

ജൂണ്‍ എട്ടിന് നടന്ന ഇന്ത്യാ സഖ്യത്തിന്റെ യോഗത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ആലിംഗനം ചെയ്യാന്‍ തനിക്ക് കഴിയില്ലെന്നും അതിന് തയാറല്ലെന്നുമാണ് രാഹുല്‍ യോഗത്തില്‍ വ്യക്തമാക്കിയത് . അദ്ദേഹവുമായി തനിക്ക് വ്യക്തമായ രാഷ്ട്രീയ പോരാട്ടമുണ്ട്. ഇത്തരം പ്രാദേശികമായ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ടാവണം ഇന്ത്യ സഖ്യം മുന്നോട്ടുപോകേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരിക്കുന്നു.
'ഇന്ത്യ' മുന്നണി ഇന്ന് എത്തിച്ചേര്‍ന്നിരിക്കുന്ന പ്രത്യേക സ്ഥിതിവിശേഷത്തിന് കാരണം കോണ്‍ഗ്രസിന്റെ നിലപാടുകളാണെന്ന് സിപിഐഎം സെക്രട്ടറി എംഎ ബേബി പ്രതികരിച്ചിട്ടുണ്ട്. കൂട്ടായ്മയെ ശക്തിപ്പെടുത്തുന്നതിന് പകരം, ബിജെപിയുടെ സഹായിയായി മാറുന്ന അവസ്ഥയാണ് രാഹുല്‍ ഗാന്ധിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും മറുപടി നല്‍കി. ഭരണകക്ഷിയായ ബി.ജെ.പി നയിക്കുന്ന എന്‍ഡിഎ മുന്നണിയുടെ ശക്തമായ രാഷ്ട്രീയ അജണ്ടകള്‍ക്ക് തടയിടുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് രൂപംനല്‍കിയ 'ഇന്ത്യ' സഖ്യം ഇന്ന് അതിന്റെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഇക്കഴിഞ്ഞ ദിവസം ഡെല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യ കൂട്ടായ്മയുടെ യോഗം വിളിച്ചുപറയുന്നുണ്ട്. കോണ്‍ഗ്രസിന്റെ നിലപാടുകള്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് കൂട്ടായ്മയിലെ വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഉയര്‍ത്തിയത്.
' ഇന്ത്യ മുന്നണിയുടെ പ്രസക്തി നഷ്ടമാകുന്നോ'...
ഭരണഘടനാ സ്ഥാപനങ്ങളെയും ഫെഡറല്‍ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി, രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റാനുള്ള ഹിന്ദുത്വ പദ്ധതി നടപ്പാക്കുന്ന എന്‍.ഡി.എ സര്‍ക്കാരിനെതിരായുള്ള പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ വലിയ പരീക്ഷണമായാണ് 2023 ആഗസ്റ്റില്‍ ഇന്ത്യ സഖ്യം രൂപംകൊണ്ടത്. ഭരണകക്ഷിയുടെ ശക്തമായ തെരഞ്ഞെടുപ്പ് തന്ത്രത്തെയും കേന്ദ്രീകൃത രാഷ്ട്രീയാധിപത്യത്തെയും നേരിടുകയെന്ന ലക്ഷ്യത്തോടെ വ്യത്യസ്ത ആശയധാരകളിലുള്ള പാര്‍ട്ടികളുടെ കൂട്ടായ്മയായി ഈ മുന്നണി വളര്‍ന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സീറ്റ് നില 240ലേക്ക് ചുരുക്കി ഭൂരിപക്ഷം കുറക്കാന്‍ ഈ പ്രതിപക്ഷ ഐക്യത്തിന് സാധിച്ചിരുന്നു. അടിമുടി ദുരൂഹതകള്‍ ആരോപിക്കപ്പെടുന്ന മണ്ഡല പുനര്‍നിര്‍ണയവുമായി വനിതാ സംവരണ ബില്ലിനെ കൂട്ടിക്കെട്ടാന്‍ ഏപ്രിലില്‍ ബിജെപി നടത്തിയ ശ്രമത്തെ പാര്‍ലമെന്റില്‍ പരാജയപ്പെടുത്തിയതാണ് അടുത്തയിടെ ഇന്ത്യ മുന്നണി നടത്തിയ ഒരു ശ്രദ്ധേയ രാഷ്ട്രീയനേട്ടം. എന്നാല്‍ തൊട്ടുപിന്നാലെ കേരളം, പശ്ചിമബംഗാള്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വന്നതോടെ മുന്നണിയില്‍ തമ്മിലടിയായി. ഫലം വന്നപ്പോള്‍ തൃണമൂലിനും ഡിഎംകെയ്ക്കും സി.പി.ഐ.എമ്മിനും അധികാരം നഷ്ടമായി.
