപ്പെരുപ്പം നിയന്ത്രിക്കാനും ഇത് സഹായകരമാകും. ഹോർമൂസ് കടലിടുക്കിൽ മറ്റ് പ്രതിസന്ധികൾ ഉണ്ടായില്ലെങ്കിൽ ആഗോള വിപണിയിൽ എണ്ണ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിലും ഇതിന്റെ പ്രതിഫലനമുണ്ടായേക്കും.

ക്രൂഡ് ഓയിൽ വിലയിടിഞ്ഞിട്ടും

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവ് ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. പശ്ചിമേഷ്യൻ സംഘർഷം കൊടുമ്പിരിക്കൊണ്ട സമയത്ത് ബാരലിന് 120 ഡോളർ വരെ കുതിച്ചുയർന്നിരുന്ന ക്രൂഡ് ഓയിൽ വില, ഇറാനും യുഎസും തമ്മിലുള്ള വെടിനിർത്തൽ കരാറിനെത്തുടർന്ന് ഇപ്പോൾ 72 ഡോളറിൽ താഴെയായി കുറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ ക്രൂഡ് ഓയിൽ വില ബാരലിന് ഏകദേശം 6,570 രൂപ എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഇക്കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകൾ പരിശോധിച്ചാൽ, ക്രൂഡ് ഓയിൽ വിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയുടെ തുടക്കത്തിൽ 7,200 രൂപയ്ക്ക് മുകളിലായിരുന്ന വിലയാണ് ഇപ്പോൾ 6,500 രൂപയുടെ അടുത്തേക്ക് താഴ്ന്നത്. അതായത്, ഒരാഴ്ചയ്ക്കിടെ ഏകദേശം 600 മുതൽ 700 രൂപ വരെയാണ് ഒരു ബാരൽ ക്രൂഡ് ഓയിലിന്റെ വിലയിൽ കുറവുണ്ടായിരിക്കുന്നത്. ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന കരാറിനെത്തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ ഗതാഗതത്തിലെ അനിശ്ചിതത്വത്തിൽ കുറവുണ്ടായതും, ആഗോള വിപണിയിൽ എണ്ണ വിതരണം വർധിച്ചതുമാണ് വില ഇടിയാൻ പ്രധാന കാരണം. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിച്ചെലവും കുറഞ്ഞു.

എണ്ണക്കമ്പനികൾ ലാഭത്തിൽ

ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നപ്പോൾ ഉപഭോക്താക്കൾക്ക് വലിയ ആഘാതം ഉണ്ടാകാതിരിക്കാൻ പൊതുമേഖല എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില കുറച്ചുകാലം വർധിപ്പിക്കാതെ പിടിച്ചുനിർത്തിയിരുന്നു. ഈ കാലയളവിൽ കമ്പനികൾക്കുണ്ടായ സാമ്പത്തിക നഷ്ടം ഇപ്പോൾ ആഗോളവില കുറയുമ്പോൾ നികത്തുകയാണ്. എണ്ണക്കമ്പനികളുടെ നഷ്ടം എന്നത് സ്ഥിരമായ ഒന്നല്ല, അത് അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. ആഗോളവില കുത്തനെ കൂടിയ സമയത്ത് പൊതുമേഖലാ കമ്പനികൾക്ക് കനത്ത നഷ്ടം വന്നിരുന്നു. എന്നാൽ ഇപ്പോൾ വില കുറഞ്ഞ സാഹചര്യത്തിൽ, പഴയ നഷ്ടങ്ങൾ നികത്താൻ അവർ ശ്രമിക്കുന്നതിനാലാണ് വിലയിലെ കുറവ് ഉപഭോക്താക്കളിലേക്ക് എത്താത്തത്. നിലവിൽ പെട്രോളിന്റെയുംഡീസലിന്റെയും വിലനിർണ്ണയാധികാരം എണ്ണക്കമ്പനികൾക്ക് തന്നെയാണ്. പെട്രോളിയം മന്ത്രാലയവും ധനമന്ത്രാലയവും എണ്ണവിലയിലെ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്.

