

തീ പിടിച്ച ഒരു ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാർ തമ്മിൽ ആരാദ്യം ചികിത്സിക്കും എന്ന് തർക്കിച്ച് പോരടിച്ചാൽ എങ്ങനെയിരിക്കും? അല്ലെങ്കിൽ സ്റ്റെതസ്കോപ്പ് ആരുടേതെന്ന് തർക്കിച്ച് തല്ലുകൂടിയാൽ എങ്ങനെയുണ്ടാകും ? പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലിയുള്ള ഇടതുമുന്നണിയിലെ വിഴുപ്പലക്കൽ കാണുമ്പോൾ തോന്നുന്നത് ഇതാണ്. പരാജയപ്പെട്ട് നിൽക്കുന്ന ഒരു രാഷ്ട്രീയ മുന്നണി സാധാരണയായിഎന്താണ് ചെയ്യുക?. ജനവിധി വിലയിരുത്തി ആത്മപരിശോധന നടത്തും. തെറ്റുകൾ സമ്മതിക്കും. തിരുത്തുകൾക്ക് സ്വയം വിധേയരാകും. പുതിയ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ കണ്ടെത്തും. സംഘടനയെ പുനഃസംഘടിപ്പിക്കും. ഇരു കമ്യൂണിസ്റ്റ് പാർട്ടികളും ഇമ്മാതിരി നടപടിക്രമങ്ങളൊക്കെ ആചാരം മാതിരി നടത്തി, ഇല്ലെന്നല്ല. പക്ഷേ പതർച്ചയിൽ നിന്ന് പാഠങ്ങൾ പഠിച്ച്, പുത്തൻ രാഷ്ട്രീയ പരിപാടി രൂപപ്പെടുത്തി ജനങ്ങളിലേക്ക് തിരിച്ചുപോവുകയാണോ കേരളത്തിലെ ഇടതുപക്ഷം ചെയ്യുന്നത്? ജനവിധി ഉയർത്തിയ ചോദ്യങ്ങൾക്ക് മറുപടി കണ്ടെത്തേണ്ട സമയത്ത്, ആരാണ് പ്രതിപക്ഷ ഉപനേതാവ് എന്നതിനെ ചൊല്ലി കോലാഹലം കൊട്ടിക്കയറുകയാണ് ഇടത് കൂടാരത്തിൽ. തോക്കുകൾ എല്ലാം അവരുടെ സ്വന്തം പാളയത്തിനകത്തേക്ക് തിരിഞ്ഞിരിക്കുന്നു. സഖാക്കൾ പരസ്പരം ലക്ഷ്യം വയ്ക്കുന്നു. പരാജയപ്പെട്ട് നിൽക്കുന്ന ഒരു മുന്നണിയെ സംബന്ധിച്ച് ഇതിലും വലിയ ഒരു രാഷ്ട്രീയ ഗതികേട് വേറെയുണ്ടാകുമോ ?
പാളയത്തിനുള്ളിൽ വാളെടുക്കുന്ന ഇടതുപക്ഷം
തെരഞ്ഞെടുപ്പ് തോൽവിയുടെ ആഘാതത്തിൽ നിന്ന് കരകയറാൻ കഴിയാതെ നിൽക്കുകയാണ് ഇപ്പോഴും ഇടതുമുന്നണി. കേരളത്തിലെ യുഡിഎഫ് പുതുഭരണത്തിൻ്റെ മധുവിധു കാലം കഴിഞ്ഞിരിക്കുന്നു. സംസ്ഥാന സർക്കാരിനെതിരെ സാധാരണ നിലയിൽ പ്രതിപക്ഷം രാഷ്ട്രീയ സമരങ്ങൾ ഏറ്റെടുക്കേണ്ട സമയം ആയി. കേന്ദ്ര സർക്കാരിൻ്റെ നയങ്ങൾക്കെതിരെ രാഷ്ട്രീയ പ്രതിരോധം തീർക്കേണ്ട രാഷ്ട്രീയബാധ്യതയും ഇടത് കക്ഷികൾക്കുണ്ട്. പുറത്ത് വർഗീയത ശക്തമാകുന്നുണ്ട്. പക്ഷേ ഇതെല്ലാം ഇടതുപാർട്ടികളുടെ നേതൃത്വങ്ങൾ മനസിലാക്കുന്നുണ്ടോ എന്നാണ് ചോദ്യം.