പ്രാദേശിക യാഥാര്‍ഥ്യങ്ങളും മുന്നണി നിലപാടും
ജൂണ്‍ എട്ടിന് ഡല്‍ഹിയില്‍ നടന്ന 'ഇന്ത്യ' സഖ്യത്തിന്റെ നിര്‍ണായക യോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം മുന്നണിക്കുള്ളിലെ പ്രാദേശിക വൈരുദ്ധ്യങ്ങളെ പൂര്‍ണ്ണമായും പുറത്തുകൊണ്ടുവരുന്നതായിരുന്നു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ രാഷ്ട്രീയമായി ആലിംഗനം ചെയ്യാന്‍ തനിക്ക് കഴിയില്ലെന്ന് രാഹുല്‍ വ്യക്തമാക്കിയത് സഖ്യത്തിലെ ആഭ്യന്തര തര്‍ക്കങ്ങളുടെ നേര്‍ചിത്രമാണ്. പ്രാദേശികമായ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടുമാത്രമേ സഖ്യത്തിന് മുന്നോട്ടുപോകാനാകൂ എന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുമ്പോള്‍, അത് ദേശീയതലത്തിലെ പ്രതിപക്ഷ ഐക്യത്തിന് മേല്‍ വീഴുന്ന നിഴലായി മാറുന്നു. മാത്രമല്ല, മുന്നണിയെ തെരഞ്ഞെടുപ്പ് അധികാര സഖ്യമായി കാണുന്നതിലുപരി എന്‍.ഡി.എ നടപ്പാക്കുന്ന വിശാലമായ ഹിന്ദുത്വ പ്രൊജക്ടിനെ പ്രതിരോധിക്കാനുള്ള വിശാല ഐക്യരൂപമാക്കി മുന്നോട്ടുനയിക്കാനുള്ള ചിന്ത കോണ്‍ഗ്രസിനും ഉണ്ടാവുന്നില്ലെന്ന യാഥാര്‍ഥ്യം കൂടി ഇതിലൂടെ വെളിപ്പെടുന്നുണ്ട്.
രണ്ട് പാര്‍ട്ടികളുടെ അസാന്നിധ്യം
കോണ്‍ഗ്രസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് കൂട്ടായ്മയില്‍ നിന്ന് രണ്ട് പ്രമുഖ കക്ഷികള്‍ വിട്ടുനിന്നിരുന്നു. ഡിഎംകെയും ആംആദ്മി പാര്‍ട്ടിയും. തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തിലാണ് കോണ്‍ഗ്രസ് മത്സരിച്ചതെങ്കിലും ടിവികെ ഏറ്റവും വലിയ കക്ഷിയായതോടെ മുന്നണി മര്യാദകള്‍ ലംഘിച്ച് കോണ്‍ഗ്രസ് ടിവികെക്ക് പിന്തുണ നല്‍കി. ഇതില്‍ പ്രതിഷേധിച്ചാണ് ഡിഎംകെ , ഇന്ത്യ കൂട്ടായ്മ യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. അതേസമയം ടിവികെയെ ഇന്ത്യ വേദിയില്‍ കൊണ്ടുവരുന്നതിന് കോണ്‍ഗ്രസിന് കഴിഞ്ഞതുമില്ല. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം ശക്തി തെളിയിക്കാന്‍ എന്ന പേരില്‍ ആംആദ്മി പാര്‍ട്ടിയുമായുള്ള സഹകരണം അവസാനിപ്പിച്ചാണ് കോണ്‍ഗ്രസ് തനിച്ച് മത്സരിച്ചത്. ആം ആദ്മി പാര്‍ട്ടിയെ പരാജയപ്പെടുത്തുക എന്നതായിരുന്നു കോണ്‍ഗ്രസിന്റെ ലക്ഷ്യം. എന്നാല്‍ ഫലമോ, ബി.ജെ.പിക്ക് അധികാരം ലഭിച്ചു എന്ന് മാത്രമല്ല, 70 സീറ്റിലും മത്സരിച്ച കോണ്‍ഗ്രസിന് ഒരു സീറ്റുപോലും നേടാനുമായില്ല. ഇതിന് ശേഷമാണ് കെജ്‌രിവാള്‍ ഇന്ത്യ കൂട്ടായ്മ വിട്ടത്.
