

കേരള വഖഫ് ബോർഡിന്റെ പ്രവർത്തനത്തിന് ഹൈക്കോടതി ഏർപ്പെടുത്തിയ താൽക്കാലിക നിയന്ത്രണത്തിനെതിരെ വഖഫ് ബോർഡ് സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കുമെന്ന് അറിയിച്ചിരിക്കുന്നു. 2025-ലെ നിയമഭേദഗതി പ്രകാരം ബോർഡിൽ മുസ്ലിങ്ങളല്ലാത്ത രണ്ടുപേരെയും ഷിയാ വിഭാഗത്തിൽനിന്നുള്ള ഒരാളെയും ഉൾപ്പെടുത്താത്തതിനെ ചോദ്യം ചെയ്തുകൊണ്ട് അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസസ്, ബി.ജെ.പി നേതാവ് ഷോൺ ജോർജ് എന്നിവർ നൽകിയ ഹർജികളുടെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി വഖ്ഫ് ബോർഡ് പ്രവർത്തനം താൽക്കാലികമായി മരവിപ്പിച്ചത്. ഹൈക്കോടതി ഈ കേസ് 22-ാം തീയതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് വഖഫ് ബോർഡ് സുപ്രീം കോടതിയെ സമീപിച്ചത്. ഈ പശ്ചാത്തലത്തിൽ വഖ്ഫ് ബോർഡ് അംഗങ്ങളുടെ നിയമനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികൾ പരിഗണിക്കുന്നതിനിടെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ച നിലപാട് ഇതിനകം വിവാദമായിക്കഴിഞ്ഞു. ഹർജിക്കാരുടെ വാദങ്ങളെ അഡ്വക്കേറ്റ് ജനറൽ കോടതിയിൽ അംഗീകരിച്ചതോടെ വഖഫ് വിഷയത്തിൽ സർക്കാർ കേന്ദ്രത്തിന് കീഴടങ്ങി എന്ന ആരോപണവുമായി പ്രതിപക്ഷവും സമസ്തയും രംഗത്തുവന്നുകഴിഞ്ഞു.
'വഖഫിൽ സർക്കാർ കേന്ദ്രത്തിന് കീഴടങ്ങിയോ.'
വഖഫ് സ്വത്തുക്കളുടെ വിനിയോഗം, തർക്കപരിഹാരം, ബോർഡുകളുടെ ഘടന എന്നിവയിൽ വലിയ മാറ്റങ്ങളോടെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന 'വഖഫ് ഭേദഗതി ബിൽ-2024' തുടക്കം മുതൽ തന്നെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു...നിലവിലെ വഖഫ് നിയമപ്രകാരം ഒരു ഭൂമി വഖഫ് സ്വത്താണോ എന്ന് തീരുമാനിക്കാനുള്ള പരമാധികാരം വഖഫ് ബോർഡിനായിരുന്നു. എന്നാൽ പുതിയ ഭേദഗതി പ്രകാരം ഈ അധികാരം ജില്ലാ കലക്ടർമാർക്കും റവന്യൂ ഉദ്യോഗസ്ഥർക്കും കൈമാറാനാണ് നിർദ്ദേശം. സ്വത്തുക്കളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കങ്ങളിൽ റവന്യൂ രേഖകൾക്കായിരിക്കും ഇനി മുൻഗണന. വഖഫ് ട്രൈബ്യൂണലുകളുടെ തീരുമാനത്തിന് മേൽ ഹൈക്കോടതിയെ സമീപിക്കാനുള്ള വ്യവസ്ഥകളും ലളിതമാക്കുമെന്നാണ്് വ്യവസ്ഥ..വഖഫ് ബോർഡുകളുടെ ഘടനയിലും വലിയ മാറ്റങ്ങളാണ് വരുന്നത്. മുസ്ലിം ഇതര വിഭാഗങ്ങളിൽ നിന്നുള്ള രണ്ട് പ്രതിനിധികളെയും രണ്ട് വനിതാ അംഗങ്ങളെയും ബോർഡിൽ ഉൾപ്പെടുത്തുന്നത് നിർബന്ധമാക്കും എന്ന വിവാദ വ്യവസ്ഥ ഇതിലുണ്ട്. വഖഫ് ഭരണത്തിൽ കൂടുതൽ സുതാര്യതയും വൈവിധ്യവും കൊണ്ടുവരാൻ ഇത് സഹായിക്കുമെന്നാണ് കേന്ദ്ര സർക്കാർ വാദം. എന്നാൽ ഇത് മതപരമായ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നായിരുന്നു ഉയർന്ന വിമർശനം... ഈ ബിൽ പാർലമെന്റിന്റെ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയ്ക്കും തുടർ ചർച്ചകൾക്കുമായി വിട്ടിരിക്കുകയാണ്.