ഇടതുക്യാമ്പിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ എന്താണ്? ഉപനേതൃസ്ഥാനം ആർക്കെന്ന തർക്കം. നേതാക്കളുടെ പ്രസ്താവനായുദ്ധങ്ങൾ. പരസ്പരം പഴിചാരൽ. മുഖപത്രങ്ങളായ ദേശാഭിമാനിയിലൂടെയും ജനയുഗത്തിലൂടെയും ലേഖനപ്പോര്. പഴയ ചരിത്രത്തിന്റെ കണക്കെടുപ്പ്. കോൺഗ്രസിനൊപ്പം ചേർന്ന് ഭരിച്ച ചരിത്രം സിപിഐയെ ഓർമിപ്പിക്കുന്നു സിപിഐഎം. അടിയന്തരാവസ്ഥക്കാലത്തെ പൊലീസ് ക്രൂരതകൾ ഓർമിപ്പിക്കുന്നു ദേശാഭിമാനി. അച്യുതമേനോൻ സർക്കാരിന്റെ വികസന സംഭാവനകൾ വിളിച്ചുപറയുന്നു ജനയുഗം. നിലമ്പൂർ കാടുകളിലെ നക്സലൈറ്റ് കൂട്ടക്കൊല വരെ ചർച്ചയിലേക്ക് വരുന്നു. വർത്തമാനത്തെ നേരിടേണ്ട സമയത്ത്, പഴയ ചരിത്രം പറഞ്ഞ് പരസ്പരം കുറ്റപത്രം വായിക്കുകയാണ് ഇരു പാർട്ടികളും.
ഇടതുപക്ഷമേ... പരിഹസിക്കാനും ഒരു പരിധിയുണ്ട്
കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിൻ്റെ തന്നെ അടിസ്ഥാന ദർശനങ്ങളിൽ ഒന്നാണ്, 'മൂർത്തമായ സാഹചര്യങ്ങൾക്ക് മൂർത്തമായ ഉത്തരങ്ങൾ' എന്നത്.
CONCRETE DEFINITIONS TO CONCRETE SITUATIONS.
ഇരു ഇടത് പാർട്ടികളോടും നമുക്ക് വളരെ ലളിതമായ ഒരു ചോദ്യങ്ങളുണ്ട്. തെരഞ്ഞെടുപ്പിൽ വമ്പൻ തിരിച്ചടി നേരിട്ട ഒരു മുന്നണിക്ക് ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ട വിഷയം പ്രതിപക്ഷ ഉപനേതൃസ്ഥാനമാണോ..?
എന്തുകൊണ്ടാണ് ഇടതുപക്ഷത്തിൻ്റെ രാഷ്ട്രീയ സന്ദേശത്തിന് പഴയ സ്വീകാര്യത കിട്ടാതെ പോയത്..? നിങ്ങളിൽ നിന്ന് ജനങ്ങൾ അകന്ന് പോയതെന്തേ ?
വിലക്കയറ്റം, സാമൂഹിക സുരക്ഷ, കർഷകരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങൾ, കേന്ദ്രത്തിൻ്റെ സാമ്പത്തിക ഉപരോധം... പ്രതിപക്ഷത്തിന് മുന്നിൽ ജനജീവിതവുമായി ബന്ധപ്പെട്ട എത്രയേറെ നീറുന്ന പ്രശ്നങ്ങളിവിടെയുണ്ട്... വർഗീയതയ്ക്കെതിരെ ശക്തമായ രാഷ്ട്രീയ നിലപാട് എടുക്കേണ്ട സമയമല്ലേ...? അപ്പോഴാണ് ഇടതുപക്ഷ പാളയത്തിലെ പ്രധാന ചർച്ച പ്രതിപക്ഷത്തെ രണ്ടാം കസേര ആർക്ക് എന്നതാകുന്നത്...! ഇതാണ് പുതിയ കാലത്തിൻ്റെ വിപ്ലവകരമായ മുൻഗണനയെങ്കിൽ, പരിഹാസത്തിന് പോലും ഒരു പരിധിയുണ്ട്...