കോണ്‍ഗ്രസിന്റെ നിലപാടുകള്‍ക്കെതിരെ നേതാക്കള്‍
ഹരിയാനയില്‍ ആം ആദ്മി പാര്‍ട്ടിക്ക് അര്‍ഹമായ സീറ്റ് നല്‍കാതെ കോണ്‍ഗ്രസ് അകറ്റി നിറുത്തിയത് ഇന്ത്യമുന്നണിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. അവിടെയും ബി.ജെ.പി തുടര്‍ച്ചയായി മൂന്നാമതും അധികാരത്തില്‍ വന്നു. മഹാരാഷ്ട്രയില്‍ പ്രാദേശിക കക്ഷികളുമായി നിസ്സഹകരിച്ച് 101 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ലഭിച്ചത് 16 സീറ്റുമാത്രമായിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സിനോട് വിലപേശി ജമ്മുവില്‍ 29 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ഒരു സീറ്റാണ് ലഭിച്ചത്. കശ്മീരില്‍ അഞ്ചും. ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടിയ രാജസ്ഥാന്‍ , മധ്യപ്രദേശ്, ഛത്തീസ് ഗഡ് , ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ എല്ലാം കോണ്‍ഗ്രസിന് ഭരണം നഷ്ടമായി. സിപിഐഎം , ബിജെപിയുമായി ധാരണ ഉണ്ടാക്കിയെന്ന ആരോപണം രാഹുല്‍ ഗാന്ധിയും , പ്രിയങ്ക ഗാന്ധിയും, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തെരഞ്ഞെടുപ്പ് വേളയില്‍ കേരളത്തിലെത്തി ഉന്നയിച്ചത് ഇന്ത്യ സഖ്യത്തിന്റെ മുന്നണി മര്യാദക്ക് എതിരാണെന്ന് സി.പി.ഐ.എം പ്രതിനിധികള്‍ ആരോപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സിപിഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി, എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്ത് നല്‍കിയിരുന്നു ഇപ്പോള്‍ ചര്‍ച്ചയായ പിണറായി വിജയനെ ആലിംഗനം ചെയ്യില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന 2018ല്‍ നരേന്ദ്രമോദിയെ രാഹുല്‍ ഗാന്ധി പുണര്‍ന്ന സംഭവം ഓര്‍മിപ്പിച്ചാണ് ഇടതുപക്ഷം പ്രതിരോധിക്കുന്നത്.
ശക്തായ പ്രതിപക്ഷമാകാന്‍ ഇന്ത്യ മുന്നണിക്കാകുന്നുണ്ടോ
ഇന്ധനവില, വിലക്കയറ്റം, പണപ്പെരുപ്പം, വര്‍ഗീയ ധ്രുവീകരണം, കാര്‍ഷികമേഖലയുടെ തകര്‍ച്ച, തൊഴിലില്ലായ്മ, നീറ്റ്-സിബിഎസ്ഇ അഴിമതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം എന്തു ചെയ്തു എന്ന ചോദ്യം ഉയരുന്നുണ്ട്. രാജ്യത്തെ ഇളക്കിമറിച്ച കര്‍ഷകസമരത്തില്‍ പോലും ഇന്ത്യ സഖ്യത്തിലെ എത്ര പ്രതിപക്ഷ കക്ഷികളുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നത് നാം കണ്ടതാണല്ലോ. ഇപ്പോഴിതാ പരീക്ഷ നടത്തിപ്പ് ക്രമക്കേടുകള്‍ തുടരെ വന്നപ്പോഴും ഇതുവരെ തെരുവില്‍ പ്രതിഷേധമയുര്‍ത്താന്‍ ആരാണ് ഉണ്ടായത്. ആ പ്രതിഷേധ വിടവിലാണല്ലോ, കോക്രോച്ച് പാര്‍ട്ടി യുവജനങ്ങള്‍ക്കിടയില്‍ പച്ചപിടിച്ച് മുന്നേറുന്നത്. 12 കൊല്ലം പഴക്കമുള്ള പ്രതിപക്ഷ ജീര്‍ണതയിലേക്കാണ് ഈ പ്രതിഷേധം ടോര്‍ച്ചടിക്കുന്നത്.