ഹൈകോടതിയിലെത്തിയ വിവാദം
കേന്ദ്ര സർക്കാർ നിർദ്ദേശിച്ച പുതിയ ഭേദഗതി ബിൽ പാർലമെന്റിന്റെ പരിഗണനയിലാണെങ്കിലും, വഖഫ് നിയമത്തിൽ വനിതാ പ്രതിനിധ്യം, വിദഗ്ദ്ധരുടെ സാന്നിധ്യം തുടങ്ങിയ ചില നിർണ്ണായക ഘടനകൾ നേരത്തെ തന്നെ ബോർഡിലുണ്ട്. വഖഫ് സ്വത്തുക്കളുടെ ദുരുപയോഗം തടയുന്നതിനും ഭരണനിർവഹണത്തിൽ സുതാര്യത ഉറപ്പാക്കുന്നതിനും ബോർഡുകൾ കൃത്യമായി പുനഃസംഘടിപ്പിക്കാൻ കേന്ദ്ര വഖഫ് കൗൺസിൽ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് നിലവിലെ ബോർഡിൽ ഇത്തരം നിയമപരമായ പ്രാതിനിധ്യങ്ങൾ പൂർണ്ണമല്ലെന്നാണ് ഹൈകോടതിയിൽ ഹർജി നൽകിയ ബി.ജെ.പി നേതാവ് ഷോൺ ജോർജ്, അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസസ് തുടങ്ങിയവർ വാദിക്കുന്നത്.
വഖഫ് ബോർഡ് നിയമനം കേന്ദ്ര വഖ്ഫ് നിയമഭേദഗതി പ്രകാരമുള്ള മാനദണ്ഡങ്ങൾ അനുസരിച്ചല്ലെന്ന ഹരജിക്കാരുടെ വാദങ്ങളെ അഡ്വക്കേറ്റ് ജനറൽ കോടതിയിൽ അംഗീകരിച്ചു എന്നതാണ് ഇപ്പോൾ ഉയരുന്ന വിവാദം. യുഡിഎഫ് സർക്കാർ, കേന്ദ്രനിയമം അനുസരിച്ച് ബോർഡ് പുനഃസംഘടിപ്പിക്കാമെന്ന് ഹൈകോടതിയിൽ പറഞ്ഞതോടെ സുപ്രീംകോടതിയിൽ ഭേദഗതിയെ എതിർക്കാൻ കഴിഞ്ഞേക്കില്ല എന്നതാണ് ഉയരുന്ന ആശങ്ക.. അതേസമയം പുന:സംഘടിപ്പിക്കാമെന്നല്ല, വഖഫ് ബോർഡിന്റെ പ്രവർത്തനം പരിശോധിക്കണമെന്നാണ് അഡ്വക്കറ്റ് ജനറൽ ഹൈക്കോടതിയെ അറിയിച്ചതെന്ന് പറഞ്ഞ് മുസ്‌ലിം ലീഗ് എ.ജിയുടെ നടപടിയെ ന്യായീകരിക്കുന്നുണ്ട്.. ഏതായാലും ഈ നിലപാടോടെയാണ് വഖ്ഫ് ബോർഡ് പ്രവർത്തനം താൽക്കാലികമായി മരവിപ്പിക്കാൻ ഹൈകോടതി ഉത്തരവായത്.
വഖഫ് ബോർഡ് സുപ്രീംകോടതിയിൽ
ഈ മാസം 15ന് കേരള ഹൈകോടതി പുറപ്പെടുവിച്ച ഈ ഇടക്കാല ഉത്തരവിനെതിരെ വഖഫ് ബോർഡ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. എല്ലാ അംഗങ്ങളെയും ഒരുമിച്ച് നിയമിക്കണമെന്ന് ഏകീകൃത വഖഫ് നിയമത്തിൽ പറയുന്നില്ലെന്ന് ബോർഡ് ഹരജിയിൽ ബോധിപ്പിച്ചു. ഏതെങ്കിലും അംഗത്തിന്റെ ഒഴിവോ അഭാവമോ വഖഫ് ബോർഡ് എടുക്കുന്ന തീരുമാനങ്ങളെ അസാധുവാക്കില്ലെന്ന് ആ നിയമത്തിന്റെ 22-ാം വകുപ്പിൽ ഉണ്ട്. അതിനാൽ തന്നെ കേരള ഹൈകോടതിയുടെ ഇടക്കാല ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ല. നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്നും മൂലധന ചെലവ് നടത്തുന്നതിൽ നിന്നും തെറ്റായ വിധിയിലൂടെയാണ് ഹൈകോടതി തങ്ങളെ തടഞ്ഞിരിക്കുന്നതെന്നും വഖഫ് ബോർഡ് ചൂണ്ടിക്കാട്ടി... വഖഫ് നിയമത്തിന്റെ 99ാം വകുപ്പ് പ്രകാരം ബോർഡിനെ മറികടന്ന് തീരുമാനമെടുക്കാൻ ഹൈകോടതിക്ക് അധികാരവുമില്ല. അതിനാൽ, അമുസ്ലിങ്ങളായ രണ്ട് അംഗങ്ങളെ വെച്ചില്ലെന്ന കാരണത്താൽ വക ബോർഡിന്റെ പ്രവർത്തനം തന്നെ മരവിപ്പിച്ച നടപടി നിയമപരമല്ലെന്നും ബോർഡ് ഹർജിയിൽ ചൂണ്ടിക്കാട്ടി...കേന്ദ്രസർക്കാർ പാസാക്കിയ വഖ്ഫ് നിയമം ചോദ്യം ചെയ്ത് സമസ്ത ഉൾപ്പെടെ രാജ്യത്തെ പ്രമുഖ മുസ്്‌ലിം സംഘടനകളും ലീഗ്, ഇതര രാഷ്ട്രീയ പാർട്ടികളും വ്യക്തികളും സുപ്രിംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഹർജിയിൽ കോടതി പ്രാഥമിക നടപടികൾ തുടങ്ങുകയും ചെയ്തു. അത്തരമൊരു ഘട്ടത്തിൽ ഉപരി കോടതിയിലുള്ള വിഷയത്തിൽ തീർപ്പുണ്ടാകുന്നതുവരെ കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്നോ അതല്ല കോടതിവിധിക്ക് വിധേയമായി തീർപ്പ് കൽപ്പിക്കാമെന്നോ സർക്കാരിന് ഹൈകോടതിയെ അറിയിക്കാമായിരുന്നു. എന്നാൽ അതുണ്ടായില്ല.
