ഹെയര്‍കട്ടോ അതോ പൊതു പണത്തിന്റെ മുണ്ഡനമോ ?

മാധ്യമ രംഗത്തെ അതികായന്‍ മാത്രമല്ല സുഭാഷ് ചന്ദ്ര. അദ്ദേഹം ബിജെപിയുടെ പിന്തുണയുള്ള രാജ്യസഭ മുന്‍ എംപിയും ആര്‍എസ്എസ് ബന്ധം പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളയാളുമാണ്.
ഹെയര്‍കട്ടോ അതോ  പൊതു പണത്തിന്റെ മുണ്ഡനമോ ?
Published on
Updated on

വന്‍കിട ബിസിനസ്സുകാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും രാജ്യത്തിന്റെ ഖജനാവ് കൊള്ളയടിക്കാനുള്ള നിയമപരമായ സാഹചര്യം ഉണ്ടാക്കിയെടുക്കുന്ന നടപടി​യെ വിളിക്കുന്നതിന്റെ ​പേരാണ് 'Haircut’. ഇങ്ങനെ കോർപറേറ്റുകൾക്ക് വേണ്ടി നമ്മുടെ സമ്പദ്ഘടനയുടെ മുടിവെട്ടി മുടിവെട്ടി തല വെളുപ്പിക്കുന്ന പരിപാടിയായി ഇൻസോൾവൻസി ആൻഡ് ബാങ്ക്‌റപ്റ്റ്സി കോഡ് (IBC - Insolvency and Bankruptcy Code) എന്ന ഐ.ബി.സി മാറിയിരിക്കുന്നു. കോര്‍പ്പറേറ്റ് കടങ്ങള്‍ എഴുതിത്തള്ളുന്ന ഈ ഐ.ബി.സി നയം ​കൊണ്ടുവന്ന മോദി സർക്കാറിന്റെ കഴിഞ്ഞ 12 സാമ്പത്തിക വർഷക്കാലത്ത് , വൻകിട കോർപറേറ്റുകൾക്കും മറ്റുമായി ഏകദേശം പത്ത് ലക്ഷം കോടി രൂപയുടെ വായ്പകളാണ് എഴുതിതള്ളപ്പെട്ടത്. ഇപ്പോഴിതാ ZEE TV ചെയര്‍മാന്‍ സുഭാഷ് ചന്ദ്രയുടെ 22,006.57 കോടി രൂപയുടെ ബാധ്യത 6.5 കോടിയായി കുറയ്ക്കാന്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ തീരുമാനിച്ചിരിക്കുന്നു. ബാങ്ക് ലോണിന്റെ പേരില്‍ ജപ്തി നടപടികള്‍ നേരിടേണ്ടി വരുന്ന ആയിരക്കണക്കിന് കർഷകർ ഒടുവില്‍ ആത്മഹത്യയിലേക്ക് ചുവടുവെച്ചുകൊണ്ടിരിക്കേയാണ് ബിജെപി പിന്തുണയോടുകൂടി രാജ്യസഭാംഗമായ സുഭാഷ് ചന്ദ്രയോട് മൊത്തം കടത്തിന്റെ കേവലം 0.03% മാത്രമടക്കാൻ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ ഉത്തരവിട്ടത് .