ഇടത് ക്യാമ്പിൽ കൊട്ടിക്കയറുന്ന കസേരപ്പോര്
പ്രതിപക്ഷ ഉപനേതൃപദവിയിലേക്ക് താൻ നിർദേശിക്കുന്നത് സിപിഐഎം എംഎൽഎയെ തന്നെ ആയിരിക്കുമെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അസന്നിഗ്ധമായി പ്രഖ്യാപിച്ചതോടെയാണ് വിവാദം കൊഴുത്തത്. ഉപനേതൃപദവി വേണമെന്ന ആവശ്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും പാർട്ടിയുടെ സ്വാഭിമാനം പണയം വയ്ക്കില്ലെന്നും ബിനോയ് വിശ്വം തിരിച്ചടിച്ചു. പദവിയിൽ രാജിയാവില്ല എന്നാവർത്തിച്ച് സിപിഐ മുഖപത്രം ജനയുഗത്തിൽ സത്യൻ മൊകേരി ലേഖനം എഴുതി. അതിനിശിത ഭാഷയിൽ അതിന് ദേശാഭിമാനിയിൽ സി.എൻ. മോഹനൻ മറുപടിലേഖനം എഴുതി. അതിനും മറുപടി അതിലും നിശിത ഭാഷയിൽ ഇന്നത്തെ ജനയുഗത്തിൽ വീണ്ടും രാജാജി ജോസ് തോമസ് എഴുതിയിരിക്കുന്നു.
സിപിഐഎമ്മിനേക്കാൾ സിപിഐ വളർന്നുപോയോ എന്ന് സിപിഐഎം നേതൃത്വത്തിൻ്റെ പരിഹാസം. ഏത് ന്യായത്തിലാണ് ഇതുവരെ തുടർന്നുവന്ന കീഴ്വഴക്കം മറികടക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് ചോദ്യം. ഇന്ത്യയിലൊരു സംസ്ഥാനത്തും ഇന്ന് സിപിഐഎം അധികാരത്തിലില്ല എന്നോർക്കണമെന്ന് സിപിഐയുടെ തിരിച്ചടി. അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസിനൊപ്പം ചേർന്ന് ഭരിച്ചവരല്ലേ സിപിഐ എന്ന് സിപിഐഎം. ഇടത് ഭരണകാലത്ത് നിലമ്പൂർ കാടുകളിൽ നടന്ന നക്സലൈറ്റുകളുടെ കൂട്ടക്കൊല ഒരു ഭരണകൂടത്തിനും ഭൂഷണമല്ലെന്ന് സിപിഐയുടെ തിരിച്ചടി. ഉപനേതൃപദവി കിട്ടിയില്ലെങ്കിൽ നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നതടക്കം പരിഗണിക്കണമെന്നും സിപിഐയിലെ പ്രബലമായ ഒരു വിഭാഗം കരുതുന്നു. സിപിഐഎം - സിപിഐ മുന്നണിബന്ധം നിസമീപ ചരിത്രത്തിൽ ഇല്ലാത്തവിധം പൊട്ടിത്തെറിയുടെ വക്കിലാണ്. പിണറായിയുടെ നിലപാടിൽ നിന്ന് വ്യത്യസ്തമായി, സിപിഐയുമായി ഇനിയും ചർച്ച തുടരുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണനും മുതിർന്ന നേതാവ് എ.കെ.ബാലനും ഇതിനിടെ പറയുന്നു. ഈ തർക്കത്തി സിപിഐഎമ്മിലും അഭിപ്രായ ഐക്യമില്ലെന്ന സൂചനയും ഇതോടെ വലുതാകുന്നു.