വിമർശനവും വിവാദങ്ങളും
കേരള വഖഫ് ബോർഡിനെതിരായ ബിജെപിയുടെ ഹർജിയെ ഹൈക്കോടതിയിൽ പിന്തുണച്ച യുഡിഎഫ് സർക്കാർ സംഘപരിവാരിന് സമ്പൂർണമായി കീഴടങ്ങി പാദസേവ നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമാണ് അമുസ്ലീങ്ങളെ ബോർഡിലുൾപ്പെടുത്തിയത്. അതേവഴിക്കാണ് യുഡിഎഫ് സർക്കാരും. ന്യൂനപക്ഷങ്ങളോടും ജനങ്ങളോടുമുള്ള വഞ്ചനയാണിതെന്നും അദ്ദേഹം ആരോപിച്ചു..കേന്ദ്രസർക്കാർ ഏകപക്ഷീയമായി നടപ്പാക്കിയ വഖഫ് ഭേദഗതി നിയമത്തിനെതിരെ എൽഡിഎഫ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയിൽ കേന്ദ്രനിയമപ്രകാരം സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാമെന്ന് സംസ്ഥാന സർക്കാർ രേഖാമൂലം ഉറപ്പുനൽകിയതോടെ ഭേദഗതിയെ എതിർത്ത് സുപ്രീംകോടതിയിൽ എൽഡിഎഫ് സർക്കാർ നൽകിയ അപേക്ഷ ഫലത്തിൽ റദ്ദാക്കപ്പെടുമെന്ന ആശങ്ക പ്രതിപക്ഷം പങ്കുവെക്കുന്നുണ്ട്... ഇതിനിടെ വഖഫ് ബോർഡ് വിഷയത്തിൽ യുഡിഎഫ് സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്തയും രംഗത്തെത്തി.. സർക്കാർ ബിജെപിയുമായി ഒത്തുകളിച്ചെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി ഉമർ ഫൈസി മുക്കം ആരോപിച്ചു.. ഹൈക്കോടതിയിൽ ബിജെപി വാദത്തെ സർക്കാർ പിന്തുണച്ചത് ശരിയല്ല. വഖഫ് ബോർഡിലെ രണ്ട് ഒഴിവുകൾ സർക്കാരിന് തന്നെ നികത്താമായിരുന്നു. അത് സർക്കാരിന്റെ അധികാരത്തിൽപ്പെട്ടതാണെന്ന് വഖഫ് ബോർഡംഗം കൂടിയായ ഉമർഫൈസി പറഞ്ഞു. കോടതിയിൽ നടക്കുന്ന വ്യവഹാരമായതിനാലാണ് ഇടപെടാത്തതെന്ന് മന്ത്രി എൻ.ഷംസുദ്ദീനും പ്രതികരിച്ചിട്ടുണ്ട്.
സുപ്രീംകോടതി ഇടപെടൽ നിർണായകം
കേരള വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചതും, ഇതിനെതിരെ ബോർഡ് സുപ്രീം കോടതിയെ സമീപിച്ചതും വഖഫ് വിഷയത്തിൽ വലിയ നിയമപരമായ അനിശ്ചിതത്വത്തിനും രാഷ്ട്രീയ വിവാദങ്ങൾക്കും വഴിയൊരുക്കിയിരിക്കുകയാണ്. കേന്ദ്ര വഖഫ് ഭേദഗതി നിയമത്തെ ചൊല്ലിയുള്ള ദേശീയതലത്തിലെ നിയമയുദ്ധം നിലനിൽക്കെ, സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ച നിലപാടുകൾ പ്രതിപക്ഷത്തിന്റെയും വിവിധ മുസ്ലിം സംഘടനകളുടെയും ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഭരണഘടനാപരമായ സവിശേഷ സാഹചര്യം നിലനിൽക്കെ, ഈ തർക്കത്തിന് അന്തിമ തീർപ്പ് കൽപ്പിക്കാൻ സുപ്രീം കോടതിയുടെ വരാനിരിക്കുന്ന ഇടപെടലുകൾ നിർണ്ണായകമാകും.