ഹെയര്‍കട്ടോ അതോ പൊതു പണത്തിന്റെ മുണ്ഡനമോ

സീ ഗ്രൂപ്പ് സ്ഥാപകന്‍ സുഭാഷ് ചന്ദ്രയ്‌ക്കെതിരെയുള്ള ബാധ്യത നടപടികളില്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ എന്ന എന്‍സിഎല്‍ടി പുറപ്പെടുവിച്ച ഒത്തുതീര്‍പ്പ് ഉത്തരവ് ധനകാര്യ മേഖലയിലാകെ വന്‍ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. ബാങ്കുകള്‍ക്കും മറ്റ് വായ്പാദാതാക്കള്‍ക്കും സുഭാഷ് ചന്ദ്രയുടെ വ്യക്തിഗത ഗ്യാരണ്ടിയിലെടുത്ത വായ്പ വഴി ആകെ കിട്ടാനുണ്ടായിരുന്ന തുകയാണ് 22,006 കോടി. എന്നാല്‍, ട്രിബ്യൂണല്‍ അംഗീകരിച്ച പുതിയ ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരം ഇത്രയും വലിയ തുകയ്ക്കു പകരം വെറും 6.5 കോടി രൂപ മാത്രം കൊടുത്താല്‍ അദ്ദേഹത്തിന്റെ ബാധ്യത മുഴുവനും തീരും.

എന്‍സിഎല്‍ടിയുടെ ഉത്തരവ് പ്രകാരം വായ്പാദാതാക്കള്‍ക്ക് സുഭാഷ് ചന്ദ്രയില്‍ നിന്നുള്ള ലഭിക്കാനുള്ള തുകയുടെ 0.03 ശതമാനം മാത്രമാണ് തിരികെ ലഭിക്കുന്നത്. അതായത് 99.97 ശതമാനം തുകയും വായ്പാദാതാക്കള്‍ക്ക് എഴുതിത്തള്ളേണ്ടി വരുന്നു...എസ്സെല്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട കമ്പനികള്‍ എടുത്ത വായ്പകള്‍ക്കായി സുഭാഷ് ചന്ദ്ര നല്‍കിയ വ്യക്തിഗത ഗ്യാരണ്ടിയാണ് ഈ കേസിന് ആധാരം. കമ്പനികള്‍ തിരിച്ചടവില്‍ വീഴ്ച വരുത്തിയതോടെ വായ്പാദാതാവായ ഇന്‍ഡ്യാ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് 2024-ല്‍ സുഭാഷ് ചന്ദ്രയ്‌ക്കെതിരെ പാപ്പരത്ത നടപടികള്‍ ആരംഭിച്ചത്.

വലിയ നഷ്ടത്തിന് ബാങ്കുകളെ നിര്‍ബന്ധിക്കാമോ?

തിരിച്ചടവ് പദ്ധതി അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് അംഗ എന്‍.സി.എല്‍.ടി ബെഞ്ചില്‍ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. വായ്പാദാതാക്കളില്‍ പ്രധാനിയായ എല്‍.ഐ.സി ഹൗസിംഗ് ഫിനാന്‍സ് ഈ തീര്‍പ്പ് വ്യവസ്ഥ നിയമവിരുദ്ധവും പ്രായോഗികമല്ലാത്തതുമാണെന്ന് ആരോപിച്ച് ശക്തമായി ട്രിബ്യൂണല്‍ തീരുമാനത്തെ എതിർക്കുകയും ​ചെയ്തു. എൽഐസി ഹൗസിംഗ് ഫിനാൻസിന് ലഭിക്കാനുള്ള 1,322.39 കോടി രൂപയ്ക്ക് പകരമായി വെറും 38 ലക്ഷം രൂപ മാത്രമാണ് ഈ പദ്ധതി പ്രകാരം ലഭിക്കുക. എൽഐസി ഹൗസിംഗ് ഫിനാൻസ്, എച്ച്‌ഡിഎഫ്‌സി, യൂണിയൻ ബാങ്ക്‌, കനറ ബാങ്ക്‌ , ഐഡിബിഐ ട്രസ്റ്റിഷിപ്പ് സർവീസസ്‌, ആർബിഎൽ ബാങ്ക്‌ എന്നിവയാണ് അപ്പീൽ നടപടികളുമായി മന്നോട്ടു പോവുന്നത്. ഇത്രയും വലിയ നഷ്ടം സഹിക്കാന്‍ ബാങ്കുകളെ നിര്‍ബന്ധിക്കുന്നത് എത്രത്തോളം ശരിയാണ് എന്ന ചോദ്യമാണ് ഉയരുന്നത്.