അസ്വാരസ്യങ്ങളിലേക്ക് ലീഗിൻ്റെ രാഷ്ട്രീയച്ചൂണ്ടയും
അതിനിടയിലാണ് സിപിഐഎമ്മുമായുള്ള ബന്ധം മുറിച്ചു വന്നാൽ സിപിഐയെ സ്വീകരിക്കാൻ യുഡിഎഫ് സജ്ജമെന്ന സൂചന മുസ്ലിം ലീഗ് സിപിഐക്ക് നേരെ ചുഴറ്റിയെറിയുന്നത്. ഇത്രയും ആട്ടും തുപ്പും സഹിച്ച് ഇടത് മുന്നണിയിൽ എന്തിന് തുടരണമെന്ന് ചന്ദ്രികയിൽ കെ.പി.എ.മജീദിന്റെ ലേഖനം. സിപിഐയുടെ വാക്കിനേക്കാൾ സിപിഐഎം വില നൽകുന്നത് കീറച്ചാക്കിനെന്ന് പരിഹാസം. സിപിഐ ഇപ്പോൾ പൊരിവെയിലത്താണ്, തണലിലേക്ക് വരണോയെന്ന് അവർ തന്നെ തീരുമാനിക്കട്ടെ എന്ന് പി.എം.എ.സലാം. എന്തും സംഭവിക്കാമെന്ന് പറഞ്ഞ് പി.കെ.കുഞ്ഞാലിക്കുട്ടിയും ചെങ്കൊടിക്ക് നേരെ പച്ചക്കൊടി നീട്ടുന്നു. രാഷ്ട്രീയത്തിൽ ആരും ആർക്കും സൗജന്യമൊന്നും കൊടുക്കില്ല. ലീഗിൻ്റെ രാഷ്ട്രീയ താൽപര്യം യുഡിഎഫിനെ ശക്തിപ്പെടുത്തുക എന്നതാണ്. അതിനവർ ഇടതുമുന്നണിയിലെ വിള്ളലുകൾ പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നതിൽ അതിശയിക്കാനില്ല. സ്വന്തം വീട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാതെ ഇരുന്നാൽ, ഒച്ചപ്പാട് കേട്ട് അയൽവീട്ടുകാർ വാതിൽക്കൽ എത്തുന്നത് സ്വാഭാവികം.
ചരിത്രം പഠിക്കണം, ചരിത്രത്തിൽ കുടുങ്ങരുത്
കേരളത്തിലെ ഇടത് രാഷ്ട്രീയത്തിൻ്റെ ചരിത്രത്തിൽ എല്ലാക്കാലവും ഇത്തരം പാളയപ്പോരുകൾ ഉണ്ടായിരുന്നു. ഒരേ രാഷ്ട്രീയ സ്വപ്നവുമായി സമരസജ്ജരായവർ. പിന്നീട് ആശയപരമായും സംഘടനാപരമായും പിളർന്നവർ. അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലത്തും, അതിന് ശേഷമുള്ള രാഷ്ട്രീയ പുനഃക്രമീകരണങ്ങളിലും, പരസ്പരം കൈകോർത്തും അകന്നും നിന്നവരാണ് സിപിഐയും സിപിഐഎമ്മും. ഇതെല്ലാം കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഓർമപ്പുസ്തകത്തിലുണ്ട്. ഇരു കമ്യൂണിസ്റ്റ് പാർട്ടികളുടേതും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ മുന്നണി സഹകരണങ്ങളിലൊന്നാണ്. അതുകൊണ്ട് തന്നെ, അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നതും അസാധാരണമല്ല.