ഉടനൊന്നും വില കുറച്ചേക്കില്ല

ക്രൂഡ് ഓയിൽ വില കുറഞ്ഞെങ്കിലും അതിന്റെ ഗുണഫലം ഉപഭോക്താക്കളിലേക്ക് എത്താൻ മാസങ്ങൾ കാത്തിരിക്കേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. എണ്ണക്കമ്പനികളുടെ കടബാധ്യതകൾ നികത്തുന്നതിനും ഇൻവെന്ററി നഷ്ടങ്ങൾ പരിഹരിക്കുന്നതിനും സമയമെടുത്തേക്കാം. ഔദ്യോഗികമായി പെട്രോൾ, ഡീസൽ വില കുറയ്ക്കുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാർ ഇതുവരെ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടുമില്ല. രാജ്യാന്തര വിലയിലുണ്ടാകുന്ന മാറ്റം അന്നുതന്നെ ഇന്ത്യയിലെ വിലയിൽ പ്രതിഫലിക്കണമെന്നില്ല. ഇറാൻ യുദ്ധത്തിനു പിന്നാലെ ക്രൂഡ് ഓയിൽ വില വർധിച്ചെങ്കിലും രണ്ടര മാസത്തിനു ശേഷമാണ് രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂടിയത്. അതും വർധനയുടെ ചെറിയൊരു ഭാഗം മാത്രമാണ് ഉപഭോക്താക്കൾക്ക് കൈമാറിയതെന്നാണ് ഔദ്യോഗിക വിശദീകരണം... കുറഞ്ഞത് അഞ്ചോ ആറോ മാസങ്ങളെങ്കിലും വില കുറയാനായി കാത്തിരിക്കേണ്ടി വരുമെന്നും റിപ്പോർട്ടുണ്ട്. അതായത്, 2027-ൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരിക്കും ഇനി രാജ്യത്ത് ഇന്ധന വില കുറയ്ക്കുക എന്നാണ് പ്രതിപക്ഷ ആക്ഷേപം. ഗാർഹിക എൽപിജി വിൽപ്പനയിലെ നഷ്ടം ഇപ്പോഴും ഉയർന്ന നിലയിലാണെങ്കിലും വരും ദിവസങ്ങളിൽ ക്രൂഡ് ഓയിൽ വിലക്കുറവിന്റെ പ്രതിഫലനം ഇതിലുമുണ്ടാകുമെന്നാണ് പ്രതീക്ഷ.

സാധാരണക്കാരെ ഇനിയും ബുദ്ധിമുട്ടിക്കരുത്

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടായ കുറവ് ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് ഒരു വലിയ ആശ്വാസമാണ്. എന്നാൽ, എണ്ണക്കമ്പനികളുടെ മുൻകാല നഷ്ടങ്ങൾ നികത്തേണ്ടതിന്റെ ആവശ്യകതയും സർക്കാരിന്റെ നയപരമായ തീരുമാനങ്ങളും കണക്കിലെടുക്കുമ്പോൾ, ഈ നേട്ടം ഉപഭോക്താക്കളിലേക്ക് എത്തുന്നതിൽ കാലതാമസം നേരിടാൻ സാധ്യതയുണ്ട്. ആഗോളതലത്തിൽ സംഘർഷങ്ങൾ കുറയുന്നതും എണ്ണവിതരണം സുഗമമാകുന്നതും ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തെ ഇന്ധനവിലയെ അനുകൂലമായി ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. വിലക്കയറ്റത്തിൽ ദുരിതമനുഭവിക്കുന്ന ജനത്തിന് എത്രയും പെട്ടന്ന് ആശ്വാസം കിട്ടുന്ന നടപടികളാണ് ഉണ്ടാവേണ്ടത്...ഹോർമുസിൽ സമാധാനമെത്തി എണ്ണക്കപ്പലുകളുടെ ചരക്ക് നീക്കം സുഗമമാകുന്നത് യഥാർഥ്യമായാലേ അത് സാധിക്കൂ...പശ്ചിമേഷ്യയിൽ സമാധാന കരാറിന് ശേഷവും നിലനിൽക്കുന്ന ചെറിയ സംഘർഷങ്ങൾ ഉടനടി പരിഹരിക്കപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം..ഇതോടുകൂടി സ്‌പോട്ട്‌ലൈറ്റ് സമാപിക്കുന്നു.. നാളെ മറ്റൊരു വിഷയവുമായി എത്താം..

News Malayalam 24x7
newsmalayalam.com