അതേസമയം ഉത്തരവ് വിവാദമായതിന് പിന്നാലെ സുഭാഷ് ചന്ദ്രയുടെ ഓഫീസ് വിശദീകരണവുമായി രംഗത്ത് വന്നിട്ടുണ്ട്. അദ്ദേഹം സ്വന്തം വ്യക്തിഗത ആവശ്യങ്ങൾക്കായി ഒരു ബാങ്കിൽ നിന്നും വായ്പ എടുത്തിട്ടില്ലെന്നും എസ്സൽ ഗ്രൂപ്പുമായി ബന്ധപ്പെട്ട കമ്പനികൾ എടുത്ത വായ്പകൾക്ക് വ്യക്തിഗത ജാമ്യം നിൽക്കുക മാത്രമാണ് ചെയ്തതെന്നും ഓഫീസ് വ്യക്തമാക്കി. കടങ്ങൾ വീട്ടാനായി തന്റെ കുടുംബം വീടും കമ്പനിയുമടക്കം സകല സ്വത്തുകളും വിറ്റഴിച്ചെന്നും എല്ലാവരുടെയും കടംവീട്ടിയെന്നുമാണ് എസ്സെൽ ഗ്രൂപ്പ് ചെയർമാൻ കൂടിയായ സുഭാഷ് ചന്ദ്ര പ്രതികരിച്ചത്. മുകേഷ് അംബാനി നയിക്കുന്ന റിലയൻസുമായി ബന്ധപ്പെട്ട കമ്പനികളാണ് തനിക്കെതിരെ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്ന് റിലയൻസും പ്രതികരിച്ചിട്ടുണ്ട്.

വലിയ കടം എഴുതിത്തള്ളുന്നതിന് പിന്നില്‍ രാഷ്ട്രീയ ബന്ധം?

മാധ്യമ രംഗത്തെ അതികായന്‍ മാത്രമല്ല സുഭാഷ് ചന്ദ്ര. അദ്ദേഹം ബിജെപിയുടെ പിന്തുണയുള്ള രാജ്യസഭ മുന്‍ എംപിയും ആര്‍എസ്എസ് ബന്ധം പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളയാളുമാണ്. 2016-ല്‍ ഹരിയാനയില്‍ നിന്നാണ് അദ്ദേഹം ബിജെപി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2022 വരെ രാജ്യസഭാ അംഗമായിരുന്നു. പല പൊതുവേദികളിലും ആര്‍.എസ്.എസ് നേതൃത്വത്തോടുള്ള താത്പര്യം അദ്ദേഹം തുറന്നുപറഞ്ഞിട്ടുമുണ്ട്. അതുകൊണ്ടുതന്നെ, ഇത്ര വലിയ ബാധ്യത എഴുതിത്തള്ളുന്നതിന് പിന്നില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ബന്ധങ്ങളും കാരണമായിട്ടുണ്ടെന്നാണാണ് പ്രതിപക്ഷത്തിന്റെ ആരോപണം. 99.97% തുക എഴുതിത്തള്ളുന്നത് വായ്പാദാതാക്കള്‍ക്ക് നല്‍കുന്ന ‘ഹെയര്‍കട്ട്’ അല്ല, മറിച്ച് ബാങ്കുകളെയും പൊതുജനങ്ങളുടെ പണത്തെയും ‘മുണ്ഡനം’ ചെയ്യുന്നതിന് തുല്യമാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ പരിഹാസം.