പക്ഷേ ഒരു ചോദ്യം ബാക്കിയാവുന്നു. അടിയന്തരാവസ്ഥ കഴിഞ്ഞ് അരനൂറ്റാണ്ട് പിന്നിടുമ്പോൾ, ഇന്നത്തെ കേരളത്തിന്റെ രാഷ്ട്രീയ പ്രശ്നങ്ങൾക്ക് മറുപടി കണ്ടെത്താൻ എപ്പോഴും അതേ കണക്കുപുസ്തകം തന്നെ തുറക്കേണ്ടതുണ്ടോ.? ചരിത്രം മറക്കണം എന്നല്ല. പക്ഷേ ചരിത്രത്തെ മനസ്സിലാക്കുന്നതും ചരിത്രത്തിൽ കുടുങ്ങിക്കിടക്കുന്നതും രണ്ടാണ്. അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ സാഹചര്യവും ഇന്നത്തെ രാഷ്ട്രീയ സാഹചര്യവും ഒന്നല്ല. അന്നത്തെ കേരളവും ഇന്നത്തെ കേരളവും ഒന്നല്ല. ചരിത്രം വർത്തമാനത്തെ മനസ്സിലാക്കാനുള്ള ഉപകരണമാകണം. വർത്തമാനത്തെ തരാതരം വ്യാഖ്യാനിക്കാനുള്ള അഭയകേന്ദ്രമാകരുത്.
കസേരപ്പോരിൽ പൊലിയുന്ന ഇടത് രാഷ്ട്രീയം
വലിയ കക്ഷി എന്ന നിലയിൽ സിപിഐഎമ്മിന് ഈ പ്രശ്നം പരിഹരിക്കാൻ വലിയ ഉത്തരവാദിത്തമുണ്ട്. സഖ്യകക്ഷിയെ കേൾക്കാനും അവരുടെ രാഷ്ട്രീയ സ്വത്വത്തെ പക്വമായി കൈകാര്യം ചെയ്യാനുമുള്ള ഉത്തരവാദിത്തം. 'ഞങ്ങളാണ് വലിയവർ' എന്ന വാദം കൊണ്ട് സഖ്യകക്ഷിയുടെ ശബ്ദം ഇല്ലാതാക്കാൻ കഴിയില്ല. അതുപോലെ സിപിഐക്കും ബാധ്യതയുണ്ട്. മുന്നണിയിലെ പങ്കാളിത്തം എന്നത് അവകാശങ്ങൾ ഉന്നയിക്കാനുള്ള അവസരം മാത്രമല്ല. മുന്നണിയുടെ കൂട്ടുത്തരവാദിത്തം ഏറ്റെടുക്കാനുള്ള ബാധ്യത കൂടിയാണ്.
രണ്ടുകക്ഷികളോടും പൊതുവായി നമുക്കൊരു ചോദ്യമുണ്ട്... ശരിക്കും നിങ്ങളുടെ രാഷ്ട്രീയശത്രു ആരാണ് ? പ്രതിപക്ഷമാകേണ്ടവർ പരസ്പരം പ്രതിപക്ഷമായി മാറിയാൽ, യഥാർത്ഥ പ്രതിപക്ഷ രാഷ്ട്രീയം ആര് നിർവഹിക്കും..? ഇടതുരാഷ്ട്രീയത്തിൽ ആത്മാർത്ഥമായി വിശ്വസിക്കുന്നവരെ സംബന്ധിച്ച് അടിസ്ഥാനപരമായ ചോദ്യം സിപിഐ ജയിക്കുമോ, സിപിഐഎം ജയിക്കുമോ എന്നൊന്നുമല്ല. ഈ പാളയത്തിലെ പടയിൽ ഇടതുപക്ഷം തോറ്റുപോകുമോ എന്നതാണ്. പ്രതിപക്ഷ ഉപനേതാവ് ആരായാലും. ഇടതുപക്ഷത്തിന് വേണ്ടത് കസേരയുടെ രാഷ്ട്രീയമല്ല. തെറ്റുകൾ തിരുത്തി ജനങ്ങളിലേക്ക് തിരിച്ചുപോകുന്ന രാഷ്ട്രീയമാണ്.