ഒരു തെരഞ്ഞെടുപ്പ് ധാരണ മുന്നണി എന്നതിനപ്പുറം സ്ഥിരതയുള്ള രാഷ്ട്രീയമുന്നണിയായി വളരുക എന്ന വലിയ ലക്ഷ്യത്തിലേക്ക് ഇന്ത്യമുന്നണി എത്തിയിട്ടില്ല. ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ 23 പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തു എന്നത് ശ്രദ്ധേയമാണ്. പക്ഷേ, പങ്കെടുത്ത പാര്‍ട്ടികളില്‍ പലതും ചെറുപാര്‍ട്ടികളാണ്. ചിലതിന് അത് പ്രതിനിധീകരിക്കുന്ന സംസ്ഥാനത്തുപോലും സ്വാധീനമില്ല. ചിലത് ഏതാനും നിയമസഭാ മണ്ഡലങ്ങളില്‍ മാത്രമാണ് രാഷ്ട്രീയസാന്നിധ്യം നിലനിര്‍ത്തുന്നത്. അതിനാല്‍ 23 പാര്‍ട്ടികള്‍ എന്ന കണക്ക് രാഷ്ട്രീയശക്തിയുടെ ഉറപ്പല്ല, വൈവിധ്യമാര്‍ന്ന പ്രതിപക്ഷ ശക്തികളുടെ സാന്നിധ്യത്തിന്റെ സൂചന മാത്രമാണ്. അതേസമയം, ചെറുപാര്‍ട്ടികളുടെ സാന്നിധ്യത്തെ നിസാരവല്‍ക്കരിക്കാനും കഴിയില്ല.
വേണ്ടത് സംയുക്തമായ രാഷ്ട്രീയ ഇടപെടല്‍
രാഹുല്‍ ഗാന്ധി പറഞ്ഞതുപോലെ, 'ബിജെപി തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടുള്ള പാര്‍ട്ടിയല്ല, പക്ഷേ അതിനായി ആഭ്യന്തരകലഹം നിര്‍ത്തി ഒന്നിച്ച് നില്‍ക്കാന്‍ പ്രതിപക്ഷം തയ്യാറാകണം.' എന്നാല്‍, സ്വന്തം താല്പര്യങ്ങള്‍ക്കപ്പുറം ഒരു വലിയ രാഷ്ട്രീയ ലക്ഷ്യത്തിനായി വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ മുന്നണിയിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസോ പ്രാദേശിക നേതാക്കളോ തയ്യാറാകുമോ എന്നാണ് ഉയരുന്ന ചോദ്യം. ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംയുക്തമായ രാഷ്ട്രീയ ഇടപെടല്‍ നടത്തുകയാണ് ഇന്ത്യ സഖ്യം അടിയന്തരമായി ചെയ്യേണ്ടത്. പാര്‍ലമെന്റിനകത്തും പുറത്തും ഏകോപിത പോരാട്ടങ്ങള്‍ സംഘടിപ്പിക്കുന്നതിനൊപ്പം പൊതുമിനിമം പരിപാടി പ്രഖ്യാപിക്കണം. അതോടൊപ്പം വ്യക്തിപരമായ നേതൃമത്സരങ്ങള്‍ നിയന്ത്രിച്ച് കൂട്ടായ നേതൃത്വത്തിന്റെ സംസ്‌കാരം വളര്‍ത്തുകയും വേണം. കാരണം ഇന്ത്യന്‍ ജനാധിപത്യത്തിന് ശക്തമായ ഒരു പ്രതിപക്ഷം അനിവാര്യമാണ്. ഇതോടുകൂടി ഇന്നത്തെ സ്‌പോട്ട്‌ലൈറ്റ് സമാപിക്കുന്നു. നാളെ മറ്റൊരു വിഷയവുമായി എത്താം..