രാജ്യത്ത് സാധാരണക്കാർക്ക് ഒരു നിയമവും ശതകോടീശ്വരന്മാർക്ക് മറ്റൊരു നിയമവുമാണ് ഉള്ളതെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തുന്നു. ചില ‘സുഹൃത്തുക്കൾക്ക്’ ബാങ്കിലെ പണം സ്വന്തം സ്വത്തുപോലെയാണ്. അവർക്ക് ഇഷ്ടമുള്ളത്ര പിൻവലിക്കുകയും തോന്നുന്ന തുക മാത്രം തിരിച്ചടയ്ക്കുകയും ചെയ്യാം. രാജ്യത്ത് മോദി സർക്കാർ രണ്ട് തരം സംവിധാനങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്-ഒന്ന് ഒരുപിടി ശതകോടീശ്വരന്മാർക്കും മറ്റൊന്ന് സാധാരണക്കാരായ ബാക്കി എല്ലാവർക്കും വേണ്ടി- അദ്ദേഹം എക്സിൽ കുറിച്ചു.

ഹെയർ കട്ടിന് പിറകി​ലെ കോർപറേറ്റ് ചങ്ങാത്തം

'Haircut' എന്ന ഓമനപ്പേരില്‍ വന്‍കിട ബിസിനസ്സുകാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും രാജ്യത്തിന്റെ ഖജനാവ് കൊള്ളയടിക്കാനുള്ള സാഹചര്യം ഉടലെടുത്തത് 2016ല്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ഇന്‍സോള്‍വെന്‍സി ആന്റ് ബാങ്കറപ്‌റ്റ്സി കോഡ് എന്ന ഐബിസി നടപ്പാക്കിയതിലൂടെ ആയിരുന്നു. കോര്‍പ്പറേറ്റ് കടങ്ങള്‍ എഴുതിത്തള്ളുന്നതിനായി തയ്യാറാക്കപ്പെട്ട ഒന്നായിരുന്നു ഇത്. ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തികൾ പെട്ടെന്ന് തീർപ്പാക്കി സാമ്പത്തികമേഖലയെ ചലിപ്പിക്കുക എന്നതായിരുന്നു പ്രഖ്യാപിത ലക്ഷ്യം. തകർച്ചയിലായ കമ്പനികളെ നിശ്ചിത സമയപരിധിക്കുള്ളിൽ പുനരുദ്ധരിക്കുക അല്ലെങ്കിൽ ലിക്വിഡേറ്റ് ചെയ്യുക എന്ന ലക്ഷ്യത്തിൽ ഒരു കമ്പനി ബാങ്കിന് നൽകാനുള്ള തുകയിൽ വലിയൊരു പങ്ക് ബാങ്കുകൾ ഉപേക്ഷിക്കാൻ തയ്യാറാ​കേണ്ടിവന്നു. പല പ്രമുഖ കേസുകളിലും 80% മുതൽ 95% വരെ ഹെയർകട്ടുകൾ അംഗീകരിക്കപ്പെട്ടു.

എഴുതിത്തള്ളിയത് പത്ത് ലക്ഷം കോടി രൂപയു​ടെ വായ്പ

മോദി ഭരണത്തിലേറിയതു തൊട്ട് നാളിതുവരെയുള്ള കര്‍ഷക ആത്മഹത്യകളുടെ കണക്കെടുത്താല്‍ 1, 09,446ഓളം വരും. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ നല്‍കുന്ന കണക്കാണിത്. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അടങ്ങുന്ന സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള പതിനായിരത്തോളം മനുഷ്യരാണ് പ്രതിവര്‍ഷം കടം കയറി ആത്മഹത്യയില്‍ അഭയം തേടുന്നത്. പാവപ്പെട്ട കർഷകൻ 50,000 രൂപ വായ്പ തിരിച്ചടച്ചില്ലെങ്കിൽ അവന്റെ ഭൂമി ലേലം ചെയ്യപ്പെടുന്നു, ജോലി ചെയ്യുന്ന ഒരു സാധാരണക്കാരൻ ഒരു ഇഎംഐ മുടക്കിയാൽ ബാങ്ക് ഗുണ്ടകൾ വീട്ടുപടിക്കൽ എത്തുന്നു, പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വായ്പ പോലും ലഭിക്കുന്നില്ല. അതേസമയം വൻകിട കോർപറേറ്റുകൾക്ക് കൈയയച്ച് സഹായവും. ചങ്ങാത്ത മുതലാളിത്തത്തിന്റെ ലക്ഷണങ്ങൾ സർവ മേഖലകളിലും ദൃശ്യമായിക്കഴിഞ്ഞിരിക്കുന്നു.

അതേസമയം കഴിഞ്ഞ 12 സാമ്പത്തിക വർഷത്തിനിടെ വൻകിട കോർപറേറ്റുകൾക്കും സേവനങ്ങൾക്കുമായി നൽകിയ ഏകദേശം പത്ത് ലക്ഷം കോടി രൂപയുടെ വായ്പകൾ രാജ്യത്തെ ബാങ്കുകൾ എഴുതിത്തള്ളിയിട്ടുണ്ടെന്ന് പാർലമെന്റിൽ ​വെളിപ്പെടുത്തിയത് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ്. വൻകിട വായ്പകൾ കിട്ടാക്കടമായി മാറിത്തുടങ്ങുമ്പോൾ ബാങ്കുകൾ കൂടുതൽ സുരക്ഷാ നടപടികളിലേക്ക് കടക്കും. ഇതോടെയാണ് എഴുതിത്തള്ളൽ സാധാരണക്കാ​രെ ബാധിച്ചുതുടങ്ങുക. ഒരു തെറ്റും ചെയ്യാത്ത കോടിക്കണക്കിന് ഉപഭോക്താക്കളിൽ നിന്നും വിവിധ സേവനങ്ങളുടെ പേരിൽ ചെറിയ തുകകൾ ഈടാക്കിയാണ് ബാങ്കുകൾ തങ്ങളുടെ വമ്പൻ കിട്ടാക്കടങ്ങളുടെ കുറവ് നികത്തുന്നത്. ഉയർന്ന പലിശയായും, കുറഞ്ഞ നിക്ഷേപ വരുമാനമായും, അധിക ബാങ്ക് ചാർജുകളായും രാജ്യത്തെ ഓരോ സാധാരണക്കാരന്റെയും കുടുംബ ബജറ്റിനെ താളം തെറ്റിച്ചേക്കാവുന്ന അതിഗുരുതര സ്ഥിതിവിശേഷമാണ് സംജാതമാകുക.

പാപ്പരത്തനടപടി കൺകെട്ട് വിദ്യയോ?

തിരിച്ചടവിൽ വീഴ്ചവരുത്തുമ്പോൾ സ്വീകരിക്കുന്ന പാപ്പരത്തനടപടി പലപ്പോഴും വൻകിടക്കാരെ സഹായിക്കുന്ന കൺകെട്ടുവിദ്യയാണെന്ന ആക്ഷേപം ശക്തമാണ്. തിരിച്ചടയ്ക്കില്ലെന്ന ഉള്ളിലിരിപ്പോടെത്തന്നെ കോടിക്കണക്കിനു രൂപ ബാങ്കുകളിൽനിന്നു കടമെടുക്കുന്ന എത്രയോ വൻകിട കമ്പനികളെ നാം കണ്ടിരിക്കുന്നു. രാജ്യത്തെ കോടിക്കണക്കിന് പൗരരുടെ നികുതിപ്പണമാണ് ഇങ്ങനെയൊക്കെ അതിസമ്പന്നരുടെ കൈകളിൽ അന്യായമായി കുമിഞ്ഞുകൂടുന്നത്. ഭരണകൂടവും അതിന്റെ പ്രത്യക്ഷമോ പരോക്ഷമോ ആയ നിയന്ത്രണത്തിലുള്ള പലവിധ സ്ഥാപനങ്ങളും ചേർന്ന് ഇതിനൊക്കെ സൗകര്യമൊരുക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം തള്ളിക്കളയാനുമാവില്ല.

News Malayalam 24x7
newsmalayalam.com